Mathrubhumi
IST:

Strict Standards: mktime(): You should be using the time() function instead in /home/mathrubh/public_html/extras/parampara/php/banners.php on line 7
Mathrubhumi Parampara
തിരുവാഭരണപാതയിലൂടെ

കെ.ആര്‍.പ്രഹ്ലാദന്‍


പേരൂച്ചാല്‍ പാലത്തിനായി ഇനിയും കാത്തിരിക്കണോ...

പത്തനംതിട്ട: പുതിയകാവ് ക്ഷേത്രത്തില്‍ നിന്ന് മൂക്കന്നൂര്‍, ഇടപ്പാവൂര്‍, പേരൂച്ചാല്‍ വഴി കീക്കൊഴൂരിലേക്ക് തിരുവാഭരണം എത്തുന്നതിന് ഒരു വലിയ കടമ്പയുണ്ട്. ഇനിയും സാക്ഷത്കരിക്കാത്ത പേരൂച്ചാല്‍ പാലം. അഞ്ചുതൂണുകള്‍ പാലം ഇവിടെ വരുമെന്നതിന്റെ സാക്ഷ്യമായി നില്‍ക്കുന്നു.

കരാറുകാരനും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് പാലം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഇടയാക്കിയത്.
ഒന്നരവര്‍ഷംകൊണ്ട് തീരേണ്ട പണി മൂന്ന് വര്‍ഷമായിട്ടും തീര്‍ന്നിരുന്നില്ല. ധനസഹായം ചെയ്ത നബാര്‍ഡിനും ഇതില്‍ എതിര്‍പ്പുണ്ടായി. പിന്നീട് വിശദീകരണം ചോദിച്ച പി.ഡബ്ല്യു.ഡി.യും കരാറുകാരനും തര്‍ക്കത്തിലായി. പണി നിന്നുപോവുകയും ചെയ്തു.
പണി പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പരിശ്രമം തുടരുകയാണ്. പണി പൂര്‍ത്തീകരിക്കാന്‍, ടെന്‍ഡര്‍ കഴിഞ്ഞെങ്കിലും പഴയ തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടെന്ന് സംശയം വന്നു.

ചെന്നൈയില്‍നിന്ന് വിദഗ്ദ്ധ സംഘം ഇവിടം ജൂലായില്‍ സന്ദര്‍ശിച്ചു. രൂപകല്‍പനയില്‍ വ്യത്യാസം വരുത്താന്‍ പറഞ്ഞു. പുതുക്കിയ രൂപകല്‍പന തയാറാക്കി എസ്റ്റിമേറ്റ് രൂപപ്പെടുത്തുകയാണ്. ഏതാനും മാസങ്ങള്‍ക്കകം പണി തുടങ്ങാനാകും.
തിരുവാഭരണവുമായി ഇവിടെ തോണിയില്‍ കടത്തുകടക്കുകയെന്നത് വളരെ ശ്രമകരമാണ്. പി.ഡബ്ല്യു.ഡി. നേതൃത്വത്തില്‍ ഇവിടെ തോണികള്‍ ഏര്‍പ്പെടുത്താറുണ്ട്.

പുതിയപാലം പണിയുമ്പോള്‍ പമ്പയുടെ തീരത്തെ പരമ്പരാഗത പാതയിലേക്ക് ഇറങ്ങാന്‍ പ്രത്യേകം പടിവേണമെന്ന് തിരുവാഭരണപ്പാത സംരക്ഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.നിലവില്‍ കീക്കൊഴൂര്‍-റാന്നി റോഡില്‍ ആയിക്കല്‍ വഴിയാണ് യാത്ര. കീക്കൊഴൂര്‍, മൂഴിക്കമണ്ണിപ്പടി, താനുവേലിപ്പുരയിടം, വിളയില്‍ പുരയിടം വഴി പുഴയോരത്തുകൂടി ആയിക്കല്‍ എത്തുന്നതാണ് യഥാര്‍ത്ഥ പാത.ഇത് ചെറുകോല്‍ വില്ലേജിലാണ്. ഇവിടെ മേജര്‍ ഇറിഗേഷന്‍ സംരക്ഷണഭിത്തി പണിയാന്‍ എസ്റ്റിമേറ്റ് എടുത്തു.വളരെ പഴക്കമുള്ള പൂമരങ്ങള്‍ നിറഞ്ഞ പരമ്പരാഗത പാതയില്‍ യാത്ര അസാധാരണ അനുഭവമാണ്. പുഴയുടെ കുളിര്‍കാറ്റ് ഒരുവശത്ത്. പൂമരങ്ങളുടെ തണല്‍ പറ്റി ഒരുയാത്ര. ഇത് സംരക്ഷിക്കപ്പെടേണ്ട പൈതൃക ഭൂമിതന്നെ.പേങ്ങാട്ടുകടവിലെ പാലം: സര്‍വേ മാത്രം മതിയോ...?


