languageആഗോളവത്‌കരണം ശക്തമായ ഈ കാലത്ത്‌ കുട്ടികൾ ആദ്യം ഏതുഭാഷ അഭ്യസിക്കണം, ബോധനത്തിനുള്ള ഭാഷ ഏതായിരിക്കണം എന്നിവയെക്കുറിച്ച്‌  വ്യക്തതയേക്കാൾ വിവാദങ്ങളാണ്‌ കൂടുതൽ. ഭാഷയുടെ അടിസ്ഥാനം മസ്തിഷ്കമാണ്‌. അതിന്റെ ഇടതുപകുതിയിൽ. ഇടതുമസ്തിഷ്കത്തിൽ പക്ഷാഘാതം സംഭവിക്കുമ്പോൾ ശരീരത്തിന്റെ വലതുഭാഗം തളരുന്നതിനോടൊപ്പം ഭാഷയുടെ പ്രയോഗവും തകരാറിലാകുന്നു. രോഗിക്ക്‌ സംസാരിക്കാൻ സാധിക്കാതെയാകുന്നു.

ശബ്ദങ്ങൾ കേൾക്കുന്നിടത്താണ്‌ ഭാഷയുടെ ഉദ്‌ഭവം. ശബ്ദങ്ങളെ വസ്തുക്കളുമായും വ്യക്തികളുമായും സങ്കൽപ്പങ്ങളുമായുമെല്ലാം കുട്ടികൾ ബന്ധപ്പെടുത്തുന്നു.  ശബ്ദങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽനിന്നാണ്‌ അവയ്ക്ക്‌ അർഥമുണ്ടാകുന്നത്‌. ഭാഷയുടെ വികാസത്തിൽ മസ്തിഷ്കത്തിൽ പ്രകൃത്യായുള്ള ഗുണപാഠമാണ്‌ ചോംസ്കി അവതരിപ്പിച്ചത്‌. പ്രായമായവരിൽനിന്ന്‌ ശരിയായ വാചകങ്ങളും വ്യാകരണങ്ങളുംമാത്രമേ കുട്ടികൾ കേൾക്കുന്നുള്ളൂ. തെറ്റായത്‌ അവർ കേൾക്കുന്നില്ല. പക്ഷേ, ഏതാണ്‌ തെറ്റായ വ്യാകരണം അല്ലെങ്കിൽ അർഥമില്ലാത്ത വാചകം എന്നത്‌ ആരും പറഞ്ഞുകൊടുക്കാതെതന്നെ അവർക്ക്‌ മനസ്സിലാകും. വ്യാകരണം അഭ്യസിക്കുന്നതിനുള്ള നിയമങ്ങളും പ്രചോദനവും പരിമിതമാണെന്നായിരുന്നു ചോംസ്കി വാദിച്ചത്‌. എല്ലാ ഭാഷയ്ക്കും ഈ സിദ്ധാന്തം ബാധകമാണ്‌. ഇതുപിന്നീട്‌ സാർവികവ്യാകരണം എന്നറിയപ്പെട്ടു. എന്നാൽ, പരിചരണവും പരിശീലനവും കൊണ്ടാണ്‌ ഭാഷ വികസിക്കുന്നത്‌ എന്ന്‌ വാദിച്ചവരുമുണ്ട്‌. സാമൂഹിക ഇടപെടലുകളിൽനിന്ന്‌ തെറ്റായതിനെ അവഗണിക്കുകയും തിരുത്തുകയും ശരിയായതിനെ ദൃഢപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയിൽനിന്നാണ്‌ ഭാഷ വികസിക്കുന്നത്‌ എന്നിവർ വാദിക്കുന്നു. പ്രകൃത്യായുള്ള ഗുണങ്ങളും പരിശീലനവും കൂടിച്ചേരുമ്പോഴാണ്‌ ഭാഷ അഭ്യസിക്കുന്നത്‌ എന്നുള്ള സിദ്ധാന്തവുമുണ്ട്‌.

