Akbar Kakkattilണ്ണില്‍ നടക്കുന്ന മനുഷ്യന്റെ പച്ചയായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് അക്ബര്‍ കക്കട്ടില്‍ എന്ന കഥാകൃത്ത് തന്റെ കഥയ്ക്കുവേണ്ട വെള്ളവും വളവും വലിച്ചെടുത്തത്. വളച്ചുകെട്ടും തൊങ്ങലുമില്ലാത്ത നാട്ടുഭാഷയില്‍ തന്നെ അക്ബര്‍ അത് പകര്‍ത്തിയെഴുതി. ഗ്രാമജീവിതത്തിന്റെ തഴക്കവും വാമൊഴിയുടെ വഴക്കവും തന്നെയായിരുന്നു അക്ബറിന്റെ രചനകളുടെ കരുത്തും ആകര്‍ഷണവും. നാട്ടുനര്‍മത്തിന്റെ രസച്ചരടില്‍ കോര്‍ത്താണ് ഓരോ അനുഭവവും അക്ബര്‍ കഥയിലൂടെ പുനഃസൃഷ്ടിച്ചത്. കുറിക്കു കൊള്ളുന്ന ഈ ഹാസ്യം തനി കക്കട്ടിലുകാരനായി ജീവിച്ചു മരിച്ച പി. അബ്ദുള്ളയെന്ന തന്റെ വാപ്പയില്‍ നിന്നു ലഭിച്ചതാണെന്ന് അക്ബര്‍ പലകുറി പറഞ്ഞിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ അച്ചടിച്ചു വന്ന മകന്റെ ആദ്യ കഥ തൊട്ട് പൊട്ടിക്കരഞ്ഞ അക്ഷരമറിയാത്ത ഉമ്മയുടെ ഹൃദയനൈര്‍മല്യവും അക്ബര്‍ തന്റെ കഥാലോകത്ത് കെടാതെ കാത്തുപോന്നു.

വാപ്പ അനുവദിച്ചു തന്ന സ്വാതന്ത്ര്യമില്ലായിരുന്നെങ്കില്‍ അക്ബര്‍ കക്കട്ടില്‍ എന്നൊരാള്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ഒരിക്കല്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ അദ്ദേഹം എഴുതി. കുട്ടിക്കാലത്ത് സിനിമയോടായിരുന്നു വലിയ കമ്പം. എന്നാല്‍, പുതിയ പടങ്ങള്‍ കാണണമെങ്കില്‍ ദൂരെ കോഴിക്കോട്ടു വരെ വരണം. അന്നത്തെ കാലത്ത് അത്ര നിസാരമായിരുന്നില്ല അത്. പക്ഷേ, മകന്റെ ആഗ്രഹത്തിന് വാപ്പ എതിരു നിന്നില്ല. അങ്ങിനെയാണ് കക്കട്ടിലില്‍നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള വലിയ ദൂരം താണ്ടി അക്ബര്‍ എന്ന കഥാകൃത്ത് സിനിമകളുടെ വലിയ ലോകവുമായി കൂട്ടുകൂടുന്നത്. പില്‍ക്കാലത്ത് വളര്‍ന്ന് വലുതായി ഫിലിം സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ വരെയായി. ഈ ഫിലിം സൊസൈറ്റി പ്രവര്‍ത്തനം കാരണം ഒരിക്കല്‍ കല്ല്യാണം മുടങ്ങിയ ചരിത്രം വരെയുണ്ട് അക്ബറിന്. 

സ്വാഭാവികമായും ഏതൊരു അച്ഛനും മകന്റെ ചുറ്റിക്കളിയൊക്കെ നിര്‍ത്തിക്കാവുന്ന ലക്ഷണമൊത്ത സാഹചര്യം. പക്ഷേ, കക്കട്ടിലില്‍ നാട്ടുകാരന്‍ പദവിയിലിരുന്ന വാപ്പയ്ക്ക് ഒരു കുലുക്കവുമില്ല. അങ്ങനെയെങ്കില്‍ ആ കല്ല്യാണം നമുക്ക് വേണ്ടെന്നായി അദ്ദേഹം. ഇവനെ സൂക്ഷിക്കണം. ഇവന്‍ ജാഹിലാവും എന്നു പലരും വന്നു പറഞ്ഞു മകനെപ്പറ്റി. അപ്പോഴും ഒരു കുലുക്കവുമുണ്ടായില്ല വാപ്പയ്ക്ക്. വാശിക്ക് പോയി മകന്റെ ജാതകം എഴുതിക്കുകയാണ് അദ്ദേഹം ചെയ്തത്. ജീവിതത്തിന്റെ കയറ്റിറക്കങ്ങളെയെല്ലാം വലിയ ഉള്‍ക്കാഴ്ചയുള്ള ചിരി കൊണ്ട് മാത്രമാണ് അക്ബറിന്റെ വാപ്പ നേരിട്ടത്. ഈ ഉള്‍ക്കാഴ്ചയുടെ കരുത്ത് കൊണ്ടു തന്നെയാണ് കക്കട്ടില്‍ എന്ന ഗ്രാമത്തിന്റെ ഇത്തിരിവട്ടത്തിന്റെ അതിരുകള്‍ ഭേദിച്ച് കഥകളുടെ വലിയ ലോകത്തേക്ക് ഈ വാപ്പ മകന് വഴി വെട്ടിക്കൊടുത്തത്. വാപ്പയില്‍നിന്ന് പകര്‍ന്നുകിട്ടിയ ഈ നര്‍മവും അകക്കാഴ്ചയുടെ വിശാലതയും ഉമ്മയുടെ ജീവിത നൈര്‍മല്യവും സ്നേഹവും കഥകളില്‍ മാത്രമല്ല, ജീവിതത്തിലും അവസാനം വരെ കാത്തുപോന്നു അക്ബര്‍. ഈ നാട്ടുനര്‍മം തന്നെയാണ് അക്ബര്‍ എന്ന കഥാകൃത്തിനെയും അധ്യാപകനെയും സുഹൃത്തിനെയും വേറിട്ട വഴിയില്‍ നടത്തിയത്.

