ശൂലമുടിയെന്ന നിബിഡവനത്തിൽ വാരിയംകുടിയെന്ന ആദിവാസി ഊര്. മൂന്ന് വർഷം മുമ്പ് വരെ പുനരധിവാസത്തിന്റെയും കുടിയൊഴിപ്പിക്കലിന്റെയും ഭീഷണി നേരിട്ട കാടിന്റെ മക്കളുള്ള വാരിയംകുടി. സ്വത്വം നഷ്ടപ്പെട്ട കാടിന്റെ മക്കൾക്ക് സംഘബോധവും പുത്തനുണർവും പകർന്നുനൽകി കൃഷിയിൽ സ്വയംപര്യാപ്തരാക്കിയ മനുഷ്യസ്‌നേഹിയായ ഉദ്യോഗസ്ഥനുണ്ട്. ഇപ്പോൾ നിലമ്പൂർ ട്രൈബൽ ഓഫീസിൽ അസി. പ്രോജക്ട് ഓഫീസറായ തൃശ്ശൂർ പറപ്പൂക്കര സ്വദേശി ഹെറാൾഡ് ജോൺ.

എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ ഇടമലയാർ ട്രൈബൽ ഓഫീസറായി ജോലി ചെയ്യുമ്പോഴാണ് ഇദ്ദേഹം ശൂലമുടിയിലെ വാരിയംകുടിയിലെത്തുന്നത്. പിന്നീടുള്ള വർഷങ്ങൾ അതിജീവനത്തിനായി പോരാടുന്ന ആദിവാസി സമൂഹങ്ങൾക്കിടയിൽ.  വിജയത്തിന്റെയും വിയർപ്പിന്റെയും വിളവെടുക്കാൻ ആദിവാസികളെ പ്രാപ്തരാക്കിയ വർഷങ്ങൾ. തുടക്കത്തിൽ സംശയദൃഷ്ടിയോടെ സമീപിച്ചവരുടെ റാൾഡ് സാറായി ഉയർത്തിയ നന്മ.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ വികസന കൗൺസിലിന്റെ സഹകരണത്തോടെ ചിത്രീകരിച്ച ‘ശൂലമുടിയിലെ ചെരുവിൽ’ എന്ന ഡോക്യുമെന്ററി വാരിയംകുടിയിലെ അതിജീവനത്തിന്റെ കാഴ്ചകളാണ്. കാടിന്റെ മക്കളുടെ നിലനിൽപ്പിന്റെ അടയാളങ്ങളുമാണ്.

കാടിനെ സ്‌നേഹിച്ചവർ
രണ്ടരവർഷമാണ് ഹെറാൾഡ് ജോൺ ശൂലമുടിയിൽ ജോലി ചെയ്തത്. ആദിവാസി ഊരിലെത്തിയ സമയം. അവരുടെ വിശ്വാസം നേടിയെടുക്കാൻ പാടുപെട്ടു. സംശയത്തോടെയാണ് ആദിവാസി സമൂഹം സമീപിച്ചത്. തങ്ങളെ സമീപിച്ച് കബളിപ്പിച്ച് പോവുന്ന കയ്‌പേറിയ അനുഭവങ്ങളാണ് ഇവരിൽ ഇദ്ദേഹത്തെക്കുറിച്ചും സംശയങ്ങളുണർത്തിയത്.

താൻ വാരിയംകുടിയിലെത്തുമ്പോൾ പ്രതിസന്ധിയുടെ ഘട്ടത്തിലായിരുന്നു ഗോത്രവർഗ്ഗക്കാരെന്ന് അദ്ദേഹം പറഞ്ഞു. മന്നാന്മാരും മുതുവാന്മാരുമടങ്ങുന്ന രണ്ട് വിഭാഗങ്ങളാണ് ഇവിടെയുള്ളത്. തങ്ങളുടെ ആവാസമേഖല ഉപേക്ഷിച്ച് മന്നാൻ വിഭാഗക്കാർ കാടിറങ്ങിയ സമയമായിരുന്നു അത്. നാടിനോട് ചേർന്നുള്ള പന്തത്ര ഭാഗത്താണ് അവർ ചെന്നെത്തിയത്. പുനരധിവാസം ലഭിക്കുമെന്ന ഉറപ്പിലാണവർ കാടിറങ്ങുന്നത്. പക്ഷേ പുനരധിവാസം സാധ്യമാവണമെങ്കിൽ മുതുവാൻ വിഭാഗക്കാരും അവർക്കൊപ്പമിറങ്ങണം. അതിന് മുതുവാന്മാരുടെ സമ്മതം കൂടിയേ തീരൂ.

ഈ വിഭാഗക്കാരാണെങ്കിൽ സമ്മതം കൊടുക്കുന്നേയില്ല. കാട്ടിലെ ആവാസവ്യവസ്ഥകൾ ഉപേക്ഷിച്ച് കാടിറങ്ങുന്നതിലുള്ള എതിർപ്പും വിഷമവുമായിരുന്നു അവർക്കെല്ലാം. പലർക്കും പോവാൻ ഇഷ്ടമല്ല. യാത്രാസൗകര്യങ്ങൾ നോക്കുമ്പോൾ താഴേക്കിറങ്ങുന്നതാണ് നല്ലതെങ്കിലും തനതായ ജീവിതരീതികൾ നിലനിർത്താൻ ഇവർക്കിവിടെ നിന്നേ പറ്റൂ. അവരോട് അടുത്തപ്പോൾ അവർ കൂടുതൽ ഉള്ളുതുറന്നു.

 താഴ്ന്ന പ്രദേശങ്ങളിലാണ് ഇവരാദ്യം താമസിച്ചിരുന്നത്. മറ്റുള്ളയാളുകൾ ഇവരുടെ ആവാസമേഖലയിൽ കുടിയേറിയപ്പോൾ ഇവർക്ക് കാട് കയറുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലാതായി. ഊരുകൂട്ടം എന്ന ജനകീയസഭ കൂടിയേ തങ്ങൾക്ക് തീരുമാനം പറയാനാവൂയെന്ന നിലപാടിലായിരുന്നു അവർ. താത്പര്യമുള്ള സ്ഥലത്തേക്ക് മാറ്റാമെന്ന നിർദേശവും അവർക്ക് മുമ്പിലേക്ക് വെച്ചു. നിബിഡവനത്തിലാണ് ഇവർ താമസിക്കുന്നത്.

കുട്ടമ്പുഴയിൽനിന്ന് 3.5 കിലോമീറ്റർ ദൂരമുണ്ട് ഇവരുടെ ഊരിലേക്ക്. ഊരുകൂട്ടം കൂടിയതിന് ശേഷം പൂയംകുട്ടിക്കടുത്ത് ചുരുളിപ്പൂവൻ എന്ന സ്ഥലത്തേക്ക് മാറിത്താമസിക്കാമെന്ന് അവർ പറഞ്ഞു. ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചു. നടപടികളെല്ലാം പാതിവഴിയിലെത്തിയപ്പോഴാണ് രാഷ്ട്രീയ ഇടപെടൽ. അങ്ങനെ പതുക്കെ പുതിയ സ്ഥലത്തേക്ക് മാറുന്നതിൽനിന്ന് അവരും പിൻവാങ്ങി.

ഭക്ഷ്യസുരക്ഷാ പദ്ധതി
ഗോത്രവർഗങ്ങൾക്കിടയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൂട്ടായ്മ ശക്തിപ്പെടുത്താനുമായുള്ള ‘പാരമ്പര്യ കൃഷി പ്രോത്സാഹിപ്പിക്കൽ’ എന്ന പദ്ധതി പൂർണമായും 50 കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് തുടങ്ങുന്നത്. ആദിവാസി ഗോത്രവിഭാഗങ്ങളിലെ പോഷകക്കുറവ് പരിഹരിക്കുന്നതും മറ്റൊരു ലക്ഷ്യമായിരുന്നു. കൃഷിയെന്നാൽ അവർക്ക് സംസ്‌കാരം കൂടിയായിരുന്നു.

പണ്ടുകാലത്ത് വിളവെടുപ്പ് കഴിഞ്ഞാൽ സാമിയൂട്ട് എന്നൊരു ആചാരം നടത്താറുണ്ടായിരുന്നു. കൃഷി നശിച്ചപ്പോൾ ആചാരവും മണ്ണിനോടലിഞ്ഞു. അനുഷ്ഠാനപരമായ ജീവിതരീതികളാണ് ഗോത്രവർഗ സമൂഹത്തിന്റേത്. അതില്ലാതെയായപ്പോൾ സ്വത്വം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി അവർ.

