സുലഭം, വാടകഗര്‍ഭപാത്രങ്ങള്‍
പി. യാമിനി
ഗര്‍ഭപാത്രം വാടകയ്ക്ക്! പത്രത്തില്‍ ഈ പരസ്യം കണ്ട് ഞെട്ടേണ്ട. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നത് മെട്രോ നഗരങ്ങളിലുംമറ്റും വാര്‍ത്തയേ അല്ല. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്കി കുഞ്ഞുങ്ങളെ പ്രസവിച്ചു നല്കുന്ന വാടകയമ്മമാര് (സറോഗേറ്റ് അമ്മമാര്‍) ഇന്ത്യയിലും ധാരാളമായിക്കഴിഞ്ഞു. നടന് ആമിര്‍ഖാനും ഭാര്യ കിരണ്‍റാവുവും തങ്ങള്‍ക്ക്
വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുണ്ടായതും അത് ലോകത്തോട് വിളിച്ചുപറഞ്ഞതും ഈ സമ്പ്രദായത്തിന് വന്‍ജനശ്രദ്ധ നേടിക്കൊടുത്തു.
ഗുജറാത്തിലെ ആനന്ദും മുംബൈയും ബാംഗ്ലൂരും കടന്ന് കേരളത്തിലെ നഗരങ്ങളില്‍വരെ ഇതിന്റെ വേരുകള്‍ പടര്‍ന്നുകിടക്കുകയാണ്. വിദേശരാജ്യങ്ങളില്‍ നിന്നുപോലും വാടകയമ്മമാരെത്തേടി ആളുകള്‍ ഇന്ത്യയിലേക്കെത്തിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഈ സമ്പ്രദായത്തെക്കുറിച്ചും അതിന്റെ വാണിജ്യ-സാമൂഹിക അവസ്ഥയിലേക്കും വെളിച്ചംവീശുന്ന പരമ്പര
വാടകയ്ക്ക് ഒരമ്മ
ബാംഗ്ലൂര്‍ നഗരത്തിലെ പ്രശസ്തമായ വന്ധ്യതാ ക്ലിനിക്കാണ് ബാംഗ്ലൂര്‍ അസിസ്റ്റഡ് കണ്‍സപ്ഷന്‍ സെന്റര്‍. വൈകിട്ട് ആറ് മണി. കാമാക്ഷിപാളയ സ്വദേശിനിയായ വീണ (28 -പേര് സാങ്കല്പികം) ഇരട്ട ആണ്‍കുട്ടികളെ പ്രസവിച്ച് മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളൂ. അടുത്ത ദിവസം ആസ്പത്രി വിടുമ്പോള്‍ അവള് ഒറ്റയ്ക്കായിരിക്കും മടങ്ങുക. ജന്മം നല്കിയ കുഞ്ഞുങ്ങളെ ഇനിയൊരിക്കലും താന്‍ കാണില്ലെന്ന ഉറപ്പ് ആ മുഖത്ത് തെളിഞ്ഞിരുന്നു. പ്രസവിച്ച രണ്ട് കുരുന്നുകളെയും അവരുടെ ജനിതക അച്ഛനമ്മമാര്‍ക്ക് നല്‍കിയാണ് വീണ മടങ്ങുക. വിദേശ രാജ്യത്തെ കുഞ്ഞില്ലാത്ത ഏതോ ദമ്പതിമാര്‍ക്ക് തന്റെ ഗര്‍ഭപാത്രത്തിലൂടെ രണ്ട് കുരുന്നുകളെ നല്‍കാനായതിന്റെ സന്തോഷവും ആ ആസ്പത്രിക്കിടക്കയില്‍ വെച്ച് അവര്‍ പങ്കുവെച്ചു. ഇതിന് പ്രതിഫലമായി ലഭിക്കുന്നതാകട്ടെ ലക്ഷക്കണക്കിന് രൂപയും.
കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്കി കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പതിനായിരക്കണക്കിന് വാടകയമ്മമാരില് (സറോഗേറ്റ് അമ്മ) ഒരാള്‍ മാത്രമാണ് വീണ. പ്രതീക്ഷിക്കാവുന്നതുപോലെ ദാരിദ്ര്യവും കുടുംബപ്രശ്നങ്ങളുംതന്നെയാണ് രാജ്യത്തെ മിക്ക ഭാഗങ്ങളിലെ സ്ത്രീകളെയും ഇതിന് പ്രേരിപ്പിക്കുന്നത്. ഒരിക്കലും കുട്ടികളുണ്ടാകില്ലെന്ന് വൈദ്യശാസ്ത്രം പറയുന്ന ദമ്പതിമാര്‍ക്ക് സ്വന്തം ജനിതകപാരമ്പര്യത്തില് ഒരു കുട്ടിയുണ്ടാകാനുള്ള മാര്‍ഗമാണ് സറോഗസി അഥവാ പകരം വെപ്പ് . ലോകമൊട്ടുക്കുള്ള ഒട്ടേറെ ദമ്പതിമാര്‍ക്ക് പകരംവെപ്പ് അനുഗ്രഹമായിട്ടുണ്ട്. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പകരംവെപ്പിന്റെ നിയമങ്ങള്‍ അത്ര ശക്തമല്ലാത്തതിനാല് പാശ്ചാത്യര്‍ ഇന്ത്യയ്ക്ക് സറോഗസി ഹബ്ബ് ( പകരംവെപ്പിന്റെ ആസ്ഥാനം ) എന്നാണ് ചെല്ലപ്പേര് നല്‍കിയിരിക്കുന്നത്.
* * *
കൊച്ചിയിലും ബാംഗ്ലൂരിലും ശാഖകളുള്ള പ്രശസ്തമായ ഒരു വന്ധ്യതാ ആസ്പത്രിയിലെ വന്ധ്യതാ വിദഗ്ധനായ ഡോക്ടറില്‍ നിന്നറിയാന്‍ കഴിഞ്ഞത്- അദ്ദേഹത്തിന്റെ സുഹൃത്തും ഹൃദ്രോഗവിദഗ്ധനുമായ ഒരാള്‍ക്ക് വിവാഹം കഴിഞ്ഞ് വര്ഷങ്ങള്കഴിഞ്ഞിട്ടും കുട്ടികളില്ല. നേര്‍ച്ചകളും പ്രാര്‍ഥനകളും ഒട്ടേറേ നടത്തി. ഒടുവില്‍ ഒരുനാള്‍ വന്ധ്യതാ ചികിത്സാ വിദഗ്ധനായ സുഹൃത്തിനെ അഭയം പ്രാപിച്ചു. ഹൃദ്രോഗ വിദഗ്ധന്റെ ഭാര്യയ്ക്ക് ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ താങ്ങാനാകില്ലെന്ന് വൈദ്യലോകം നേരത്തേ വിധിയെഴുതിയിരുന്നു. അപ്പോള്‍ വന്ധ്യതാ ചികിത്സാ വിദഗ്ധന്തന്നെയാണ് അദ്ദേഹത്തിന് പകരംവെപ്പിലൂടെ കുട്ടികളുണ്ടാകാനുള്ള സാധ്യതയെപ്പറ്റി അവരോട് പറഞ്ഞത്. വാടകയമ്മയെ കിട്ടിയാല്‍ എത്ര തുക വേണമെങ്കിലും മുടക്കാന്‍ തയ്യാറായവരായിരുന്നു ഹൃദ്രോഗവിദഗ്ധനും ഭാര്യയും.
