കളനിയന്ത്രണത്തിനായി രാസവസ്തുക്കൾ ഉപയോഗിക്കുന്ന രീതി വ്യാപകമാകുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ (2012-’13 മുതൽ 2013-’14 വരെ) രാസകീടനാശിനിപ്രയോഗം നടത്തിയ കൃഷിഭൂവിസ്തൃതി 1.087 ലക്ഷം ഹെക്ടറിൽ നിന്ന് 13.58 ലക്ഷം ഹെക്ടറായി ഉയർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു


കിതച്ചുകൊണ്ടിരുന്ന കേരളത്തിന്റെ ഭക്ഷ്യോത്പാദനരംഗത്തിന്‌ കുതിപ്പേകിക്കൊണ്ടിരിക്കുന്ന സമയമാണിത്. ദൃശ്യശ്രാവ്യമാധ്യമങ്ങളും രാഷ്ട്രീയബഹുജനപ്രസ്ഥാനങ്ങളും അതുവഴി പൊതുസമൂഹവും നെഞ്ചേറ്റിയ കാർഷികവിപ്ലവം, അക്ഷരാർഥത്തിൽതന്നെ സൂക്ഷ്മതലത്തിലുള്ളതാണ്. ഈ കുതിപ്പിന് പ്രചോദനമായത് ഒരുപക്ഷേ, കേരളീയരുടെ ആരോഗ്യത്തെപ്പറ്റിയുള്ള ആശങ്കകളാണെന്നുകാണാം. കേരളത്തിൽ ഓരോ വർഷവും ചുരുങ്ങിയത് 35,000 അർബുദരോഗികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. കേരളീയന്റെ ശരാശരി ചികിത്സച്ചെലവ് താങ്ങാനാവാത്തവിധമായിക്കൊണ്ടിരിക്കുന്നു. ആയുർദൈർഘ്യത്തെക്കാളുപരി ജീവിച്ചിരിക്കുമ്പോഴുള്ള സ്വാസ്ഥ്യമാണ് യഥാർഥ ആരോഗ്യമെന്ന ആശയം നമ്മുടെ ആയുർവേദപാരമ്പര്യത്തിന്റെ ഭാഗമായുള്ളതുതന്നെ. ഈ തിരിഞ്ഞുനോട്ടവും തിരിച്ചറിവും മധ്യവർഗ-ഉപരിവർഗ കേരളീയന്റെ മാത്രമല്ല, ബഹുഭൂരിപക്ഷം കേരളീയരുടെയും കാഴ്ചപ്പാടുകളിൽ കാതലായ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യസുരക്ഷ എന്ന ആശയത്തിൽ, സുരക്ഷിതഭക്ഷണം എന്ന തലം കൂടുതൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നു. ഭക്ഷണകാര്യങ്ങളിലെ പരാശ്രയത്വം (കമ്പോളാശ്രയത്വം) സുരക്ഷിതഭക്ഷണം എന്ന തങ്ങളുടെ ആഗ്രഹത്തിന് വിഘാതമാകുന്നു എന്ന തിരിച്ചറിവ് കഴിയുന്നത്ര സ്വയം ഉത്പാദിപ്പിക്കുക എന്ന തീരുമാനത്തിലേക്ക്‌ നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു.

നാം ജീവിക്കുന്ന പരിസരം (ശ്വസിക്കുന്ന വായുവും കുടിവെള്ളവും) കൂടി സ്വച്ഛമായെങ്കിൽ മാത്രമേ ആരോഗ്യം എന്ന അവസ്ഥ സംജാതമാകൂ എന്നതും തിരിച്ചറിയപ്പെടുകയാണ്. നമ്മുടെ കാർഷികോത്പാദനരീതികൾ, മാലിന്യസംസ്കരണ രീതികൾ, മണ്ണ്‌, ജല പരിപാലന രീതികൾ എന്നിവയെല്ലാംതന്നെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ മനുഷ്യന്റെ സ്വാസ്ഥ്യവുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നുവരുന്നു. അപ്രകാരം വരുമ്പോൾ പ്രകൃതിയുടെ താളവുമായുള്ള സമഞ്ജസമാണ് നമ്മുടെ നിലനില്പിനാധാരം എന്നുകാണാം. ഈ പശ്ചാത്തലത്തിലാണ് ജൈവകാർഷിക സമ്പ്രദായത്തിലേക്കുള്ള നമ്മുടെ ചുവടുമാറ്റത്തെ നാം നോക്കിക്കാണേണ്ടത്.
കഴിഞ്ഞ നാല്പതിലേറെ വർഷങ്ങളായുള്ള നമ്മുടെ കാർഷിക ഉത്പാദനശീലങ്ങളിൽനിന്ന്‌ വ്യത്യസ്തമായി, പരമ്പരാഗതരീതികളിലേക്ക്‌ പൂർണമായും തിരികെപ്പോകാനാകുമോ എന്ന ചോദ്യം പ്രസക്തമെങ്കിലും ആധുനിക സാങ്കേതികവിദ്യകളും പ്രാചീന അറിവുകളും സമ്മേളിപ്പിച്ചുകൊണ്ട് ഒരു കാർഷികരീതി അവലംബിച്ചുകൊണ്ടിരിക്കുന്നു, സമൂഹം.

