രിഘട്ട മലയിലെ വെങ്കടരമണസ്വാമി ക്ഷേത്രത്തിലെ പതിവു സന്ദര്‍ശകനായിരുന്നു രമേഷ്. വരണ്ടുണങ്ങിക്കിടക്കുന്ന ആ മല പച്ചപ്പു നിറഞ്ഞാല്‍ എത്ര നന്നായിരിക്കുമെന്ന രമേഷിന്റെ ആലോചനയാണ് അവിടുത്തെ പരിസ്ഥിതിയുടെ പുനരുജ്ജീവനത്തിനു കാരണമായത്.ഒരു പക്ഷിപോലും വരാത്ത ആ കുന്നിനെ പച്ചപ്പു നിറഞ്ഞയിടമാക്കി മാറ്റാന്‍ അയാള്‍ക്കു വേണ്ടി വന്നത് അഞ്ചു വര്‍ഷം.

കുടുംബം പുലര്‍ത്താന്‍ നിയമപഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്ന കഥയാണ് രമേഷിന്റെത്. ജീവിതവൃത്തിക്കായി പല ജോലികള്‍ ചെയ്തു. ഒടുക്കം ശ്രീരംഗപട്ടണത്തനു സമീപം മിനറല്‍ വാട്ടര്‍ വിതരണക്കാരനായി. 

മലയെ പച്ചപ്പണിയിക്കാന്‍ മരങ്ങള്‍ക്കു തടമെടുത്ത് നനയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കടുത്ത ചൂടില്‍ വെള്ളം വറ്റിപ്പോകുന്നതായിരുന്നു കാരണം. അതിനിടെയാണ് ഡ്രിപ്പ് ഇറിഗേഷന്റെ സാധ്യതകളെ കുറിച്ച് രമേഷിന് വിവരം ലഭിക്കുന്നത്. എന്നാല്‍ കരിഘട്ട വരെ പൈപ്പ് സ്ഥാപിച്ച് ജലസേചനം നടത്താനുള്ള സാമ്പത്തിക സ്ഥിതി രമേഷിനുണ്ടായിരുന്നില്ല. 

അങ്ങനെയിരിക്കെയാണ് എന്തുകൊണ്ട് ആവശ്യം കഴിഞ്ഞ മിനറല്‍ വാട്ടര്‍ കാനുകള്‍ കൊണ്ട് ഡ്രിപ്പ് ഇറിഗേഷന്‍ നടത്തിക്കൂടായെന്ന് രമേഷ് ചിന്തിക്കുന്നത്. തുടര്‍ന്ന് കാലിയായ മിനറല്‍ വാട്ടര്‍ സംഭരണികള്‍ മുറിച്ച് വെള്ളം നിറച്ച് മരത്തൈകളിലേക്ക് വീഴും വിധം സ്ഥാപിച്ചു. ഇതിനുള്ള വെള്ളം സമീപത്തെ ലോകപവനി നദിയില്‍നിന്ന് ശേഖരിച്ച് മലയ്ക്കു മുകളില്‍ എത്തിക്കുകയും ചെയ്തു.

വെള്ളം ചിലപ്പോഴൊക്കെ ചുമന്നും മറ്റു ചിലപ്പോള്‍ ഓട്ടോയ്ക്കുമാണ് മലമുകളിലെത്തിച്ചത്. പ്രതിദിനം നൂറു ലിറ്റര്‍ വെള്ളമായിരുന്നു ആവശ്യമായിരുന്നത്. രമേഷിന്റെ അദ്ധ്വാനം വെറുതെ ആയില്ല. അഞ്ചു വര്‍ഷത്തിനിപ്പുറം വരണ്ടുണങ്ങിക്കിടന്ന കുന്ന്  ഹരിതാഭമായി. നൂറോളം മരങ്ങള്‍ ചില്ലകള്‍ നീട്ടി. വിരുന്നുകാരായി പക്ഷികളുമെത്തി. എന്നാല്‍ ഇടയ്ക്കിയെ എത്തുന്ന കാട്ടുതീ തന്നെ ഭയപ്പെടുത്താറുണ്ടന്നു രമേഷ് പറയന്നു. കാരണം പല കാട്ടുതീക്കു പിന്നിലും സമീപത്തെ ഗ്രാമവാസികള്‍ക്ക് പങ്കുണ്ടാകാറുണ്ട്. വര്‍ഷത്തിലൊരിക്കല്‍ കാടിനു തീയിടുന്നത് അവര്‍ക്ക് ആചാരം പോലെയാണ്- രമേഷ് പറയുന്നു. 

ഫോട്ടോ കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