* * *
വൈദ്യപരിശോധനയില്‍ ഇനിയൊരിക്കലും സ്വാഭാവിക മാര്‍ഗത്തിലൂടെ കുട്ടികളുണ്ടാകില്ലെന്ന് തെളിഞ്ഞവരാണ് വാടകയമ്മമാരെ തിരഞ്ഞെത്തുന്നത്. സ്വാഭാവിക മാര്ഗത്തിലല്ലെങ്കിലും ഇന്‍-വിട്രോ ഫെര്ട്ടിലൈസേഷനി (ഐ. വി.എഫ്.) ലൂടെയെങ്കിലും സ്വന്തം ജനിതക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കുഞ്ഞെന്ന സ്വപ്നമാണ് ദമ്പതിമാരെ പകരംവെപ്പിന് പ്രേരിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ ഒന്നടങ്കം പറയുന്നു. ഇതിന്റെ നിയമവശങ്ങള്‍ ഇന്നും പ്രാരംഭാവസ്ഥയിലാണെങ്കിലും ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളില്‍ നിന്നും വാടകയമ്മമാരെത്തേടി ആളുകള്‍ ഇന്ത്യയിലേക്കെത്തുന്നുണ്ട്. നപ്രധാനകാരണം ഇതിന് ഇന്ത്യയില്‍ ചെലവ് കുറവാണെന്നതാണ്.
പകരം ഗര്‍ഭധാരണം എന്നാണ് സറോഗസിക്ക് - പകരംവെപ്പിന് - നല്‍കിയിരിക്കുന്ന പേര്. കൃത്രിമ ഗര്‍ഭധാരണ സാങ്കേതികവിദ്യാ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വൈദ്യസഹായത്തോടെയുള്ള കൃത്രിമ ഗര്‍ഭധാരണ സാങ്കേതികവിദ്യ വഴി ഒരു സ്ത്രീ ഗര്‍ഭം ധരിക്കുന്നതിനാണ് പകരംവെപ്പ് എന്ന് പറയുന്നത്. മറ്റൊരു പുരുഷന്റെയും സ്ത്രീയുടെയും ബീജവും അണ്ഡവും ഗര്ഭപാത്രത്തിന് പുറത്തുവെച്ച് കൃത്രിമ ബീജസംയോഗം നടത്തിയ ശേഷം ഭ്രൂണം വാടകഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് നടത്തുന്ന രീതിയാണ് ഇത്. ഇത്തരത്തില്‍ വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കുന്നവരെ സറോഗേറ്റ് അമ്മമാര്‍ (വാടകയമ്മമാര്) എന്ന് പറയുന്നു. രണ്ടുതരം ആവശ്യക്കാര്‍, കുഞ്ഞിനെ ആവശ്യമുള്ളവരും പണമാവശ്യമുള്ളവരും ഇവിടെ ഒന്നിച്ചുചേരുകയാണ്.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വാടകയമ്മമാരെ തേടി ദമ്പതികള്‍ എത്തുന്നത് ഇന്ത്യയിലേക്കാണ്. ചെലവ് കുറവാണെന്നതിന് പുറമേ, നിയമപരമായും വലിയ നൂലാമാലകളില്ലെന്നതും ഇവര്‍ക്ക് അനുഗ്രഹമാണ്. അമുല്‍ പാലിന് പേരുകേട്ട ഗുജറാത്തിലെ ആനന്ദാണ് ഇന്ത്യയിലെ പകരംവെപ്പിന്റെ 'തലസ്ഥാനം'. ബാംഗ്ലൂരും ആദ്യ വാടകപ്രസവം നടന്ന ചെന്നൈയും തൊട്ടടുത്തുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യാസ്പത്രിയില്‍ വാടക പ്രസവം വഴി ആദ്യകുഞ്ഞുണ്ടായിട്ട് ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കേരളത്തില്‍ ഈ സമ്പ്രദായത്തിന് അത്രയധികം പ്രചാരം ലഭിച്ചിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വരുംവര്‍ഷങ്ങളില്‍ ഈ സ്ഥിതി മാറിയേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ചില ഞെട്ടലുകളും
