ടപെടാൻ ഇനിയാരും ബാക്കിയില്ല. സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ, ദേശീയ ഹരിത ട്രിബ്യൂണൽ, മനുഷ്യാവകാശ കമ്മിഷൻ, ഹൈക്കോടതി, സുപ്രീംകോടതി... ഇനിയാരെന്ന ചോദ്യംമാത്രം ബാക്കിയാവുമ്പോൾ വിഷപ്പുകയിൽ കണ്ണുനീറിയും ശ്വാസംമുട്ടിയും നഗരവാസികൾ വിങ്ങുകയാണ്. ദീപാവലി ആഘോഷത്തിന്റെ ആഹ്ലാദമണയുംമുമ്പേ ആസ്പത്രികളിലേക്ക്.

ദീപാവലിപ്പടക്കങ്ങളും വയലുകളിലെ തീയിടലും സമ്മാനിച്ച പുകമഞ്ഞ് ഡൽഹിയെ വിഴുങ്ങുന്നത് ഇതാദ്യമല്ല. അവസാനത്തേതാകാനും വഴിയില്ലെന്ന വ്യക്തമായ സൂചനകൾ ഭാവിയിലേക്ക് നൽകുന്നത് കൂടുതൽ ചോദ്യങ്ങളാണ്.  

എന്തുകൊണ്ട് പുകമഞ്ഞ്?
തണുപ്പുകാലത്ത് പൊതുവേ ഡൽഹിയിൽ അന്തരീക്ഷമലിനീകരണം കൂടും. പഞ്ചാബിലും ഹരിയാണയിലും ആയിരക്കണക്കിന് ഹെക്ടറുകൾ വരുന്ന പാടശേഖരങ്ങളിൽ വിളവെടുപ്പിനുശേഷം വൈക്കോൽ അവശിഷ്ടങ്ങൾക്ക് തീയിടുമ്പോഴുണ്ടാകുന്ന പുകയാണ് ഡൽഹിക്കുമുകളിൽ ആവരണംതീർക്കുന്നത്. ഇതിനൊപ്പം ദീപാവലി സമയത്തെ പടക്കം പൊട്ടിക്കലും അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുന്നു. ഇത്‌ മുന്നിൽക്കണ്ട് ഇക്കുറി പടക്കവില്പന സുപ്രീംകോടതി നിരോധിച്ചു. എന്നാൽ, പടക്കം പൊട്ടിക്കുന്നത് നിരോധിച്ചില്ല. ഡൽഹിക്ക് പുറത്തുനിന്നെത്തിച്ച പടക്കങ്ങൾ പൊട്ടുകതന്നെ ചെയ്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നെന്നുമാത്രം.
 

Delhi air

ഇതൊന്നും പുതിയ കാര്യങ്ങളല്ലെങ്കിലും തീരേ കാറ്റില്ലാത്തതാണ് അടുത്തകാലത്ത് സ്ഥിതി രൂക്ഷമാക്കിയത്. വിഷപ്പുക വേഗമടങ്ങാൻ പ്രകൃതിതന്നെ കനിയണമെന്ന് ചുരുക്കം.

വിഷപ്പുക ബാക്കിവെക്കുന്നത്
ശ്വാസകോശത്തിലേക്ക് കടന്നുചെല്ലാനും ദോഷമുണ്ടാക്കാനും കഴിയുന്നവിധം വളരെ ചെറിയ വിഷകണങ്ങളാണ് അന്തരീക്ഷത്തിൽ നിറയുന്നത്. നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവയ്ക്കുപുറമേ അപകടകാരികളായ പർട്ടിക്കുലേറ്റ് മാറ്റർ (പി.എം.) 2.5, പി.എം. 10 എന്നിവയാണ് വിഷപ്പുകയിൽ അടങ്ങിയിരിക്കുന്നത്.

ദീപാവലിക്കുശേഷം ഡൽഹിയിൽ പുകമഞ്ഞ് മൂടിയപ്പോൾ ശ്വാസകോശരോഗങ്ങൾക്ക് ആസ്പത്രികളിലെത്തിയവരുടെ എണ്ണം 30 ശതമാനം ഉയർന്നു. കുട്ടികളെയും പ്രായംചെന്നവരെയുമാണ് വിഷപ്പുക ഏറെ വലയ്ക്കുന്നത്.

ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണം
രണ്ടുതവണയാണ് ഇതുവരെ ഡൽഹിയിൽ ഇത്‌ നടപ്പാക്കിയത്. റോഡിലെ തിരക്ക് അൽപ്പം കുറയുമെന്നല്ലാതെ വലിയ ഫലം അതുകൊണ്ടുണ്ടായില്ല. കാരണം ലളിതമാണ്. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കാണ് നിയന്ത്രണം. ഇരുചക്രവാഹനങ്ങൾക്കില്ല. ഡൽഹിയിലെ പൊതുഗതാഗതത്തിന്റെ ഭാഗമായ ബസുകൾ, ഓട്ടോറിക്ഷകൾ, ഭൂരിഭാഗം വരുന്ന ടാക്സികൾ എന്നിവയെല്ലാം സി.എൻ.ജി.യിലാണ് ഓടുന്നത്. സ്വകാര്യ വാഹനങ്ങളിലും നല്ലൊരു ശതമാനം സി.എൻ.ജി.യാണ്. കുറഞ്ഞ തോതിൽ മാലിന്യം പുറന്തള്ളുന്നതിനാൽ സി.എൻ.ജി. വാഹനങ്ങൾക്ക് നിയന്ത്രണമില്ല. അതുകൊണ്ടുതന്നെ റോഡുകളിൽ തിരക്കിന് വലിയ കുറവുണ്ടായില്ല. ഇത്തവണയും ഒരാഴ്ചത്തേക്ക് ഒറ്റ-ഇരട്ടയക്ക നിയന്ത്രണം തിങ്കളാഴ്ച മുതൽ നടപ്പാക്കുന്നു. ജനറേറ്ററുകളുടെ ഉപയോഗവും നിയന്ത്രിച്ചിട്ടുണ്ട്.

നിർമാണപ്രവർത്തനം നിയന്ത്രിക്കൽ
മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തോന്നുംപടി കെട്ടിടങ്ങൾ നിർമിക്കുന്നത് ഡൽഹിയിൽ പൊടിപടലമുയരാൻ കാരണമാകുന്നു. ഇതിനായി കർശനനിയന്ത്രണങ്ങളാണ് എൻ.ജി.ടി.യും സർക്കാരും ഏർപ്പെടുത്തുന്നത്. കുറച്ചുദിവസത്തേക്ക് നിർമാണപ്രവർത്തനങ്ങൾ മാത്രമല്ല, നിർമാണസാമഗ്രികളുമായി വരുന്ന ട്രക്കുകളുടെ പ്രവേശനംപോലും നഗരത്തിൽ നിരോധിച്ചു. ക്വാറികളുടെയും ഇഷ്ടികക്കളങ്ങളുടെയും പ്രവർത്തനവും നിയന്ത്രിച്ചു.

കൃത്രിമമഴ
പറഞ്ഞെങ്കിലും നടക്കാതെപോയ പദ്ധതിയാണിത്. ഏതാണ്ട് രണ്ടുപതിറ്റാണ്ടിലെ ഏറ്റവും മോശമായ വായുനിലവാരത്തിലെത്തിയപ്പോൾ കഴിഞ്ഞവർഷമാണ് കൃത്രിമമഴയെക്കുറിച്ച് ചിന്തിച്ചത്. പൊടിയും പുകയും പെട്ടെന്ന്‌ അടങ്ങാൻ ഫലപ്രദമായ മറ്റൊരു മാർഗവും മുന്നിലുണ്ടായില്ല. ക്ലൗഡ് സീഡിങ്‌വഴി കൃത്രിമമായി മഴപെയ്യിക്കുന്നതിന്റെ സാധ്യതകൾ കേന്ദ്രസർക്കാരുമായി ചർച്ചചെയ്യാൻ കഴിഞ്ഞവർഷം ഡൽഹി സർക്കാർ ആലോചിച്ചു. ആലോചനമാത്രം നടന്നു.
 

Delhi Air

റോഡിലെ പൊടിയിൽ വെള്ളം തളിക്കൽ
ഏറെ പൊടിപടലമുള്ള റോഡുകളിൽ വെള്ളം തളിക്കാൻ എൻ.ജി.ടി.യുടെ ഉത്തരവുണ്ട്. വിഷകണങ്ങളായ പി.എം. 10 കൂടുതലുള്ള മേഖലകളിൽ വെള്ളം തളിക്കാനാണ് മുനിസിപ്പൽ കോർപ്പറേഷനുകളോട് ആവശ്യപ്പെട്ടത്. ഘനമീറ്ററിൽ 600 മൈക്രോ ഗ്രാമിനേക്കാൾ കൂടുതൽ പി.എം. 10 ഉള്ള സ്ഥലങ്ങളിൽ വെള്ളം തളിക്കണം. റോഡിലെ പൊടിയടങ്ങുമെന്നല്ലാതെ പുകമഞ്ഞ് നീക്കാൻ ഇതിന്‌ സാധിക്കില്ല.     

മറയ്ക്കാൻ മാസ്കുകൾ
അന്തരീക്ഷമലിനീകരണം രൂക്ഷമായപ്പോൾ ഡൽഹിയുടെ ചിഹ്നമായി മാസ്കുകൾ മാറി. എപ്പോഴും റോഡിൽ നിൽക്കുന്ന ട്രാഫിക് പോലീസുകാർ മുതൽ കോേളജ് വിദ്യാർഥികൾവരെ മാസ്കണിഞ്ഞു. എന്നാൽ, വിഷപ്പുകയിൽനിന്ന് വലിയ രക്ഷയൊന്നും മാസ്കുകൾ നൽകില്ലെന്ന് വിദഗ്ധർ പറയുന്നു.

