നെല്ലിയാമ്പതി നെല്ലും പതിരും: നിയമത്തിന് പുല്ലുവില
പി. സുരേഷ്ബാബു
1933-ലെ വിജ്ഞാപനത്തിലൂടെ നെല്ലിയാമ്പതി മലനിര മുഴുവന്‍ റിസര്‍വ് വനമാക്കിയെന്ന സത്യം മറച്ചുവെച്ചാണ് നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ വനഭൂമിയല്ലെന്ന് ആവര്‍ത്തിക്കുന്നത്
പാവങ്ങളുടെ ഊട്ടിയെന്ന് അറിയപ്പെടുന്ന നെല്ലിയാമ്പതി മലനിര എന്നും വിവാദങ്ങളുടെ വിളഭൂമിയാണ്. കാപ്പിയും ഏലവും തേയിലയും കുരുമുളകും വിളഞ്ഞുനിന്നിരുന്ന 9400 ഏക്കറോളം വനഭൂമി മുറിച്ച് വിറ്റ് കോടികള്‍ ലാഭം കൊയ്യാന്‍ തുടങ്ങിയതോടെ വാര്‍ത്തകള്‍ വിവാദങ്ങളായി. ആദ്യം ബ്രിട്ടീഷുകാരും 1980 വരെ തദ്ദേശവാസികളും ഭൂമി പാട്ടത്തിനെടുത്തത് കൃഷി ചെയ്യാന്‍ മാത്രമായിരുന്നു. അന്ന് വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് വന്നവര്‍ക്ക് ഭൂമി വില്‍പ്പനയായിരുന്നു ലക്ഷ്യം. കൃഷി പേരിനും. 1980-ന് ശേഷം വിവാദമായ ചെറുനെല്ലി എസ്റ്റേറ്റ് മാത്രം നാലു തവണയാണ് വില്‍പ്പന നടത്തിയത്.
ചരിത്രം
പഴയ കൊച്ചി രാജ്യത്തിന്റെയും മദ്രാസ് സംസ്ഥാനത്തിന്റെയും ഭാഗമായിരുന്നു 205 ചതുരശ്ര കിലോമീറ്റര്‍ വരുന്ന നെല്ലിയാമ്പതി മലനിരയും പറമ്പിക്കുളവും. ഇതില്‍ കൊല്ലങ്കോട് കോവിലകത്തിന്റെ കീഴിലുള്ള സ്വാകാര്യ വനം മദ്രാസിന്റെ ഭാഗമായിരുന്നു. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് ഭൂമിയും പറമ്പിക്കുളവും കൊച്ചി രാജ്യത്തിന്റെ കീഴിലും. കൊച്ചി രാജാവ് സ്ഥലങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് പാട്ടത്തിന് നല്‍കി. 1863 മുതലായിരുന്നു ഇത്. 10000 ഏക്കര്‍ വരുന്ന എസ്റ്റേറ്റുകളില്‍ കാപ്പിയും ഏലവും കുരുമുളകും കൃഷി ചെയ്യാന്‍ നല്‍കിയ പാട്ടക്കരാറില്‍ ഒരിക്കലും സ്ഥലങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. മണ്ണ്, മരങ്ങള്‍, ജലസ്രോതസ്സ് തുടങ്ങിയവയുടെ ഉടമസ്ഥത കൊച്ചി രാജാവിനായിരിക്കുമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൃഷി ചെയ്യാന്‍ മാത്രമാണ് അധികാരം നല്‍കിയിരുന്നത്.
52 എസ്റ്റേറ്റുകള്‍ എല്ലാം വനഭൂമി
നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത് 52 എസ്റ്റേറ്റുകള്‍. ഇതിനും ഒരു ചരിത്രമുണ്ട്. 36 എണ്ണം 1909-ന് ശേഷവും 16 എണ്ണം 1863 കാലത്തും. കൊച്ചി രാജാവില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്കാണ് ആദ്യം നല്‍കിയത്. 1909 കാലത്ത് നെല്ലിയാമ്പതിയിലുണ്ടായിരുന്നത് 25 എസ്റ്റേറ്റുകളായിരുന്നു. ഇത് പിന്നീട് വിഭജിച്ചാണ് 52 ആയത്. ചെറുനെല്ലി എസ്റ്റേറ്റ് 1867 സപ്തംബര്‍ 26 നാണ് പാട്ടത്തിന് നല്‍കുന്നത്. കൊച്ചി രാജാവിന്റെ കാലത്ത് നെല്ലിയാമ്പതി റവന്യൂ വകുപ്പിന്റെ കീഴിലായിരുന്നു. അന്ന് വനസംരക്ഷണത്തിന് പ്രത്യേക വകുപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് പാട്ടത്തിന് നല്‍കുമ്പോള്‍ റവന്യൂ പാട്ടം(ക്വിറ്റ് റെന്റ് ലീസ്) എന്നാണ് പറഞ്ഞിരുന്നത്. ചെറുനെല്ലി ഈ ഗണത്തിലായിരുന്നു. എന്നാല്‍, പറമ്പിക്കുളത്ത് ബ്രിട്ടീഷുകാരുടെ വനം കൊള്ള അതിരുവിട്ടതോടെ നെല്ലിയാമ്പതി മലനിര സംരക്ഷിക്കാന്‍ കൊച്ചി രാജാവ് 8.5.1909-ല്‍ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ മുഴുവനായ് റിസര്‍വ് വനമായി വിജ്ഞാപനം ചെയ്തു. ഈ സമയം കൃഷിയിറക്കാതെ തരിശിട്ടിരുന്ന എസ്റ്റേറ്റ് ഭൂമി 1933-ല്‍ രണ്ടാമതൊരു വിജ്ഞാപനത്തിലൂടെ വീണ്ടും റിസര്‍വ് വനമാക്കി.