മാതൃഭാഷയും രണ്ടാം ഭാഷയും
ഭാഷ ആശയവിനിമയത്തിനുള്ളതാണെന്ന്‌ നമ്മൾ പറയാറുണ്ട്‌. യഥാർഥത്തിൽ ആശയങ്ങൾ  ഉണ്ടാക്കിയെടുക്കുന്നതുതന്നെ ഭാഷയിൽക്കൂടിയാണ്‌. ഭാഷ ചിന്തയുടെ വാഹനമാണ്‌ എന്നൊരു ചൊല്ലുണ്ട്‌. ഭാഷയും സൂചകങ്ങളും ഉപയോഗിച്ചേ ഒരാൾക്ക്‌ ചിന്തിക്കാനാവൂ. രണ്ടുഭാഷകളുമായി ഒരു കുട്ടി ഇടപഴകുമ്പോൾ അതിൽ കൂടുതൽ ഉപയോഗിക്കുന്ന ഭാഷ മാതൃഭാഷയായി മാറുന്നു. മറ്റേത്‌ രണ്ടാംഭാഷയും. എന്നാൽ, ആദ്യവർഷങ്ങളിൽ രണ്ടാംഭാഷ മാതൃഭാഷയേക്കാൾ കൂടുതൽ ഉപയോഗിക്കുകയും പരിശീലിക്കുകയും ചെയ്താൽ അത്‌ മാതൃഭാഷയെ പുറന്തള്ളി ആ സ്ഥാനത്തുവരും. ഏതുപ്രായത്തിലും പുതിയഭാഷ പഠിക്കാം. പക്ഷേ, ഏതാണ്ട്‌ 12 വയസ്സ്‌ കഴിഞ്ഞാൽ ഭാഷാപഠനത്തിന്റെ കാര്യക്ഷമത കുറഞ്ഞുതുടങ്ങും. ഈ പ്രായത്തിനുള്ളിൽ ഒന്നിലധികം ഭാഷകൾ പഠിക്കുന്ന കുട്ടികൾക്ക്‌ മാതൃഭാഷയിലുള്ള ഏതാണ്ട്‌ അത്രതന്നെ പാടവം മറ്റുഭാഷകളിലും നേടാനാകും.

പക്ഷേ, ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌. മാതൃഭാഷയിലായിരിക്കും ആശയങ്ങൾ നാമ്പിടുന്നതും വികസിക്കുന്നതും. മാതൃഭാഷ എത്രകണ്ട്‌ അഭ്യസിക്കുന്നുവോ അത്രകണ്ട്‌ രണ്ടാംഭാഷയും മെച്ചപ്പെടും. ഇതാണ്‌ ഭാഷയിലെ കമ്മിൻസ്‌ സിദ്ധാന്തം. അതായത്‌, മലയാളം ആദ്യഭാഷയാണെങ്കിൽ മലയാളത്തിന്റെ സഹായത്തോടെയാണ്‌ ഇംഗ്ലീഷ്‌ ഭാഷാപഠനം കാര്യക്ഷമമാകുന്നത്‌. മാത്രമല്ല, മലയാളത്തെ അവഗണിക്കുന്നത്‌ ഇംഗ്ലീഷ്‌ പഠനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇതിൽ ഒരു സാമാന്യയുക്തികൂടിയുണ്ട്‌. മലയാളത്തിൽ ആശയങ്ങളും വാക്കുകളും അഭ്യസിച്ച ഒരാൾക്ക്‌ പിന്നെ ഇംഗ്ലീഷ്‌ പഠിക്കുമ്പോൾ ആ ആശയങ്ങൾക്കും വാക്കുകൾക്കും തത്തുല്യമായ പദങ്ങൾമാത്രം ഇംഗ്ലീഷിൽ പഠിച്ചാൽ മതി. മാതൃഭാഷയെ തല്ലിക്കെടുത്തി രണ്ടാം ഭാഷ പഠിപ്പിക്കാമെന്നത്‌ വെറും അബദ്ധമാണ്‌. മസ്തിഷ്കത്തിൽ മാതൃഭാഷയും മറ്റുഭാഷകളും തമ്മിൽ ഇടപഴകുന്നുണ്ട്‌. ഉദാഹരണത്തിന്‌ പക്ഷാഘാതത്തിനുശേഷം ഭാഷയുടെ പുനഃസ്ഥാപനചികിത്സയിൽ ഒരു ഭാഷയിൽ പരിശീലനംനൽകുമ്പോൾ മറ്റേ ഭാഷയ്ക്കും അതിന്റെ പ്രയോജനം കിട്ടുന്നു. ഒരാൾ ഒരു ഭാഷ ഉപയോഗിക്കുമ്പോൾ മറ്റേ ഭാഷയും മസ്തിഷ്കത്തിൽ ഉത്തേജിപ്പിക്കപ്പെടും. രണ്ടുഭാഷയും ഒരേസമയം പ്രയോഗിക്കാൻ മനുഷ്യന്‌ സാധിക്കില്ല. അതുകൊണ്ട്‌ ശ്രദ്ധയെ ഒരു ഭാഷയിലേക്ക്‌ കേന്ദ്രീകരിച്ച്‌ മറ്റേഭാഷയിലേക്കുപോകാതെ നിയന്ത്രിക്കുന്ന ജോലി മസ്തിഷ്കം ഏറ്റെടുക്കുന്നു. ഇത്‌ മസ്തിഷ്കത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നു. ഒന്നിലധികം ഭാഷകൾ ഉപയോഗിക്കുന്നവരുടെ ബുദ്ധിനിലവാരവും സർഗാത്മകതയും ഒരു ഭാഷമാത്രം ഉപയോഗിക്കുന്നവരെ അപേക്ഷിച്ച്‌ കൂടുതലായിരിക്കും.