കഴുകാവുന്ന തുണിയുടെ മാസ്കുകളും സർജിക്കൽ മാസ്കുകളുംകൊണ്ട് പ്രയോജനമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.കെ അഗർവാൾ വ്യക്തമാക്കുന്നു. എങ്കിലും സ്വയം ആശ്വസിക്കാൻ മാസ്കിനെ ആശ്രയിക്കുകയാണ് ജനം.

അന്തരീക്ഷത്തിൽ പുകമഞ്ഞ് നിറഞ്ഞതോടെ നഗരവാസികൾക്ക് സാരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങി. വായുമലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങളുമായെത്തുന്നവരുടെ എണ്ണം പലമടങ്ങ് വർധിച്ചതായി ഡോക്ടർമാർ പറഞ്ഞു. പുറത്തിറങ്ങിയാൽ കണ്ണ് നീറലും ശ്വാസംമുട്ടലും പലർക്കും അനുഭവപ്പെടുന്നുണ്ട്. ഡൽഹിയിൽ മാസ്കുകളുടെ വില്പന ഗണ്യമായി വർധിച്ചു.

കഴിഞ്ഞവർഷം പുകമഞ്ഞിന്റെ സാഹചര്യത്തിൽ ഡൽഹിയിൽ നടക്കേണ്ട രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. കളിക്കാർക്ക് കണ്ണുനീറലും ആരോഗ്യപ്രശ്നങ്ങളുമുണ്ടായതിനെത്തുടർന്നായിരുന്നു അത്. ഇത്തവണ ഒരാഴ്ചയോളം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് കുട്ടികൾക്ക് ആശ്വാസമായി.

പ്രതിരോധിക്കാൻ പരിമിതികൾ
ലോകാരോഗ്യ സംഘടനയുടെ വിവിധ റിപ്പോർട്ടുകൾ പ്രകാരം ലോകത്തെ ഏറ്റവും വായുമലിനീകരണമുള്ള നഗരങ്ങളിലൊന്നാണ് ഡൽഹി. വായുമലിനീകരണത്തിന്റെ കാര്യത്തിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഡൽഹി എന്നും വാർത്തയാകാറുമുണ്ട്. വിഷപ്പുകയുടെ മുഖ്യകാരണമായി പറയുന്നത് അയൽസംസ്ഥാനങ്ങളിലെ വയലുകളിലുള്ള വൈക്കോൽ കത്തിക്കലാണ്. ഇവയെ എങ്ങനെ നിയന്ത്രിക്കുമെന്നറിയാതെ വലയുകയാണ് അധികൃതർ. കർഷകരോട് അവർ വർഷങ്ങളായി ചെയ്തുവരുന്ന കാര്യം അരുതെന്ന് പറയാനാവില്ല. അടുത്ത വിളയിറക്കുന്നതിന്റെ മുന്നോടിയായാണ് അവർ അവശിഷ്ടങ്ങൾ കത്തിക്കുന്നത്.

അവശിഷ്ടങ്ങൾ കത്തിക്കുന്നതിനുപകരം മറ്റെന്തെങ്കിലും സംവിധാനം വേണമെന്ന് കാർഷിക ശാസ്ത്രജ്ഞനായ എം.എസ് സ്വാമിനാഥനെപ്പോലുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത്തരം അവശിഷ്ടങ്ങൾ നശിപ്പിക്കാതെ കർഷകർക്ക് വീണ്ടും വിളയിറക്കാനാകില്ല. എന്നാൽ, കത്തിക്കുന്നതിന് പകരം അവയെ വാണിജ്യപരമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കണം. കാലിത്തീറ്റ നിർമാണത്തിന് ഇത് ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

സർക്കാർ ഇടപെടലുകൾക്ക് പരിമിതികളുണ്ടാകുമ്പോൾ ജനം സ്വയം പ്രതിരോധത്തിനിറങ്ങും. അതിലൊന്നാണ് മാസ്ക് ധരിക്കൽ. ഓഫീസുകളിലും മാളുകളിലും ചില വീടുകളിലും എയർ പ്യൂരിഫയറുകൾ വെക്കുന്നുമുണ്ട്. തലസ്ഥാന മേഖലയിൽ എയർ പ്യൂരിഫയറുകളുടെ വില്പന വൻതോതിൽ വർധിച്ചതായി അസോച്ചത്തിന്റെ (അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ) സർവേയിൽ പറയുന്നു. എന്നാൽ, എയർ പ്യൂരിഫയർ എത്രമാത്രം ഫലപ്രദമാണെന്നതിന് ശാസ്ത്രീയപഠനങ്ങൾ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളുടെ ആയുർദൈർഘ്യം മൂന്നുവർഷം കുറയ്ക്കുന്നതാണ് ഡൽഹിയിലെ അന്തരീക്ഷമലിനീകരണമെന്ന് കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഒരു റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഇടപെടുകയുമുണ്ടായി. കോടതികൾ സർക്കാരിനെയും സർക്കാരുകൾ വിവിധ ഏജൻസികളെയും പഴിചാരുമ്പോൾ ഫലപ്രദമായ പരിഹാരംമാത്രം ഇനിയുമകലെ.