നാളിതുവരെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മലപ്പുറം ജില്ലയിൽനിന്ന്‌ ഒരേയൊരുതവണ മാത്രമാണ്‌ ഇടതുസ്ഥാനാർഥി ജയിച്ചുകയറിയത്‌. 2004-ൽ ആയിരുന്നു അത്‌. അന്ന്‌ സി.പി.എം. സ്ഥാനാർഥി ടി.കെ. ഹംസ മഞ്ചേരി മണ്ഡലത്തിൽ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിംലീഗ്‌ സ്ഥാനാർഥിയെ അടിച്ചിരുത്തി.

ആ വിജയം പക്ഷേ, ഇടതുപക്ഷമൂല്യങ്ങളുടെ വിജയമായിരുന്നില്ല. മാർക്സിസ്റ്റ്‌മൂല്യങ്ങളെ മറയൊട്ടുമില്ലാതെ കാറ്റിൽപ്പറത്തിയാണ്‌ സി.പി.എം. അന്ന്‌ മഞ്ചേരി പിടിച്ചെടുത്തത്‌. തിരഞ്ഞെടുപ്പ്‌ പ്രചാരണവേളയിൽ ദേശീയ, അന്തർദേശീയ വിഷയങ്ങളെ ഇടതുമുന്നണി സമ്പൂർണമായി മതമൗലികവത്‌കരിച്ചു. അമേരിക്കയുടെ അഫ്‌ഗാൻ-ഇറാഖ്‌ ആക്രമണങ്ങളെയും പലസ്തീൻ പ്രശ്നത്തെയും ഹിംസാത്മക ഹിന്ദുത്വ പ്രകാശനങ്ങളെയും കമ്യൂണിസ്റ്റ്‌ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നതിനുപകരം മുസ്‌ലിം വർഗീയ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കുകയത്രേ സി.പി.എം. ചെയ്തത്‌. കറകളഞ്ഞ മതനിരപേക്ഷവാദിയായിരുന്ന ഇറാഖ്‌ ഭരണാധികാരി സദ്ദാം ഹുസൈനെ ഇസ്‌ലാമിന്റെ വീരനായകനായി വക്രീകരിക്കുകകൂടി ചെയ്തു ഇടതുപക്ഷക്കാർ.

2004-ൽ നിന്ന്‌ വ്യത്യസ്തമായി 2014-ലെ പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ മറ്റൊരുചിത്രമാണ്‌ മലപ്പുറത്ത്‌ കണ്ടത്‌. ലീഗ്‌ നേതാവ്‌ ഇ. അഹമ്മദിനെതിരെ മത്സരിച്ച സി.പി.എം. സ്ഥാനാർഥി പി.കെ. സൈനബ ദയനീയമായി പരാജയപ്പെട്ടെങ്കിലും മലപ്പുറത്ത്‌ ഇടതുപക്ഷമൂല്യങ്ങൾ വിജയംകണ്ട തിരഞ്ഞെടുപ്പായിരുന്നു അത്‌. ഇങ്ങനെ പറയാൻ രണ്ട്‌ കാരണങ്ങളുണ്ട്‌. മതയാഥാസ്ഥിതികത്വത്തിന്റെ കോട്ടയായ മണ്ഡലത്തിൽ ഒരു സ്ത്രീയെ മത്സരിപ്പിക്കാൻ ഇടതുമുന്നണി തയ്യാറായി എന്നതാണ്‌ ഒരു കാര്യം. രണ്ടാമത്തേത്‌, മതപ്രതിലോമതയോട്‌ ഒരുതരത്തിലും സന്ധിചെയ്യാൻ കൂട്ടാക്കാത്ത പി.കെ. സൈനബയെത്തന്നെ സ്ഥാനാർഥിയാക്കിയെന്നതും.

