സായ്‌പ് വിസിലൂതി; കടപ്പുറത്ത് പഴമക്കാര്‍ പന്തുരുട്ടി

Posted on: 23 Dec 2012ഫോര്‍ട്ടുകൊച്ചി: കടപ്പുറത്ത് കാല്‍പ്പന്തുകളി കണ്ടപ്പോള്‍ ഇംഗ്ലണ്ടുകാരന്‍ എറിക്ക് ലോറന്‍സണ്‍ ഓടിയെത്തി. ഇംഗ്ലണ്ടിലെ ഗ്രേഡ് വണ്‍ റഫറിയാണ് 65കാരനായ എറിക്ക്. കടപ്പുറത്ത് പന്തുതട്ടിയത് കൊച്ചിയിലെ പഴയകാല കളിക്കാരായിരുന്നു. 'ഞാന്‍ റഫറിയാകാ'മെന്ന് എറിക്ക് പറഞ്ഞതോടെ കളിക്കാര്‍ക്കും സന്തോഷം. വിസിലുമായി കളത്തിലിറങ്ങിയ എറിക്കിന്റെ പ്രകടനം കണ്ട് കളിക്കാരും കാണികളും ഉത്സാഹത്തിലായി. പ്രായത്തെ അവഗണിച്ച് കളിക്കളം നിറഞ്ഞുനില്‍ക്കുകയായിരുന്നു എറിക്ക്. കാര്‍ണിവല്‍ ആഘോഷത്തിന്റെ ഭാഗമായി കൊച്ചി വെറ്ററന്‍സ് ഫുട്‌ബോള്‍ അസ്സോസിയേഷനാണ് കൊച്ചിയിലെ പഴയ ഫുട്‌ബോള്‍ കളിക്കാരുടെ സൗഹൃദമത്സരം സംഘടിപ്പിച്ചത്.

മത്സരത്തില്‍ ഹാമില്‍ട്ടന്‍ ബോബി മെമ്മോറിയല്‍ ടീം, ഹെന്‍ട്രി വില്‍സണ്‍ മെമ്മോറിയല്‍ ടീമിനെ തോല്‍പിച്ചു.

കെ.വി. ജോയി മത്സരം ഉദ്ഘാടനംചെയ്തു. അസ്സോസിയേഷന്‍ പ്രസിഡന്റ കെ.എം. ഹസ്സന്‍ അധ്യക്ഷനായി. ക്യാപ്റ്റന്‍ മോഹന്‍ദാസ്, പ്രൊഫ. പീറ്റര്‍, കെ.എം. സേവ്യര്‍, ക്ലാരന്‍സ് ജോയി, ദിനേഷ് കമ്മത്ത്, സി.വൈ. ഹംസ, എം.എം. സലിം എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam