മാലിന്യപ്രശ്‌നം: മാര്‍ക്കറ്റ് ഉപരോധം 27 മുതല്‍

Posted on: 23 Dec 2012അങ്കമാലി: അങ്ങാടിക്കടവ്, ടൗണ്‍ കോളനി നിവാസികള്‍ 27 മുതല്‍ അങ്കമാലി നഗരസഭാ മാര്‍ക്കറ്റ് ഉപരോധിക്കും. മാര്‍ക്കറ്റിലെ മാലിന്യം അങ്ങാടിക്കടവ് പാടശേഖരത്തില്‍ തള്ളുന്നത് നിര്‍ത്തുമെന്ന അധികൃതരുടെ രേഖാമൂലമുള്ള ഉറപ്പ് പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

അങ്ങാടിക്കടവ് ടൗണ്‍ കോളനി മാലിന്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് സമരം. 2011 ഒക്ടോബര്‍ മുതല്‍ സമിതിയുടെ നേതൃത്വത്തില്‍ വിവിധ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മാലിന്യം തള്ളുന്നത് തടയണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും നഗരസഭാ അധികാരികള്‍ നടപടി സ്വീകരിച്ചില്ല. ഇപ്പോഴും മാലിന്യം പാടശേഖരത്തില്‍ തന്നെ തള്ളുകയാണ്. രൂക്ഷമായ ദുര്‍ഗന്ധം മൂലം സമീപവാസികള്‍ ദുരിതമനുഭവിക്കുകയാണ്.

ഡിസംബര്‍ 22നകം പ്രശ്‌നം പരിഹരിക്കാമെന്ന് നഗരസഭാ അധികാരികള്‍ ഉറപ്പു നല്‍കിയെങ്കിലും ഇതും പാലിക്കപ്പെട്ടിട്ടില്ല. ഇതിനിടെ മാലിന്യം തള്ളുന്നതിനായി പാടശേഖരത്തില്‍ വലിയ കുഴികള്‍ കുഴിച്ചത് നാട്ടുകാര്‍ തടഞ്ഞു. പോലീസ് എത്തി കുഴികള്‍ മൂടിക്കുകയും ജെസിബി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അതിനാല്‍ സംഘര്‍ഷാവസ്ഥ ഒഴിവായി.

More News from Ernakulam