പിഎസ്‌സി ഓഫീസ് മാറ്റം: യുവജന പ്രതിഷേധമിരമ്പി

Posted on: 23 Dec 2012അണ്ടര്‍ സെക്രട്ടറിയെ ഓഫീസില്‍ തടഞ്ഞുവെച്ചുകാക്കനാട്: ജില്ലാ ഭരണകൂടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ പിഎസ്‌സി ഓഫീസുകള്‍ നഗരത്തിലേക്ക് മാറ്റാനുള്ള നീക്കം വീണ്ടും പാളി. യുവജന സംഘടനകള്‍ പിഎസ്‌സി അണ്ടര്‍ സെക്രട്ടറിയെ ഒരു മണിക്കൂറോളം ഉപരോധിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.

ആവശ്യത്തിന് സ്ഥലസൗകര്യമില്ലെന്ന പേരിലാണ് പിഎസ്‌സിയുടെ ജില്ല, മേഖലാ ഓഫീസുകള്‍ കൊച്ചി നഗരത്തിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തത്. മുന്‍പും ഇത്തരത്തിലുള്ള തീരുമാനമുണ്ടായിരുന്നെങ്കിലും യുവജന സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് തൃക്കാക്കര നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ യുവജന സംഘടനകള്‍ രംഗത്തെത്തി. തുടര്‍ന്ന് സാധനങ്ങള്‍ കയറ്റാതെ വാഹനവുമായെത്തിയ സംഘം വീണ്ടും മടങ്ങി. നഗരസഭ ചെയര്‍മാന്‍ പിഎസ്‌സി അധികൃതരുമായി ചര്‍ച്ച നടത്തി ഇനി ഒരു തീരുമാനം വരെ സാധനങ്ങള്‍ മാറ്റില്ലെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

സംഭവമറിഞ്ഞെത്തിയ യുവജന സംഘടനകള്‍ നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലിയുടെ നേതൃത്വത്തില്‍ പിഎസ്‌സി അണ്ടര്‍ സെക്രട്ടറി പോള്‍സണ്‍ എ. കരേടനെ ഉപരോധിച്ചു. ഇതിനിടെ തൃക്കാക്കര എസ്.ഐ. ടി.എ. അബ്ദുള്‍ സത്താറിന്റെ നേതൃത്വത്തില്‍ ഒരു വണ്ടി പോലീസും സംഭവസ്ഥലത്തെത്തി. പിഎസ്‌സി അധികൃതര്‍ ചാക്കില്‍ക്കെട്ടിയ ഫയലുകള്‍ ഉള്‍പ്പെടെയുള്ള മറ്റു സാമഗ്രികള്‍ വണ്ടിയില്‍ നിന്ന് തിരിച്ചിറക്കുകയും ചെയ്തു. തൃക്കാക്കര ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റി മന്ദിരത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ മൂന്നു നിലകളാണ് നഗരസഭ പിഎസ്‌സിക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

More News from Ernakulam