ആ ധീരതയും മാർക്സിസ്റ്റ്‌മൂല്യബോധവും തുടർന്ന്‌ നിലനിർത്തുന്നതിൽ സി.പി.എം. 2017-ൽ അമ്പേ പരാജയപ്പെട്ടു. ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടർന്ന്‌ ഏപ്രിൽ 12-ന്‌ നടന്ന മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പി.കെ. സൈനബയ്ക്ക്‌ ഒരുതവണ കൂടി സീറ്റുനൽകാൻ സി.പി.എം. തയ്യാറായില്ല. ‘പർദ ധരിക്കാത്ത സാരിത്തുമ്പുകൊണ്ടുപോലും തലമറയ്ക്കാത്ത മതനിഷ്ഠയില്ലാത്ത’ മുസ്‌ലിം വനിതയെ മത്സരിപ്പിച്ച്‌ യാഥാസ്ഥിതികരുടെ വോട്ട്‌ നഷ്ടപ്പെടുത്തേണ്ട എന്ന മാർക്സിസ്റ്റ്‌വിരുദ്ധനിലപാടിന്‌ നിർലജ്ജം അടിപ്പെടുകയായിരുന്ന പാർട്ടി.

സൈനബയ്ക്ക്‌ ഒരിക്കൽകൂടി സ്ഥാനാർഥിത്വം നൽകിയില്ല എന്നിടത്ത്‌ മാത്രമല്ല ഇടതുമൂല്യച്ചോർച്ച സംഭവിച്ചത്‌. ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌പ്രസ്ഥാനം നവതി പിന്നിട്ടിരിക്കുന്നു. ജാതിമത പരിഗണനകൾ കൂടാതെ സ്ഥാനാർഥിനിർണയം നടത്താൻ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ സാധിക്കേണ്ടതുണ്ട്‌. ബൂർഷ്വാപാർട്ടികളുടെ മത-ജാതി പ്രീണനത്തെ വിമർശിക്കുന്നവർ സ്വയം ആ ദൗർബല്യത്തിൽ നിന്ന് മുക്തരാകുന്നില്ലെന്ന്‌ വിളിച്ചോതുന്നതാണ്‌ സി.പി.എമ്മിന്റെ മലപ്പുറംരാഷ്ട്രീയം. മുസ്‌ലിംസമുദായത്തിൽപ്പെടുന്നവരെ മാത്രമേ മലപ്പുറത്ത്‌ സ്ഥാനാർഥിയാക്കൂ എന്ന വാശിയില്ലായിരുന്നെങ്കിൽ എം.ബി. ഫൈസലിനുപകരം ഒരു അമുസ്‌ലിം മാർക്സിസ്റ്റിനെ അവർക്ക്‌ മലപ്പുറത്ത്‌ മത്സരിപ്പിക്കാമായിരുന്നു.

 പ്രീണനവും കണ്ണടയ്ക്കലുകളും

സി.പി.എം. എളിയിൽ സൂക്ഷിക്കുന്ന വർഗീയപ്രീണനം സ്ഥാനാർഥിനിർണയത്തിൽ മാത്രമല്ല പ്രതിഫലിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്തും അത്‌ സുതരാം പ്രകടമാണ്‌. മറ്റു പല പാർട്ടികളിൽ നിന്ന്‌ വ്യത്യസ്തമായി പ്രാദേശിക, ദേശീയ, സാർവദേശീയ വിഷയങ്ങളെ വിശകലനം ചെയ്യുന്നതിൽ സജീവതാത്‌പര്യമെടുക്കുന്ന കക്ഷിയാണ്‌ മാർക്സിസ്റ്റ്‌ പാർട്ടി. ആ വിശകലനങ്ങളും അവതരണങ്ങളും കമ്യൂണിസ്റ്റ്‌മൂല്യങ്ങളിലും വീക്ഷണങ്ങളിലും ഉറച്ചുനിന്നുകൊണ്ടുവേണം നടത്താൻ. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ ഈ തത്ത്വം സി.പി.എം. ഉയർത്തിപ്പിടിച്ചുവോ?