പേങ്ങാട്ട് കടവില്‍ എത്തിയാല്‍ പമ്പയിലെ ശാന്തമായ ഒഴുക്കു കാണാം. പാറകളെ തഴുകിയൊഴുകുന്ന വെള്ളം. തിരുവാഭരണഘോഷയാത്ര വളരെ പുലര്‍ച്ചെയാണ് ഇതുവഴി കടന്നുപോകുന്നത്. താല്‍ക്കാലിക പാലംവഴിയാണ് ഇപ്പോള്‍ ഇതുവഴി തിരുവാഭരണയാത്ര. സ്ഥിരംപാലത്തിന് സര്‍വേ നടന്നിട്ടുണ്ട്. രണ്ടുവര്‍ഷത്തിനകം ഇതുവഴി പാലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പേങ്ങാട്ടുകടവിലേക്ക് കടന്നുവരാനുള്ള പാതയാണ് ദുര്‍ഘടം. മന്ദിരം-ഇടക്കുളം-പള്ളിക്കമുരുപ്പ് എത്താന്‍ പ്രയാസംതന്നെ. വടശ്ശേരിക്കര പഞ്ചായത്താണ് ഇവിടെ സൗകര്യമൊരുക്കേണ്ടത്. കടവിലേക്ക് വഴിവിളക്കുമില്ല. ഹൈമാസ്റ്റ് ലൈറ്റിന്റെ സാന്നിധ്യം അനിവാര്യം.

കടവിലേക്കുള്ള വഴിയില്‍ കൈയേറ്റമുണ്ടായിരുന്നത് അളന്നുതിരിച്ചെങ്കിലും വീണ്ടും സര്‍ക്കാര്‍ഭൂമി പിടിച്ചെടുക്കാന്‍ നീക്കമുണ്ടായി. ഇത് തിരുവാഭരണപാത സംരക്ഷണസമിതി ഇടപെട്ട് തടഞ്ഞിരുന്നു. ഏറ്റവും കൗതുകകരമായ കാര്യം സര്‍ക്കാര്‍ഭൂമിയില്‍വച്ച റവന്യു ഉദ്യോഗസ്ഥന്റെ കെട്ടിടമാണ്. ഇവിടെ വീടൊഴികെയുള്ള ഇടങ്ങള്‍ വിട്ടുകൊടുക്കാനാണ് കളക്ടര്‍ നിര്‍ദേശിച്ചത്.

പേങ്ങാട്ടുകടവില്‍ എത്തിയപ്പോഴാണ് പഞ്ചായത്തംഗം കെ.വി.ലാലിന്റെ വിളി വന്നത്. മാധ്യമസംഘം എത്തിയെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം ബന്ധപ്പെട്ടതാണ്. പള്ളിക്കമുരുപ്പില്‍നിന്ന് പേങ്ങാട്ടുകടവിലേക്ക് 450 മീറ്റര്‍ ടാര്‍ചെയ്യാന്‍ 4 ലക്ഷം രൂപ അനുവദിച്ചെന്ന സന്തോഷവാര്‍ത്തയാണ് അദ്ദേഹം അറിയിച്ചത്. കടവും സമീപപ്രദേശവും കോണ്‍ക്രീറ്റ് ചെയ്യാന്‍ മറ്റൊരു 4 ലക്ഷവും അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. പേങ്ങാട്ടുകടവിനക്കരെയും കടവ് കോണ്‍ക്രീറ്റുചെയ്യാന്‍ തുക അനുവദിച്ചതായി വാര്‍ഡംഗം സ്വപ്ന സൂസനും പറയുന്നു.

പക്ഷേ, ഇതൊക്കെ നല്ല കാര്യമാണെങ്കിലും സ്ഥിരം പാലത്തിനുള്ള നീക്കങ്ങളാണ് വേണ്ടത്. തിരുവാഭരണപാതയില്‍ ഇതൊക്കെ എന്നേ വരേണ്ടവയാണ്. അതിന് കഴിയാതെപോയത് ജനപ്രതിനിധികളുടെ പരാജയമാണെന്ന് പരിസരവാസികള്‍ പറയും. ഇവിടെ പാലത്തിന് ആന്‍േറാ ആന്‍റണി എം.പി.യുടെ വാഗ്ദാനവുമുണ്ട്.