‘പാരമ്പര്യ കൃഷി പ്രോത്സാഹിപ്പിക്കൽ’ പദ്ധതി നടപ്പായതോടെ അവർക്കിടയിൽ സംഘബോധവും പുത്തനുണർവും വന്നു. 132 കുടുംബങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. മന്നാൻ വിഭാഗക്കാർ കാടിറങ്ങിയതോടെ അത് 66 കുടുംബങ്ങളായി കുറഞ്ഞു.

ഈ പദ്ധതിക്കായാണ് ഹെറാൾഡ് ആദിവാസിക്കോളനിയിലെത്തുന്നത്. വനാവകാശ നിയമപ്രകാരം ധാരാളം ഭൂമി ഇവർക്ക് ലഭ്യമായിരുന്നു. 15 വർഷമായി തരിശ്ശായി കിടക്കുകയാണവരുടെ കൃഷിഭൂമി. അവരോട് സംസാരിച്ചപ്പോൾ കൃഷി തുടരണമെന്ന ആഗ്രഹം അവരും പങ്കുവെച്ചു. കൃഷിയിൽ അങ്ങനെ ജീവൻ പകരാനായി. 66 കുടുംബങ്ങളിലായി 200 ഓളം പേർക്ക് പദ്ധതിക്ക് പുതുജീവൻ പകരാനായി. ഊരിൽ സുലഭമായി ലഭിക്കുന്ന ഈറ്റയാണ് അവരുടെ മറ്റൊരു ജീവിതോപാധി.

സമ്മിശ്രകൃഷിയിൽ വിജയത്തിന്റെ വിളവെടുപ്പ്
തനതായ കൃഷിരീതികളിൽ സമ്മിശ്ര കൃഷിയാണവരുടേത്. നെല്ല്, ചോളം, റാഗി, തുവര, ചീര തുടങ്ങിയവയെല്ലാം ഒരുമിച്ച് വിതയ്ക്കുകയാണ് ഇവർക്കിടയിലെ രീതി. ഒരു മാസത്തിനുള്ളിൽ ചീര വിളവ് കിട്ടും. രണ്ടുമൂന്ന് മാസമാവുമ്പോഴേക്കും ചോളവും പിന്നീട് റാഗിയും തൊട്ടുപിന്നാലെ നെല്ലും വിളവെടുക്കും.

ഏഴ് മാസത്തിന് ശേഷം തുവരയും വിളവ് ലഭിക്കും. തുവരയെ പോത്തൻകായയെന്നും ചീരയെ വിതയടക്കനെന്നും ചോളത്തെ ചോളകമെന്നും റാഗിയെ കോറാനെന്നുമാണ് ഇവർ വിളിക്കുന്നത്. കരനെൽവിത്തിൽ പ്രധാനമായും വെളുത്ത പെരുവായ, കറുത്ത പെരുവായ എന്നിങ്ങനെയുള്ള ഇനങ്ങളാണവർ കൃഷി ചെയ്യുന്നത്. തനത് നെൽവിത്തുകളാണിവ. നല്ല രുചിയുള്ള അരിയാണ്.
ഇവർ കൃഷി ചെയ്യുന്ന റാഗി തന്നെ നാല് തരത്തിലുണ്ട്. നെല്ലിനങ്ങളിൽ അരിമോറൻ, ചോരമോറൻ, ചേമക്കാട്ട്കണ്ണ് എന്നീ വിത്തിനങ്ങൾ, തിന എന്നിവയെല്ലാം ഊരിന് നഷ്ടപ്പെട്ടുപോയി. ചേമക്കാട്ട്കണ്ണ് എന്ന നെല്ല് കുത്തുമ്പോൾതന്നെ സമീപത്തെ കുടിലുകളിലെല്ലാം ഗന്ധമെത്തുമായിരുന്നു. സവിശേഷമായ ഇനം നെൽവിത്തായിരുന്നു അത്.

കൊച്ചുകുട്ടികളെ നോക്കുംപോലെ കൃഷിയെ പരിചരിക്കണമെന്നാണ് അവിടത്തുകാർ പറയുന്നത്. അല്ലെങ്കിൽ പകുതി ആനയും പോത്തും കിളികളും കൊണ്ടുപോവും. അവർക്കുള്ള വിഹിതം കൊടുത്ത് നിർത്തുകയാണെങ്കിൽ ശല്യം ചെയ്യില്ലെന്ന കാടിന്റെ നിയമവും ഇവർ പാലിക്കുന്നു. നെല്ലിലെ ചാഴിയെ പ്രതിരോധിക്കാനായി ഇവർ മരുന്നുകളൊന്നുംതന്നെ അടിക്കുന്നില്ല. ചാഴിയെ ഓടിക്കാൻ അവർക്ക് ചില പോംവഴികളുണ്ട്.

സാധാരണഗതിയിൽ അവർ വിളവുകൾ വിൽക്കാറില്ല. കഴിഞ്ഞ പ്രാവശ്യത്തെ വിളവെടുപ്പിന് ഒരു കുടുംബത്തിന് 400 കിലോ വരെ വിളവ് കിട്ടി. മലയുടെ മുകളിലാണ് ഇവരുടെ കൃഷിയെല്ലാം. മഴയെ മാത്രം ആശ്രയിച്ചുള്ള ജൈവകൃഷി. വളങ്ങളോ കീടനാശിനികളോ ഇല്ല.

ആചാരങ്ങൾ മുറുകെപ്പിടിച്ച്
 ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്നുണ്ട് ഇവർക്കിടയിൽ. കല്ല്യാണം കഴിക്കാത്ത പുരുഷന്മാർക്ക് താമസിക്കുന്നതിനായി ചാവടിയെന്നൊരു പൊതുവായ ഇടമുണ്ട്. മാസമുറക്കാലത്ത് സ്ത്രീകൾക്ക് പാർക്കുന്നതിന് വാലായ്മപ്പുരയും. ഇവരുടെ വിവാഹരീതികളും വിശ്വാസങ്ങളും വ്യത്യസ്തമാണ്. വരനെ കുട്ടാളനെന്നും വധുവിനെ ചെങ്ങാറെന്നുമാണ് ഇവർക്കിടയിൽ വിളിക്കുന്നത്. ഇവർക്കിടയിൽത്തന്നെ കൂടുതൽ വിഭാഗങ്ങളുണ്ട്. കാനക്കൂട്ടം, ഇല്ലിക്കൂട്ടം, പൂതാനിക്കൂട്ടം എന്നിങ്ങനെ. ഒരു വിഭാഗത്തിലുള്ളവർ രക്തബന്ധുക്കളായി കണക്കാക്കുന്നതിനാൽ അവർ തമ്മിൽ വിവാഹബന്ധങ്ങളിൽ ഏർപ്പെടാറില്ല. അസുഖം വന്നാൽ ഇവർ ഡോക്ടർമാരെ കാണില്ല. കാണിയെന്ന് സ്ഥാനപ്പേരുള്ളയാളെയാണ് ഇവർ ചികിത്സയ്ക്ക് സമീപിക്കുന്നത്. തീരെ പറ്റാതാവുമ്പോഴാണ് ഇവർ ആസ്പത്രിയിലേക്ക് പോവുന്നത്.

ശൂലമുടിയുടെ ചെരിവിൽ
 വാരിയംകുടിയിലെ ആദിവാസിജീവിതങ്ങളെ തുറന്നുകാണിക്കുകയാണ് ‘ശൂലമുടിയുടെ ചെരുവിൽ’ എന്ന ഡോക്യുമെന്ററി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഗാധമായ ബന്ധം നമുക്കവരിൽനിന്ന് വായിക്കാം.
നിബിഡവനത്തിൽ കഴിയുന്ന, അതിജീവനത്തിനായി വനത്തെ ആശ്രയിക്കുന്ന ഇവരുടെ നേർക്കാഴ്ചകൾ ഇതിൽ കാണാം.
 ‘TRIBAL TRADITIONAL AGRICULTURAL STORY SHOOLAMUDIYUDE CHERUVIL’ എന്ന പേരിൽ ഡോക്യുമെന്ററി യൂ ട്യൂബിൽ ലഭ്യമാണ്. നേരത്തെ കെ.എഫ്.ആർ.ഐ.യിലും ജലസേചനവകുപ്പിലും ജോലി ചെയ്തിരുന്നു ഹെറാൾഡ് ജോൺ. പറപ്പൂക്കരയിലെ വീട്ടിൽ അമ്മ ത്രേസ്യാമ്മയും ഭാര്യ സിനിയും നന്തിക്കര ഗവ. സ്‌കൂൾ വിദ്യാർഥികളായ സ്‌നേഹ, അനൂപ്, ദീപക് എന്നീ മക്കളും ഹെറാൾഡിന് പിന്തുണയായി ഒപ്പമുണ്ട്. ഫോൺ- 9447902784