ഇത് ഒരുപോലീസുകാരന്റെ ജീവിതത്തിലെ 58 ദിവസങ്ങളാണ്. സോഷ്യൽവർക്കിൽ മാസ്റ്റർ ഡിഗ്രിയെടുത്ത്, വനം വകുപ്പിലെയും സെയിൽടാക്സിലെയും ജോലിയുപേക്ഷിച്ച് പോലീസ് സബ്‌ ഇൻസ്പെക്ടറുടെ വേഷമണിഞ്ഞ പാലക്കാട്ടുകാരൻ എസ്.അൻഷാദിന്റെ കഥ. അല്ല, ഇത് അൻഷാദിന്റെമാത്രം കഥയല്ല. ഇതിൽ, അച്ഛനും അമ്മയും കൊലചെയ്യപ്പെട്ട, മുംബൈ നഗരത്തിലേക്ക് നാടുകടത്തപ്പെട്ട ആറുവയസ്സുകാരൻ ആര്യന്റെയും നാലുവയസ്സുകാരി കുഞ്ഞനിയത്തി അമൃതയുടെയും നോവുണ്ട്. ഒരു നാടോടി കുടുംബത്തിന്റെ ജീവിതമുണ്ട്. നെഞ്ചുപൊള്ളിക്കുന്ന നിമിഷങ്ങളുള്ള 58 ദിവസങ്ങൾ. 

2017 ജനുവരി 21.  അന്ന് പകൽ 11 മണിയോടെയാണ് ഇരിട്ടിയിലെ പൊട്ടക്കിണറ്റിൽ ഒരു സ്ത്രീയുടെ മൃതദേഹമുണ്ടെന്നറിയിച്ച് ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ വരുന്നത്. സബ് ഇൻസ്പെക്ടർ ട്രെയിനിയായ എസ്.അൻഷാദ് പോലീസ് കുപ്പായമിട്ടിട്ട് രണ്ടുമാസമാകുന്നതേയുള്ളൂ. അതിന്റെ അമ്പരപ്പാണ് വിവരമറിഞ്ഞപ്പോൾ ആദ്യം അൻഷാദിലുണ്ടായത്. പോലീസുകാർക്കൊപ്പം അവിടേക്ക് പോയി. ഏഴുദിവസം പഴക്കമുള്ള മൃതദേഹം. പുഴുവരിച്ച്, വികൃതമായി ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. കാലിൽ കൊലുസും മൂക്കുത്തിയുമിട്ട ഒരു യുവതിയുടെ മൃതദേഹം. കൈത്തണ്ടയിൽ കന്നഡയിൽ ആർ.രാജു എന്നെഴുതിയിട്ടുണ്ട്.

പ്രാഥമിക പരിശോധനയിൽതന്നെ മൃതദേഹം കന്നഡക്കാരിയുടേതാണെന്ന് ബോധ്യപ്പെട്ടു. ഇൻക്വസ്റ്റ് പൂർത്തിയാക്കി സ്റ്റേഷനിലേക്കു മടങ്ങുമ്പോൾ അൻഷാദിന്റെ മനസ്സിൽ ആ സ്ത്രീ ആരാകുമെന്ന ചിന്തയായിരുന്നു. ഒരുപക്ഷേ, പോലീസ് ജീവിതത്തിൽ ആദ്യത്തെ സംഭവമായതുകൊണ്ടാവാം. സ്റ്റേഷനിലെ ക്രൈംകാർഡിൽ ഒരിടത്തും കാണാതായവരുടെ പട്ടികയിൽ സമാനമായ സ്ത്രീകളില്ല. മറ്റ് സ്റ്റേഷനുകളിലെ വിവരങ്ങളും പരിശോധിച്ചു. എവിടെയും ഒരു സൂചനയും കണ്ടെത്താനായില്ല. മരണത്തെക്കുറിച്ച് ആർക്കും പരാതി പോലുമില്ല. 