മറുഭാഷയോട്‌ എതിർപ്പ്‌ വേണ്ട
ബഹുഭാഷാസിദ്ധി ഡിമെൻഷ്യ രോഗത്തെ ഒരു പരിധിവരെ അകറ്റിനിർത്തുമെന്നതിനും തെളിവുകളുണ്ട്‌. ലോകജനസംഖ്യയിൽ ഭൂരിപക്ഷവും ബഹുഭാഷാ സിദ്ധിയുള്ളവരാണ്‌. വിദേശരാജ്യങ്ങളിൽ ജോലി ലഭിക്കുന്നതിനും ഉന്നതവിദ്യാഭ്യാസം നേടുന്നതിനും ബഹുഭാഷാസിദ്ധി കൂടിയേകഴിയൂ. മാതൃഭാഷയെ അവഗണിച്ച്‌ വേറൊരു ഭാഷ പഠിക്കുന്നത്‌ നല്ല ഏർപ്പാടല്ല എന്നുപറഞ്ഞതുപോലെ, മറ്റുഭാഷകളോടുള്ള എതിർപ്പും നല്ലതല്ല. ഓരോ ഭാഷയ്ക്കും അതിന്റേതായ വിലയും മഹത്ത്വവുമുണ്ട്‌. പ്രാഥമിക വിദ്യാഭ്യാസസമയത്ത്‌ രണ്ടുഭാഷയും പഠിക്കാമെങ്കിലും ബോധനം മാതൃഭാഷയിലാകുന്നതാണ്‌ നല്ലത്‌. എന്നാൽ, ഇംഗ്ലീഷ്‌ ഏതാണ്ട്‌  സാർവികഭാഷയായതിനാൽ പിന്നീടുള്ള വർഷങ്ങളിൽ ബോധനം പകുതിയെങ്കിലും ഇംഗ്ലീഷിലാക്കേണ്ടിവരും; പകുതി മലയാളത്തിലും. ഉയർന്ന വിദ്യാഭ്യാസം ഇംഗ്ലീഷിലാക്കുന്നതാകും ഉചിതം. വിഷയങ്ങളുടെ ഉള്ളടക്കത്തിന്റെയും ഭാഷയുടെയും ഉദ്‌ഗ്രഥനം നൂതനമായ സങ്കല്പമാണ്‌ (Content and Language Integrated Learning-CLIL). ഇതനുസരിച്ച്‌ ശാസ്ത്രവിഷയങ്ങൾ ഒരു ഭാഷയിൽ പഠിക്കുമ്പോൾ ശാസ്ത്രജ്ഞാനം മെച്ചപ്പെടുന്നതിനനുസരിച്ച്‌ ഭാഷാസിദ്ധിയും മെച്ചപ്പെടുന്നു.

