അഗതിമന്ദിരത്തില്‍ നിന്ന് ചാടിപ്പോയ വനിതകളെ പോലീസ് പിടികൂടി

Posted on: 23 Dec 2012തൃപ്പൂണിത്തുറ: ചമ്പക്കരയിലെ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ നിന്ന് ചാടിപ്പോയ മൂന്ന് വനിതാ അന്തേവാസികളെ പോലീസ് പിടികൂടി തിരികെ ഏല്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മൂവരും ചാടിപ്പോയത്. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ജീവനക്കാര്‍ കാണാതെ അഗതിമന്ദിരത്തിന്റെ താക്കോല്‍ ഇവര്‍ കൈവശപ്പെടുത്തിയിരുന്നു.

എല്ലാവരും ഉറങ്ങിയശേഷം പുറത്തുകടന്ന ഇവര്‍ പ്രധാനഗേറ്റ് ഉള്‍പ്പെടെ എല്ലാ വാതിലുകളും പുറത്തുനിന്ന് പൂട്ടിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സംസാരശേഷിയില്ലാത്ത ഒരു അന്തേവാസി വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ വിവരമറിഞ്ഞത്.

പുറത്തു കടക്കാനാവാഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ തൃപ്പൂണിത്തുറ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്, പോലീസ് നടത്തിയ തിരച്ചിലില്‍ ചാടിപ്പോയ മൂന്നുപേരെയും പുലര്‍ച്ചെ മൂന്നുമണിയോടെ വൈറ്റില ജങ്ഷനില്‍ നിന്ന് പിടികൂടുകയായിരുന്നു.

സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നാണ് അഗതിമന്ദിരം. വിവിധ ഗാര്‍ഹികപീഡന കേസിലും മറ്റും ഉള്‍പ്പെട്ട 18 പേരാണ് ഇവിടെ താമസിക്കുന്നത്.

സൂപ്രണ്ടും മൂന്ന് വാര്‍ഡന്മാരും ഉള്‍പ്പെടെ നാല് വനിതാ ജീവനക്കാര്‍ മാത്രമാണിവിടെ ജോലിക്കുള്ളത്. ഇവര്‍ക്കാണെങ്കില്‍ 24 മണിക്കൂര്‍ ഡ്യൂട്ടിയും. ആഴ്ചയില്‍ ഒരു അവധിമാത്രം. ജോലിയുടെ അധികഭാരംമൂലം അന്തേവാസികളെ കൂടുതലായി ശ്രദ്ധിക്കാന്‍കഴിയാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

More News from Ernakulam