'രാഷ്ട്രങ്ങൾ ഇല്ലാതാവും' എന്ന മാർക്സിയൻ പ്രമാണം ആദ്യമായി നടപ്പാവുക കേരളത്തിന്റെ കാര്യത്തിലായിരിക്കുമെന്ന് പറഞ്ഞ് ഒ.വി. വിജയൻ ഒരു മുപ്പതു കൊല്ലം മുമ്പ്  എന്നെ കളിയാക്കിയിട്ടുണ്ട്. 

ആഗോളതാപനംമൂലം കടൽ ഏതാനും സെന്റീമീറ്റർ കയറിയാൽ മാർക്സിന്റെ ഈ പ്രവചനം കേരളത്തിന്റെ കാര്യത്തിൽ ശരിയായിക്കൊള്ളുമെന്നായിരുന്ന ആ പരിഹാസം. മാർക്സിയൻ വിശ്വാസത്തെപറ്റിയുള്ള വിജയന്റെ അസാമാന്യമായ ഹാസ്യവർണനയായിരുന്നു അത്.  തന്റെ സ്വതസിദ്ധമായ കൂർത്തഹാസ്യത്താൽ പാരിസ്ഥിതികശാസ്ത്രത്തെ ഒരു കർക്കശ പ്രത്യയശാസ്ത്രത്തിന്റെ ശാസ്ത്രവുമായി തട്ടിച്ചുനോക്കിയതായിരുന്നു അദ്ദേഹം. അന്നാ തമാശ പൊട്ടിക്കുമ്പോൾ അത്തരമൊരു സാധ്യത അചിന്ത്യമായിരുന്നു.

ട്രംപ്‌യുഗം കാണാതെ വിജയൻ പോയത് ഭാഗ്യമെന്നേ കരുതേണ്ടൂ. കാരണം ഇത് സത്യാനന്തരകാലം മാത്രമല്ല ഹാസ്യാനന്തര കാലഘട്ടം കൂടിയാണ്.  ശാസ്ത്രത്തെപ്പറ്റിയുള്ള ട്രംപിന്റെ അപരിഷ്കൃതമായ കാഴ്ചപ്പാടിൽ ഒരുപക്ഷേ, വിജയന്റെ ഹാസ്യംപോലും അപ്രസക്തമായിപ്പോകും.  കാർബൺഡയോക്സൈഡ് മൂലമുള്ള അന്തരീക്ഷമലിനീകരണം തട്ടിപ്പാണെന്നും അത് അമേരിക്കയ്ക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും ട്രംപ് വിശ്വസിക്കുമ്പോൾ കേവലഹാസ്യത്തിനു പിന്നെ എന്തു പ്രസക്തി. ട്രംപിന്റെ ഉപദേശകവിദൂഷകർ ആരെങ്കിലും വിജയൻ പണ്ടുപറഞ്ഞ ഈ തമാശ വിവരിക്കുകയാണെങ്കിൽ കമ്യൂണിസത്തെ കടലിൽതാഴ്ത്താൻ ഒരുപക്ഷേ, അയാൾ

ആഗോളതാപനത്തിനുതകുന്ന കാര്യങ്ങൾ കൂടുതൽ ആത്മാർഥമായി ചെയ്തേനെ. എന്നാൽ, ഇപ്പോഴത്തെ അമേരിക്കൻ ഭരണകൂടം ശാസ്ത്രത്തോടു സ്വീകരിച്ചിരിക്കുന്ന സമീപനം ചിരിച്ചു തള്ളാവുന്ന ഒന്നല്ലതന്നെ. ഈ ഭൗമദിനത്തിൽ ലോകമെമ്പാടുമുള്ള  ശാസ്ത്രജ്ഞരും ഗവേഷകരും ലാബു വിട്ടു തെരുവിലിറങ്ങാൻ നിർബന്ധിക്കപ്പെട്ടത് അതുകൊണ്ടാണ്. അതൊരു അവസാന പ്രതിരോധമാണ്. ഒരു ഭരണകൂടത്തിന്റെ ശാസ്ത്രനിഷേധങ്ങൾക്കെതിരെ, യുക്തിനിഷേധങ്ങൾക്കെതിരെ, കഠിനാധ്വാനങ്ങളാൽ ശാസ്ത്രം തീർത്ത തെളിവുകൾ നിഷേധിക്കുന്നതിനെതിരെ. അതൊരു ആശയറ്റ പോരാട്ടമാണ്. അജ്ഞരായിക്കുന്നവരോട്, തങ്ങൾ അജ്ഞരാണെന്ന് ധാരണയില്ലാത്തവരോട്, കണ്ണുതുറക്കാൻ ആവശ്യപ്പെട്ടുള്ള പോരാട്ടം. കാരണം ആർജിച്ചെടുത്ത ആ അറിവുകളിലാണ് നമ്മുടെ ഭാവി കുടികൊള്ളുന്നത്. ഒരുപക്ഷേ, പരിസ്ഥിതി മാറ്റങ്ങളെപ്പറ്റി അവർക്കറിയാത്തതുകൊണ്ടാവില്ല.  സ്വർഥതാത്‌പര്യങ്ങൾക്കും ഹ്രസ്വനേട്ടങ്ങൾക്കുമായി അറിഞ്ഞിട്ടും അറിയാഭാവം അവർ നടിക്കുകയുമാവാം. ഒരുപക്ഷേ, അവരായിരിക്കില്ല, മറിച്ച് ഇതിനെപ്പറ്റിയൊക്കെ വേവലാതിപ്പെടുന്ന നമ്മളായിരിക്കാം ഹാസ്യപാത്രങ്ങൾ. ശാസ്ത്രമനോഭാവവും അതിന്റെ രീതിശാസ്ത്രങ്ങളും തെളിവുകളും ഒക്കെ ഒരുപക്ഷേ, ട്രംപ് കാലത്ത് തമാശകളായിരിക്കാം.

