ജീവിതരേഖ 

1928 സെപ്‌റ്റംബർ 23-ന് മാവേലിക്കര വള്ളികുന്നത്ത് ജനിച്ചു. പോക്കാട്ട് ദാമോദരൻ പിള്ളയുടെയും കോയിതറയിൽ ജാനകിയമ്മയുടെയും മകൻ. വിദ്യാർഥികോൺഗ്രസ് മാവേലിക്കര താലൂക്ക് പ്രസിഡന്റായി രാഷ്ട്രീയത്തിൽ തുടക്കം. 1948-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ശൂരനാട് കലാപത്തിനുശേഷം വള്ളികുന്നം ശൂരനാട് പ്രദേശത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയായി. 1957-ൽ എസ്.എൻ. കോളേജിൽ ലക്ചററായി ഒദ്യോഗികജീവിതം തുടങ്ങി. 1988-ൽ കേരള സർവകലാശാലയിൽ മലയാളംവകുപ്പ് മേധാവിയായി വിരമിച്ചു. 11 കവിതാസമാഹാരങ്ങൾ. ‘കേരളചരിത്രത്തിന്റെ അടിസ്ഥാനരേഖകൾ’ ഉൾപ്പെടെ ഒട്ടേറെ ഗവേഷണപുസ്തകങ്ങൾ. ലോകമലയാള സമ്മേളനത്തിന്റെ സ്ഥാപകസെക്രട്ടറി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാൻ, കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, കേരളസർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ.

ക്വിറ്റിന്ത്യാസമരത്തിൽ പങ്കെടുത്തതിന് സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ട ഗാന്ധിഭക്തനായ സ്വാതന്ത്ര്യസമരസേനാനി, തെക്കൻകേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സാഹസികമായ തുടക്കങ്ങളിൽ ഉശിരോടെ ചുവടൊത്തുനിന്ന കമ്യൂണിസ്റ്റ്, അരുണദശകത്തിൽ കവിതയെ ജനങ്ങളോട് അടുപ്പിച്ച പ്രമുഖ കവി, മലയാളഭാഷയുടെ അഭിമാനത്തിനായുള്ള പോരാട്ടശബ്ദം മുഴക്കിയ ഭാഷാസ്നേഹി, അധ്യാപകൻ, ഗവേഷകൻ, ഭാഷാ ശാസ്ത്രജ്ഞൻ... ഇടപെട്ട മേഖലകളിലൊക്കെ ‘ആവുന്നത്ര ഉച്ചത്തിൽ’ തന്റെ ശബ്ദം കേൾപ്പിച്ച പുതുശ്ശേരി മലയാളത്തിനും കേരളത്തിനും പുതിയ ആല തീർത്തു; അതിൽ പുതിയ കൊല്ലനുമായി. 
താനിന്നും കമ്യൂണിസ്റ്റാണെന്നും മനസ്സിലിപ്പോഴും കവിതയുണ്ടെന്നും പറയുന്ന പുതുശ്ശേരി, മലയാളഭാഷയുടെ സംരക്ഷണത്തിനായുള്ള യത്നങ്ങൾ ഇനിയും മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്ന് ഓർമപ്പെടുത്തുന്നു.

1977-ൽ താങ്കളുടെ നേതൃത്വത്തിൽ നടന്ന ലോകമലയാള സമ്മേളനത്തിലാണല്ലോ ഭാഷയുടെ സംരക്ഷണത്തിനായുള്ള ആദ്യ ആലോചനകൾ തുടങ്ങിയത്. ഈ രംഗത്ത് ഇനിയും ചെയ്യാനുള്ളത് എന്താണ്? 
 എല്ലാതലത്തിലും ഭരണഭാഷ മലയാളം തന്നെയാവണം. ഇവിടെ സായിപ്പില്ലെന്ന് ഓർക്കണം. സായിപ്പുണ്ടെങ്കിൽ അയാളും മലയാളം പഠിക്കണം. വിനിമയത്തിന്റെ എല്ലാതലത്തിലും മലയാളം പ്രയോഗത്തിൽ വരുത്തണം. ഇതിന് ഒരുപാട് സമിതികളും തീരുമാനങ്ങളും ഉണ്ടായെങ്കിലും കാര്യങ്ങളിൽ വേണ്ട പുരോഗതിയുണ്ടായില്ല. മാതൃഭാഷയെ സംരക്ഷിക്കാൻ വിദ്യാഭ്യാസത്തിൽത്തന്നെ പദ്ധതിവേണം. ഇല്ലെങ്കിൽ നമ്മുടെ കുട്ടികൾ ഇംഗ്ലീഷിനുപിന്നാലെപ്പോയി മലയാളത്തോട് കൂറില്ലാതാവും. അവർക്കിപ്പോൾ മലയാളവും അറിയില്ല, ഇംഗ്ലീഷും അറിയില്ല എന്നതാണ് സത്യം. 