രണ്ടു വര്‍ഷംമുമ്പ് കൊച്ചിയിലെ ഒരു പ്രശസ്ത ഗൈനക്കോളജിസ്റ്റിനെ കാണാന്‍ മാലി ദ്വീപില്‍ നിന്ന് മലയാളികളായ ഒരമ്മയും മകളുമെത്തി. 16 വയസ്സാണ് മകള്‍ക്ക്. അവള്‍ക്ക് ഗര്‍ഭപാത്രവും അണ്ഡാശയവും ഇല്ല. വിവാഹം കഴിക്കാനാവുമോ എന്നായിരുന്നു സംശയം. ഡോക്ടര്‍ അവരോട് പകരംവെപ്പിന് ശ്രമിച്ചുകൂടേ എന്ന് ചോദിച്ചു. അമ്മയോ സഹോദരിയോ അണ്ഡം നല്കി സ്വന്തം ജനിതക പാരമ്പര്യത്തില്‍ കുഞ്ഞുണ്ടാകാനാവുമെന്ന് ഡോക്ടര്‍ പറഞ്ഞത് ഒരു ഉള്‍ക്കിടിലത്തോടെയാണ് അവര്‍ കേട്ടത്. സ്വന്തം കുഞ്ഞ് മറ്റൊരാളുടെ ഗര്‍ഭപാത്രത്തിലോ എന്ന ന്യായമായ സംശയമായിരുന്നു അവര്‍ക്ക്. പിന്നീട് അവര്‍ പരിശോധനയ്ക്ക് വന്നില്ലെന്ന ഡോക്ടര്‍ പറഞ്ഞു.
ഒരേ ദിവസം കുഞ്ഞ് രണ്ട്
ഒരു കുഞ്ഞുണ്ടാകണമെന്ന ആഗ്രഹവുമായി വര്‍ഷങ്ങള്‍ കാത്തിരുന്ന ഡല്‍ഹി സ്വദേശികളായ രാജേഷിനും ഭാര്യ വീണയ്ക്കും (പേരുകള്‍ സാങ്കല്പികം) കഴിഞ്ഞദിവസം കുഞ്ഞുണ്ടായത് ഇരട്ടിമധുരമായി.
ഇവര്‍ക്കുവേണ്ടി വാടകയ്ക്ക് ഗര്‍ഭപാത്രം നല്കിയ സ്ത്രീയും വീണയും ഒരേ ദിവസം ആണ്‍കുഞ്ഞിനും ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കിയതാണ് രാജേഷിനും വീണയ്ക്കും ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കിയത്. ഡല്‍ഹിയില്‍ പ്രതിരോധമേഖലയില്‍ ജോലി ചെയ്യുന്ന രാജേഷ് 'വാടകയമ്മയെ' അന്വേഷിച്ചാണ് അഹമ്മദാബാദിലെത്തിയത്. നാല് തവണ ഐ.വി.എഫ്. ചികിത്സ നടത്തി എല്ലാ പ്രതീക്ഷയും നശിച്ചിരുന്നു അവര്‍ക്ക്. അവര്‍ ആനന്ദിലെ ഡോ. നയന പാട്ടീലിന്റെ ക്ലിനിക്കിലെത്തി. ആദ്യം ദത്തെടുക്കലിനെക്കുറിച്ച് ആലോചിച്ചെങ്കിലും അതിന്റെ കാലതാമസം കണക്കിലെടുത്താണ് 'പകരംവെപ്പിന്' ഇവര്‍ തുനിഞ്ഞത്.
ഫിബ്രവരി 27-ന് 'വാടകയമ്മയുടെ' ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചപ്പോള്‍, വീണ മാര്‍ച്ച് 12-ന് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു. ഒക്ടോ. 12-ന് വാടകയമ്മ പ്രസവിച്ചപ്പോള്‍ വീണയും അതേദിവസം സിസേറിയനിലൂടെ മറ്റൊരു കുഞ്ഞിന് ജന്മം നല്കി.