Mathrubhumi
IST:
Mathrubhumi Parampara
ഈ തീവിലയ്ക്കുണ്ടോ മറുമരുന്ന് ?

അനു എബ്രഹാം


ഏതൊരു ഉത്പന്നത്തിന്റെയും വിലവര്‍ധനയ്ക്ക് ഒരു കാരണമുണ്ടാകും. അസംസ്‌കൃത വസ്തുവിന്റെ വിലക്കയറ്റമോ ഉത്പാദനച്ചെലവിലെ വര്‍ധനയോ അങ്ങനെ എന്തെങ്കിലും. എന്നാല്‍ ഒരുന്യായവുമില്ലാതെ വിലകയറുന്ന ഒരു വിപണിയേ ഉള്ളൂ. അത് ഔഷധവിപണിയാണ്.
ആര്‍ക്കും ഉത്പാദിപ്പിക്കാം, വിതരണം ചെയ്യാം, വില്‍ക്കാം, വിലകൂട്ടാം... വേണ്ടത് പേരിനൊരു ലൈസന്‍സ് മാത്രം. രോഗത്താല്‍ വലയുന്നവരെ പൊള്ളിക്കുന്ന വിലയാണ് മരുന്നുകള്‍ക്ക്. സംസ്ഥാനത്ത് അവശ്യമരുന്നുകളുടെ വില ആറുമാസത്തിനിടെ 40 ശതമാനം വരെയാണ് കൂടിയത്. നടപടിയെടുക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും വില ഇപ്പോഴും മുകളിലേക്കുതന്നെ. മരുന്നുവിലയുടെ പിന്നാമ്പുറക്കഥകള്‍ ഞെട്ടിക്കുന്നതാണ്. ഈ ചൂഷണക്കമ്പോളത്തിന്റെ രീതികളിലേക്കും വഴികളിലേക്കും മറുമരുന്നുകളിലേക്കും നീളുന്ന ഒരു പരമ്പര


കാരുണ്യം മരുന്നിനെങ്കിലും വേണ്ടേ?


തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഫിബ്രവരി 12-ന് ഒരു ഫാര്‍മസി തുറന്നു. തലച്ചോറിലെ അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് 8500 രൂപയ്ക്കാണ് തലേന്നുവരെ കിട്ടിയിരുന്നത്. പുതിയ ഫാര്‍മസിയില്‍ ഈ മരുന്നിനെത്തിയവര്‍ നല്‍കേണ്ടിവന്നത് 4400രൂപ മാത്രം!
എല്ലാ ജീവന്‍രക്ഷാമരുന്നുകള്‍ക്കും പൊതു വിപണിയെ അപേക്ഷിച്ച് 22മുതല്‍ 93 ശതമാനം വരെ വിലക്കുറവ്. കൊല്ലുന്ന വിലകൊടുത്ത് മരുന്നു വാങ്ങിയിരുന്നവര്‍ അന്യജില്ലകളില്‍ നിന്നുവരെ ഒഴുകിയെത്തി.
മരുന്നുവാങ്ങി ജീവിതം ശൂന്യമായവര്‍ക്ക് താങ്ങായി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയതായിരുന്നു ആ ഫാര്‍മസി. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ 'കാരുണ്യ' ഫാര്‍മസി.
ഇനി ഈ ഫാര്‍മസിയുടെ ദൈനംദിന കണക്കുകള്‍ നോക്കാം. പ്രതിദിന വിറ്റുവരവ് നാലുലക്ഷത്തിന് മുകളില്‍. പ്രതിമാസ ലാഭം ഒന്നര ലക്ഷത്തിനടുത്ത് (മൂലധന ചെലവ് കൂടാതെ). ഏറ്റവും കൂടുതല്‍ വിറ്റുവരവ് അര്‍ബുദ, കരള്‍ -വൃക്കരോഗ മരുന്നുകള്‍ക്ക്. ചില അര്‍ബുദ മരുന്നുകള്‍ക്ക് പൊതുവിപണി വിലയില്‍ നിന്ന് 93 ശതമാനംവരെ കുറവിലാണ് വില്‍ക്കുന്നതെന്ന് മെഡിക്കല്‍ സര്‍വീസ്‌കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി യുടെ ഒരു കുത്തിവെപ്പിന് 18,200 രൂപയോളമാണ് വിപണിവില. കാരുണ്യ ഫാര്‍മസിയില്‍ ഇതിന് 6925 രൂപയും. പത്ത് ഇന്‍ജക്ഷനെടുക്കേണ്ട ഒരു രോഗിക്ക് കാരുണ്യ നല്‍കുന്നത് ഒരു ലക്ഷത്തിപതിനായിരത്തോളം രൂപയുടെ ലാഭം.
കാരുണ്യ ഫാര്‍മസി ഒരു ചരിത്രമായിരുന്നു. ജനപക്ഷത്തുനിന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ നടപ്പാക്കിയ ചരിത്രം. സംസ്ഥാനത്തൊട്ടാകെ 35 കാരുണ്യ ഫാര്‍മസികള്‍ തുറക്കും എന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, ഒരു വര്‍ഷം കഴിഞ്ഞിട്ടും തുറന്നത് രണ്ടെണ്ണം മാത്രം. തിരുവനന്തപുരത്ത് കല്ലറയില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റിനോട് ചേര്‍ന്ന് രണ്ടാഴ്ച മുമ്പാണ് രണ്ടാമത്തെ ഫാര്‍മസി തുടങ്ങിയത്. മറ്റുള്ളവ സപ്തംബര്‍ ഒന്നിനകം തുറക്കുമെന്നാണ് ഒടുവില്‍ പറഞ്ഞിരിക്കുന്നത്. അതുവരെ മറ്റുജില്ലകളിലെ രോഗികള്‍ക്കിപ്പോഴും അവശ്യമരുന്നുകള്‍ക്ക് തീവില തന്നെ ശരണം.
കാരുണ്യഫാര്‍മസിയില്‍ ഇത്രയും കുറഞ്ഞ വിലയ്ക്ക് ലാഭകരമായി മരുന്ന് എങ്ങനെയാണ് വില്‍ക്കാന്‍ കഴിയുക?
ടി.എന്‍. പ്രതാപന്‍ അധ്യക്ഷനായ നിയമസഭാ സമിതി ഔഷധവിപണിയിലെ ചൂഷണം സംബന്ധിച്ച് സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മരുന്ന്‌വിപണിയിലെ കൊള്ളയെപ്പറ്റി വിശദമായിത്തന്നെ പറയുന്നു.

