പണ്ടൊക്കെ ഒരുപാട് പേർക്ക് ഗുണംചെയ്തിരുന്ന മൃഗമായിരുന്നു പശു. അവളെ ആശ്രയിച്ചുകഴിയുന്ന ഭൂരിഭാഗത്തിന്റെ ക്ഷേമത്തെച്ചൊല്ലി, മാംസത്തിനായി അവളെ കശാപ്പു ചെയ്തേക്കാവുന്ന ചെറിയ വിഭാഗത്തിൽനിന്നും അവളെ എപ്പോഴും പരിരക്ഷിച്ചു പോന്നിരുന്നു. അങ്ങനെ സമൂഹം അതു നിശ്ചയിച്ചു. ‘പശു വിശുദ്ധയാണ്, അവളെ കൊല്ലാൻ പാടില്ല.’

എന്നാൽ, അക്കാലത്തെ സാമ്പത്തികാന്തരീക്ഷമല്ല ഇന്ന്.  പഴയപോലെ കാളകളെക്കൊണ്ട് നിലമുഴുന്നത് ഇപ്പോൾ  സാമ്പത്തികമായി ചിന്തിക്കാൻ പോലുമാവില്ല. ആ കാശിന്റെ ഒരംശമുണ്ടെങ്കിൽ ട്രാക്ടർ എന്ന യന്ത്രം ഈ പണിയൊക്കെ വൃത്തിയായി ചെയ്തുതരും. പിന്നെ പാലിന്റെ കാര്യത്തിലാണെങ്കിൽ, കുറഞ്ഞവിലയിൽ പാൽ തരാൻ ഇന്ന് നമുക്ക് എരുമകളുണ്ട്. സെൻട്രൽ സോയിൽ സലൈനിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം കർനാലിലെ(ഹരിയാണ) ഒരു കർഷകന് തന്റെ ഒരു എരുമയിൽ നിന്ന് പ്രതിവർഷം കിട്ടുന്ന ലാഭം 7,400 രൂപയാണ്, എന്നാൽ, അദ്ദേഹത്തിന് ഇതേ കാലയളവിൽ ഒരു പശുവിൽ നിന്ന് കിട്ടുന്ന ആകെ ലാഭമാകട്ടെ 5,100 രൂപയും. എരുമപ്പാലിന് കൊഴുപ്പും കട്ടിയുമുണ്ട്. അതുകൊണ്ട് ആത്മീയഗുണങ്ങൾ മാത്രമുള്ള ഒരു പ്രാണിയാണ് ഇന്ന് പശു. ഒരു കർഷകനെ സംബന്ധിച്ച് കേവലം സാമ്പത്തികബാധ്യതയും.  

ചെലവ് ആര് വഹിക്കും
ആത്മീയകാംക്ഷയ്ക്കായി പശുവിനെ കാത്തുസംരക്ഷിക്കുമ്പോൾ വന്നുചേരാവുന്ന സാമ്പത്തികച്ചെലവ് ആരു വഹിക്കുമെന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. സത്യസന്ധതയും ആത്മാർഥതയുമുള്ള ഒരു ഗോസംരക്ഷകൻ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്: നമ്മൾ നമ്മുടെ മാതാപിതാക്കളെ ഒരു സാമ്പത്തിക ‘ബാധ്യത’യായി കണക്കാക്കാതെ സംരക്ഷിച്ചുപോരുന്നപോലെ പശുക്കളെയും സംരക്ഷിക്കണം. ഞാൻ സമ്മതിക്കുന്നു. കാരണം, ഇന്ത്യയുടെ ആത്മാവ് അതിന്റെ ആത്മീയതയിലാണ്. സാമ്പത്തികലാഭത്തിനുവേണ്ടി അത് അടിയറവെക്കാൻ പാടില്ല. എന്നാൽ, എന്റെ മാതാപിതാക്കളെ എനിക്കുള്ളയത്ര ബഹുമാനമില്ലാത്ത അയൽക്കാരനോട് സംരക്ഷിക്കണം എന്നു പറയാൻ പറ്റുമോ.

അല്ലെങ്കിൽ സർക്കാർ ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്. മാനസസരോവർ, ഹജ്ജ് തുടങ്ങി തീർഥയാത്രകൾക്കെല്ലാം സഹായധനം നൽകുന്നപോലെ ഗോക്കളെ പരിപാലിക്കുന്നതിനും  സഹായധനം നൽകുക. അതായത് സമൂഹത്തിന്റെയാകെ നന്മയ്ക്കായി നിലകൊള്ളുന്ന പശുക്കളെ പോറ്റുന്നതിന്റെ സാമ്പത്തികബാധ്യത മുഴുവൻ സർക്കാർ സ്വയംവഹിക്കുക. കർഷകന്റെ ചുമലിൽ ഇത് കെട്ടിവെയ്ക്കുന്ന സർക്കാർ നിലപാട് ശരിയല്ല എന്നാണ് എന്റെ പക്ഷം. അല്ലെങ്കിലും അതെങ്ങനെ ശരിയാകും? ഗോരക്ഷയുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പുണ്യം ഒരു വലിയ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയാകുമ്പോൾ അതിന്റെ സാമ്പത്തിക ബാധ്യത കർഷകൻ മാത്രം അനുഭവിക്കുക.