ദേശീയവിഷയങ്ങളിൽ ഇടതുമുന്നണി കൂടുതൽ ഊന്നൽ നൽകിയത്‌ രാജ്യത്ത്‌ കരുത്താർജിക്കുന്ന ഭൂരിപക്ഷ വർഗീയതയും ഹിന്ദുത്വഫാസിസവും ഉയർത്തുന്ന ഭീഷണികളിലാണ്‌. അത്തരം ഊന്നൽ തീർച്ചയായും വേണ്ടത്‌ തന്നെ. പക്ഷേ, ന്യൂനപക്ഷ വർഗീയ-മതമൗലിക ശക്തികളെയും അവയുടെ ആശയലോകത്തെയും തഴുകി ആ വിഭാഗങ്ങളുടെ വോട്ടുകൾ കരസ്ഥമാക്കുക എന്ന ദുസ്സാമർഥ്യത്തോടെയല്ല ആ പ്രശ്നം അവതരിപ്പിക്കേണ്ടത്‌. വർഗീയതയും ഫാസിസവുമൊക്കെ ജാതിമതഭേദമെന്യേ എല്ലാ മതേതര ജനാധിപത്യവാദികളെയും ലിബറൽ ചിന്താഗതിക്കാരെയും അലട്ടുന്ന പ്രശ്നങ്ങളാണ്‌. അവർകൂടി അഭിമുഖീകരിക്കുന്ന ഭീഷണികളുമാണവ. ആ നിലവിട്ട്‌ ഭൂരിപക്ഷവർഗീയതയുടെയും ഫാസിസത്തിന്റെയും ഇരകളാകാൻ പോകുന്നത്‌ ന്യൂനപക്ഷക്കാർ മാത്രമാണെന്നും അവരുടെ രക്ഷയ്ക്ക്‌ തങ്ങൾ മാത്രമേയുള്ളൂ എന്നുമുള്ള മട്ടിൽ പ്രചാരണം കൊഴുപ്പിക്കുകയത്രേ സി.പി.എം. ചെയ്തത്‌. അതോടെ ന്യൂനപക്ഷവർഗീയ മതമലൗലികവികാരങ്ങളെ തലോടലായി അത്‌ തരംതാണു. അവ്വിധമുള്ള തലോടൽ അന്തിമവിശകലനത്തിൽ ഇടതുമൂല്യങ്ങളുടെ ഗളച്ഛേദത്തിലാണ്‌ കലാശിക്കുക.

തീവ്രവാദ, ഫാസിസ്റ്റ്‌ ഭീഷണികൾ അനാവരണം ചെയ്യുന്നിടത്ത്‌ ഒരു ദിശയിലേക്ക്‌ മാത്രം നോട്ടമയയ്ക്കുക എന്ന തെറ്റുകൂടി സി.പി.എം. ചെയ്തു. സംശയമില്ല, ദേശീയതലത്തിൽ സംഘപരിവാറിൽനിന്ന്‌ പുറപ്പെടുന്ന ഭീഷണികൾതന്നെയാണ്‌ മുഖ്യം. എന്നുവെച്ച്‌ ന്യൂനപക്ഷ മതതീവ്രവാദികളിൽ നിന്നുയരുന്ന ഭീഷണികൾ മൂടിവെക്കാവതല്ല. ഹിന്ദു സമുദായത്തിൽപ്പെട്ട സ്വതന്ത്രചിന്തകരായ ദബോൽക്കറും കൽബുർഗിയും പൻസാരെയും ഭൂരിപക്ഷ തീവ്രവാദികളാൽ കൊലചെയ്യപ്പെട്ടതിലേക്ക്‌ വിരൽചൂണ്ടിയവർ മലപ്പുറം ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്നതിന്‌ കഷ്ടിച്ച്‌ ഒരുമാസം മുമ്പ്‌ മാർച്ച്‌ 16-ന്‌ കോയമ്പത്തൂരിൽ മുസ്‌ലിംലീഗ്‌ സമുദായാംഗമായ സ്വതന്ത്രചിന്തകൻ ഫാറൂഖ്‌ ന്യൂനപക്ഷ തീവ്രവാദികളാൽ വധിക്കപ്പെട്ടതിനെക്കുറിച്ച്‌ ഒരക്ഷരം മിണ്ടിയില്ല! 

