Mathrubhumi
IST:
Mathrubhumi Parampara
മരുപ്പച്ച പൊള്ളുന്നു

രേഖാചന്ദ്ര


മണല്‍ക്കാട്ടില്‍നിന്ന് ഒരു നീണ്ട കരച്ചില്‍ -1

പ്രവാസത്തിന്റെ പെണ്‍അനുഭവം പറയാന്‍ ബാക്കിവെച്ചത് നിശ്ശബ്ദമാക്കപ്പെട്ട വേദനകളാണ്...



''ഇതെന്റെ രണ്ടാംജന്മമാണ്. അള്ളാഹുവിന്റെ കാരുണ്യംകൊണ്ടുമാത്രം ആ രാത്രി ഞാന്‍ രക്ഷപ്പെട്ടു. പീഡനങ്ങളുടെ ഒടുക്കത്തെ രാത്രി. പതിവുപോലെ അന്നും ഖഫീലിന്റെ (സ്‌പോണ്‍സര്‍) വീട്ടിലെ ജോലികള്‍ തീര്‍ത്തു. അയാളുടെ രണ്ട് ബന്ധുവീട്ടിലും കൊണ്ടുപോയി ജോലിചെയ്യിച്ചു. രാവിലെത്തൊട്ട് ഒരു കുബൂസ് (അറബ് ഭക്ഷണം) പോലും കിട്ടിയില്ല. തലേന്ന് ഒരു കുബൂസ് അധികം കഴിച്ചതിന്റെ ശിക്ഷ ചെകിടടച്ച് ഒരു അടിയായിരുന്നു. ചെവിയില്‍നിന്ന് ചോരയൊഴുകി. പിന്നെ അന്നുമുഴുവന്‍ പട്ടിണി. രാത്രി ഏറെ വൈകിയാണ് ഖഫീലിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. 80വയസ്സുള്ള ഒരു സ്ത്രീയും അവരുടെ മൂന്ന് ആണ്‍മക്കളുമാണ് ആ വീട്ടിലുള്ളത്. മൂത്തമകനാണ് എന്റെ ഖഫീല്‍.

രണ്ടുമണിയായിട്ടുണ്ടാകും... ഞാന്‍ ഉറങ്ങാന്‍കിടന്നു. വിശപ്പുകൊണ്ട് വയറ് കത്തിക്കാളി. ചെവിയില്‍നിന്ന് സൈറണ്‍ മുഴങ്ങുന്നതുപോലുള്ള ശബ്ദവും കഠിനമായ വേദനയും. അപ്പോഴാണ് ഖഫീല്‍ മുറിയിലേക്ക് വിളിപ്പിച്ചത്. മുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോഴേക്കും അയാള്‍ എന്നെ പിടിച്ചുവലിച്ചു. ഞാന്‍ സര്‍വശക്തിയുമെടുത്ത് കുതറി. വസ്ത്രങ്ങള്‍ കീറിപ്പോയിരുന്നു. കൈയില്‍ക്കിട്ടിയ ബെഡ്ഷീറ്റ് പുതച്ച് ഞാന്‍ഓടി. പിന്നാലെവന്ന് അയാള്‍ എന്റെ കവിളില്‍ തല്ലി. നിലത്തിട്ട് ചവിട്ടി. പിന്നെ വാതില്‍ തുറന്ന് എന്തോ പിറുപിറുത്ത് ചവിട്ടി പുറത്തേക്കിട്ടു. നിലവിളിച്ച് ആ വേദനയ്ക്കിടയിലും ഞാന്‍ ഓടി. തളര്‍ന്ന് ഞാന്‍ ചെന്നുവീണത് ഹിന്ദിക്കാര്‍ താമസിക്കുന്ന ഒരിടത്താണ്. എന്റെ ഭാഷ അവര്‍ക്കും അവരുടെ ഭാഷ എനിക്കും മനസ്സിലായില്ല. എന്നിട്ടും അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. കൂട്ടത്തിലൊരാള്‍ ഒരുഷര്‍ട്ട് തന്നു. നേരം വെളുത്തപ്പോള്‍ അവരെന്നെ ഇന്ത്യന്‍ എംബസിയിലെത്തിച്ചു. അവിടുന്ന് അല്‍ബഹാര്‍ ആസ്പത്രിയിലേക്ക്. നടുവിന് ചതവുണ്ട്, ഒമ്പതുദിവസം അവിടെ കഴിഞ്ഞു. അരയ്ക്ക് ബെല്‍റ്റിട്ടശേഷം എംബസിയുടെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക്. (നാട്ടിലേക്ക് പോകാനുള്ള പേപ്പറുകള്‍ ശരിയാകുന്നതുവരെ എംബസി താമസിപ്പിക്കുന്ന സ്ഥലം). അവിടെ പുറംലോകം കാണാതെ ആറുമാസം. അള്ളാഹുവേ, ഇനിയൊരാള്‍ക്കും ഈ ഗള്‍ഫിലേക്ക് വരാന്‍ തോന്നരുതേ... എന്ന് ഞാന്‍ ദിവസവും മുട്ടുകുത്തി പ്രാര്‍ഥിച്ചു''.

