1. ഓമനപ്പത്തിരി

ചേരുവകള്‍

 

മൈദ 2 കപ്പ്
കോഴിമുട്ട 5 എണ്ണം
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് - 2 എണ്ണം
ഇഞ്ചി അരിഞ്ഞത് - 1 ചെറിയ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 2 ചെറിയ സ്പൂണ്‍
മുളക്‌പൊടി 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
ഖരംമസാലപ്പൊടി 1/2 ടീസ്പൂണ്‍
തക്കാളി പൊടിയാക്കി അരിഞ്ഞത് - 2 എണ്ണം
നെയ്യ്, ഉപ്പ് - പാകത്തിന്


തയ്യാറാക്കുന്നവിധം

മൈദയും ഒരു കോഴിമുട്ടയും ഒര നുള്ള് ഉപ്പും ചേര്‍ത്ത് ദോശമാവിന്റെ പരുവത്തില്‍ മിക്‌സിയില്‍ അടിച്ച് മാവ് തയ്യാറാക്കുക. ചീനച്ചട്ടിയില്‍ വെളിച്ചണ്ണ ചൂടാക്കിയതിന് ശേഷം സവാള, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ പൊടിയായി അരിഞ്ഞതും മുളക്‌പൊടി, മഞ്ഞള്‍ പൊടി, ഖരം മസാല എന്നിവയും പാകത്തിനുപ്പും ചേര്‍ത്ത് നന്നായി വഴറ്റി മൂപ്പിക്കുക. മൂത്ത് മസാല മണം വരുമ്പോള്‍ തക്കാളി പൊടിയായി അരിഞ്ഞത് ചേര്‍ത്തതിന് ശേഷം എണ്ണ മുകളില്‍ ഊറി വന്നാല്‍ ബാക്കി കോഴിമുട്ട നന്നായി അടിച്ചത് അതിലേക്കൊഴിച്ച് ചിക്കിപ്പൊരിക്കുക. നന്നായി ഡ്രൈ ആക്കിയതിന് ശേഷം വാങ്ങി വെക്കുക. ഇതാണ് പത്തിരിയില്‍ നിറയ്ക്കാനുള്ള മസാലക്കൂട്ട്. ദോശക്കല്ല് ചൂടാക്കി നേരത്തെ മാറ്റഇവെച്ച മാവ് ഓരോ കരണ്ടി വീതം കോരിയൊഴിച്ച് ഓരോ ദോശവീതം ചുട്ട് മാറ്റി വെക്കുക. അതിലേക്ക് ഫില്ലിങ്ങ് നിറച്ച ചുരുട്ടിയെടുത്തതിനുശേഷം ഓരോ ഗോളിനു മുകളിലും അല്പം പശുനെയ്യ് തളിച്ചാല്‍ ഒന്നാന്തരം ഓമനപ്പത്തിരിയായി.

ചിക്കന്‍ പോള

ചേരുവകള്‍

പച്ചരികുതിര്‍ത്തത് - അരക്കിലോ
കോഴിമുട്ട -  4 എണ്ണം

കോഴി - 400 ഗ്രാം
വെളിച്ചെണ്ണ - 100 മില്ലി
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
സവാള (പൊടിയായരിഞ്ഞത്) - 3 എണ്ണം
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 6 അല്ലി
പച്ചമുളക് - 3 എണ്ണം
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 1 നുള്ള്
തക്കാളി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം നമുക്ക് മസാല തയ്യാറാക്കാം. കോഴി വേവിച്ച് ചെറിയപൊടിയായി അരിഞ്ഞെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറുതായരിഞ്ഞ് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളക്‌പൊട, മല്ലിപ്പൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തിളക്കി പാകത്തിന് ഉപ്പ് ചേര്‍ക്കുക. തക്കാളി, അരിഞ്ഞു വെച്ച ചിക്കന്‍, മല്ലിയില, കുരുമുളക്‌പൊടി എന്നിവ ചേര്‍ത്തിളക്കി വാങ്ങുക. കുതിര്‍ത്തുവെച്ച പച്ചരി കോഴിമുട്ടചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു നോണ്‍ സ്റ്റിക് പാനില്‍ അരച്ചെടുത്ത മാവിന്റെ ആറിലൊരുഭാഗം ഒഴിച്ച് അതിനുമുകളില്‍ മസാലക്കൂട്ടിന്റെ ആറിലൊരുഭാഗം നിരത്തി അടച്ചുവെച്ച് അഞ്ചു മിനിട്ട് വേവിക്കുക.ബാക്കിയുള്ള മാവ് ഓരോ പ്രാവശ്യമായി ഇങ്ങനെ വേവിച്ചെടുത്താല്‍ നമുക്ക് ആറ് ചിക്കന്‍ പോള ലഭിക്കും. ഇത് ചെറിയ കഷ്ണമാക്കിയും അല്ലാതെയും ഉപയോഗിക്കാം.

