സഭാ തര്‍ക്കം: കുറിഞ്ഞി പള്ളി പൂട്ടി സീല്‍ ചെയ്തു

Posted on: 23 Dec 2012കോലഞ്ചേരി: സഭാ തര്‍ക്കം രൂക്ഷമായതോടെ കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി ശനിയാഴ്ച രാത്രി ആര്‍.ഡി.ഒ. ഏറ്റെടുത്ത് അടച്ചുപൂട്ടി സീല്‍ ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപ്പോലീത്തമാരെ പള്ളിയില്‍ ആരാധനയ്ക്കായി പ്രവേശിപ്പിക്കുന്നത് യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് യാക്കോബായ വിഭാഗത്തിന്റെ പ്രാര്‍ത്ഥനാ യജ്ഞവും ഇരു വിഭാഗവുമായുള്ള ചര്‍ച്ചകളും നടത്തി.

ഇതോടെ ഓര്‍ത്തഡോക്‌സ് വിഭാഗം തങ്ങളുടെ ആരാധനക്കായുള്ള തവണ നഷ്ടപ്പെട്ടുവെന്നും തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് പന്തംകൊളുത്തി പ്രകടനം നടത്തി.

മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും പള്ളിക്ക് മുന്നില്‍ സമരം തുടങ്ങുകയായിരുന്നു. ശനിയാഴ്ച സര്‍ക്കാര്‍ ഇരു വിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. പള്ളിയും പള്ളിയുടെ നിയന്ത്രണവും പൂര്‍ണമായും ആര്‍.ഡി.ഒ. ഏറ്റെടുക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും പള്ളി പൂട്ടിക്കാന്‍ അനുവദിക്കില്ലെന്ന് യാക്കോബായ വിഭാഗവും വ്യക്തമാക്കി. ഇതോടെ, ഞായറാഴ്ച രാവിലെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മൂവാറ്റുപുഴ ആര്‍.ഡി.ഒ. പള്ളി കസ്റ്റഡിയിലെടുത്തത്.

കുന്നത്തുനാട് തഹസില്‍ദാര്‍, പുത്തന്‍കുരിശ് സി.ഐ. എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം രാത്രി 10 മണിയോടെ പള്ളി പൂട്ടി സീല്‍ ചെയ്തു. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പിരിഞ്ഞുപോയി.

More News from Ernakulam