എസ്.എൻ.ഡി.പി.-ബി.ജെ.പി. സഖ്യമെന്ന പുതിയ രാഷ്ട്രീയപരീക്ഷണമാണ് ഇത്തവണത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്. മുന്നണിനേതൃത്വങ്ങൾ സമ്മതിച്ചാലുമില്ലെങ്കിലും ഈ നീക്കം കൊച്ചുകേരളത്തെ ചെറുതായിട്ടെങ്കിലും പിടിച്ചൊന്നു കുലുക്കിയെന്നതു നേര്. ഈ ‘ഭൂമികുലുക്ക’ത്തിന്റെ പ്രഭവകേന്ദ്രം ജില്ലയിലെ കണിച്ചുകുളങ്ങരയാണെന്നതാണ് ആലപ്പുഴയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
 വിശ്വഹിന്ദുപരിഷത്ത്‌ നേതാവും അലോപ്പതിഡോക്ടറുമായ പ്രവീൺകുമാർ തൊഗാഡിയ, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രക്തസമ്മർദം പരിശോധിച്ചുകൊണ്ടു നടത്തിയ സെമിനാറിൽനിന്നു തുടങ്ങിയ ചർച്ചയാണ് ഇന്നത്തെ കൂട്ടുകെട്ടിലെത്തിനിൽക്കുന്നത്. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്‌ തൊട്ടുമുന്പായിരുന്നു അത്‌. തുടർന്നുണ്ടായ ബി.ജെ.പി.-എസ്.എൻ.ഡി.പി. സഖ്യത്തിന്റെ പ്രവർത്തനവും പ്രതിപ്രവർത്തനവും പ്രഭവകേന്ദ്രമായ ആലപ്പുഴയിൽ എങ്ങനെയാണു സംഭവിക്കുകയെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളുറ്റുനോക്കുന്നത്. സ്വന്തം തട്ടകത്തിലെ പരീക്ഷണം മുഖ്യശില്പി വെള്ളാപ്പള്ളി നടേശനെ സംബന്ധിച്ച് നിർണായകമാണ്. ഇത്‌ മുളയിലേ നുള്ളേണ്ടത് പുരോഗമന-മതേതര കക്ഷികളെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പ്രശ്നവുമാണ്.

 ജില്ലയിലെ തിരഞ്ഞെടുപ്പുചിത്രം നൽകുന്നതും ഈനിലയ്ക്കുള്ള ചടുലനീക്കങ്ങളും പ്രചാരണശൈലികളുമാണ്.
ഐക്യജനാധിപത്യമുന്നണി മുമ്പൊരിക്കലുമില്ലാത്ത കെട്ടുറപ്പിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. റിബലുകളില്ലെന്നല്ല ഇതിനർഥം. പക്ഷേ, താരതമ്യേന കുറവാണ്. ഘടകകക്ഷികളെ ഒരുവിധം തൃപ്തിപ്പെടുത്തിയിട്ടുണ്ട്. ജെ.എസ്.എസ്. രാജൻ ബാബു വിഭാഗം, സി.എം.പി. തുടങ്ങിയ കക്ഷികൾക്കൊക്കെ ചെറിയ മുറുമുറുപ്പുണ്ട്. ചിലയിടങ്ങളിൽ ജെ.എസ്.എസ്. സ്വന്തമായി സ്ഥാനാർഥികളെ നിർത്തിയിട്ടുമുണ്ട്. എന്നാൽപ്പോലും ഈ പാർട്ടികളുടെ നേതാക്കൾ മുന്നണിയോഗങ്ങളിൽ സജീവമാണ്. മുമ്പത്തെക്കാൾ മെച്ചപ്പെട്ട പരിഗണന കിട്ടിയതിന്റെ സന്തോഷം ജനതാദൾ-യുവിനുണ്ട്. ആർ.എസ്.പി.യും വലിയ ആക്ഷേപം പറയുന്നില്ല. നടപടിവന്നതോടെ കോൺഗ്രസിൽ വിമതശബ്ദം അടങ്ങി. കേരള കോൺഗ്രസ്-എമ്മും റിബൽനിലപാടെടുത്തവരെ പുറത്താക്കിയത് ഘടകകക്ഷികൾക്കിടയിൽ വിശ്വാസം വർധിപ്പിച്ചു. നൂലിൽക്കെട്ടി സ്ഥാനാർഥികളെ ഇറക്കുന്നത്‌ അവസാനിപ്പിക്കുമെന്നൊക്കെ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ ആലപ്പുഴയിൽ പ്രസംഗിച്ചെങ്കിലും അങ്ങനെയും ചിലർ മത്സരരംഗത്തെത്തി. എങ്കിലും ജയസാധ്യതയ്ക്ക്‌ ഇത്തവണ മുൻതൂക്കം നൽകിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഗ്രൂപ്പുതാത്‌പര്യങ്ങളുടെ കാര്യത്തിൽ വലിയ വിട്ടുവീഴ്ചകളില്ലെന്ന ആരോപണം ഇതിനിടെ മുഴച്ചുനിൽക്കുന്നുമുണ്ട്. 
ഇടതുപക്ഷജനാധിപത്യമുന്നണിയാണ് ബി.ജെ.പി.-എസ്.എൻ.ഡി.പി. സഖ്യത്തിനെതിരെ ആദ്യമേ ജാഗ്രത പ്രകടിപ്പിച്ചത്. പ്രത്യേകിച്ചും പിണറായി വിജയൻ. ആലപ്പുഴജില്ലയിൽ വെള്ളാപ്പള്ളിയുമായി രഹസ്യചങ്ങാത്തത്തിലൂടെ പാർട്ടി സ്ഥാനാർഥികൾക്ക് എസ്.എൻ.ഡി.പി. പിന്തുണ ഉറപ്പിക്കാമെന്ന നിലപാട് ചില നേതാക്കൾക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വെള്ളാപ്പള്ളിയോട്‌ അത്തരക്കാർ മൃദുസമീപനത്തിലുമായിരുന്നു. ആലപ്പുഴയിലെത്തിയ പിണറായി പാർട്ടിനേതാക്കളുടെ യോഗത്തിൽ ഇതിനെതിരെ തുറന്നടിച്ചു. അത്തരം ചങ്ങാത്തം ഉടൻ അവസാനിപ്പിക്കണമെന്ന കർശനനിർദേശവും നൽകി. തുടർന്നാണ് സി.പി.എം. ജില്ലയിൽ വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാടെടുത്തത്. തിരഞ്ഞെടുപ്പിലെ ‘അപ്പച്ചന്റെ തമാശ’യായിട്ടേ വെള്ളാപ്പള്ളി ഇതിനെ കാണുന്നുള്ളൂവെന്നത്‌ മറ്റൊരു നേരമ്പോക്ക്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയും ബി.ജെ.പി.-എസ്.എൻ.ഡി.പി. കൂട്ടുകെട്ടിന്റെ പരാജയമുറപ്പാക്കുന്നതിനാണ് പ്രധാനമായും മുൻഗണന നൽകുന്നത്. ഒപ്പംനിൽക്കുന്നവരിൽ പലർക്കും യു.ഡി.എഫിലെപ്പോലെ ഇവിടെയും അസ്വസ്ഥതയുണ്ട്‌. സീറ്റ്‌ കുറഞ്ഞതുതന്നെ കാരണം. സി.പി.എമ്മും സി.പി.ഐ.യും വയലാറിൽ നേർക്കുനേർ പോരാട്ടത്തിനൊരുങ്ങിയതാണ്. പത്രിക പിൻവലിക്കാനുള്ള ദിവസം കഴിഞ്ഞശേഷമാണ് ധാരണയുണ്ടാക്കാനായത്. കെ.ആർ. ഗൗരിയമ്മ നേതൃത്വംനൽകുന്ന ജെ.എസ്.എസ്. ഇടതുമുന്നണിയിൽ ഘടകകക്ഷിയല്ലെങ്കിലും കഴിഞ്ഞ പാർലമെന്റ്‌ തിരഞ്ഞെടുപ്പുമുതൽ ഇവർക്കൊപ്പമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിന്റെ മൂന്നിലൊരുഭാഗം സീറ്റുപോലും ഇക്കുറി അവർക്ക്‌ നൽകിയില്ലെന്നാണു പരാതി. ആലപ്പുഴ നഗരസഭയിലടക്കം അവർ റിബലുകളെ നിർത്തിയിട്ടുണ്ട്.