മുട്ടമാല നിറച്ച പത്തിരി

ചേരുവകള്‍

പഞ്ചസാര - 300 ഗ്രാം
വെള്ളം - 2 കപ്പ്
കോഴിമുട്ടയുടെ മഞ്ഞ - 6 എണ്ണം
മൈദ - 21/2 കപ്പ് 
കോഴിമുട്ട - 7 എണ്ണം
അണ്ടിപ്പരിപ്പ് നുറുക്കിയത് - 2 ടേബിള്‍ സ്പൂണ്‍
കിസ്മിസ് - 2 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി - 1 നുള്ള്

തയ്യാറാക്കുന്നവിധം

പഞ്ചസാരയില്‍ വെള്ളം ചേര്‍ത്ത്പാനിയാക്കുക. പാനി ഒരു നൂല്‍ മൂപ്പിലെത്തിയാല്‍ കോഴിമുട്ടയുടെ മഞ്ഞയടിച്ച് വെച്ചത് ഒരു കോഴിമുട്ടയുടെ തോടിന്റെ അടിയില്‍ ചെറിയ ദ്വാരമിട്ട് അതില്‍ നിറച്ച് പഞ്ചസാരതിളയ്ക്കുന്നതിലേക്ക് ചുറ്റിച്ച് മുട്ടമാല തയ്യാറക്കുക. പഞ്ചസാരപ്പാനിയില്‍ മുട്ടമാല ശരിക്ക് വേവണം. മൈദയും രണ്ട് കോഴിമുട്ടയും ചേര്‍ത്തടിച്ച് മാവ് തയ്യാറാക്കുക. ദോശക്കല്ല് ചൂടാക്കി ഓരോ കോരി മാവ് കോരിയൊഴിച്ച് നേര്‍മയില്‍ ദോശ ചുട്ടെടുക്കുക. ബാക്കിയുള്ള അഞ്ച് കോഴിമുട്ടയും ആറ് കോഴിമുട്ടയുടെ ബാക്കി വെള്ളയും ചേര്‍ത്ത് അല്പം ഉ്പിട്ട് അടിച്ചുവെക്കുക. ഒരു നോണ്‍ സ്റ്റിക് പാന്‍ തയ്യാറാക്കി അതിലേക്ക് ആദ്യം രണ്ട് ദോശ കോഴിമുട്ടയടിച്ചതില്‍ മുക്കി നിരത്തി വെക്കുക. മുട്ടമാലയും അണ്ടിപ്പരിപ്പും കിസ്മിസും ഏലയ്ക്കാപ്പൊടി ചൊരിഞ്ഞ് കുഴച്ച് ദോശയുടെ മുകളില്‍ നിരത്തുക. പിന്നീട് ഒരു ദോശ കോഴിമുട്ടയടിച്ചതില്‍ മുക്കി അതിന് മുകളില്‍ വെക്കുക. പിന്നീട് വീണ്ടും മുട്ടമാല മിക്‌സ് അതിന് മുകളില്‍ നിരത്തുക. അവസാനം ഒരു ദോശ കൊണ്ട് മൂടുന്നത് വരെ ഇത് ആവര്‍ത്തിക്കു. പാന്‍ അടുപ്പില്‍ വെച്ച് ചെറുതീയില്‍ അടച്ച് വേവിക്കുക. ഒരു ഭാഗം വെന്താല്‍ മറുഭാഗവും തിരിച്ചിട്ട് വേവിച്ചെടുക്കണം. വാങ്ങിയതിന് ശേഷം ഇത് കോണ്‍ രൂപത്തിലുള്ള കഷ്ണങ്ങളാക്കി വിളമ്പാം. 