ഒരിക്കല്‍ കക്കട്ടില്‍ കുവൈത്ത് സന്ദര്‍ശിച്ചപ്പോള്‍ കുവൈത്ത് ടൈംസില്‍ വന്ന തലക്കെട്ട് കക്കട്ടില്‍ കുവൈത്തില്‍ എന്ന്. പത്രാധിപര്‍ കെ.പി. മോഹനനെ വിളിച്ച് കക്കട്ടില്‍ പറഞ്ഞു: ഇത് റിപ്പര്‍ ചന്ദ്രന്‍ ജയിലില്‍ എന്ന് പറയുന്നത് പോലുണ്ടല്ലോ! ഈയൊരു സ്വാഭാവികമായ ഹ്യൂമര്‍ സെന്‍സ് തന്റെ കഥാലോകത്തും നിലനിര്‍ത്താന്‍ അക്ബറിന് കഴിഞ്ഞു. സ്വയം അധ്യാപഹയനാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തും അധ്യാപനവുമെല്ലാം ഒന്നിച്ച് പോയ സ്‌കൂള്‍ കാലം ഒരു വി.ആര്‍.എസ്. പോലെയായിരുന്നല്ലോ പിന്നെന്തിന് വെറെ വി.ആര്‍.എസ്. എടുക്കുന്നു എന്ന സുഹൃത്തിന്റെ നര്‍മം അക്ബര്‍ തന്നെയാണ് പങ്കുവച്ചത്.

അക്ബറിന് കഥ ആത്മപ്രകാശനമായിരുന്നു. സാഹിത്യത്തിന്റെ സാമൂഹിക ഉത്തരവാദിത്തവും സന്ദേശവുമെല്ലാം രണ്ടാമതെ വരുന്നുള്ളൂവെന്നായിരുന്നു മാഷിന്റെ നിലപാട്. കഥ കൊണ്ട് സമൂഹത്തെ നന്നാക്കാന്‍ ഉദ്ദേശ്യമില്ലെന്ന് തുറന്നു തന്നെ പറഞ്ഞിട്ടുണ്ട് കഥാകാരന്‍. നമ്മുടെ നാട്ടില്‍ സാഹിത്യകാരന്മാരുടെ സ്ഥാനം ഏറ്റവും പിറകിലാണ്. രഷ്ട്രീയക്കാരാണു മുന്നില്‍. ഒരു നല്ല കാര്യം ആരും ആരെക്കൊണ്ടും ചെയ്യിക്കില്ല. പേരെടുക്കുന്ന കാര്യം 'ഞാന്‍' വഴി വരണമെന്ന് എല്ലാവരും വാശി പിടിക്കുന്നു. നന്മയുടെ അംശം കഥയില്‍ സ്വാഭാവികമായാണു വരുന്നത്, മുല്ലയില്‍ മണം അടിച്ചേല്‍പ്പിക്കേണ്ടാത്തത് പോലെ. സന്ദേശമെന്നൊക്കെ പറയുന്നത് ബൈ പ്രൊഡക്റ്റാണ്. ഒരു അഭിമുഖത്തില്‍ അക്ബര്‍ കക്കട്ടില്‍ പറഞ്ഞു.

സ്നേഹച്ചൂരല്‍ കൊണ്ടൊരു തലോടല്‍

ഈ കണ്ണിറുക്കലും ചിരിയും വേറെ

പാഠം മുപ്പത്- അക്ബര്‍ കക്കട്ടിലിന്റെ ഓര്‍മകള്‍

അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു