ലോകത്താകെ ജീവിക്കുന്ന ജനങ്ങളിൽ പത്തുശതമാനത്തോളംപേർ ഏതെങ്കിലും തരത്തിൽപ്പെട്ട മാനസികരോഗങ്ങൾ ഉള്ളവരാണെന്നും ഇതിൽ പ്രധാനമായവ വിഷാദവും (Depression) ഉത്‌കണ്ഠയുമാണെ(Anxiety)ന്നുമാണ്‌ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്‌. ഇവരിൽ വിഷാദരോഗത്തിനടിമപ്പെട്ടവർ 35 കോടിയോളം വരും. ഈ രോഗാവസ്ഥയെപ്പറ്റി ‘അവജ്ഞ’ (Stigma) ഉള്ളതിനാൽ രോഗാവസ്ഥയുള്ളവർ അതിനെപ്പറ്റി സംസാരിക്കാതെ സമൂഹത്തിൽനിന്ന്‌ ഉൾവലിയുന്നതിനാലും മറ്റുള്ളവർ ഇത്‌ വ്യക്തിയുടെ ദൗർബല്യമായി അവഗണിക്കുന്നതിനാലും ഇത്തരക്കാർക്ക്‌ സഹായങ്ങൾ ലഭ്യമാകുന്നതേയില്ല.

1990-നുശേഷമുള്ള 25 വർഷംകൊണ്ട്‌ വിഷാദരോഗാവസ്ഥയുള്ളവരുടെ എണ്ണത്തിൽ 54 ശതമാനം വർധന ഉണ്ടായിട്ടുണ്ട്‌. ഇതുമൂലം വ്യക്തി-കുടുംബപരമായ പ്രശ്നങ്ങൾക്കുപരി തൊഴിൽപരമായ അപകടങ്ങളും അനുബന്ധ അസുഖങ്ങളും ആത്മഹത്യകളും ഉണ്ടാകുന്നതിനാൽ ഓരോ രാജ്യത്തിനും ജി.ഡി.പി.യുടെ 2.3 ശതമാനം തൊട്ട്‌ 4.4 ശതമാനംവരെ നഷ്ടപ്പെടുന്നുണ്ട്‌. ഇന്ത്യയിൽ 2.6 ശതമാനം പേരെങ്കിലും വിഷാദരോഗികളാണെന്നാണ്‌ (മൂന്നുകോടി) അനുമാനം.

അകാരണ സങ്കടം, ഇഷ്ടമുള്ള കാര്യങ്ങളിൽപ്പോലും താത്‌പര്യമില്ലാതെ ഒന്നും ആസ്വാദ്യമായി തോന്നാത്ത, ക്ഷീണവും തളർച്ചയുമുള്ള അവസ്ഥ രണ്ടാഴ്ചയിൽക്കൂടുതൽ നീണ്ടുനിൽക്കുന്നത് വിഷാദരോഗാവസ്ഥയാണ്‌. അനുബന്ധമായി വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്‌, ഓർമക്കുറവ്‌, ഉറക്കക്കുറവ്‌, ഉത്‌കണ്ഠ, ആത്മഹത്യാപ്രവണതയുമുണ്ടാകാം. ലോകത്താകെ വർഷംതോറും എട്ടുലക്ഷം ആത്മഹത്യകൾ ഇങ്ങനെ സംഭവിക്കുന്നുണ്ട്‌. മറ്റ്‌ ശാരീരിക രോഗങ്ങളായ പ്രമേഹം, കാൻസർ, ഹൃദയരോഗങ്ങൾ ഉള്ളവർക്ക്‌ വിഷാദസാധ്യത ഏറെയാണ്‌. കുട്ടികൾതൊട്ട്‌ വയോജനങ്ങളെവരെ പ്രായഭേദമില്ലാതെ വിഷാദം പലരൂപങ്ങളിൽ പിടികൂടുന്നതിനാൽ ഈ രോഗത്തോടുള്ള അവജ്ഞമാറ്റി തുറന്നുസംസാരിക്കാനുള്ള ആർജവം വ്യക്തികൾ/സമൂഹം നേടേണ്ടതുണ്ട്‌.

വിഷാദരോഗത്തിന് സ്വയംശുശ്രൂഷ എന്നനിലയിൽ ഭക്ഷണം, ഉറക്കം, വ്യായാമം, വിനോദം എന്നിവയിൽ ശ്രദ്ധയുണ്ടാകാൻ സാമൂഹികജാഗ്രത ആവശ്യമുണ്ട്. മാനസികവ്യഥകൾ അടുത്തുള്ള ഒരാളുമായി പങ്കുവെയ്ക്കാനുള്ള സാഹചര്യത്തിനായും തിരിച്ച്‌ സഹായിക്കാനും ‘സംസാരം’ ആവശ്യമുണ്ട്

കുട്ടികളിൽ ചെറുപ്പത്തിലനുഭവിക്കുന്ന കുടുംബപ്രശ്നങ്ങളും ശാരീരിക/മാനസിക/ലൈംഗിക പീഡനങ്ങളും പതിനൊന്ന്‌ വയസ്സിനുമുമ്പേ മാതാപിതാക്കളാരെങ്കിലും നഷ്ടപ്പെട്ടാലും രോഗകാരണമാകാവുന്നതാണ്‌. പ്രായമായവരിലുണ്ടാകുന്ന മാനസികരോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ 75 ശതമാനം പേരിലും കൗമാരപ്രായത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. 15-29 വയസ്സുവരെയുള്ളവരിലെ മരണകാരണത്തിൽ  വിഷാദം രണ്ടാംസ്ഥാനത്താണ്‌ (അപകടങ്ങൾ, ആക്രമണം, ആത്മഹത്യ). പഠനത്തിലോ കളിയിലോ താത്‌പര്യക്കുറവ്‌, പഠനത്തിലെ പിന്നാക്കാവസ്ഥ, ആക്രമണ സ്വഭാവം, ക്ഷീണം, ശാരീരികാസ്വസ്ഥതകൾ ഇവയൊക്കെ ഈ പ്രായത്തിൽ ഇതിന്റെ ലക്ഷണങ്ങളാണ്‌.

ഗർഭിണികളിലും പ്രസവംകഴിഞ്ഞ സ്ത്രീകളിലും ഉണ്ടാകുന്ന വിഷാദരോഗത്തിന്‌ പ്രത്യേകപരിഗണന വേണ്ടതാണ്. പ്രസവശേഷം 10-15 ശതമാനം അമ്മമാരിലും വിഷാദരോഗ സാധ്യത ഉണ്ടാകാമെങ്കിലും ഇതുവരെ പ്രജനന -ശൈശവ ആരോഗ്യപദ്ധതിയിൽ (Reproductive Child Health) ഇത് ഉൾപ്പെടുത്തിയിട്ടില്ല. ഗർഭിണികളിലെ രോഗാവസ്ഥ മാസംതികയാത്ത പ്രസവത്തിനും കുഞ്ഞിന്റെ തൂക്കക്കുറവിനും ബുദ്ധിവികാസക്കുറവിനും കാരണമായി അടുത്ത തലമുറയെയും ബാധിക്കും. പ്രസവശേഷം ഉണ്ടാകുന്ന വിഷാദരോഗം കുഞ്ഞിനോട് താത്പര്യക്കുറവ്, വെറുപ്പ്, സംരക്ഷിക്കാനാവില്ലെന്ന ആധി, കുട്ടിയെപ്പറ്റി ഭീതിജനകമായ വിശ്വാസങ്ങൾ തുടങ്ങിയ  മാനസികാവസ്ഥകൾ അമ്മയിൽ ഉണ്ടാക്കി സ്വന്തംകുട്ടിയെ അവഗണിക്കാനോ ഉപദ്രവിക്കാനോ സാധ്യതയുള്ളതിനാൽ ഉടനടി ചികിത്സതേടേണ്ട അവസ്ഥയാണ്.

വയോജനങ്ങളിൽ മറ്റ് ശാരീരികാവശതകളും രോഗങ്ങളും പങ്കാളിയുടെ/സുഹൃത്തുക്കളുടെ മരണവും ഏകാന്തതയും ഓർമക്കുറവും വിഷാദത്തിന്റെ സാധ്യതകൂട്ടുന്നു. സമപ്രായക്കാരും ബന്ധുജനങ്ങളുമായുള്ള ഇടപഴകലുകളും നല്ലഓർമകളുടെ അയവിറക്കലും പങ്കിടലുകളും വിനോദോപാധികൾ കണ്ടെത്തലും ഇതിന് പരിഹാരമാണ്‌. വ്യക്തിപരവും കുടുംബപരവും സാമൂഹികപരമോ സാമ്പത്തികമോ ആയ സമ്മർദങ്ങളും ഉത്കണ്ഠകളും വിഷാദരോഗത്തിന് ആക്കംകൂട്ടും.

ഇത്തരക്കാർ ജീവിതത്തിന്റെ അർഥശൂന്യതയെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ അടയാളങ്ങൾ നൽകുമ്പോൾ അപായസൂചനയായി കണക്കാക്കി അവരെ തനിച്ചാക്കാതെ ശ്രദ്ധിക്കണം. വിഷാദരോഗത്തിന് സ്വയംശുശ്രൂഷ (Self Care) എന്നനിലയിൽ ഭക്ഷണം, ഉറക്കം, വ്യായാമം, വിനോദം എന്നിവയിൽ ശ്രദ്ധയുണ്ടാകാൻ സാമൂഹികജാഗ്രത ആവശ്യമുണ്ട്. മാനസികവ്യഥകൾ (Feelings) അടുത്തുള്ള ഒരാളുമായി പങ്കുവെയ്ക്കാനുള്ള സാഹചര്യത്തിനായും തിരിച്ച്‌ സഹായിക്കാനും ‘സംസാരം’ ആവശ്യമുണ്ട്.

 ആദ്യമായി മറ്റ് മാനസികരോഗങ്ങൾക്കൊപ്പം വിഷാദരോഗാവസ്ഥയോടുള്ള അവജ്ഞ (stigma) ഒഴിവാക്കാനായി സംഘടിതശ്രമങ്ങൾ വേണം. ഇരയുടെ ആത്മവിശ്വാസം ഉയർത്താനും സമൂഹത്തിൽ ഒറ്റപ്പെടുന്നതും ഉൾവലിയുന്നതും ഒഴിവാക്കാനും വിദ്യാഭ്യാസത്തിനും തൊഴിലിനും വിനോദത്തിനുമുള്ള അവസരങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ലക്ഷണങ്ങൾ അനുഭവപ്പെടുന്നൊരാൾക്ക് അടുത്തുള്ള ഒരാളുമായി തുറന്നുപറയാനുള്ള പ്രേരണയും കേൾക്കുന്നയാൾക്ക് അയാളെ സഹായിക്കാനുള്ള സന്നദ്ധതയും ഉണ്ടാകേണ്ടതുണ്ട്.

സ്കൂൾതലങ്ങളിൽത്തന്നെ വിഷാദം നേരത്തേ കണ്ടെത്താനുള്ള സ്‌ക്രീനിങ്, ആവശ്യമുള്ളവർക്ക് മാനസിക/മരുന്നുചികിത്സ എന്നിവ പ്രാദേശികമായി ലഭ്യമാക്കണം. കൗൺസലിങ്/ഹെൽപ്‌ഡെസ്ക്‌ സംവിധാനങ്ങൾ ഇതിനായി വേണ്ടതുണ്ട്. സ്കൂൾ പാഠ്യപദ്ധതിയിൽ മാനസികരോഗ വിഷയങ്ങളും ഉൾപ്പെടുത്തണം. തൊഴിലിടങ്ങളിലും തൊഴിൽ ആരോഗ്യ പദ്ധതികളുടെ ഭാഗമായി മാനസികാരോഗ്യ- വിഷാദരോഗ സ്കീമുകൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