അതുകൊണ്ട് പശുക്കൾക്കും കാളകൾക്കും കുറഞ്ഞ ‘താങ്ങു’ വില നിശ്ചയിക്കേണ്ടതാണ്. കർഷകർക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്ന മുഴുവൻ ഗോതമ്പും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വാങ്ങുന്നതുപോലെ ‘കൗ കോർപ്പറേഷൻ ഓഫ് ഇന്ത്യ’ രാജ്യത്തുള്ള പശുക്കളെയും കാളകളെയും വിൽക്കാൻ സന്നദ്ധരായവരിൽനിന്നും അവയെ വിലകൊടുത്തു വാങ്ങണം.  സമാഹരിക്കുന്ന ഗോതമ്പ് രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫുഡ് കോർപ്പറേഷൻ കുറഞ്ഞ വിലയ്ക്ക്  ജനങ്ങൾക്ക് വിൽക്കുന്നപോലെ കൗ കോർപ്പറേഷൻ പാലും കാളക്കൂറ്റൻമാരുടെ ക്രയശേഷിയും കുറഞ്ഞ വിലയ്ക്ക് ആളുകളുടെ ആത്മീയ നന്മയ്ക്കായി വിതരണം ചെയ്യണം.

ദുരിതത്തിലായ പാവം കർഷകർ പശുക്കളെ സംരക്ഷിച്ചുപോരണമെന്നു പറയുന്നത് പാവപ്പെട്ടവരിൽനിന്ന് പണംവാങ്ങി പണക്കാർക്ക് ആത്മീയലാഭത്തിനായി നൽകുന്നതിനു തുല്യമാണ്. അത് ഒരിക്കലും നിലനിൽക്കില്ല. സ്വന്തം കുഞ്ഞ് പട്ടിണി കിടക്കുന്ന സാഹചര്യത്തിൽ ഒരു കർഷകനും പശുവിന് തീറ്റകൊടുക്കാനാകില്ല. എന്നാൽ, ഇതിനെ മറികടക്കാൻ അവൻ എന്തെങ്കിലും പോംവഴി കണ്ടെത്തും. ഇപ്പോഴവർ ചെയ്യുന്നത് തങ്ങളുടെ കാളകളെ തെരുവിൽ ഇറക്കിവിടുകയാണ്. ഈ കാളകൾ അവസാനം ചെന്നെത്തുന്നത് കശാപ്പുശാലകളിലും. ഗോസംരക്ഷണത്തിന്റെ ആമുഖം മാത്രമേ നാം ഇതുവരെ രചിച്ചിട്ടുള്ളൂവെന്ന് സാരം.

പശുവളർത്തൽ ലാഭകരമാക്കാൻ
പശുവളർത്തൽ കർഷകന് ലാഭകരമാക്കി നൽകുകയാണ് മറ്റൊരു മാർഗം. അതിങ്ങനെയാവാം. പശുവിൻപാലിന്റെ ആവശ്യകത വർധിപ്പിക്കുക. അപ്പോൾ സ്വാഭാവികമായും പാലിന് വില കൂടും. അങ്ങനെ എരുമകളെക്കാൾ പശുക്കളെ വളർത്തുന്നതാണ് ഗുണകരമെന്ന ചിന്തയിലേക്ക് കർഷകൻ എത്തിച്ചേരും.

പശുവിൻപാലിൽ അടങ്ങിയിരിക്കുന്നത്‌ ​െകാഴുപ്പിതര ഖര ഘടകങ്ങളാണ്‌ ( സോളിഡ് നോൺ ഫാറ്റ്‌), ഇത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, എരുമപ്പാലിൽ അടങ്ങിയിരിക്കുന്നത് കൊഴുപ്പ് നല്ലതല്ല, മാത്രമല്ല പാലിന് ഗുണവും കുറവാണ്. ഇക്കാര്യങ്ങൾ മുൻനിർത്തി ഒരു പൊതുവിദ്യാഭ്യാസപരിപാടി തന്നെ സർക്കാർ ആസൂത്രണം ചെയ്യണം.
രണ്ടാമത്തെ വഴി പശുവിൻപാലിന്റെ വില കുറയ്ക്കുകയാണ്. പശുവളർത്തൽ നഷ്ടത്തിലെത്തുന്നതിനു പിന്നിലെ ഒരു പ്രധാന കാരണം കാളകളെക്കൊണ്ട് ഉപയോഗമില്ലായെന്നതാണ്. അതുകൊണ്ട്

കാളകളെ കൊല്ലാനുള്ള അനുമതി നൽകുന്നത് കർഷകരുടെ ഭാരം കുറയ്ക്കാൻ സഹായിക്കും. അതുപോലെ, കറവവറ്റിയ പ്രായം ചെന്ന പശുക്കളെയും കൊല്ലാനുള്ള അനുമതി നൽകണം. പശുക്കളെ സംരക്ഷിക്കണമെങ്കിൽ ഇത്തരം ചില കടുത്ത തീരുമാനങ്ങൾ എടുത്തേ മതിയാവൂ എന്നു ചുരുക്കം.

(ഐ.ഐ.എം. ബാംഗ്ളൂരിലെ മുൻ ഇക്കണോമിക്സ് ​െപ്രാഫസറും കോളമിസ്റ്റുമാണ് ലേഖകൻ)