ഇതൊന്നും ജയസാധ്യതയെ ബാധിക്കുമെന്ന്‌ നേതൃത്വം കരുതുന്നില്ല. 


ആശങ്ക എസ്.എൻ.ഡി.പി. നിലപാടുതന്നെ. അത്‌ കാര്യമായി പ്രവർത്തിച്ചാൽ ബാധിക്കുക സി.പി.എം.-സി.പി.ഐ. കക്ഷികളെയായിരിക്കും. കാരണം, പാർട്ടിപ്രവർത്തകരിൽ 60 ശതമാനത്തിലധികം ഈഴവവിഭാഗമാണ്. ജാതീയമായ വേർതിരിവ് പാർട്ടിക്കുള്ളിലേക്കു കടന്നാൽ വലിയ നഷ്ടം സംഭവിക്കും. 
പുതിയ കൂട്ടുകെട്ടിന്റെ ഭവിഷ്യത്തുകളെപ്പറ്റി ജനത വേണ്ടവിധം ചിന്തിച്ചു പ്രവർത്തിച്ചാൽ വൻനേട്ടമുണ്ടാകുമെന്നും ഇടതുപക്ഷം വിലയിരുത്തുന്നു.

എന്നാൽ, ഇപ്പോഴത്തെ അന്തരീക്ഷം തങ്ങൾക്ക്‌ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഐക്യജനാധിപത്യമുന്നണി. എസ്.എൻ.ഡി.പി.- ബി.ജെ.പി. ബാന്ധവത്തിൽ ന്യൂനപക്ഷങ്ങൾക്കുള്ള ആശങ്ക തങ്ങൾക്കനുകൂലമാകുമെന്ന്‌ അവർ കണക്കുകൂട്ടുന്നു. എസ്.എൻ.ഡി.പി. എടുത്ത രാഷ്ട്രീയനിലപാടിനെതിരെ സ്വാഭാവികമായി എൻ.എസ്.എസ്സിലുണ്ടാകുന്ന പ്രതികരണവും തങ്ങളെ സഹായിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. 
ഇപ്പോഴത്തെ സംഭവവികാസങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള പ്രയത്നത്തിലാണ് ബി.ജെ.പി. പി.സി. തോമസ് നേതൃത്വംനൽകുന്ന കേരള കോൺഗ്രസ്, ആർ.എസ്.പി.(ബി), കെ.പി.എം.എസ്. തുടങ്ങിയ പ്രസ്ഥാനങ്ങളെയും എസ്.എൻ.ഡി.പി.യെയും ഒപ്പം കിട്ടിയത് തങ്ങൾക്ക്‌ വൻമുന്നേറ്റത്തിന് ജില്ലയിൽ സാധ്യത തുറക്കുന്നുണ്ടെന്നാണ് അവരുടെ കണക്കുകൂട്ടൽ.


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു യു.ഡി.എഫും എൽ.ഡി.എഫും. 73 ഗ്രാമപ്പഞ്ചായത്തുകളിൽ 37 എൽ.ഡി.എഫ്. നേടിയപ്പോൾ യു.ഡി.എഫിന് 36 കിട്ടി. 12 ബ്ളോക്ക്‌ പഞ്ചായത്തുകൾ തുല്യമായി വീതം വെച്ചു. ജില്ലാ പഞ്ചായത്തിലെ 23 ഡിവിഷൻ യഥാക്രമം 13 ഉം 10ഉം വീതം എൽ.ഡി.എഫും യു.ഡി.എഫും പകുത്തെടുത്തു. അന്ന് അഞ്ച്‌ നഗരസഭകളിൽ നാലും യു.ഡി.എഫ്. നേടിയപ്പോൾ എൽ.ഡി.എഫിന് ഒന്നേ കിട്ടിയുള്ളൂ. ഇത്തവണ നഗരസഭയുടെ എണ്ണം ഒന്ന്‌ കൂടി, ഗ്രാമപ്പഞ്ചായത്ത് ഒന്ന്‌ കുറയുകയും ചെയ്തു. ആരായിരിക്കും ജേതാക്കൾ? പരീക്ഷണശാലയിലെ രാഷ്ട്രീയരസതന്ത്രത്തിന്റെ ഫലം എങ്ങനെയെന്നറിയാൻ ഉദ്വേഗം കൂടുതൽ ആലപ്പുഴയിലായിരിക്കും.