ജൈവകൃഷി എന്ന പൊതുസംജ്ഞയിൽ, പക്ഷേ, വകഭേദങ്ങളുണ്ട്. രാസവസ്തുക്കൾ പരിപൂർണമായി ഒഴിവാക്കിക്കൊണ്ടുള്ള രീതികൾ, രാസവളങ്ങൾ ആവശ്യാനുസരണം മാത്രം ഉപയോഗിക്കുകയും രാസകീടനാശിനികൾ പൂർണമായും ഒഴിവാക്കിയുമുള്ള സമ്പ്രദായങ്ങൾ എന്നിങ്ങനെ പ്രാദേശിക വകഭേദങ്ങളോടെ ജൈവകൃഷി എന്ന ആശയം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ കാർഷിക സാമൂഹികരംഗം ഈ ഒരു മാറ്റത്തിന് തികച്ചും സജ്ജമാണോ? ഈ രംഗത്തെ പ്രധാന വെല്ലുവിളികൾ എന്തെല്ലാം? 2016-ഓടെ സമ്പൂർണ ജൈവസംസ്ഥാനം എന്ന ലക്ഷ്യം നമുക്ക് കൈവരിക്കാനാകുമോ?

നമ്മുടെ ഭൂപ്രകൃതിയിൽ നിന്നുതന്നെ തുടങ്ങാം. 48 ശതമാനം മലനാടും 40 ശതമാനം ഇടനാടും ബാക്കി തീരദേശവും എന്ന നിലയിലാണ് കേരളത്തിന്റെ കിടപ്പ്. 41 നദികൾ കടലിലേക്കൊഴുകുന്ന നമ്മുടെ സംസ്ഥാനത്ത് പ്രതിവർഷം ശരാശരി പെയ്യുന്ന 3000 മി.മീ. മഴയിൽ ഭൂരിഭാഗവും വളരെപ്പെട്ടെന്നുതന്നെ കടലിലെത്തുമത്രേ. ഈ ചെരിവ് സ്വാഭാവികമായും മലനാടുകളിലെ കാർഷിക രാസവസ്തുപ്രയോഗാവശിഷ്ടങ്ങൾ ഇടനാടുകളിലും തീരദേശങ്ങളിലും എത്തിക്കാൻ പ്രാപ്തമാണ്. ഇടുക്കി, വയനാട് എന്നിങ്ങനെ നമ്മുടെ പ്രധാന കാർഷികജില്ലകളിലെ രാസവസ്തുകീടനാശിനിപ്രയോഗം, കേരളത്തിലെ ഇതരപ്രദേശങ്ങളിലെ മണ്ണിലും ജലത്തിലും സാന്നിധ്യം ഉണ്ടാക്കാൻ സാധ്യതയുണ്ടല്ലോ? അതായത്, സൂക്ഷ്മതലത്തിൽ പ്രായേണ ഉയരംകൂടിയ കൃഷിഭൂമിയിലെ കാർഷികമുറകൾ താഴെയുള്ള ഭൂമിയിലെ ജൈവകൃഷിക്ക് വിഘാതമാകുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ടുതന്നെ ജൈവകൃഷി എന്ന ആശയം പ്രാവർത്തികമാക്കേണ്ടത് മലനാടുകളിൽ തുടങ്ങി തീരദേശത്തേക്കാണ്.


