കുട്ടികളുടെ സര്‍ഗവൈഭവം വിളിച്ചോതി സ്‌കൂള്‍ മാഗസിനുകള്‍

Posted on: 23 Dec 2012പറവൂര്‍: 'ഇതളുകള്‍' മുതല്‍ 'വര്‍ണവസന്തം' വരെയുള്ള നൂറോളം സ്‌കൂള്‍ മാഗസിനുകള്‍ പറവൂര്‍ ഗവ. എല്‍പി സ്‌കൂളുകളില്‍ നിരന്നു. കുട്ടിക്കവിതകളും കഥകളും ചിത്രങ്ങളുമായി കുരുന്നുഭാവനകളുടെ ചിറകു വിടരുന്ന ഓരോ മാഗസിന്‍േറയും എഡിറ്ററും പബ്ലിഷറും കോപ്പി റൈറ്ററും ഒക്കെ അവര്‍ തന്നെ.

സര്‍വശിക്ഷാ അഭിയാന്‍ പറവൂര്‍ ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സര്‍ഗവേദി ശില്പശാലയാണ് കുട്ടികളുടെ രചനാത്മകതയുടെ ശക്തിസ്രോതസ്സുകള്‍ വിളിച്ചോതുന്ന മാഗസിനുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവരവരുടെ സ്‌കൂളുകളില്‍ തയ്യാറാക്കിയ സ്‌കൂള്‍ മാഗസിനുകളുമായാണ് ശില്പശാലയ്‌ക്കെത്തിയത്. തുടര്‍ന്ന് 38 വിദ്യാര്‍ത്ഥികള്‍ ശില്പശാലയില്‍ പങ്കെടുത്തുകൊണ്ട് കഥ, കവിത, നാടകം എന്നിവ രചിച്ച് ബ്ലോക്ക്തല മാഗസിനും തയ്യാറാക്കി.

സര്‍ഗ്ഗവേദി ശില്പശാല നഗരസഭാ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്. ശ്രീകുമാരി അധ്യക്ഷത വഹിച്ചു.

ചലച്ചിത്രഗാന രചയിതാവ് ഐ.എസ്. കുണ്ടൂര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് ബാസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Ernakulam