വിദ്യാര്‍ത്ഥികളെ അപമാനിച്ച സംഭവം: പരാതി സംബന്ധിച്ച് അറിവില്ലെന്ന് മാതാപിതാക്കള്‍

Posted on: 23 Dec 2012കൊച്ചി: വിദ്യാര്‍ത്ഥികളെ അപമാനിച്ച സംഭവത്തില്‍ റിമാന്‍ഡിലായ അദ്ധ്യാപകന്‍ നിരപരാധിയാണെന്ന് മാതാപിതാക്കള്‍. കാക്കനാട് മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ മൊയ്തീന്‍ ഷായെ വിദ്യാര്‍ത്ഥിനികളെ അപമാനിച്ചെന്ന കേസില്‍ ആലുവ കോടതി റിമാന്‍ഡ്‌ചെയ്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.

അദ്ധ്യാപകന്‍ സ്ഥിരമായി ക്ലാസില്‍ വരുന്നില്ലെന്നത് കുട്ടികള്‍ നേരത്തെ തങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായും പിന്നീട് തങ്ങളറിയാതെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ പരാതിപ്പെട്ടിയില്‍ പരാതി എഴുതിയിടുകയുമായിരുന്നു. പരാതി സംബന്ധിച്ച് വിവരം ലഭിച്ചപ്പോള്‍ പ്രധാനാധ്യാപികയെ വിളിച്ച് സംസാരിച്ചിരുന്നു. പരാതി സംസാരിച്ചു തീര്‍ക്കാവുന്നതാണെന്ന് പറഞ്ഞ അദ്ധ്യാപിക പിന്നീട് പരാതി പോലീസിന് കൈമാറുകയായിരുന്നു. ഇതുമായി തങ്ങള്‍ക്കോ കുട്ടികള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് ഇവര്‍ പറഞ്ഞു. അദ്ധ്യാപകര്‍ തമ്മിലുള്ള ശത്രുതയ്ക്കിടയിലേക്ക് വിദ്യാര്‍ത്ഥികളെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.

ഹാഷിം എ.എം, ഇബ്രാഹിംകുട്ടി കെ.എം, അഷീറ നജീം, സുഹറ സുബൈര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More News from Ernakulam