അസ്മിന ഇനി ബാപ്പയുടെ കരളുമായി ജീവിക്കും

Posted on: 23 Dec 2012കൊച്ചി: ഒന്‍പത് മാസം മാത്രം പ്രായമായ അസ്മിനയ്ക്കിത് പുനര്‍ജന്മം. അവള്‍ ഇനി പിതാവ് നിഹാലിന്റെ കരളുമായി ജീവിക്കും. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 17-നാണ് അസ്മിനയെ അമൃത ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഏക പോംവഴി കരള്‍ മാറ്റിവയ്ക്കലായിരുന്നു.

അമൃത ആസ്​പത്രിയില്‍ 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് അസ്മിനയ്ക്ക് പിതാവ് മുഹമ്മദ് നിഷാലിന്റെ കരള്‍ മാറ്റിവച്ചത്. നേരത്തെ അമ്മൂമ്മ സൈനബയുടെ കരളായിരുന്നു മാറ്റിവയ്ക്കാമെന്ന് കരുതിയതെങ്കിലും അത് അനുയോജ്യമല്ലെന്ന് കണ്ടത്തുകയായിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് നിഷാലിന്റെ കരള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി ഏഴുമണിക്ക് ശേഷമാണ് അവസാനിച്ചത്. ഡോ. സുധീന്ദ്രന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. തലയോലപ്പറമ്പ് പാലച്ചുവട് സ്വദേശിയാണ് നിഷാല്‍. ശസ്ത്രക്രിയയ്ക്ക് ശേഷം നിഷാലിനെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചെങ്കിലും കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആസ്​പത്രി അധികൃതര്‍ അറിയിച്ചു.

More News from Ernakulam