രണ്ടാംദിവസവും ആ സ്ത്രീയുടെ മുഖം അൻഷാദിനെ അലട്ടിക്കൊണ്ടിരുന്നു. യൂണിഫോം അഴിച്ചുവെച്ച്, ഒരു ബൈക്കിൽ പലയിടത്തായി അലഞ്ഞു. ഇരിട്ടിയിലെത്തി പലരോടായി അന്വേഷിച്ചു. മൃതദേഹം കണ്ട സ്ഥലത്തിനടുത്തായി ഒരു നാടോടികുടുംബം താമസിച്ചതായി വിവരംകിട്ടി. ഭാര്യയും ഭർത്താവും രണ്ടുകുട്ടികളുമടങ്ങുന്ന കുടുംബം. പിന്നെ, ഈ വഴിക്കായി അന്വേഷണം. രണ്ടാഴ്ചമുമ്പ് എത്തിയവരാണിവർ. അതിനാൽ ആർക്കും ഒന്നുമറിയില്ല. സമീപത്തെ കടയിൽ ജോലിചെയ്യുന്ന ഒരു പെൺകുട്ടി പറഞ്ഞു- ‘ഇത് അവിടെ താമസിച്ച സ്ത്രീ തന്നെയാണ് സാർ. അവരുടെ കൈയിൽ പച്ചകുത്തിയത് ഞാൻ കണ്ടിട്ടുണ്ട്’. അത്രയും തുമ്പുലഭിച്ചു. പക്ഷേ, അവരാര്? മറ്റ് ചുമതലകൾക്കിടയിലും അൻഷാദിനെ വിടാതെ ഈ ചോദ്യം പിന്തുടർന്നു.

‘സാർ, നാടോടികൾ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലൊന്ന് അന്വേഷിച്ചുനോക്കട്ടെ’- അൻഷാദ് മേലുദ്യോഗസ്ഥനോട് അനുവാദംതേടി. പിന്നീട് ഉളിക്കലിൽ, ശ്രീകണ്ഠപുരം, ചക്കരക്കൽ അങ്ങനെ പലിയിടത്തായി നാടോടികൾക്കിടയിൽ വിവരാന്വേഷകനായെത്തി. ആളുകൾ അകറ്റിനിർത്തുമെന്ന തോന്നലുള്ളതിനാൽ യൂണിഫോമും പോലീസ് വാഹനവും ഒഴിവാക്കി. 

Police

വഴികാട്ടിയായത് ആ നാടോടി പെൺകുട്ടി

‘സാർ, ഇത് ശോഭചേച്ചിയാണ്. അവർക്ക് രണ്ടുമക്കളുണ്ടായിരുന്നു. ഞാൻ ആ കുട്ടികളുമായി കളിക്കാറുണ്ട്’ -ചക്കരക്കല്ലിൽ റോഡരികിൽ താമസിക്കുന്ന ഒരു നാടോടിപെൺകുട്ടിയാണ് ഇക്കാര്യം അൻഷാദിനോട് പറഞ്ഞത്. ഈ കുട്ടി നേര​േത്ത ഇരിട്ടിയിൽ താമസിച്ചതാണ്. എട്ടാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. ഭിക്ഷാടനത്തിനിടെ തീവണ്ടിതട്ടി ഒരു കൈയും കാലും നഷ്ടമായ ജാനകിയുടെ മകൾ. ശോഭയെക്കുറിച്ച് മറ്റൊന്നും അവർക്കറിയില്ല. തിരിച്ച് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ ജാനകി വിളിച്ചു -‘സാർ, ശോഭ മുമ്പൊരിക്കൽ വിളിച്ച ഒരു ഫോൺനമ്പർ എന്റെ കൈയിലുണ്ട്’. അതുകിട്ടിയപ്പോൾ ശോഭയാരാണെന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷ കൂടി. 

ഇതിനിടെ, മൃതദേഹപരിശോധനാറിപ്പോർട്ട്‌ വന്നു. ശോഭയുടേത് മുങ്ങിമരണമാണെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ആത്മഹത്യയാണെന്ന് പോലീസുറപ്പിച്ചു. ജാനകി നൽകിയ ഫോൺനമ്പർ കോൾവിശദാംശങ്ങൾക്കായി നൽകി. കർണാടക നമ്പറാണെന്ന് അറിഞ്ഞതിനാൽ അതിലേക്ക് വിളിച്ചില്ല. കേരളപോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞാൽ ഉള്ള തെളിവും നശിപ്പിച്ചാലോ എന്നൊരു സംശയം.  പിറ്റേദിവസം മറ്റൊരു കേസിന്റെ വിവരങ്ങൾ തേടി ഇരിട്ടി സ്റ്റേഷനിൽ രണ്ട് കർണാടക പോലീസെത്തി.  ഇതിലൊരാളെക്കൊണ്ട് അൻഷാദ് നേര​േത്ത​ ലഭിച്ച ഫോൺനമ്പറിലേക്ക് വിളിപ്പിച്ചു. പോലീസാണെന്ന് പറയാതെ. കർണാടകയിലെ തുമകൂരിൽ ഡെക്കറേഷൻജോലി ചെയ്യുന്ന മഞ്ജുനാഥ് എന്നയാളുടേതാണ് ഫോണെന്ന് മനസ്സിലായി.

പിന്നാലെ സൈബർസെൽ കോൾ വിശദാംശങ്ങളും നൽകി. ഫോൺ മഞ്ജുനാഥിന്റേതാണെന്ന് ഉറപ്പായി. ഇതോടെ മഞ്ജുനാഥിനെ അൻഷാദ് നേരിട്ടുവിളിച്ചു. ‘ശോഭ എന്റെ ഏട്ടന്റെ മകളാണ്. അവരുടെ ഭർത്താവിനെ കാണാതായതാണ്. അതറിഞ്ഞപ്പോൾ സഹായിക്കാനായി ഞാൻ ഇരിട്ടിയിൽ വന്നിരുന്നു. അല്ലാതെ മറ്റു വിവരമൊന്നും അറിയില്ല.’- മഞ്ജുനാഥിന്റെ മറുപടി.  ശരി, മൃതദേഹം തിരിച്ചറിയാൻ നിങ്ങളൊന്ന് വരണം- അൻഷാദ്  അറിയിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും, പലവട്ടം വിളിച്ചിട്ടും മഞ്ജുനാഥ് വന്നില്ല. ഒടുവിൽ ബന്ധുവെന്നു പറഞ്ഞ് ഒരാളും ഒരഭിഭാഷകനും വന്നു. ഇവർ കേസിന്റെ വിവരങ്ങളും മൃതദേഹപരിശോധനാറിപ്പോർട്ടും ആവശ്യപ്പെട്ടു. ‘ബന്ധു’വിനെ ചോദ്യംചെയ്തപ്പോൾ അത് ബന്ധുവേഷം കെട്ടിയ വക്കീൽഗുമസ്തനാണെന്ന് അൻഷാദിന് ബോധ്യപ്പെട്ടു. അതിനാൽ, ഇരുവരെയും തിരിച്ചയച്ചു.

ഞെട്ടിച്ച വെളിപ്പെടുത്തൽ

 മഞ്ജുനാഥിനു പകരം വക്കീൽ എന്തിനു വന്നുവെന്ന ചോദ്യം കൂടുതൽ സംശയത്തിനിടയാക്കി. ഇക്കാര്യം ഡിവൈ.എസ്.പി.യോടും സി.ഐ.യോടും പറഞ്ഞു. കൂടുതൽ അന്വേഷിക്കാൻ അവർ നിർദേശിച്ചതോടെ നേരെ കർണാടകയിലേക്ക് മഞ്ജുനാഥിനെ തേടിയിറങ്ങി.തുമകൂരിലെ സിറയിൽ എത്തുമ്പോൾ പുലർച്ചെ നാലുമണി. കൊടുംതണുപ്പ്. അടുത്തുള്ള കോറ സ്റ്റേഷനിൽനിന്ന് പോലീസുകാരെക്കൂട്ടി മഞ്ജുനാഥിന്റെ വീട്ടിലെത്തുമ്പോൾ അഞ്ചുമണിയായതേയുള്ളൂ. വിളിച്ചപ്പോൾ അയാളുടെ ഭാര്യയാണ് വാതിൽ തുറന്നത്. മഞ്ജുനാഥ് വീട്ടിലില്ലെന്നു പറഞ്ഞു. പോലീസ് വീട്ടിൽനിന്നിറങ്ങിയെങ്കിലും മറഞ്ഞുനിന്നു.

