ഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഒരു നൂറു പേരെങ്കിലും എന്നോട് ഈ ചോദ്യം ചോദിച്ചു. ഡിസംബറിന് മുന്‍പ് ഭൂമി കുലുങ്ങുമെന്നും സുനാമി ഉണ്ടാകുമെന്നും കൊടുങ്കാറ്റടിക്കും എന്നൊക്കെ പ്രവചിച്ച ഒരു വാട്ട്‌സ്ആപ്പ് മെസ്സേജ് കണ്ടിട്ടാണ് ചോദ്യം.

ആദ്യം വായിച്ചപ്പോള്‍ ചിരി വന്നു. ഓണ്‍ലൈന്‍ ആയി വ്യാജ ജോലി ഓഫര്‍ കിട്ടിയിട്ടുള്ളവര്‍ക്കറിയാം ഇതിന്റെ നിജസ്ഥിതി. ലണ്ടനില്‍ നിന്നും പ്രതിമാസം പത്തു ലക്ഷം രൂപയുടെ ശമ്പളമുള്ള ജോലി ഓഫര്‍ ചെയ്തുള്ള എഴുത്തു കണ്ടാല്‍ ഇംഗ്ലണ്ട് കണ്ടിട്ടില്ലാത്ത ആരോ എഴുതിയതാണെന്ന് വ്യക്തമാകും. അതുപോലെയാണ് ഈ മുന്നറിയിപ്പിലെ ഭാഷയും വിഷയാവതരണവും. ഇത് ശരിക്കുള്ള സ്ഥാപനം ആണോ, എന്തിന് അതില്‍ പറഞ്ഞിരിക്കുന്ന ആള്‍ തന്നെ യഥാര്‍ത്ഥമാണോ എന്നുപോലും എനിക്കറിയില്ല, അറിയണമെന്ന് ആഗ്രഹവും ഇല്ല. കാരണം ഈ മുന്നറിയിപ്പിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. 'ശുദ്ധ മണ്ടത്തരം' ആണെന്ന് ചോദിച്ചവരോടെല്ലാം പറഞ്ഞു.

അതിനെപ്പറ്റി ഒരു പോസ്റ്റ് ഇട്ടാലോ എന്ന് ആദ്യം ചിന്തിച്ചു. പിന്നെ അതുപോലൊന്ന് എന്റെ ടൈംലൈനില്‍ ഷെയര്‍ ചെയ്യുന്നത് എന്ത് കാരണം കൊണ്ടാണെങ്കിലും ഇതുപോലെ ശുദ്ധ വിഡ്ഢിത്തരം എഴുന്നുള്ളിക്കുന്നവര്‍ക്ക് പബ്ലിസിറ്റി കൊടുക്കാനേ ഉപകരിക്കൂ എന്നു തോന്നിയതിനാല്‍ ഷെയര്‍ ചെയ്തില്ല. പക്ഷെ ഒന്നിന് പുറകേ ഒന്നായി മണിക്കൂറുകളായി ആളുകള്‍ ഇതുമായി പ്രൈവറ്റ് മെസ്സേജിലും പോസ്റ്റിലും വരികയാണ്.

സത്യം പാന്റ് ഇട്ടു വരുമ്പോഴേക്കും നുണ പാതി ലോകം ചുറ്റി സഞ്ചരിച്ചിരിക്കും എന്നതിന്റെ പ്രത്യക്ഷ തെളിവാണിത്. ഭൂമികുലുക്കമോ സുനാമിയോ ഒന്നും നാല് മാസം പോയിട്ട് നാല് ദിവസം മുന്നേ പോലും പ്രവചിക്കാനുള്ള ഒരു ശാസ്ത്രവും ഇപ്പോള്‍ നിലവിലില്ല. കൊടുങ്കാറ്റുകള്‍ക്ക് നാല് മാസം മുന്‍പ് പേരിട്ട് വേഗത പ്രവചിക്കാനും ഇപ്പോള്‍ ഒരു കാലാവസ്ഥ ശാസ്ത്രജ്ഞനും കഴിയില്ല. അപ്പോള്‍ ഈ വന്നിരിക്കുന്ന മുന്നറിയിപ്പിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. ഇതിനെപ്പറ്റി ഞാന്‍ രണ്ടാമതൊന്നു ചിന്തിക്കുകയോ ഉറക്കം കളയുകയോ ഇല്ല. നിങ്ങളും പേടിക്കേണ്ട കാര്യമില്ല.

ഇത്തരം മുന്നറിയിപ്പുകള്‍ ആദ്യമായിട്ടല്ല ഞാന്‍ കാണുന്നത്. സാധാരണഗതിയില്‍ ചെറിയ എന്തെങ്കിലും ദുരന്തമുണ്ടായിട്ടുള്ള നാടുകളിലാണ് പിന്നീട് ഇത്തരം കരക്കമ്പികള്‍ പരക്കുന്നത്. ആളുകള്‍ ചെറുതായിട്ടൊന്നു പേടിച്ചതിനു പുറകെ ആര് എന്ത് പറഞ്ഞാലും ഏല്‍ക്കും. സാധാരണ ഗതിയില്‍ 'നാസ' പറഞ്ഞു എന്നാണ് പറയാറ്. ഇതിപ്പോള്‍ നമ്മുടെ തിരോന്തോരത്തെ തന്നെ ഗവേഷണം ആണ്. മുഷിയില്ല. ഇങ്ങനെ ദുരന്ത ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമങ്ങള്‍ ലോകത്ത് പലയിടത്തും നിലവിലുണ്ട്.

കേരളത്തില്‍ ഇന്ത്യക്ക് അഭിമാനമായ ഒരു ദുരന്തനിവാരണ അതോറിറ്റി ഉണ്ട്. ഏതു ദുരന്തത്തെപ്പറ്റിയും ശാസ്ത്രീയമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായ മുന്നറിയിപ്പ് തരാന്‍ അവര്‍ക്ക് കഴിവുണ്ട്. അവരത് ചെയ്യുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം പോസ്റ്റുകള്‍ കിട്ടിയാല്‍ ഉടന്‍ അവരെ അറിയിക്കുക, അല്ലാതെ സ്വയം പേടിക്കുകയോ വിശ്വസിച്ചില്ലെങ്കിലും 'shared as received' എന്ന തരത്തില്‍ കൈകഴുകി മറ്റുള്ളവരെ പേടിപ്പിക്കുകയോ ചെയ്യരുത്. പുതിയ ദുരന്തനിവാരണ നിയമം അനുസരിച്ച് ഇത് കുറ്റകരമാണ്.

Sekhar Lukose Kuriakose  പോസ്റ്റ് കണ്ടിട്ടുണ്ടാകും എന്ന് കരുതുന്നു. ഈ സ്ഥാപനം ഉണ്ടോ അതോ ലെറ്റര്‍പാഡ് പോലും തട്ടിപ്പാണോ എന്ന് ഒന്ന് അന്വേഷിക്കണം. പുതിയ നിയമം അനുസരിച്ച് വല്ലപ്പോഴും എങ്കിലും ആരെയെങ്കിലും പ്രോസിക്യൂട്ട് ചെയ്ത് ഒന്ന് പേടിപ്പിക്കുന്നതും നല്ലതാണ്.

(ഐക്യരാഷ്ട്രസഭാ പരിസ്ഥിതിപദ്ധതിയിൽ ദുരന്ത-അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ലേഖകൻ)