Mathrubhumi
IST:
Mathrubhumi Parampara
സുരക്ഷിതത്വമില്ലാതെ റോഡും നാടും

പി.വി. ജ്യോതി




'കറുത്ത പാടുകള്‍' ആയിരക്കണക്കിന്


കേരളത്തില്‍ ഗതാഗതസുരക്ഷാ അതോറിറ്റി ഈയിടെ നടത്തിയ പരിശോധനയില്‍ ഏറ്റവും അപകടസാധ്യതയുള്ള 216 സ്ഥലങ്ങള്‍ കണ്ടെത്തി. ബ്ലാക്ക് സ്‌പോട്ടുകള്‍ അഥവാ 'കറുത്ത പാടുകള്‍' എന്നാണ് ഈ സ്ഥലങ്ങള്‍ക്ക് പേരിട്ടത്. സംസ്ഥാനത്ത് ഏതാനും പ്രധാനറോഡുകള്‍ മാത്രം പരിശോധിച്ചാണ് അധികൃതര്‍ ഇത്രയേറെ ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടുപിടിച്ചത്. എന്നാല്‍, ഒന്നരലക്ഷത്തിലധികം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൊത്തം റോഡുകള്‍ പരിശോധിച്ചാല്‍ ആയിരക്കണക്കിന് ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്താനാവും.
ബ്ലാക്ക് സ്‌പോട്ടുകള്‍ നിര്‍ണയിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിര്‍ദേശിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തിനിടെ മൂന്ന് അപകടമുണ്ടാവുകയും രണ്ടുപേരെങ്കിലും മരിക്കുകയും ചെയ്ത സ്ഥലങ്ങളാണ് ബ്ലാക്ക് സ്‌പോട്ട് ആയി കണക്കാക്കുന്നത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള ദേശീയപാതകളില്‍ ഇത്തരം 216 പാടുകള്‍ കണ്ടുപിടിച്ചെങ്കിലും ടാങ്കര്‍ ദുരന്തമുണ്ടായ കണ്ണൂരിലെ ചാല ഇതിലുള്‍പ്പെടുന്നില്ല. കണ്ടെത്തലിന്റെ 'ആധികാരികത' തിരിച്ചറിയാന്‍ ഇതുമാത്രം മതി. കണ്ണൂര്‍ ജില്ലയില്‍ കണ്ടെത്തിയത് ആകെ ആറ് ബ്ലാക്ക് സ്‌പോട്ടുകളാണ്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍- 34 എണ്ണം. 33 ബ്ലാക്ക് സ്‌പോട്ടുകളുള്ള എറണാകുളത്തിന് രണ്ടാംസ്ഥാനമുണ്ട്. കോഴിക്കോടിന് മൂന്നാം സ്ഥാനവും തിരുവനന്തപുരത്തിന് നാലാം സ്ഥാനവും തൃശ്ശൂരിന് അഞ്ചാം സ്ഥാനവുമാണ്.



നാല് ഭാഗങ്ങളായി തിരിച്ചാണ് ബ്ലാക്ക് സ്‌പോട്ടുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. 60 സ്ഥലങ്ങളില്‍ നാലരക്കോടി രൂപ ചെലവില്‍ പരിഹാര നടപടികള്‍ സ്വീകരിച്ചത് ഗുണകരമാണെന്നാണ് വിലയിരുത്തല്‍. ഡിവൈഡറുകള്‍ ശാസ്ത്രീയമായ രീതിയില്‍ പുതുക്കിപ്പണിയുക, റിഫ്ലക്ടറുകള്‍, അടയാളങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുക, റോഡിന് വീതികൂട്ടുക എന്നിവയാണ് നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തില്‍ എട്ടരക്കോടി രൂപ ചെലവില്‍ 50 സ്ഥലങ്ങളിലും മൂന്നാംഘട്ടത്തില്‍ അഞ്ചരക്കോടി രൂപ ചെലവില്‍ 50 സ്ഥലങ്ങളിലും നാലാംഘട്ടത്തില്‍ 10 കോടിരൂപ ചെലവില്‍ 66 സ്ഥലങ്ങളിലും നവീകരണ പ്രവൃത്തി നടത്താനാണ് തീരുമാനം.
ഗതാഗത സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്നവര്‍ പൂര്‍ണമായും നിഷ്‌ക്രിയരാവുന്നതാണ് നാടിന്റെ ശാപം. നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍ ഇച്ഛാശക്തിയോടെ അത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നില്ല. മേട്ടോര്‍വാഹന വകുപ്പിനും പോലീസിനുമാണ് ഇതിന്റെ ഉത്തരവാദിത്വം. ഓരോ തവണയും അപകടങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് അധികൃതര്‍ ഉണരുന്നത്. ഏതാനും പ്രഖ്യാപനങ്ങള്‍ നടത്തി പിന്‍വാങ്ങുന്നവര്‍ പിന്നെ ഉണരുന്നത് അടുത്ത അപകടമുണ്ടാവുമ്പോള്‍ മാത്രം.


ദേശീയപാതകള്‍ നാലുവരിയാക്കുകയും കൃത്യമായ മാനദണ്ഡ പ്രകാരം ഡിവൈഡറുകളും സര്‍വീസ് റോഡുകളും നിര്‍മിക്കുകയും ചെയ്താല്‍ കുറഞ്ഞപക്ഷം ദേശീയപാതകളിലെങ്കിലും അപകടങ്ങളുടെ എണ്ണം കുറയും.

വാഹനങ്ങള്‍ 73 ലക്ഷം; പരിശോധകര്‍ 478


കേരളത്തിലെ റോഡുകളിലോടുന്ന 73 ലക്ഷം വാഹനങ്ങള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പില്‍ ആകെയുള്ളത് 478 ജീവനക്കാര്‍. എം.വി.ഐ, എ.എം.വി.ഐ., എന്നീ ഫീല്‍ഡ് ഉദ്യോഗസ്ഥരുടെ കുറവ് വാഹന പരിശോധനയെ കാര്യമായി ബാധിക്കുന്നുണ്ട്.
ഡ്രൈവിങ് ടെസ്റ്റ്, വാഹനരജിസ്‌ട്രേഷന്‍, അപകടത്തില്‍പെട്ട വാഹനങ്ങളുടെ പരിശോധന തുടങ്ങി എണ്ണമറ്റ ജോലികള്‍ കഴിഞ്ഞിട്ടാണ് ഇവര്‍ റോഡില്‍ പരിശോധനയ്ക്കായി ഇറങ്ങേണ്ടത്. മോട്ടോര്‍ വാഹനവകുപ്പില്‍ 47 എണ്ണത്തിലും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമില്ല. 2004-നു ശേഷം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. പുതുതായി നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കാകട്ടെ ഒരു കണക്കുമില്ല. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം ഒരുലക്ഷം വാഹനങ്ങള്‍ക്കാണ് പുതുതായി രജിസ്‌ട്രേഷന്‍ നല്‍കിയത്.
തിരുവനന്തപുരത്തുമാത്രം 200 മുതല്‍ 250 വരെ പുതിയ വാഹനങ്ങളാണ് ഓരോദിവസവും പുറത്തിറങ്ങുന്നത്. അപകടങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും മൂകസാക്ഷികളാകാനേ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നുള്ളൂ




മറ്റു പരമ്പരകള്‍