ഇതറിയാതെ പുറത്തിറങ്ങിയ മഞ്ജുനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്തപ്പോൾ ശോഭയെ കൊന്ന് കിണറ്റിലിട്ടതാണെന്ന് വെളിപ്പെടുത്തി. പോലീസിനെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ഇത്. ശോഭയുടെ ഭർത്താവായ രാജു അവളെ ഉപേക്ഷിച്ചുപോയപ്പോൾ താനുമായി അടുപ്പത്തിലായെന്നും പിന്നീട് നാട്ടിലേക്ക് തിരിച്ചുപോകാൻ അനുവദിക്കാതിരുന്നതിനാലാണ് കൊന്നതെന്നുമായിരുന്നു മഞ്ജുനാഥിന്റെ മൊഴി. കുട്ടികളെക്കുറിച്ച് ചോദിച്ചപ്പോൾ അവരെക്കുറിച്ച് തനിക്കറിയില്ലെന്ന് അയാൾ പറഞ്ഞു. അങ്ങനെ ആത്മഹത്യയാകുമെന്ന് മൃതദേഹപരിശോധനാറിപ്പോർട്ടിൽപോലും പരാമർശമുള്ള ഒരുമരണം കൊലപാതകമായി. കേസന്വേഷണച്ചുമതല സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാറിന്‌ നൽകി. മഞ്ജുനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലാക്കി. ഇവിടെ തീരേണ്ടതായിരുന്നു എല്ലാം.

തെളിയാത്ത കേസുകളിലേക്ക് മാറാവുന്ന ഒരു അസ്വാഭാവിക മരണം കൊലപാതകമായത്, മരിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിയാനുള്ള ഒരു പോലീസുകാരന്റെ ആഗ്രഹത്തിലൂടെയായിരുന്നു. ഇതിനിടെ ഒരുദിവസം കാവ്യ എന്നൊരു സ്ത്രീ അൻഷാദിനെ കാണാനെത്തി. ശോഭയുടെ ഭർത്താവ് രാജുവിന്റെ സഹോദരിയാണത്രെ കാവ്യ.’ സാർ, രാജുവിനും എന്തോ സംഭവിച്ചുകാണണം. എനിക്കുറപ്പാണ്’ -അവർ പറഞ്ഞു. ‘അവനെ കാണാതായിട്ട് ഒരുവർഷമായി. എന്തോ സംഭവിച്ചിട്ടുണ്ട്.’  

ശോഭയുടെ മരണത്തിൽ തെളിവെടുപ്പും മറ്റും നടത്താനാണ് മഞ്ജുനാഥിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പക്ഷേ, കിട്ടിയ ഉടനെ അൻഷാദ് രാജുവിനെക്കുറിച്ച് അന്വേഷിച്ചു. തനിക്കറിയില്ലെന്ന മറുപടിയിൽ അയാൾ ഉറച്ചുനിന്നു. തിരിച്ചും മറിച്ചും ചോദ്യമാവർത്തിച്ചപ്പോൾ രാജുവിനെ ശോഭയും താനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് മഞ്ജുനാഥ് പറഞ്ഞു. ‘ശരിക്കും ഷോക്ക് ആയിപ്പോയി’- ഇങ്ങനെയാണ് ഇതേക്കുറിച്ച് അൻഷാദ് പറഞ്ഞത്. ശോഭയും മഞ്ജുനാഥും തമ്മിലുള്ള ബന്ധത്തിന് തടസ്സമാണെന്ന് തോന്നിയ രാജുവിനെ കഴുത്തിൽ കയറിട്ടുമുറുക്കിക്കൊന്ന് കാട്ടിനുള്ളിലിട്ട് കത്തിക്കുകയായിരുന്നുവത്രേ.  

ആ കുട്ടികൾ എവിടെ?