പാലം വന്നാല്‍ വടശ്ശേരിക്കരയ്ക്ക് രണ്ടര കിലോമീറ്റര്‍ ദൂരം കുറയുകയും ചെയ്യും. വടശ്ശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രത്തിനുമുന്നില്‍ കൈയേറ്റഭൂമി ഇനിയും കണ്ടെത്താനുണ്ട്. പ്രധാന റോഡില്‍ കടക്കാതെ നേരെ പോകാനുള്ള വഴി ഉണ്ടാക്കാനാകും. പക്ഷേ, ഒരു സ്വകാര്യകമ്പനി ഇതിന് തടസ്സമുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം.

വടശ്ശേരിക്കര കഴിഞ്ഞ് പൂവ്വത്തുംമൂട് പാലത്തിനു സമീപംമുതല്‍ റോഡ് വളരെ മോശമായിക്കിടക്കുകയാണ്. ഇവിടെ 18 മീറ്റര്‍വരെ വീതി റോഡിനുണ്ട്. അത് കണ്ടെത്തി ടാര്‍ ചെയ്യണം. പാലം കഴിഞ്ഞ് എത്തുമ്പോള്‍ വെള്ളാരമണ്ണില്‍ ജി. ഹരി തിരുവാഭരണപാതയുടെ വികസനസാധ്യതകളെക്കുറിച്ച് പറഞ്ഞു. തിരുവാഭരണം ഇറക്കിവെക്കുന്ന അപൂര്‍വം വീടുകളില്‍ ഒന്നാണ് ഹരിയുടേത്. അമ്മ നേര്‍ന്ന വഴിപാടുകളെക്കുറിച്ചും പാതയിലെ പരമ്പരാഗത മാര്‍ഗങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ശബരിമല ഉള്‍പ്പെടുന്ന പെരുനാട് പഞ്ചായത്തില്‍ നടക്കാന്‍പോകുന്ന സാധ്യതകളെക്കുറിച്ച് അവിടെ കൂടിയിരുന്നവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം ഇരുട്ടിലായിപ്പോയ വഴികള്‍ വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. ഇക്കുറി ജനറേറ്റര്‍ വെക്കും -പഞ്ചായത്തംഗം ഉറപ്പുനല്‍കി.

നാളികേരം ഉടയ്ക്കലും കയര്‍ വഴിപാടുമൊക്കെയായി അസാധാരണമായ ആത്മീയതലങ്ങളിലൂടെ ഭഗവാന്റെ തിരുവാഭരണം കടന്നുപോകുന്നത് ഇവിടെയെത്തിയാല്‍മാത്രം കാണാനാകുന്ന കാഴ്ചയാണ്. കൂടക്കാവില്‍, വെള്ളാമണ്ണില്‍, അറയ്ക്കല്‍ എന്നീ വീടുകളില്‍ തിരുവാഭരണപേടകം ഇറക്കിവെക്കാറുണ്ട്. മോരും സംഭാരവും നെല്ലിക്കയും നല്‍കിയാണ് ഭക്തരെ വരവേല്‍ക്കുന്നത്. കയര്‍വഴിപാട് വയറ്റിലെ അസുഖങ്ങള്‍ മാറാനാണെന്ന് വെള്ളാമണ്ണില്‍ ജി.ഹരി പറയുന്നു. അയ്യപ്പഭക്തര്‍ക്കും തിരുവാഭരണവാഹകര്‍ക്കും പായസം വെച്ചുനല്‍കാമെന്ന് അമ്മ വഴിപാടു നേര്‍ന്നാണ് തന്റെ ജനനമെന്ന് ഹരി ഓര്‍മ്മിച്ചു. ഇപ്പോഴും അവിടെ ഭക്തര്‍ക്ക് പായസം നല്‍കുന്നു.

മേലേക്ക് പോകുമ്പോള്‍ കൂനങ്കര, ചപ്പാത്ത്, ചെമ്പാലൂര്‍ സ്‌കൂള്‍വഴി പുതുക്കട ളാഹ എസ്റ്റേറ്റ് വഴിയിലേക്ക് യാത്ര പ്രവേശിക്കും. ഇവിടെ പാത 12 മീറ്ററോളം വിട്ടുകിട്ടാന്‍ എത്രയോ കാലത്തെ പ്രയത്‌നം വേണ്ടിവന്നു. അതിന്റെ വിവരങ്ങള്‍ നാളെ.First :: Prev :: [1] [2] :: Next :: Last
മറ്റു പരമ്പരകള്‍

Strict Standards: mktime(): You should be using the time() function instead in /home/mathrubh/public_html/extras/parampara/php/banners.php on line 7