കൊള്ളയടിയുടെ വഴികള്‍ ഇങ്ങനെ


മരുന്നു കമ്പനികളുടെ വകയാണ് പകുതി ചൂഷണം. മറുപാതി വിതരണക്കാരുടെ വകയും. കേന്ദ്രപെട്രോളിയം - രാസവള വകുപ്പിനാണ് മരുന്നു വില നിര്‍ണയത്തിനുള്ള പരമാധികാരം. ആരോഗ്യവകുപ്പിനല്ല. അതുകൊണ്ടുതന്നെ ഇതൊരു വ്യവസായമായാണ് കണക്കാക്കുന്നത്. വ്യാവസായിക ഉത്പന്നം എന്ന നിലയിലാണ് പരമാവധി വില (എം.ആര്‍.പി.) യും നിശ്ചയിക്കുന്നത്.
അഞ്ചുപൈസയില്‍ താഴെ മുടക്ക് മാത്രമുള്ള പാരസെറ്റമോളിന് ഒന്നരരൂപ എം.ആര്‍.പി. വരുന്നത് അങ്ങനെയാണ്. വില നിയന്ത്രണപ്പട്ടികയായിരുന്നു ഏക ആശ്വാസം. ഇതില്‍പ്പെട്ട മരുന്നുകളുടെ എണ്ണം കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി 176ല്‍ നിന്ന് ഇപ്പോള്‍ 44 ആക്കി . പട്ടികയില്‍പ്പെട്ട മരുന്നുകള്‍ക്കാകട്ടെ ചേരുവയില്‍ ചെറിയ മാറ്റംവരുത്തി വലിയ വിലയും കൂട്ടി.
വന്‍കിടകമ്പനികള്‍ക്ക് അന്താരാഷ്ട്ര വിപണിയിലെ ക്രമക്കേടിന്റെ പേരില്‍ പിഴ ചുമത്താറുണ്ട്. ഡോളര്‍ മൂല്യത്തില്‍ ഈടാക്കുന്ന പിഴ പലപ്പോഴും കോടികള്‍ . ഈ തുക കമ്പനി വസൂലാക്കുന്നതും ഉപഭോക്താവിനെ പിഴിഞ്ഞാണ്.
ഇതിനുപുറമെയാണ് മരുന്നുകമ്പനികളുടെ അനൗദ്യോഗിക തീരുമാനങ്ങള്‍. വര്‍ഷാവര്‍ഷം വില 15 ശതമാനംവരെ വര്‍ധിപ്പിക്കാമെന്നാണ് മരുന്നു കമ്പനികളുടെ അസോസിയേഷനുകള്‍ക്കിടയിലെ ധാരണ. എല്ലാ കമ്പനികളും ഒരുമിച്ച് വില കൂട്ടുകയല്ല ചെയ്യുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്നൊരു വിലക്കയറ്റം വിപണിയില്‍ ദൃശ്യമാകുകയുമില്ല.