രണ്ടു കൊലപാതകങ്ങൾ തെളിഞ്ഞു. പിന്നെ, അൻഷാദിന് അറിയേണ്ടത് കുട്ടികളെക്കുറിച്ചായിരുന്നു. അവരെ എന്തു ചെയ്തു? ശോഭയെ കൊന്നത് ജനുവരി 14-ന് രാത്രിയാണ്. പിറ്റേന്ന് പുലർച്ചെ മക്കളായ ആര്യനെയും അമൃതയെയും കൂട്ടി ബെംഗളൂരുവിലേക്ക് പോയി. മെജസ്റ്റിക്കിൽവെച്ച് കുട്ടികളെ കാണാതായി- ഇതായിരുന്നു മഞ്ചുനാഥിന്റെ ഉത്തരം. പോലീസ് കസ്റ്റഡി അവസാനിക്കാൻ പിന്നെയും രണ്ടുദിവസം ബാക്കിയുണ്ട്. ഓരോ ദിവസവും അൻഷാദ് ചോദ്യം ആവർത്തിച്ചു.

പോലീസിന്റെ രീതിയിലല്ല, ഉള്ളുനോവുന്ന ഒരച്ഛനെപ്പോലെ. ‘നീ അവരെയും കൊന്നോ, അല്ലെങ്കിൽ ഭിക്ഷാടനത്തിന് വിട്ടോ.. സത്യം പറ’. അൻഷാദിന്റെ ചോദ്യം പലവുരു കേട്ടപ്പോൾ മഞ്ജുനാഥ് പറഞ്ഞു -‘ഞാനവരെ ​ബെംഗളൂരുവിൽനിന്ന് മുംബൈക്കുള്ള തീവണ്ടിയിൽ കയറ്റിവിട്ടു.. ഇത് സത്യമാ സാറേ’. 

നാലും ആറും വയസ്സുള്ള രണ്ട് കുരുന്നുകൾ. മുംബൈ മഹാനഗരത്തിലേക്ക്. എങ്ങനെ കണ്ടുപിടിക്കും. ഇരിട്ടി സ്റ്റേഷൻ ഒരു കുടുംബം പോലെയായി. ഓരോ പോലീസുകാരുടെ ഉള്ളും അച്ഛന്റേതും അമ്മയുടേതുമായി വിങ്ങി. ഓരോരുത്തരും പരസ്പരം ചോദിച്ചു ‘എങ്ങനെ കണ്ടുപിടിക്കും ആ കുട്ടികളെ’. അൻഷാദ് ​ബെംഗളൂരുവിലെത്തി തെരുവുമുഴുവൻ അലഞ്ഞു. ഒടുവിൽ തന്റെ സുഹൃത്തായ റിയാസിനെക്കൊണ്ട് കുട്ടികളുടെ ചിത്രവും തന്റെ ഫോൺനമ്പറും നൽകി ഗ്രാഫിക് കാർഡുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. മാധ്യമങ്ങൾക്ക് നൽകി. പലയിടത്തുനിന്നായി ഫോൺവന്നു.

ഒാരോ വിളിയുടേയും പൊരുളുതേടിയിറങ്ങി. മെജസ്റ്റിക്‌, കലാശിപ്പാളയം അങ്ങനെ ബെംഗളൂരുവിലെ തെരുവും അമ്പലവും പള്ളിയും മോസ്കുമെല്ലാം കയറിയിറങ്ങി. ഒരുവിവരമുണ്ടായില്ല. അസ്വസ്ഥമായി ഓരോ രാവും പകലും കഴിഞ്ഞു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ആര്യനും അമൃതയ്ക്കും വേണ്ടി പ്രാർഥിച്ചു. ചിലർ ‘നമുക്കെന്ത് ചെയ്യാൻ പറ്റുമെന്ന്’ ചോദിച്ച് സമാധാനിപ്പിച്ചു.

മാർച്ച് 11. അന്ന്, ശോഭയുടെ മരണവാർത്തയറിഞ്ഞ അതേ 11 മണിക്ക് കാലടി പോലീസ് സ്റ്റേഷനിലെ ബിനു എന്ന സിവിൽ പോലീസ് ഓഫീസർ അൻഷാദിനെ വിളിച്ചു. മുംബൈ ചിൽഡ്രൻസ് ഹോമിൽ മലയാളം കുറച്ചുസംസാരിക്കുന്ന രണ്ട് കുട്ടികളുണ്ടെന്ന് പറഞ്ഞു. ആര്യന്റെയും അമൃതയുടെയും ഫോട്ടോ അയച്ചുകൊടുത്തു. ഇവരാണ് മുംബൈയിലുള്ളതെന്ന് ഏറെക്കുറെ ഉറപ്പിച്ചു. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഒരാനന്ദവും ആശ്വാസവും അൻഷാദിന്റെ ഉള്ളിൽനിറഞ്ഞു. മാർച്ച് 19-ന് രാജുവിന്റെ സഹോദരി കാവ്യയെയും കൂട്ടി കാറിൽ മുംബൈയിലേക്ക് പോയി. ഓമനത്തമുള്ള രണ്ടുമക്കൾ. അവരെയും കൂട്ടി മാർച്ച് 19-ന് ഇരിട്ടിയിൽ തിരിച്ചെത്തി. 

ഈ കഥയുടെ അവസാനദിവസമാണ് മാർച്ച് 20. അന്ന് ഞങ്ങൾ ഈ രണ്ടുമക്കളെയും കാണാനായി ഇരിട്ടിയിലെത്തി. ഇരിട്ടി പോലീസ് സ്റ്റേഷൻ ഒരു കുടുംബവീടിന്റെ അന്തരീക്ഷത്തിലായിരുന്നു. കാവ്യ നൽകിയ കുപ്പായമിട്ട് സ്റ്റേഷൻവളപ്പിൽ ആര്യനും അനിയത്തിയും ഓടിനടന്നു. ഇടയ്ക്കൊരിക്കൽ അവൻ കളിപറയാനെത്തിയപ്പോൾ ഞങ്ങൾ ചോദിച്ചു -‘തീവണ്ടിയിൽനിന്ന് അമൃത കരഞ്ഞിരുന്നോയെന്ന്’. ‘കരഞ്ഞു.. വിശന്നിട്ടാ. ആരോ ബ്രഡ്ഡും ഇറച്ചിയും വാങ്ങിത്തന്നു. പിന്നെ വേറെയും എന്തൊക്കെയോ ചിലർ തന്നു.’ മുറിഞ്ഞ മുറിഞ്ഞ വാക്കുകളിൽ മടിച്ചുമടിച്ച് അവൻ പറഞ്ഞു. പേടി തോന്നിയോ?

‘ ഉം.’ ​ബെംഗളൂരു റെയിൽവേസ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽനിന്ന് കുർള എക്സ്‌പ്രസിന്റെ ഒന്നാംനമ്പർ ബോഗിയിലാണ് മഞ്ജുനാഥ് ഇരുവരെയും കയറ്റിവിട്ടത്. ബാത്ത്‌റൂമിനോട് ചേർന്നുള്ള ഇടനാഴിയിൽ ഇരുത്തി. തീവണ്ടിയിലെ രണ്ടുദിവസം അവൻ ആ നാലുവയസ്സുകാരി അനിയത്തിയെ ചേർത്തുപിടിച്ചു. വിശപ്പുതീർക്കാൻ കിട്ടിയത് പങ്കിട്ടുനൽകി. കുർള സ്റ്റേഷനിൽനിന്ന് റെയിൽവേ പോലീസ് ഇരുവരെയും കൂട്ടി ചൈൽഡ് ലൈനിലാക്കുന്നതുവരെ അവളുടെ വിരലറ്റത്ത് അവനുണ്ടായിരുന്നു. അവരെക്കണ്ട എല്ലാവരെയും പോലെ ഞങ്ങളും പ്രാർഥിച്ചു ‘സ്നേഹം അവന് എന്നുമുണ്ടാവട്ടെ’ 


ചിത്രങ്ങള്‍ : റിദിന്‍ ദാമു