ഇതിനോടനുബന്ധിച്ച് ബോധവത്കരണത്തിനും മാനസികസമ്മർദം കുറയ്ക്കാനും ലഹരിമരുന്നുവിമുക്തി ചികിത്സകളും വേണ്ടതുണ്ട്. വിഷാദരോഗികൾക്കായി പ്രത്യേക തൊഴിൽദാന/സാമ്പത്തിക സഹായ പാക്കേജുകൾ/കൗൺസലിങ് സംവിധാനങ്ങൾ സാമൂഹികസുരക്ഷാ പദ്ധതികളോടനുബന്ധിച്ച് ഉണ്ടാവേണ്ടതുണ്ട്. ഇവയിൽ സ്പെഷ്യൽ തൊഴിൽ പരിശീലനങ്ങളും കൗൺസലിങ്ങും നടത്തേണ്ടതും ഇതിനായി ബജറ്റിൽ പ്രത്യേക തുക മാറ്റിവെക്കേണ്ടതുമുണ്ട്. ‘ഫാറ്റ് ടാക്സ്’ പോലെ മദ്യം, പുകയില ഉത്പന്നങ്ങൾക്ക് പ്രത്യേകം നികുതിചുമത്തി ഇതിനുവേണ്ട സാമ്പത്തികസമാഹരണം നടത്താവുന്നതാണ്.

വിഷാദരോഗത്തിനടിമയാകാൻ സാധ്യതയുള്ള പ്രത്യേകവിഭാഗങ്ങൾക്ക്‌ (ബന്ധുക്കൾ കൊലചെയ്യപ്പെട്ടവർ, ആത്മഹത്യക്ക് ശ്രമിച്ചവർ, ബലാത്സംഗത്തിന് വിധേയരായവർ, കലാപത്തിനും പ്രകൃതിക്ഷോഭത്തിനും ഇരയായവർ) പ്രത്യേകശ്രദ്ധയും പ്രവർത്തനങ്ങളും ആവശ്യമുണ്ട്. വിഷാദരോഗം കണ്ടെത്താനും ചികിത്സിക്കാനും സൗകര്യമൊരുക്കേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെയും നഴ്‌സുമാരെയും ഡോക്ടർമാരെയും ഇതിനായി പ്രത്യേകം പരിശീലനങ്ങൾനൽകി സജ്ജമാക്കണം. ഈ മേഖലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവുള്ള ഇന്ത്യയിൽ മാനസികരോഗ ചികിത്സയ്ക്ക് ടെലിമെഡിസിൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

സാമൂഹികതലത്തിലും സ്കൂൾതലത്തിലും രോഗാതുരരെ കണ്ടെത്താനുള്ള സ്‌ക്രീനിങ്ങിനായി ആശാവർക്കർമാർക്കും അധ്യാപകർക്കും നൈപുണ്യശേഷി ഉണ്ടാകണം. വിഷാദരോഗത്തിനാവശ്യമുള്ള മരുന്നുകൾ അവശ്യമരുന്നുകളുടെ (Essential drugs) പട്ടികയിൽ ഉൾപ്പെടുത്തി ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാക്കണം. ഇപ്പോൾ രാജ്യത്താകെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പകർച്ചേതരവ്യാധി നിയന്ത്രണ (Non Communicable Disease Control Program) പരിപാടിയോട് അനുബന്ധമായിത്തന്നെ വിഷാദരോഗനിയന്ത്രണ പരിപാടിയും ഉൾപ്പെടുത്തി പ്രയോജനങ്ങൾ താഴെത്തട്ടിലെ ജനങ്ങൾക്കും എത്തിക്കാവുന്നതിന്റെ സാധ്യതയുണ്ട്. ഇതുമൂലം വിഷാദ ലക്ഷണങ്ങളെ തുറന്നുപറയാൻ രോഗിയും കേൾക്കാനും സഹായിക്കാനും സമൂഹവും ചികിത്സകരും സജ്ജമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.

 (മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അഡീഷണൽ പ്രൊഫസറാണ്‌ ലേഖകൻ)