നമ്മുടെ ഹരിതവിപ്ലവത്തിന് അടിത്തറപാകിയത് അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ്. കാർഷികപുരോഗതിയിൽ നിർണായക സ്ഥാനം വഹിച്ച ഈ സാങ്കേതികവിദ്യ ഫലംനല്കണമെങ്കിൽ മെച്ചപ്പെട്ട പരിപാലനമുറകൾ (രാസവസ്തുക്കൾ, ജലസേചനം, കീടനാശിനികൾ) അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ നാം തുടർന്നുകൊണ്ടിരിക്കുന്ന ഒട്ടുമിക്ക കാർഷികനയങ്ങളും (ഉദാ: സബ്‌സിഡികൾ) അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾക്കനുകൂലമാണ്. നമ്മുടെ നെൽക്കൃഷിഭൂവിസ്തൃതിയിൽ 96 ശതമാനവും അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ കൃഷിചെയ്യുന്നു. ഇക്കാര്യത്തിൽ പൂർണതോതിൽ സബ്‌സിഡി നല്കിക്കൊണ്ടുള്ള ഒരു നയമാണ് നമുക്കുള്ളത്. 13-14 കാലയളവിൽ മാത്രം 10,198 ടൺ അത്യുത്പാദനശേഷിയുള്ള നെൽവിത്തുകൾ വിതരണം ചെയ്തതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. മുൻവർഷത്തേക്കാൾ 916 ടൺ അധികമാണിത് (ഇക്കണോമിക് റിവ്യൂ 2014).

ഈ പശ്ചാത്തലത്തിൽ രാസവള, കീടനാശിനി പ്രയോഗം പൂർണമായും നിർത്തലാക്കിക്കൊണ്ടുള്ള ഒരു ജൈവസമീപനം, നമ്മുടെ ഉത്പാദനക്ഷമതയെ എപ്രകാരം ബാധിക്കും എന്ന ആശങ്കയും പ്രസക്തമാണ്. അതായത് അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ പ്രചരിപ്പിക്കുകയും ജൈവപരിപാലനത്തിലൂടെ മാത്രം അവ കൃഷിചെയ്യുകയുമാകുമ്പോൾ കാർഷിക ഉത്പാദനരംഗത്തെ പ്രകടനം എപ്രകാരമാകും എന്നത് പഠനവിധേയമാക്കേണ്ടതാണ്.


വിളപരിപാലനത്തിലെ ഏറ്റവും പ്രധാനമെന്നുകരുതാവുന്ന ഒന്നാണ് മണ്ണിന്റെ ജൈവഘടന നിലനിർത്തുക എന്നത്. ഹരിതവിപ്ലവ സാങ്കേതികവിദ്യയുടെ കാലഘട്ടത്തിലും ജൈവവളങ്ങളുടെ ഉപയോഗം അടിവരയിട്ടുകൊണ്ടുള്ള പരിപാലനമുറകളാണ് കാർഷികസർവകലാശാലകൾ നിർദേശിച്ചിരുന്നത്. എന്നാൽ ക്രമേണ, പ്രയോഗികതലത്തിൽ രാസവളങ്ങൾ ജൈവവളങ്ങൾക്ക് പകരം എന്ന ഒരു രീതിയിലേക്ക്‌ നമ്മുടെ കാർഷികപരിപാലനം ചുവടുമാറുന്ന രീതിയിലായി. ജൈവവേലികൾ അപ്രത്യക്ഷമായതുമുതൽ സാമൂഹിക, സാമ്പത്തികരംഗത്തെ മാറ്റങ്ങൾ എല്ലാംതന്നെ പ്രാദേശിക ജൈവവള ലഭ്യതയെയും ഗുണമേന്മയെയും പ്രതികൂലമായി ബാധിച്ചു.

നമ്മുടെ കാലിസമ്പത്ത് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. സമാന്തരമായി സുനിശ്ചിതമായ ഗുണമേന്മയോടെയുള്ള രാസവളലഭ്യതയും സബ്‌സിഡിനയങ്ങളും ഈ ചുവടുമാറ്റത്തിന്‌ ആക്കംകൂട്ടി. ഒട്ടുമിക്ക വിളകളുടെ കാര്യത്തിലും രാസവള ഉപയോഗം നിർദേശിക്കപ്പെട്ട അളവിനേക്കാൾ ഏറെ അധികവും ജൈവവള ഉപയോഗം വളരെയേറെ പരിമിതവുമാണെന്ന് ഈ രംഗത്ത് നടത്തിയ പഠനങ്ങൾ വെളിവാക്കുന്നു.