കമ്പനിയില്‍ 50, വിപണിയില്‍ 100


ശ്വാസകോശാര്‍ബുദ ചികിത്സയ്ക്കുള്ള പ്രധാനപ്പെട്ട മരുന്നാണ് ജെംസിറ്റാബിന്‍. 7000 രൂപയാണ് വിപണി വില. ഓങ്കോളജിസ്റ്റിന്റെ കുറിപ്പടിയുമായി ചെല്ലുന്നവര്‍ വിലകേട്ട് തിരിച്ചുപോകാനൊരുങ്ങിയാല്‍ ഉടന്‍ വിലപേശലാണ്. ഇങ്ങനെ 2500 രൂപവരെ വിലകുറച്ചു കിട്ടിയിട്ടുണ്ടെന്ന് കോഴിക്കോട് ഉള്ള്യേരി സ്വദേശി രാജന്‍ സാക്ഷ്യപ്പെടുത്തുന്നു.
ജീവന്‍രക്ഷാ മരുന്നുകളുടെ കാര്യം അങ്ങനെയാണ്. ജീവന്‍ വെച്ചുള്ള കളിയല്ലേ ഏത് വിലയ്ക്കും ആളുകള്‍ വാങ്ങും. ഈ സത്യമാണ് ചൂഷണം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നത്. 7000 രൂപ എം.ആര്‍.പി.യുള്ള മരുന്ന് 4500 രൂപയ്ക്കുവരെ വില്‍ക്കുന്നു. എന്നിട്ടും കിട്ടുന്നത് കൊള്ളലാഭം. 2000 രൂപയുടെ മരുന്ന് 4500 രൂപയ്ക്ക് വിറ്റുവെന്ന് കച്ചവടക്കാരന്‍ സന്തോഷിക്കുമ്പോള്‍ 2500രൂപയെങ്കിലും വില കുറച്ചല്ലോയെന്ന് ഉപഭോക്താവും ആശ്വസിക്കുന്നു.
മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്നു തലങ്ങളിലായാണ് കേരളത്തിലെ മരുന്നുവിപണി പ്രവര്‍ത്തിക്കുന്നത്. ഓരോ ഘട്ടത്തിലും കമ്മീഷനായും മറ്റ് ചെലവുകളായും ഉത്പന്നത്തിന്റെ വില കൂടിക്കൊണ്ടേയിരിക്കും. കമ്പനികള്‍ എം.ആര്‍.പി. നിശ്ചയിക്കുന്നതും ഇത് കണക്കാക്കിത്തന്നെ.

ഒരുകമ്പനിയുടെ മരുന്ന് സംസ്ഥാനത്ത് ആകെ വിതരണത്തിനെത്തിക്കുന്നത് സി.ആന്‍ഡ്.എഫ്. ഏജന്‍സി (സൂപ്പര്‍ സ്റ്റോക്കിസ്റ്റ്) ആണ്. കമ്പനിയുടെ വിറ്റുവരവനുസരിച്ചാണ് ഇവര്‍ക്ക് കമ്മീഷന്‍. അടുത്തതാണ് ജില്ലയിലെ മൊത്തവിതരണക്കാര്‍. വന്‍കിട കമ്പനികള്‍ക്ക് പരമാവധി ഒരുജില്ലയില്‍ ഏഴ് മൊത്ത വിതരണക്കാരാണ് ഉണ്ടാകുക. 15ശതമാനം വരെയാണ് ഇവര്‍ക്ക് കമ്മീഷന്‍. ഇതിന് താഴെയാണ് ചില്ലറ വില്പനശാലകള്‍. 15ശതമാനം വരെ ഇവര്‍ക്കും ലഭിക്കും. ഇത്രയും ഘട്ടങ്ങളിലൂടെ കടക്കുമ്പോള്‍ സൂപ്പര്‍ സ്റ്റോക്കിസ്റ്റിന് 100രൂപയ്ക്ക് കിട്ടുന്ന മരുന്നിന് പൊതുവിപണിയില്‍ 200 രൂപയെങ്കിലും ആകും. അല്പം ആശ്വാസം പകരാന്‍ ചില സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ തങ്ങളുടെ രോഗികള്‍ക്ക് നേരിട്ട് സ്റ്റോക്കിസ്റ്റിന്റെ അടുത്തേക്ക് കുറിച്ചു നല്‍കാറുണ്ട്.
മറ്റുസംസ്ഥാനങ്ങളില്‍ റീട്ടെയില്‍ ഷോപ്പുകള്‍ ഓണ്‍ലൈന്‍വഴി കമ്പനികളുമായി നേരിട്ട് ഇടപാട് ഉറപ്പിക്കുന്ന സംവിധാനമുണ്ട്. 30 ശതമാനം കുറവ് ഈ സംവിധാനത്തിലൂടെ കിട്ടും. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വാങ്ങുന്ന മരുന്നുകള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ കഴിയുന്നത് കമ്പനികളുമായി നേരിട്ട് ഇടപാടുനടത്തുന്നത് മൂലമാണ്.
കാരുണ്യ ഫാര്‍മസികള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ജില്ലാആസ്പത്രികളിലും വന്നാല്‍ത്തന്നെ കൊള്ളയ്ക്ക് വലിയ കുറവുണ്ടാകും.


First :: Prev :: [1] [2] :: Next :: Last
മറ്റു പരമ്പരകള്‍