കുറിഞ്ഞി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം സമരം തുടരുന്നു

Posted on: 23 Dec 2012കോലഞ്ചേരി: സഭാതര്‍ക്കം നിലനില്‍ക്കുന്ന കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശനിയാഴ്ചയും സമരം തുടര്‍ന്നു. പള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരാധന അര്‍പ്പിക്കുവാനുള്ള അവസരം നഷ്ടമായത് തിരികെ വരുംദിവസങ്ങളില്‍ ലഭിക്കണമെന്നും ആര്‍ഡിഒ പള്ളി ഏറ്റെടുത്ത നടപടി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ്‌വിഭാഗം വെള്ളിയാഴ്ച രാത്രി മുതല്‍ പള്ളിക്കു മുമ്പില്‍ സമരം തുടരുന്നത്.

മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരും സഭാ വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട്, സഭാ ട്രസ്റ്റി ഡോ. ജോര്‍ജ് ജോസഫ് എന്നിവരും വൈദികരും വിശ്വാസികളുമടങ്ങുന്ന സംഘമാണ് സമരം തുടരുന്നത്.

യാക്കോബായ വിഭാഗത്തിന് അനുകൂലമായി ജില്ലാ ഭരണകൂടം നീങ്ങിക്കൊണ്ട് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ നിന്നു പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം കുറ്റപ്പെടുത്തി. ആര്‍ഡിഒ പള്ളിയും ഭരണകാര്യങ്ങളും ഏറ്റെടുക്കുന്നതുവരെ സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി പൂട്ടുക എന്ന ലക്ഷ്യമേ ഉള്ളുവെന്ന് യാക്കോബായ വിഭാഗവും കുറ്റപ്പെടുത്തി. രാത്രി വൈകിയും ജില്ലാ ഭരണകൂടവും പോലീസധികൃതരും ഇരുവിഭാഗത്തേയും ചര്‍ച്ചയ്ക്ക് സമീപിക്കുന്നുണ്ടായിരുന്നു.

More News from Ernakulam