200 മോഷണങ്ങള്‍ നടത്തിയ കേസിലെ പ്രതി പിടിയില്‍

Posted on: 23 Dec 2012പെരുമ്പാവൂര്‍: ഇരുന്നൂറോളം മോഷണങ്ങള്‍ നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഇടുക്കി നെടുങ്കണ്ടം ശൂലപ്പാറ ആണ്ടുതറപ്പേല്‍ വീട്ടില്‍ ബിജുകുമാര്‍ (34) ആണ് പിടിയിലായത്.

മുടക്കുഴ മുല്ലയ്ക്കല്‍ തേവര്‍മഠം ഭഗവതിക്ഷേത്രത്തില്‍ കഴിഞ്ഞ നവംബര്‍ 27ന് അഞ്ചേകാല്‍ പവന്റെ തിരുവാഭരണങ്ങള്‍ മോഷ്ടിച്ചത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. വെങ്ങോല പുതുപ്പാറ ക്ഷേത്രം, ഓണംകുളം മുടപ്ലാപ്പിള്ളി തൃക്കക്ഷേത്രം, വെസ്റ്റ് വെങ്ങോല മങ്കുഴി തെക്കേ വീട്ടില്‍ മൂസയുടെ കട എന്നിവിടങ്ങളില്‍ നിന്ന് മോഷണം നടത്തിയതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.

പകല്‍ സമയങ്ങളില്‍ നടന്ന് ക്ഷേത്രങ്ങളും വീടുകളും കണ്ടുവച്ചശേഷം രാത്രി മോഷണം നടത്തുകയായിരുന്നു പതിവ്. മോഷ്ടിച്ച പണം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ കുഴിച്ചിട്ടശേഷം പിന്നീട് ആവശ്യാനുസരണം എടുക്കും. 2011 നവംബറില്‍ കണ്ണൂര്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി പരപ്പനങ്ങാടി, കോഴിക്കോട്, ആലുവ എന്നിവിടങ്ങളില്‍ താമസിച്ച് മോഷണം നടത്തിവരികയായിരുന്നു.

ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി പോലീസ് അറിയിച്ചു.

ഡിവൈഎസ്​പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സി.ഐ. വി.റോയി, എസ്.ഐ. ബിജോയ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് പ്രതിയെ റിമാന്‍ഡ് ചെയ്തു.

More News from Ernakulam