ഇതോടെ നെല്ലിയാമ്പതി മലനിര മുഴുവന്‍ റിസര്‍വ് വനമായി. ഈ സത്യം മറച്ചുവെച്ചാണ് തോട്ടം കൈവശക്കാര്‍ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ വനഭൂമിയല്ലെന്ന് ആവര്‍ത്തിക്കുന്നത്. കേരള സംസ്ഥാനം രൂപപ്പെട്ടതോടെ കൊച്ചി രാജ്യത്തിന്റെ അധീനതയിലുണ്ടായിരുന്ന സ്ഥലങ്ങളെല്ലാം കേരളത്തിന്റെ ഭാഗമായി. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളും. വനം സംരക്ഷിക്കാന്‍ പ്രത്യേക വകുപ്പ് രൂപവത്കരിച്ചതോടെ നെല്ലിയാമ്പതിയുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുത്തു.പാട്ടത്തുക പിരിക്കുന്നത് വനം വകുപ്പിന്റെ ചുമതലയായി. 1980-ലെ കേന്ദ്ര വനസംരക്ഷണ നിയമം വരുന്നതുവരെ റിസര്‍വ് വനത്തിനകത്തെ കൈയേറ്റങ്ങള്‍ക്കെതിരെ കാര്യമായ നടപടികളുണ്ടായിരുന്നില്ല. പാട്ടത്തിന് നല്‍കിയ എസ്റ്റേറ്റുകളില്‍ എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്നതിനും മാര്‍ഗനിര്‍ദേശമുണ്ടായിരുന്നില്ല. എന്നാല്‍, വനസംരക്ഷണ നിയമം വന്നതോടെ വ്യക്തമായ ചട്ടങ്ങള്‍ നിലവില്‍ വന്നു.
വനസംരക്ഷണ നിയമത്തിന് പുല്ലുവില
വനസംരക്ഷണ നിയമപ്രകാരം സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ വനഭൂമിയില്‍ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഗുരുതരമായ കുറ്റമാണ്. പാട്ടഭൂമി മറിച്ചുവില്‍ക്കാനോ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ പാടില്ല. ഭൂമിയിലെ സ്വാഭാവിക ഘടനയ്ക്ക് മാറ്റം വരുത്തുന്നതിന് പോലും വനം വകുപ്പിന്റെ അനുമതി വാങ്ങണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുപോലും കര്‍ശന നിയന്ത്രണം വന്നു. പാട്ടഭൂമി കൈമാറ്റത്തിന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി തേടണം. എന്നാല്‍, ഇതെല്ലാം ലംഘിച്ചാണ് 52 എസ്റ്റേറ്റുകളില്‍ 32 എണ്ണം പ്രവര്‍ത്തിച്ചിരുന്നത്. 1980-ന് ശേഷം 1997 വരെയുള്ള കാലത്ത് നിരവധി തവണ ഈ എസ്റ്റേറ്റുകളില്‍ ഭൂമി വില്‍പ്പന നടന്നു. എന്നാല്‍, വനംവകുപ്പ് ഇത് കണ്ടില്ലെന്ന് നടിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ എല്ലാത്തിനും കൂട്ടുനില്‍ക്കുകയായിരുന്നു.
ഏലവും കാപ്പിയും കൃഷിനടത്താന്‍ നല്‍കിയ സ്ഥലത്ത് നാല് എസ്റ്റേറ്റുകളില്‍ റിസോര്‍ട്ടുകള്‍ ഉയര്‍ന്നു. ചില എസ്റ്റേറ്റ് കൈവശക്കാര്‍ കാപ്പിക്ക് പകരം റബ്ബര്‍ നട്ട് കോടികള്‍ ലാഭം നേടി. ഹെക്ടറിന് ഒന്നര രൂപ പാട്ടത്തുക നല്‍കുന്ന സ്ഥലത്താണ് റബ്ബര്‍ കൃഷിയിറക്കിയത്. ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ ഭൂമി ബാങ്കുകളില്‍ പണയം വെച്ച് കോടികള്‍ വായ്പയെടുത്തു. എല്ലാറ്റിനും വനംവകുപ്പ് കണ്ണടയ്ക്കുകയായിരുന്നു. 2008-ല്‍ മീരാഫ്ലോര്‍സ് എസ്റ്റേറ്റ് 9 കോടി വായ്പയെടുത്തതിന് റവന്യൂ റിക്കവറി നടപടി തുടങ്ങിയപ്പോഴാണ് എസ്റ്റേറ്റ് മാഫിയയുടെ കള്ളക്കളി പുറംലോകം അറിയുന്നത്.