പത്തനംതിട്ട സ്വദേശിനിയായ സുമയ്യ ഹസ്സന്‍ (യഥാര്‍ഥ പേരല്ല) എന്ന 35-കാരിയുടെ ഈ അനുഭവം നമ്മള്‍ക്ക് കെട്ടുകഥയായി തോന്നിയേക്കാം. എന്നാല്‍, രണ്ടുമുറി വീടിന്റെ ഉമ്മറത്തിരുന്ന് കേട്ട ഈ വാക്കുകള്‍ കണ്ണീരുകൊണ്ട് പലപ്പോഴും മുറിഞ്ഞുപോയിരുന്നു. നീണ്ട ഒരു കരച്ചില്‍പോലെയാണ് അവര്‍ പറഞ്ഞുതീര്‍ത്തത്. സൗദിഅറേബ്യയില്‍ വീട്ടുജോലിക്കുപോയ സുമയ്യയുടെ 2007 മുതലുള്ള രണ്ടുവര്‍ഷത്തെ ജീവിതത്തില്‍ ഇതിനെക്കാള്‍ കയേ്പറിയ അനുഭവങ്ങളുണ്ട്. നമുക്കുചുറ്റുമുള്ളവര്‍ മറുനാട്ടില്‍ നേരിടുന്ന ദുരനുഭവങ്ങളില്‍നിന്നുള്ള ചീന്ത് മാത്രമാണിത്.


ദുരിതകാലം ഇവിടെ തുടങ്ങുന്നു


1980-കളോടെയാണ് മലയാളിസ്ത്രീകള്‍ തൊഴില്‍തേടി ഗള്‍ഫ്‌രാജ്യങ്ങളിലേക്ക് പോകാന്‍ തുടങ്ങിയത്. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കൂടുകയും എണ്ണയുത്പാദനം കൂടുകയും ചെയ്തതോടെ ആ നാടുകളിലെ ജീവിതനിലവാരം ഉയര്‍ന്നു. വീട്ടുജോലികള്‍ക്കും മറ്റുമായി വിദേശസ്ത്രീകളെ വെച്ചുതുടങ്ങിയതും ഇക്കാലത്താണ്.

സൗദിഅറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യു.എ.ഇ. (ദുബായ്, അബുദാബി, ഷാര്‍ജ, അല്‍ഐന്‍, ഉമ്മുല്‍ഖൈ്വവാന്‍) തുടങ്ങിയ രാജ്യങ്ങളിലായി 18.5 ലക്ഷം മലയാളികളാണുള്ളത്. 2008-ലെ മൈഗ്രേഷന്‍ സര്‍വേപ്രകാരം ഗള്‍ഫ്‌രാജ്യങ്ങളില്‍ പണിയെടുക്കുന്നവരില്‍ 7,37,300 പേര്‍ മലയാളി സ്ത്രീകളാണ്. ഇതില്‍ഭൂരിഭാഗവും വീട്ടുജോലിക്കും സൂപ്പര്‍മാര്‍ക്കറ്റിലും തോട്ടപ്പണിക്കും മറ്റുമായി പോകുന്ന അവിദഗ്ധ സ്ത്രീ തൊഴിലാളികളാണ്.