ഇന്നത്തെനിലയ്ക്ക് പോയാൽ മലയാളത്തിന്റെ ഭാവി എങ്ങനെ? 
 ഒരു പതിറ്റാണ്ടിലേറെയായി ഭാഷയുടെ സംരക്ഷണത്തിനായുള്ള ജനകീയപ്രക്ഷോഭങ്ങൾ ശക്തമായി നടക്കുന്നു. അത് ഫലം കാണുന്നുമുണ്ട്. അതിലൊക്കെ പങ്കാളിത്തവും നേതൃത്വവും വഹിക്കാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഈ വിഷയത്തിൽ യുവാക്കൾ കാണിക്കുന്ന താത്പര്യം ഏറെ പ്രതീക്ഷനൽകുന്നു. എന്നാൽ, മലയാളത്തിന് ക്ലാസിക് പദവി കിട്ടിയതിനുശേഷമുള്ള പ്രവർത്തനങ്ങൾ ഇനിയും വേണ്ടവിധം ഏകോപിപ്പിക്കപ്പെട്ടില്ലെന്നത് ദുഃഖസത്യമായി നിലകൊള്ളുന്നു. 

 

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അതിന്റെ ഏറ്റവും സാഹസികമായ കാലഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന താങ്കൾ പിന്നീട് പലപ്പോഴും ആ പ്രസ്ഥാനത്തിന്റെ നിലപാടുകളോട്  വിയോജിച്ചിട്ടുണ്ട്. അന്നുകണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എത്രത്തോളം കഴിഞ്ഞു? 
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യയിൽ ഒരുകാലത്ത് വലിയ വളർച്ചയുണ്ടായിരുന്നു. കേരളം, ആന്ധ്ര, ബംഗാൾ, ബിഹാർ,  എന്നിവിടങ്ങളിലൊക്കെ ശക്തമായ വേരോട്ടമുണ്ടായിരുന്നു. പാർട്ടിക്ക് മൊത്തത്തിൽ ഒരു ദേശീയപാർട്ടിയുടെ  ഇമേജായിരുന്നു അന്ന്.  ഇന്നതുപോയി. പിന്നീടത് വീണ്ടെടുക്കാൻ പറ്റിയില്ല. കോൺഗ്രസിന്റെ ദേശീയബോധത്തിൽ യുവാക്കൾ മുറുകെപ്പിടിച്ചതാണ് കാരണം. 

കേരളത്തിൽ ഇ.എം.എസിന്റെ ആദ്യസർക്കാരിന്റെ കാലത്തുണ്ടായ ചന്ദനത്തോപ്പ്  വെടിവെപ്പിനെതിരേയും പിൽക്കാലത്ത് ചൈനയിലെ ടിയാനൻമെൻ ചത്വരത്തിലെ കൂട്ടക്കുരുതിക്കെതിരേയും കവിതയെഴുതിയിട്ടുണ്ട് താങ്കൾ. ഇപ്പോഴും മനസ്സിൽ അന്നത്തെ അതേ ആവേശമുള്ള കമ്യൂണിസ്റ്റുണ്ടോ? 
പതിന്നാലാം വയസ്സിൽ ക്വിറ്റിന്ത്യാസമരത്തിൽ പങ്കെടുത്തവനാണ് ഞാൻ. 75 വർഷമായി രാഷ്ട്രീയത്തിലെത്തിയിട്ട്. സ്വാതന്ത്ര്യം പിറന്ന അർധരാത്രിയിൽ നാട്ടിൽ, പഠിച്ച സ്കൂളിൽ ഞാൻ ദേശീയപതാക ഉയർത്തിയിട്ട് കൊല്ലം എഴുപതാവുന്നു. രാഷ്ട്രീയത്തിൽ അത്രയ്ക്ക് ആഴത്തിൽ വേരോടിയിട്ടുള്ള ജീവിതമാണ് എന്റേത്. ഇന്നും മനസ്സിലൊരു കമ്യൂണിസ്റ്റുണ്ട്. സമത്വസുന്ദരമായ ജീവിതത്തെപ്പറ്റി ആളുകൾക്ക് ബോധമുണ്ടാക്കിയത് ഈ പ്രസ്ഥാനമാണ്. അനീതിക്കെതിരേ ഇന്നും ശക്തമായി പ്രതികരിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. മറ്റൊന്നിനും അത്ര ശക്തിയില്ല. കേരളത്തിൽത്തന്നെ ഇടതുപക്ഷസർക്കാർ അധികാരത്തിലിരിക്കുന്നില്ലേ. ജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസത്തിന്റെ തെളിവല്ലേയിത്.  

