കേള്‍ക്കാതെ പോകുന്ന നിലവിളികള്‍
ജോളി അടിമത്ര, കെ.ജി. ഗിരീഷ്‌കുമാര്‍, സിറാജ് കാസിം, കെ.എ. ബാബു
പത്തില്‍ ഒരാള്‍ ഇര
തീര്‍ച്ചയായും ശുഭകരമായ ഒരു വര്‍ത്തമാനകാലമല്ല നമ്മുടെ കുട്ടികള്‍ക്ക് മുന്നിലുള്ളത്. വീട്ടിലും സ്‌കൂളിലുമൊന്നും അവര്‍ക്ക് സുരക്ഷ ലഭിക്കുന്നില്ല. ചിറകിനടിയില്‍ തണലു നല്‍കി സംരക്ഷിക്കേണ്ടവര്‍ തന്നെ കൊത്തിപ്പറിക്കാന്‍ ചുണ്ടുകള്‍ കൂര്‍പ്പിച്ചു വരുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ കുട്ടികളുടെ നിലവിളികള്‍ ഏറിവരികയാണ്.
അറിയുന്നവരെമാത്രം വിശ്വസിക്കാനാണ് നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാല്‍, പരിചയത്തിലുള്ളവരെ അവര്‍ക്ക് വിശ്വാസമില്ലാതായിത്തീര്‍ന്നാല്‍ നാം പിന്നെ എന്തുചെയ്യും? പകല്‍വെളിച്ചത്തില്‍ പുഞ്ചിരി പൊഴിക്കുന്ന ബന്ധു രാത്രിയില്‍ ഒരു ചെകുത്താനായി ഭാവമാറ്റം നടത്തിയാല്‍ അവരെന്താണ് ചെയ്യുക? സമൂഹമനസ്സാക്ഷിയെ ഭയപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലോകാരോഗ്യസംഘടന പറയുന്നപ്രകാരം ഇന്ത്യയില്‍ എല്ലായ്‌പ്പോഴും പത്ത് കുട്ടികളില്‍ ഒരാള്‍ വീതം പീഡിപ്പിക്കപ്പെടുന്നുണ്ട്. ദേശീയ മനുഷ്യാവകാശ സംഘടനയുടെ കണക്കുപ്രകാരം 45,000 കുട്ടികളെ എല്ലാ വര്‍ഷവും കാണാതാകുന്നു. ഔദ്യോഗിക കണക്കുകള്‍ മിക്കവാറും പോലീസ് പരാതികളെ അവലംബിച്ചാകയാല്‍ യഥാര്‍ഥകണക്കുകള്‍ മുപ്പത് ലക്ഷത്തിന് അടുത്തായിരിക്കുമെന്ന് സ്വതന്ത്ര എന്‍.ജി.ഒ.കളും സാമൂഹികപ്രവര്‍ത്തകരും പറയുന്നു. ഈ കുഞ്ഞുങ്ങളെല്ലാം അപഹരിക്കപ്പെട്ടവരല്ല, മിക്കവരും ശാരീരികവും ലൈംഗികവും മാനസികവുമായ പീഡനങ്ങളില്‍ നിന്നോ ദുരിതപൂര്‍ണമായ സ്‌കൂള്‍-ഭവനാന്തരീക്ഷങ്ങളില്‍ നിന്നോ രക്ഷപ്പെടാനായി ഒളിച്ചോടിയവരാണ്. നമ്മുടെ നിയമങ്ങള്‍ ബലാത്സംഗത്തെ മാത്രം കുറ്റകൃത്യമായി കാണുന്നതുകൊണ്ട് ശാരീരികമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കുട്ടിക്ക് ഒരു സംരക്ഷണവും നല്‍കുന്നില്ല.
ദുഃഖകരമായ ഈ സ്ഥിതിയെക്കുറിച്ചുള്ള അന്വേഷണപരമ്പര...