മസ്തിഷ്കത്തിന്റെ നിയമങ്ങൾ
ആദ്യവർഷങ്ങളിൽ രണ്ടുഭാഷയിലും പ്രാവീണ്യംനേടുന്നവരിൽ മാതൃഭാഷയും രണ്ടാംഭാഷയും കൈകാര്യംചെയ്യുന്ന മസ്തിഷ്കഭാഗങ്ങളിലും പ്രവർത്തനത്തിലും കാര്യമായ വ്യത്യാസങ്ങൾ കാണാറില്ല. എന്നാലും, ഉപ്പോളം വരില്ല ഉപ്പിലിട്ടത്‌ എന്നുപറയുന്നതുപോലെ മാതൃഭാഷയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഉത്തേജനത്തിന്റെ അത്രയും വരില്ല രണ്ടാം ഭാഷയുമായി ബന്ധപ്പെട്ട മസ്തിഷ്കപ്രവർത്തനങ്ങൾക്ക്‌. രണ്ടാം ഭാഷയിൽ പ്രാവീണ്യം കുറവാണെങ്കിൽ അതുപയോഗിക്കാൻ മസ്തിഷ്കത്തിന്റെ കൂടുതൽ ഭാഗങ്ങൾ വേണ്ടിവരും. മസ്തിഷ്കത്തിന്റെ അടിസ്ഥാനതത്ത്വം അതിന്‌ ക്ഷയമോ സമ്മർദമോ ഉണ്ടാകുന്ന വേളയിൽ അവസാനമാർജിച്ച ഗുണങ്ങൾ ആദ്യം നഷ്ടപ്പെടും എന്നതാണ്‌. ഇതിനെ റിബോയുടെ നിയമം (Ribot’s Law) എന്ന്‌ വിളിക്കുന്നു. ഡിമെൻഷ്യ വരുമ്പോൾ അവസാനമാർജിച്ച രണ്ടാംഭാഷ ഉപയോഗിക്കാനുള്ള കഴിവ്‌ ആദ്യം നഷ്ടപ്പെടും. മാതൃഭാഷ അപ്പോഴും നിലനിൽക്കും. മാനസികസമ്മർദം അനുഭവപ്പെടുന്ന വേളയിലും ഉപയോഗം മാതൃഭാഷയിലേക്ക്‌ ചുരുങ്ങാം. വികാരങ്ങൾ കൂടുതലും മാതൃഭാഷയുമായിട്ടാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌. മാതൃഭാഷ ഒരു വികാരമാണ്‌ എന്നുപറയുന്നത്‌ അതുകൊണ്ടാണ്‌. ആദ്യകാല ഓർമകൾ ആദ്യഭാഷയിൽ ആയിരിക്കുമല്ലോ ആലേഖനം ചെയ്യപ്പെടുന്നതും ആവിഷ്കരിക്കപ്പെടുന്നതും. മാതാപിതാക്കൾ മലയാളം സംസാരിക്കുകയും കുട്ടികളുടെ മാതൃഭാഷ ഇംഗ്ലീഷായി രൂപപ്പെട്ടെന്നും വിചാരിക്കുക. വികാരസമ്മർദം ഉണ്ടാകുന്ന സമയത്ത്‌ മാതാപിതാക്കളും കുട്ടികളും രണ്ടുഭാഷ സംസാരിച്ചെന്നുവരാം. ഇത്‌ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം അവതാളത്തിലാക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ.

ഒരു തലമുറയിൽപ്പെട്ട ഒരുപാടുപേർ ഒരു ഭാഷ സംസാരിക്കാതെയാകുമ്പോൾ ആ ഭാഷയുടെ ശോഷണം ആരംഭിക്കും. ആഗോളീകരണത്തിന്റെ ഫലങ്ങളിലൊന്നാണ്‌ പ്രാദേശികഭാഷകളുടെ അന്ത്യം. ഒരു ഭാഷയുടെ അന്ത്യത്തോടെ ഒരു സംസ്കാരവും നശിക്കും. ഭാഷ വികാരവും സാംസ്കാരവുമാണ്‌.

(ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിൽ കൺസൾട്ടന്റ്‌  സൈക്യാട്രിസ്റ്റും ഓണററി സീനിയർ ഫെലോയുമാണ്‌ ലേഖകൻ)