 അമേരിക്കയാവാം തുർക്കി പാടില്ല

ദേശീയവിഷയങ്ങളുടെ മാത്രമല്ല, സാർവദേശീയ വിഷയങ്ങളുടെ വിശകലനത്തിലും സി.പി.എം. ഇസ്‌ലാമിസ്റ്റ്‌ പ്രീണനം വഴി ഇടതുമൂല്യങ്ങൾക്ക്‌ സാരമാംവിധം കോട്ടം തട്ടിച്ചതുകാണാം. 2004-ലെയും 2009-ലെയും പാർലമെന്റ്‌ തിരഞ്ഞെടുപ്പുകളിലും 2006-ലെ അസംബ്ളി തിരഞ്ഞെടുപ്പിലും മലപ്പുറം ഉൾപ്പെടെയുള്ള മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ പാശ്ചാത്യസാമ്രാജ്യത്വവും സയണിസവും പലസ്തീനും ഇറാഖും ഇസ്‌ലാംമോഫോബിയയുമൊക്കെ കൊണ്ടുപിടിച്ച ചർച്ചകൾക്ക്‌ വിധേയമാക്കിയിരുന്നു ആ പാർട്ടി. മുസ്‌ലിം മതമൗലിക വികാരങ്ങൾ തങ്ങൾക്കുനുകൂലമാക്കാൻ പാകത്തിലായിരുന്നു ആ ചർച്ചകളെല്ലാം. ഇക്കുറി പക്ഷേ, ഇടതുപക്ഷം അവശ്യമായി വിശകലനത്തിനു വിധേയമാക്കേണ്ട അന്താഷ്ട്രപ്രാധാന്യമുള്ള ഒരു വിഷയത്തിലേക്ക്‌ അവർ കടന്നതേയില്ല.

തുർക്കിയിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ കഴുത്തറുത്ത്‌ പ്രസിഡൻഷ്യൽ രീതിയിലേക്ക്‌ (ഇസ്‌ലാമിസ്റ്റ്‌ സ്വേച്ഛാധിപത്യത്തിലേക്ക്‌) വഴിതിരിയാൻ പ്രസിഡന്റ്‌ റസിപ്‌ തയ്യിപ്പ്‌ ഉറുദുഗാൻ നടത്തിയ ഹിതപരിശോധനയാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. ഹിതപരിശോധന നടന്നത്‌ 2017 ഏപ്രിൽ 16-നാണെങ്കിലും നേരത്തേ തീരുമാനിക്കപ്പെട്ട ആ സംഭവത്തെക്കുറിച്ച്‌ ലോകമാധ്യമങ്ങളിൽ നിരന്തരം ചർച്ച നടക്കുന്ന വേളയിലായിരുന്നു മലപ്പുറത്ത്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണം. കഴിഞ്ഞ ജൂലായിൽ തന്റെ ഭരണത്തിനുനേരേ പ്രക്ഷോഭരംഗത്തുവന്ന ഇടതുമതേതരവാദികൾ ഉൾപ്പെടെ 1,30,000 ജീവനക്കാരെ ഉറുദുഗാൻ പിരിച്ചുവിടുകയും മാധ്യമപ്രവർത്തകരടക്കം 45,000 പേരെ തടവിലിടുകയും ചെയ്തിരുന്നു. ആ വക കാര്യങ്ങളൊന്നും മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റുകാർ ഉയർത്തിയില്ല.

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ 2014-ൽ മലപ്പുറം മണ്ഡലത്തിൽ സി.പി.എം. സ്ഥാനാർഥി പരാജയപ്പെട്ടെങ്കിലും അവിടെ ഇടതുമൂല്യങ്ങൾ ഒരു വലിയ പരിധിവരെ വിജയം കണ്ടിരുന്നു. ഇപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഫൈസൽ എന്ന ഇടതു സ്ഥാനാർഥി മാത്രമല്ല, ഇടതുപക്ഷമൂല്യങ്ങൾ കൂടിയാണ്‌ തോൽവിയടഞ്ഞത്‌. വരാനിരിക്കുന്ന വേങ്ങര ഉപതിരഞ്ഞെടുപ്പിലെങ്കിലും സ്വന്തം സ്ഥാനാർഥി ജയിച്ചില്ലെങ്കിലും ഇടതുമൂല്യങ്ങൾ തോൽക്കരുതെന്ന സമീപനം കൈക്കൊള്ളാനുള്ള ചങ്കുറപ്പ്‌ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്കുണ്ടാകുമോ?

(രാഷ്ട്രീയനിരീക്ഷകനാണ്‌ ലേഖകൻ)