മലപ്പുറത്തെ ഒരു എട്ടാം ക്ലാസ്സുകാരിയുടെ കഥ കേള്‍ക്കാം. പഠനത്തിലും മറ്റു രംഗങ്ങളിലും വളരെ സ്മാര്‍ട്ടായിരുന്ന അവള്‍ ഒരു സുപ്രഭാതത്തില്‍ വളരെ നിശ്ശബ്ദയായാണ് ക്ലാസ്സില്‍ വന്നത്. പിന്നീടങ്ങോട്ട് ഒന്നിലും താത്പര്യമില്ലാതെ മൗനിയായി മാത്രമേ അവളെ എല്ലാവരും കണ്ടിട്ടുള്ളൂ. പലരും അവളോട് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും അവള്‍ ഒന്നും പറഞ്ഞില്ല. ഒടുവില്‍ അധ്യാപകര്‍ ചേര്‍ന്ന് അവളെ കൗണ്‍സലിങ്ങിന് അയച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ പീഡനകഥ പുറത്തുവന്നത്. സ്വന്തം പിതാവ് തന്നെയായിരുന്നു അവളെ പീഡിപ്പിച്ചത്. ഒന്നും ആരോടും പറയാനാവാതെ ഉള്ളിലൊതുക്കി നീറിക്കഴിയുകയായിരുന്നു അവള്‍. ഒടുവില്‍ കാര്യങ്ങള്‍ ചോദിച്ചറിയാനായി ആ പിതാവിനെ വിളിച്ചുവരുത്തിയപ്പോള്‍ പിന്നെയും ഞെട്ടാനായിരുന്നു അവളുടെ വിധി. മകളെ പീഡിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആ പിതാവിന്റെ മറുപടി ഇപ്രകാരമായിരുന്നു: ''അവളെ കാണുമ്പോള്‍ എനിക്ക് മോഹം തോന്നുന്നു.''
********
വയറുവേദനയ്ക്ക് ചികിത്സയ്ക്കായി എട്ടാം ക്ലാസ്സുകാരിയായ മകളെ ആസ്പത്രിയിലേക്ക് കൊണ്ടുപോയ അച്ഛനെ പോലീസ് അറസ്റ്റു ചെയ്യുന്നത് കണ്ട് അയല്‍ക്കാര്‍ ഞെട്ടി. എന്നാല്‍, യഥാര്‍ഥ വിവരമറിഞ്ഞപ്പോഴാണ് അയല്‍ക്കാര്‍ ശരിക്കും ഞെട്ടിയത്. സംഭവം നടന്നത് തിരുവനന്തപുരത്താണ്. വയറുവേദനയാണെന്ന് പറഞ്ഞാണ് അച്ഛന്‍ മകളെ ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. വയറ്റില്‍ മുഴയുള്ളതുകൊണ്ട് ശസ്ത്രക്രിയ വേണമെന്നും അച്ഛന്‍ അയല്‍ക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍, വയറ്റില്‍ മുഴ വരാന്‍ കാരണവും അച്ഛന്‍ തന്നെയായിരുന്നു. അച്ഛന്റെ നിരന്തരപീഡനത്തിന് ഇരയായി അവള്‍ ഗര്‍ഭിണിയായിരുന്നു. ഇളയ മകള്‍ക്ക് അംഗവൈകല്യമുള്ളതിനാല്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഭാര്യ മിക്കവാറും സമയം ആസ്പത്രിയിലായിരുന്നു. ഇതു മുതലെടുത്താണ് അച്ഛന്‍ പീഡനം നടത്തിയത്. സ്വതേ തടിച്ച ശരീരമായതുകൊണ്ട് ഗര്‍ഭവളര്‍ച്ച അമ്മ അറിഞ്ഞതുമില്ല. ഇതിനിടെ ആര്‍ത്തവം നിലച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അമ്മ ഡോക്ടറോട് വിവരം പറഞ്ഞു. എന്നാല്‍, ഈ പ്രായത്തില്‍ ആര്‍ത്തവം ഉണ്ടാകാത്തതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. അങ്ങനെ മകള്‍ ഗര്‍ഭിണിയായ വിവരം ആ അമ്മ അറിഞ്ഞില്ല.
********
ശരീരം നിറയെ മുറിവുകളോടെ രണ്ടു വയസ്സുകാരി കുഞ്ഞുമാളുവിനെ പോലീസാണ് കോട്ടയത്തെ സ്ത്രീ സംരക്ഷണകേന്ദ്രത്തിലെത്തിച്ചത്. ആ പിഞ്ചുകുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളില്‍ പലതും കടിയേറ്റ മുറിവുകളായിരുന്നു. കൂടെ വന്ന അച്ഛന്റെ പെങ്ങളാണ് സംഭവം വിവരിച്ചത്. കുട്ടിയുടെ അമ്മ മാനസികരോഗിയാണ്. കുഞ്ഞ് അച്ഛന്റെ സഹോദരിയുടെ വീട്ടിലാണ് വളരുന്നത്. കുഞ്ഞിനെ കാണാനെത്തിയ അച്ഛന്‍ കുഞ്ഞിനെ പരിലാളിക്കുന്നത് കണ്ടുകൊണ്ടാണ് സഹോദരി അടുക്കളയിലേക്ക് പോയത്. അല്പനേരം കഴിഞ്ഞ് കുട്ടിയുടെ അലറിക്കരച്ചില്‍ കേട്ട് ഓടിച്ചെല്ലുമ്പോള്‍ അവര്‍ കണ്ടത് രക്തത്തില്‍ കുളിച്ച കുഞ്ഞിനെയാണ്. അച്ഛന്റെ അതിരുവിട്ട പരിലാളനം. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. സ്വന്തം സഹോദരി തന്നെ അയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. അച്ഛന്‍ ജയിലിലായി. ഒരു വര്‍ഷത്തിനുശേഷം സഹോദരി കുഞ്ഞിനെ വീണ്ടും വീട്ടിലേക്ക് കൊണ്ടുപോയി. അവധിക്കാലത്ത് മകളോടൊപ്പം അവളും ആഹ്ലാദവതിയാകട്ടെയെന്ന് അവര്‍ കരുതി. പക്ഷേ, കുഞ്ഞിമാളുവിന്റെ ജീവിതത്തില്‍ ദുരന്തം ആവര്‍ത്തിച്ചു. പരോളിലിറങ്ങിയ അച്ഛന്‍ സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് മകളെ കണ്ടത്. മൂന്നുവയസ്സുകാരിയായ മകളെ മിഠായി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഇത്തവണ എടുത്തുകൊണ്ടുപോയത്. പഴയതിനേക്കാള്‍ ഭീകരമായ ദുരന്തമേറ്റുവാങ്ങി കുഞ്ഞ് വീണ്ടും സ്ത്രീസംരക്ഷണകേന്ദ്രത്തില്‍ തിരിച്ചെത്തി.