5,000 മുതല്‍ 10,000 രൂപവരെ ശമ്പളംപറഞ്ഞാണ് പലരും ഗള്‍ഫിലെത്തുന്നത്. തദ്ദേശീയനായ സ്‌പോണ്‍സറുടെ അടുത്തെത്തിക്കഴിഞ്ഞാല്‍ ആദ്യം കൈയിലുള്ള മൊബൈല്‍ഫോണ്‍ വാങ്ങിവെക്കും. ഒപ്പം പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും. പിന്നെപ്പിന്നെ പുറംലോകം കാണാത്ത ജോലിയുടെ വര്‍ഷങ്ങള്‍. അവിടെ അങ്ങനെയൊരാള്‍ ജോലിചെയ്യുന്നുണ്ടെന്ന് പുറത്തുള്ളവര്‍ക്കോ ഒരുസഹായത്തിന് വിളിക്കാന്‍ പുറത്ത് ആരാണുള്ളതെന്ന് അവള്‍ക്കോ അറിയാന്‍ കഴിയാത്ത അവസ്ഥ.

മസ്‌കറ്റിലെ അല്‍-ജാലനില്‍ 2011 ജനവരിയില്‍ മലപ്പുറംകാരിയായ ഒരു വീട്ടുജോലിക്കാരി ആത്മഹത്യ ചെയ്തു. ആ വീടിന്റെ തൊട്ടടുത്ത് ഒരുകൂട്ടം മലയാളി ചെറുപ്പക്കാര്‍ താമസിക്കുന്നുണ്ട്. അങ്ങനെയൊരു സ്ത്രീ അവിടെയുള്ളതായി അവര്‍ക്ക് അറിയില്ലായിരുന്നു. ഒരു ദിവസം രാവിലെ പോലീസ് വന്നതുകണ്ട് അന്വേഷിച്ചപ്പോഴാണ് ആത്മഹത്യാവിവരം അവരറിഞ്ഞത്. ''ചിലപ്പോള്‍ അതൊരു കൊലപാതകംപോലും ആയേക്കാം. ഈ മരുഭൂമിയില്‍ ആരാണ് ചോദിക്കാന്‍?''-കൂട്ടത്തിലുള്ള കണ്ണൂര്‍സ്വദേശിയായ ജയന്‍ പറഞ്ഞു.

പീഡനങ്ങള്‍ സഹിക്കാന്‍ പറ്റാതാവുമ്പോള്‍ ഒരൊളിച്ചോട്ടമുണ്ടാകും. രക്ഷപ്പെടുന്നവരെല്ലാം സുരക്ഷിതരായി എംബസിയിലോ നാട്ടിലോ എത്തണമെന്നില്ല. രേഖകളില്ലാത്തതിന്റെ പേരില്‍ ജയിലില്‍ അകപ്പെടുന്നവരും മറ്റ് റാക്കറ്റുകളുടെ കൈയില്‍ അകപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഇത് വേറൊരുലോകമാണ്. ഇവിടെനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തുന്നവര്‍ക്ക് സുമയ്യ ഹസ്സനെപ്പോലെ രണ്ടാം ജന്മമാണ്. സമ്പന്നതയുടെ പൂര്‍വകാലം പറയുന്നതല്ല ഇവര്‍ അനുഭവിച്ചുതീര്‍ത്ത ജീവിതം.



2008 ലെ മൈഗ്രേഷന്‍ സര്‍വേ പ്രകാരം ഗള്‍ഫിലുള്ള മലയാളികള്‍ ജില്ലാ അടിസ്ഥാനത്തില്‍

മലപ്പുറം 3,36,000
കണ്ണൂര്‍ 2,54,000
തിരുവനന്തപുരം 1,89,000
തൃശ്ശൂര്‍ 1,70,000
കൊല്ലം 1,47,000
എറണാകുളം 1,43,000
ആലപ്പുഴ 1,14,000

ഗള്‍ഫ് പ്രവാസികള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍

മുസ്‌ലിം 8.83 ലക്ഷം 48.2 %
ഹിന്ദു 6.17 ലക്ഷം 33.3%
ക്രിസ്ത്യന്‍ 3.47 ലക്ഷം 18.5%




മറ്റു പരമ്പരകള്‍