ജൈവവളങ്ങൾ ഉയോഗിക്കുന്നവർതന്നെ അതിനായി കമ്പോളത്തെ ആശ്രയിക്കുന്നു എന്നതാണ് മറ്റൊരു സംഗതി. എന്നാൽ, ഇത്തരം വളങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള സാഹചര്യം മിക്കപ്പോഴും ഇല്ല എന്നുള്ളത് എടുത്തുപറയേണ്ടതാണ്. ഗുണമേന്മയിലുള്ള ആശങ്കകൾ പലപ്പോഴും ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ആധുനിക ജൈവസാങ്കേതികവിദ്യയുടെ സംഭാവനയായ സൂക്ഷ്മാണുവളങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുവെങ്കിലും കർഷകസമൂഹം അത് വേണ്ടത്ര സ്വാംശീകരിച്ചിട്ടില്ലെന്നുകാണാം. കേരളത്തിൽ ശരാശരി 13 ശതമാനം കർഷകർ മാത്രമാണ് സൂക്ഷ്മാണുവളങ്ങൾ ഉപയോഗിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി ഏതാണ്ട് 100.247 ടൺ സൂക്ഷ്മാണുവളങ്ങൾ ഉത്പാദിപ്പിക്കുന്നതായി 2010-ലെ പഠനം തിട്ടപ്പെടുത്തുന്നു.

ഇതിൽ മുക്കാൽപ്പങ്കും സ്വകാര്യമേഖലയിലാണ്. എന്നാൽ, സൂക്ഷ്മാണുവളങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന രീതിയിലുള്ള സൂക്ഷിപ്പു  വിപണനസമ്പ്രദായങ്ങൾ തുലോം പരിമിതമാണിന്ന്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക സന്ദർഭങ്ങളിലും സൂക്ഷ്മാണുവളങ്ങൾ അവയുടെ ഉദ്ദേശിച്ച ഫലം നല്കുന്നില്ലെന്നുവരുന്നു. രാസവളങ്ങളുടെ ഉപയോഗം പൂർണമായും നിർത്തിക്കൊണ്ട് ഉത്പാദനം സാധ്യമാകുമെങ്കിൽത്തന്നെ കർഷകർ ഇക്കാര്യത്തിൽ എത്രമാത്രം സജ്ജരാണ് എന്നതും പരിഗണിക്കപ്പെടേണ്ട വസ്തുതയാണ്. കഴിഞ്ഞ ഒരു ദശകത്തിലെ കണക്കുകൾ പ്രകാരം രാസവള ഉപയോഗം ക്രമമായി കൂടുകയാണെന്നുകാണാം. 2012-’13-ൽ നിന്ന്‌ 2013-’14 കാലയളവിൽ മാത്രം മൊത്തം രാസവള ഉപഭോഗം ഏതാണ്ട് 45,000 ടൺ വർധിച്ചു (2,77,175 ടണ്ണിൽനിന്ന് 3,22,157 ടൺ എന്ന നിലയിലേക്ക്‌). അതായത് നമ്മുടെ മൊത്തം കൃഷിഭൂമിവിസ്തീർണത്തിൽ കാര്യമായ വ്യത്യാസം വരുന്നില്ല എന്നതുകൊണ്ട് പ്രതിഹെക്ടർ ഉപഭോഗം 106 കിലോഗ്രാമിൽനിന്ന് 125 കിലോഗ്രാമായി വർധിച്ചുവെന്നുകാണാം. ഈ പശ്ചാത്തലത്തിൽ 2016-ഓടെ രാസവളപ്രയോഗം പൂർണമായി ഒഴിവാക്കുക എളുപ്പമല്ലല്ലോ? അതോടൊപ്പംതന്നെ രാസവളപ്രയോഗത്തിന്റെ അശാസ്ത്രീയതകളും പരാമർശിക്കപ്പെടേണ്ടതാണ്. പാക്യജനകമൂലകം അധികമായി പ്രയോഗിക്കുകവഴി പ്രധാനമൂലകങ്ങൾ തമ്മിലുള്ള അനുപാതം മണ്ണിന്റെ ഫലഭൂയിഷ്ഠതയെ ബാധിക്കുന്നതരത്തിലുള്ളതാണ്. 