********
അടുത്തിടെ കോഴിക്കോട് ജില്ലയിലെ കോടതി, വിധി പറഞ്ഞ ഒരു കേസിലും വില്ലന്‍ അച്ഛന്‍ തന്നെയായിരുന്നു. എട്ടു വയസ്സ് മുതല്‍ അച്ഛന്റെ മനോവൈകല്യത്തിന് ഇരയായ കുട്ടിയുടെ ദൈന്യത പുറത്തറിഞ്ഞത് പതിമ്മൂന്നാം വയസ്സില്‍ മാത്രം. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന അമ്മയുടെ മരുന്നുകള്‍ കുട്ടിക്ക് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയായിരുന്നു അച്ഛന്റെ പീഡനം. അകത്തുനിന്ന് പൂട്ടുന്ന കതക് ആരുമറിയാതെ പുറത്തുനിന്ന് തുറക്കാനും അടയ്ക്കാനും മരപ്പണിക്കാരനായ അച്ഛന്റെ വൈദഗ്ധ്യം സഹായകമായി. മയങ്ങിക്കിടക്കുന്ന രാത്രികളില്‍ ഇടയ്ക്കിടെമാത്രം വീട്ടിലെത്തുന്ന അച്ഛന്റെ പേക്കൂത്തുകള്‍ അവളറിഞ്ഞില്ല. തിരിച്ചറിവുണ്ടായ ഒരു രാത്രിയില്‍ അവള്‍ അയാളെ തള്ളിമാറ്റി പുറത്തേക്കോടി. നാട്ടുകാര്‍ ഇടപെട്ടതോടെ അച്ഛന്‍ അറസ്റ്റിലായി. അച്ഛന്‍ ശല്യക്കാരനായിരുന്നുവെന്ന് വിവാഹിതയായ മൂത്ത പെണ്‍കുട്ടിയും മൊഴി നല്‍കിയതോടെ പ്രതിക്ക് കോടതി 10 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. പരസ്ത്രീബന്ധവും ക്രിമിനല്‍ പശ്ചാത്തലവുമുള്ള അച്ഛന്റെ തനിനിറം മനസ്സിലാക്കിയതോടെ മൂത്തകുട്ടിയെ അമ്മവീട്ടുകാര്‍ കൊണ്ടുപോയി വളര്‍ത്തുകയായിരുന്നു. പക്ഷേ, ചെറുപ്രായക്കാരിയായ ഇളയകുട്ടിയിലും അയാള്‍ കണ്ണുവെച്ചതറിയാന്‍ എല്ലാവരും വൈകി.
********
നടുക്കുന്ന യാഥാര്‍ഥ്യം
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ദൈവംപോലും തലകുനിച്ചുപോകുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയായി. 2008 മുതല്‍ 2011 വരെയുള്ള സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളിലാണ് ഈ വിവരം. 2008-ല്‍ 549 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2011 ആകുമ്പോള്‍ അത് 1452 ആയാണ് ഉയര്‍ന്നത്. കുട്ടികളെ ബലാത്സംഗം ചെയ്ത കേസുകള്‍ 2008-ല്‍ 215 ആയിരുന്നത് 2011 ആകുമ്പോഴേക്ക് 423 ആയി. 2008-ല്‍ 37 കുട്ടികളാണ് ബാലപീഡനത്തിനിരയായി മരിച്ചതെങ്കില്‍ 2011-ല്‍ ഇത് 47 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ മാത്രമാണിത്. ഇതിനേക്കാള്‍ എത്രയോ ഇരട്ടിയാവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ കേസുകള്‍.
കുട്ടികളെ പീഡനത്തിനിരയാക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് കുട്ടികളുടെ അടുത്ത ബന്ധുക്കളും അധ്യാപകരുമാണ്. ബാലപീഡനത്തിനിരയാക്കിയ 300 കുട്ടികളില്‍ സര്‍വശിക്ഷാ അഭിയാനും കേരള മഹിള സമഖ്യാ സൊസൈറ്റിയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ 95 ശതമാനം പേര്‍ക്കും പീഡനമുണ്ടായത് അടുത്ത ബന്ധുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമാണെന്ന് തെളിഞ്ഞു. പീഡനത്തിനിരയായ 300 കുട്ടികളില്‍ 40 പേര്‍ക്ക് വീട് അഭയസ്ഥാനമല്ലാത്ത അവസ്ഥയാണെന്ന് കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കേണ്ടിയും വന്നു.