ശാസ്ത്രനിഷേധികളുടെ കാലത്താണ് നാമിന്ന് ഇന്ത്യയിലും ജീവിക്കുന്നത് എന്നത് കൗതുകകരമാണ്. അധികാരങ്ങളിൽ അത്തരം ആളുകളാണ് ഇന്ന് കയറിയിരിക്കുന്നത്. കണ്ടുപിടിത്തങ്ങളുടെ വിചിത്രങ്ങളായ പുനരാഖ്യാനങ്ങളാണ്  ശാസ്ത്ര കോൺഗ്രസുകളിൽ നാം കാണുന്നത്. ജ്യോതിശ്ശാസ്ത്രത്തെ ജ്യോതിഷമായി അവതരിപ്പിക്കുന്ന തമാശ. പുഷ്പകവിമാനത്തെ റൈറ്റ് സഹോദരന്മാർക്കു മുമ്പേ പ്രതിഷ്ഠിക്കാനുള്ള ത്വര. നിഗൂഢതകളെയും വർണഭാവനകളെയും ചരിത്രസത്യങ്ങളാക്കാനുള്ള ആവേശം.

ശാസ്ത്രം രാഷ്ട്രീയമല്ല. അത് പ്രത്യയശാസ്ത്രമോ സിദ്ധാന്തമോ അല്ല. അത്  പരീക്ഷണങ്ങളുടെയും സൂക്ഷ്മപരിശോധനകളുടെയും കണ്ടുപിടിത്തങ്ങളുടെയും തെളിവുകളുടെയും ആകെത്തുകയാണ്. അതിന് പൂർവതെളിവുകളെ തള്ളിക്കളയാനുള്ള ക്ഷമതയുമുണ്ട്. അത് ആത്മപ്രതിഫലനാത്മകവുമാണ്. റിച്ചാർഡ് ഡോക്കിൻസിന്റെ 'ദ ഗോഡ് ഡെല്യൂഷ'നും അതിനെ തിരസ്കരിച്ചെഴുതിയ കേട്ടിസ് വൈറ്റിന്റെ 'ദ സയൻസ് ഡെല്യൂഷ'നും ഒരു പോലെ ശാസ്ത്രീയവാദങ്ങൾ എന്ന നിലയിൽ സ്വീകാര്യമാവുന്നത് അതുകൊണ്ടാണ്. മിഥ്യാഭ്രമത്തിൽ അഭിരമിക്കുന്ന രാഷ്ടീയക്കാർ ശാസ്ത്രത്തെ വെറുമൊരു തമാശയാക്കുന്നത് അതു പോലല്ല. തെരുവിലേക്കിറങ്ങാൻ ശാസ്ത്രജ്ഞരെ നിർബന്ധിതമാക്കുന്നത് ഒരു പരിഷ്കൃതസമൂഹത്തിന് അപമാനകരമാണ്. അവർ നമുക്കുവേണ്ടിയാണത് ചെയ്യുന്നത്. നമ്മുടെ വികാസപരിണാമങ്ങൾക്കുവേണ്ടി, നാം പിന്നോട്ടുപോവാതിരിക്കാൻവേണ്ടി. അതുകൊണ്ട് നാം അവർക്കൊപ്പം നിൽക്കേണ്ടതുണ്ട്. അത് നമുക്കുവേണ്ടി കൂടിയാണെന്നോർക്കുക.

(മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ ചെന്നൈ ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസം ചെയർപേഴ്‌സണാണ്‌)