ചെമ്മീന്‍ അട

ചേരുവകള്‍

ചെമ്മീന്‍ വൃത്തിയാക്കിയത് - 250 ഗ്രാം
സവാള - 500 ഗ്രാം
പച്ചമുളക് - 4 എണ്ണം
ഇഞ്ചി 1 ചെറിയ കഷ്ണം
വെളുത്തുള്ളി - 10 അല്ലി
കറിവേപ്പില, മല്ലിയില, പൊതിനയില, ഉപ്പ - പാകത്തിന്
മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 നുള്ള്
പെരുംജീരകം പൊടിച്ചത് - 1/2 ടീസ്പൂണ്‍
ഖരം മസാല - 1 നുള്ള്
അരിപ്പൊടി - 3 കപ്പ്
നാളികേരം - 1 കപ്പ്
പെരുഞ്ചീരകം ഒരു നുള്ള് 
ചെറിയ ഉള്ളി - 4 എണ്ണം

തയ്യാറാക്കുന്നവിധം

ചെമ്മീന്‍ വൃത്തിയാക്കിയത് നന്നായി കഴുകി അല്പം ഉപ്പ് മ്ഞ്ഞള്‍പ്പൊടി മുളക് പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, പെരുഞ്ചീരകപ്പൊടി എന്നിവ കൊത്തിയരിഞ്ഞത് വെളിച്ചെണ്ണ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് നേരത്തെ വേവിച്ചുവെച്ച ചെമ്മീന്‍ ചേര്‍ക്കുക.

ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ തേങ്ങ ചിരകിയത്, പെരുംജീരകം, ചുവന്നുള്ളി അരച്ചത് എന്നിവ ചേര്‍ത്ത് അരിപ്പൊടിയും ചേര്‍ത്ത് ഇളക്കി ചൂടോടെ കുഴച്ച് ചെറിയ ഉരുളകളാക്കുക. ഒരു വലിയ പപ്പടത്തിന്റെ വട്ടത്തില്‍ വാഴയിലയില്‍ പരത്തുക. അതിലേക്ക് നേരത്തെ തയ്യാറാക്കിയ ചെമ്മീന്‍ കൂട്ട് വിതറി അടയുടെ രൂപത്തില്‍ മടക്കി അപ്പച്ചെമ്പില്‍ ആവിയില്‍ വേവിച്ചെടുക്കുക. നന്നായി വെന്തതിനുശേഷം വാങ്ങി ഉപയോഗിക്കാം. 

ചിക്കന്‍ റോസ്റ്റ്

ചേരുവകള്‍

കോഴി - 1 കിലോ
തക്കാളി - 5 എണ്ണം
സവാള - 500 ഗ്രാം
പച്ചമുളക് - 8 എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
മുളക്‌പൊടി - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1/2ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കറാമ്പൂ, കറാമ്പട്ട, ഏലക്കായ - 5 ഗ്രാം വീതം

തയ്യാറാക്കുന്നവിധം

കോഴി വൃത്തിയാക്കി കഴുകി ചെറിയ കഷ്ണമാക്കു. അതില്‍ ഉപ്പ് മഞ്ഞള്‍പ്പൊടി അല്പം മുളക് പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ മാരിനേറ്റ് ചെയ്യുക. തക്കാളി വട്ടത്തില്‍ അരിഞ്ഞ് സവാള നേര്‍മയായും അരിഞ്ഞ് വെക്കുക. പച്ചമുളക് നീളത്തില്‍ ചീന്തിവെക്കുക. കറാമ്പൂ, പട്ട, ഏലക്കായ എന്നിവ പൊടിക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് തക്കാളി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് രണ്ടുകപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് വെളുത്തുള്ളി ചതച്ചത് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റിച്ച് വേവിക്കുക. അതിലേക്ക് കോഴി ചേര്‍ക്കുക. കറാമ്പൂ, പട്ട, ഏലക്കാ എന്നിവ പൊടിച്ചതും കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി വെളിച്ചെണ്ണ കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് ഉലര്‍ത്തി വാങ്ങിയാല്‍ കോഴി റോസ്റ്റ് റെഡി.