പീഡനങ്ങള്‍ പുറത്തറിയിക്കാതെ ഒളിച്ചുവെക്കാനാണ് നമ്മുടെ സമൂഹം ഇന്നും ശ്രമിക്കുന്നതെന്നതാണ് ദുഃഖകരമായ കാര്യം. കുടുംബത്തിന്റെ അന്തസ്സ്, കുട്ടിയുടെ ഭാവി തുടങ്ങി ഒട്ടേറെ പരിഗണനകള്‍ സംഭവം ഒളിച്ചുവെക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. 'വേട്ടക്കാര'നേക്കാള്‍' 'ഇര'യെ പഴിക്കുന്നതാണ് ഇപ്പോഴും നമ്മുടെ സാമൂഹികാന്തരീക്ഷം. ലൈംഗികപീഡനവും അത് ചെറുക്കാനാവാത്തതിന്റെ മാനസികസംഘര്‍ഷവും കുട്ടിയെ വീര്‍പ്പുമുട്ടിക്കുമ്പോഴും പീഡകന്റെ വിക്രിയകള്‍ തുടരുകയായിരിക്കും. ഏറ്റവും ദുഷിച്ച വശവും അതാണ്. കുട്ടികളുടെ തിരിച്ചറിവില്ലായ്മ, ഭയം, കുടുംബം തകരുമോയെന്ന ആശങ്ക, മറ്റുള്ളവര്‍ എന്തു കരുതുമെന്ന ചിന്ത തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍മൂലം സംഭവം ഒളിച്ചുവെക്കപ്പെടുന്നത് ഇക്കൂട്ടര്‍ക്ക് തണലാവുകയാണ്.
പ്രത്യാഘാതങ്ങള്‍
ഇരയാകുന്ന കുട്ടിയെ സാധാരണജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മനശ്ശാസ്ത്ര ഇടപെടലുകളും സ്‌നേഹപൂര്‍ണമായ സമീപനവും ആവശ്യമാണ്. ഇരയാകുന്ന എല്ലാവരിലും സമാനമായ പ്രത്യാഘാതങ്ങളായിരിക്കില്ല ഉണ്ടാവുക. അച്ഛനോ സഹോദരനോ പോലെ ഏറ്റവും അടുപ്പമുള്ള ആളുകളുടെ പീഡനം ഉണ്ടാക്കുന്ന മാനസികാഘാതം അവര്‍ക്ക് താങ്ങാന്‍ പോലുമായെന്ന് വരില്ല. പീഡനം എത്രകാലം നീണ്ടുനിന്നു, അതിന്റെ കാഠിന്യം, ഇരയാക്കപ്പെട്ട പ്രായം തുടങ്ങിയ ഘടകങ്ങളും പ്രസക്തമാണ്.
ലൈംഗികപീഡനത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക് മാനസികപ്രശ്‌നങ്ങള്‍ മാത്രമല്ല ശാരീരികപ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നു. താത്കാലികമായ മുറിവുകള്‍ക്കപ്പുറം നീണ്ടുനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഇവയില്‍ പലതും. ഉപദ്രവം ദീര്‍ഘകാലം തുടരുന്നതാണെങ്കില്‍ പൊണ്ണത്തടി, രക്താതിസമ്മര്‍ദം, അലര്‍ജി തുടങ്ങിയവ പില്‍ക്കാലത്ത് അനുഭവപ്പെട്ടേക്കാം. ലൈംഗികരോഗ സാധ്യത ഇതിന് പുറമേയാണ്.
വളരെ ചെറുപ്രായത്തിലെ പീഡനം കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെപ്പോലും ദോഷകരമായി ബാധിക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പഠന വൈകല്യം, പെരുമാറ്റവൈകല്യം തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാവാം.
കുറ്റവാസന
പീഡിതരായ കുട്ടികള്‍ സമൂഹത്തിന്റെ സ്‌നേഹവും പരിചരണവും അര്‍ഹിക്കുന്നു. ശരിയായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇത്തരം കുട്ടികള്‍ തെറ്റായ കൂട്ടുകെട്ടുകളില്‍പ്പെടാനും മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടാനും സാധ്യതയുണ്ട്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജസ്റ്റിസ് നടത്തിയ പഠനത്തില്‍ ഈ കുട്ടികളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കുറ്റവാസന കൂടുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. ലൈംഗികത, സ്ത്രീ-പുരുഷബന്ധം തുടങ്ങിയവയിലെല്ലാം തന്റെ അനുഭവങ്ങളാണ് നാട്ടുനടപ്പ് എന്ന വിശ്വാസം രൂഢമൂലമാകുന്നതോടെ അവരും പീഡകരായി മാറുന്നു.