ഹര്‍ത്താല്‍ മാറ്റിയത് ജനങ്ങളെ വലച്ചു പ്ലൈവുഡ്‌സമരം: ചര്‍ച്ച അലസി

Posted on: 23 Dec 2012പെരുമ്പാവൂര്‍: പ്ലൈവുഡ് വ്യവസായികളുടെ അസോസിയേഷന്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ അവസാനനിമിഷം മാറ്റി. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ത്താല്‍ മാറ്റിവച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ക്രിസ്മസ്‌കാലമായതിനാല്‍ ഹര്‍ത്താല്‍ ടൗണിലെ കച്ചവടത്തെ ബാധിക്കുമെന്നും ഹര്‍ത്താല്‍ പിന്‍വലിച്ചില്ലെങ്കില്‍ ചര്‍ച്ചയുണ്ടാവില്ലെന്നും കളക്ടര്‍ അറിയിച്ചതുപ്രകാരമായിരുന്നു പിന്മാറ്റം.

വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് ഹര്‍ത്താല്‍ വേണ്ടെന്നു തീരുമാനിച്ചത്. അതേസമയം, ശനിയാഴ്ച നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതായും അസോസിയേഷന്‍ അറിയിച്ചു.

അസോസിയേഷന്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ വ്യക്തമായ തീരുമാനം ഉണ്ടാകാത്തതിനാല്‍ അനിശ്ചിതകാലസമരം തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 17-ാം തീയതിമുതല്‍ കമ്പനികള്‍ അടച്ചിട്ട് സമരം തുടരുകയാണ്.

അവസാന നിമിഷം ഹര്‍ത്താല്‍മാറ്റിയതും ജനങ്ങളെ വലച്ചു. പെരുമ്പാവൂരിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ ശനിയാഴ്ച അടച്ചിടണമെന്ന് വെള്ളിയാഴ്ച രാവിലെമുതല്‍ അറിയിപ്പുണ്ടായിരുന്നു. ഇതുപ്രകാരം സ്ഥാപനങ്ങള്‍ അടച്ചവര്‍ക്ക് അബദ്ധംപറ്റി. ഹോട്ടലുകള്‍ ഭൂരിപക്ഷവും ടൗണില്‍ പ്രവര്‍ത്തിച്ചില്ല. പലരും ശനിയാഴ്ച നടത്താന്‍ ഉദ്ദേശിച്ച യാത്രകളും മറ്റും മാറ്റിവച്ചു.

ഹര്‍ത്താല്‍ ഇല്ലെന്ന് ഉച്ചഭാഷിണിയിലൂടെ ടൗണില്‍ അറിയിപ്പുവന്നപ്പോള്‍ ശനിയാഴ്ച രാവിലെ 8 മണിയായി. ടൗണിലുള്ളവര്‍ വിവരമറിയിച്ചതുപ്രകാരം പല കടയുടമകളും സ്ഥലത്തെത്തി പ്രവര്‍ത്തനം തുടങ്ങിയത് 10 മണിയോടെയാണ്.

യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, എംഎല്‍എമാരായ സാജു പോള്‍, വി.പി. സജീന്ദ്രന്‍, സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. എന്‍.സി. മോഹനന്‍, അസോസിയേഷന്‍ പ്രസിഡന്റ് എം.എം. മുജീബ്‌റഹ്മാന്‍, സെക്രട്ടറി കെ.എം. അബ്ദുള്‍കരീം, ഖജാന്‍ജി സി.കെ. അബ്ദുള്‍ മജീദ്, സി.എം. ഇസ്മയില്‍, ബാബു സെയ്താലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

More News from Ernakulam