വർധിച്ചുവരുന്ന അമ്ലത്വം, സൂക്ഷ്മമൂലകങ്ങളുടെ അഭാവം എന്നിങ്ങനെ കൃഷിഭൂമിയുടെ ആരോഗ്യത്തിന്‌ വിഘാതമാകുന്ന ഒട്ടനവധി പ്രശ്നങ്ങൾ നമ്മുടെ കാർഷികരംഗം തിരിച്ചറിയുന്നു. അതായത് കൃഷിഭൂമി പരിപാലനരംഗത്തെ നയങ്ങൾ, രാസവള വിപണനം, പ്രയോഗരീതികൾ എന്നിവ വിശദമായിത്തന്നെ പരിശോധിക്കപ്പെടേണ്ടതും നമ്മുടെ ജൈവകൃഷിക്കനുരൂപമായ തരത്തിൽ രൂപവത്‌കരിക്കപ്പെടേണ്ടതുമാണ്. അന്താരാഷ്ട്ര മണ്ണുസംരക്ഷണവർഷമായി ആചരിക്കപ്പെടുന്ന ഈ കാലയളവിൽ അനുയോജ്യമായ കാർഷിക ഭൂപരിപാലന നയമാണ് ജൈവകേരള ലക്ഷ്യപ്രാപ്തിയിലേക്കുള്ള ആദ്യ ചവിട്ടുപടി.


ജൈവകൃഷി എന്ന ആശയത്തിലേക്കുള്ള ചുവടുമാറ്റത്തിന്‌ പ്രേരകമായത് കീടനാശിനിപ്രയോഗവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ആശങ്കകളായിരുന്നുവല്ലോ! 2008-ൽത്തന്നെ അവലംബിച്ച ജൈവകാർഷികനയവും തുടർന്ന് സ്വീകരിച്ച പ്രായോഗികതീരുമാനങ്ങളും ഈ രംഗത്ത് ശക്തമായ ഇടപെടലുകൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ, കേരളത്തിലെ രാസകീടനാശിനി ഉപഭോഗം കീടനാശിനികൾ, കുമിൾനാശിനികൾ, കളനാശിനികൾ എന്നീ പ്രധാനഗണങ്ങളിലായി 1173.62 മെട്രിക് ടൺ (2013-’14) എന്ന നിലയിലെത്തിയിരിക്കുന്നു. മുൻവർഷത്തെ ഉപഭോഗത്തിന്റെ ഇരട്ടിയോളം വരും ഇത്. 48 ശതമാനംവരുന്ന കീടനാശിനികളും 40 ശതമാനംവരുന്ന കുമിൾനാശിനികളും അടങ്ങുന്ന ഈ ഗണത്തിൽ കളനാശിനികളുടെ ഉപഭോഗ(12 ശതമാനം)വളർച്ച ദ്രുതഗതിയിലാണ്. കാർഷികരംഗത്തെ തൊഴിൽക്ഷാമവും ഉയർന്ന കൂലിച്ചെലവും കണക്കിലെടുക്കുമ്പോൾ കളനിയന്ത്രണത്തിനായി രാസവസ്തുക്കൾ ഉപയോഗിക്കുന്ന രീതി വ്യാപകമാകുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ (2012-’13 മുതൽ 2013-’14 വരെ) രാസകീടനാശിനിപ്രയോഗം നടത്തിയ കൃഷിഭൂവിസ്തൃതി 1.087 ലക്ഷം ഹെക്ടറിൽനിന്ന് 13.58 ലക്ഷം ഹെക്ടറായി ഉയർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു (ഇക്കണോമിക് റിവ്യൂ 2014). എന്നാൽ, കളനാശിനികളുടെ ഉപഭോഗം കൂടുമ്പോഴും അവ ഉപയോഗിക്കുന്ന ഭൂവിസ്തൃതി കുറയുന്നതായിട്ടാണ് കാണുന്നത്. (22,459 ഹെക്ടറിൽനിന്ന്‌ 14,036 ഹെക്ടർ) ആശ്വാസകരമായ സംഗതി, രാസകീടനാശിനികളുടെയും കുമിൾനാശിനികളുടെയും ഉപഭോഗത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുറവാണ് (15 വർഷത്തെ കണക്കുകൾ വിശകലനം ചെയ്യുമ്പോൾ).

നമ്മുടെ ജൈവകൃഷി ദേശീയമാതൃകയായി അംഗീകരിക്കുന്നതിന്റെ സൂചനകൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ജൈവോത്‌പന്ന കമ്പോളം, കർഷകക്ഷേമത്തിനനുകൂലമാക്കാനും നമുക്കാവണം
(അഭിപ്രായങ്ങൾ വ്യക്തിപരം)