എന്തുകൊണ്ടാണ് കവിതയിൽനിന്ന് വഴിമാറി ഗവേഷണത്തിലേക്ക് പോയത്?
കവിയായ ഞാൻ ഭാഷാ ഗവേഷണത്തിനുപോയതിൽ വൈരുധ്യമില്ല. കവിതയിൽനിന്ന് മാറിയില്ല. ചരിത്രം പഠിക്കാൻ പോയപ്പോൾ ആഴത്തിൽപ്പോകേണ്ടിവന്നു. അതിന് ഒരുപാട് സമയംവേണമല്ലേ. അത് മറ്റുപ്രവർത്തനങ്ങളെ ബാധിക്കും. ഇതൊക്കെ ചെയ്യാനും ആളുവേണമല്ലോ. കവിത എഴുതിപ്പോയതാണ്. തിരിഞ്ഞുനോക്കുമ്പോൾ സാർവദേശീയമായ ഏതാണ്ടെല്ലാ സംഭവങ്ങളോടും ഞാൻ കവിതയിൽ പ്രതികരിച്ചിട്ടുണ്ട്. മാവോയുടെ നേതൃത്വത്തിൽ ജനകീയ ചൈനയിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ‘ഉദയം കണികണ്ടുണരുക വീണ്ടും’ എന്നെഴുതിയ വള്ളികുന്നംകാരനാണ് ഞാൻ. ആ എനിക്ക് ടിയാനൻമെൻ സ്ക്വയറിലെ വെടിവെപ്പ് സഹിച്ചില്ല. ‘മൂങ്ങയും പാണൻമാരും’ എന്ന കവിത അങ്ങനെയുണ്ടായതാണ്. കെന്നഡിയെ വെടിവെച്ചുകൊന്ന ദിവസം എനിക്കുറങ്ങാനായില്ല. ഞാൻ ‘ഇരുണ്ട നട്ടുച്ച’  എന്ന കവിതയെഴുതി. തെക്കൻകൊറിയയെ പട്ടാളം ആക്രമിച്ചതിനെക്കുറിച്ചെഴുതിയ ‘പടയാളിപ്പെണ്ണ്’  എന്ന കവിതയാണ് കെ.പി.എ.സി. ആദ്യമായി നിഴൽനാടകമായി അവതരിപ്പിച്ചത്. 

കവിതയിപ്പോഴും കൂടെയുണ്ടോ? 
 പിന്നില്ലേ. കവിതയങ്ങനെ പോവുന്നതല്ലല്ലോ. മനസ്സിന്റെ വൈകാരികമായ തിളച്ചുവരലാണത്. ഇപ്പോഴും ഇടയ്ക്ക് തോന്നുന്ന വരികളൊക്കെ സഹായിയെക്കൊണ്ട് എഴുതിവയ്ക്കുന്നുണ്ട്. 

എഴുതിയ കവിതകളിൽ സദാ ഓർമയിലെത്തുന്ന ചിലവരികൾ ചൊല്ലാമോ? 

ആവുന്നിടത്തോളമുച്ചത്തിലുച്ചത്തി
ലാ വെളിച്ചത്തിൽ കവിത പാടട്ടെ ഞാൻ!
ആ മർദനത്തിന്റെ ആദ്യത്തെ വാർഷിക
മാണി; ന്നുയരുക രക്തനക്ഷത്രമേ!

 (കൊല്ലം എസ്.എൻ.കോളേജിൽ ഇന്റർ മീഡിയറ്റിന് പഠിക്കുമ്പോൾ വിദ്യാർഥി ഫെഡറേഷന്റെ നേതാക്കളിലൊരാളായിരുന്നു പുതുശ്ശേരി. അന്നുനടന്ന സമരത്തിൽ ലോക്കപ്പിൽ ക്രൂരമർദനം ഏൽക്കേണ്ടിവന്ന അദ്ദേഹം അറസ്റ്റിന് ഒരുവർഷം തികഞ്ഞപ്പോൾ 1950 ഡിസംബറിൽ എഴുതിയ ‘ആവുന്നത്ര ഉച്ചത്തിൽ’ എന്ന കവിതയിലെ അവസാനവരികളാണിത്. ‘തിളച്ചമണ്ണിൽ കാൽനടയായി’ - പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയ്ക്ക്‌ അദ്ദേഹമിട്ട പേരിതാണ്.)