മാമലക്കണ്ടത്ത് നായാട്ടിന് പോയ യുവാവിന് വെടിയേറ്റു

Posted on: 23 Dec 2012കോതമംഗലം: കാട്ടില്‍ നായാട്ടിന് പോയ യുവാവിന് വെടിയേറ്റു. സാരമായി പരിക്കുണ്ട്. മാമലക്കണ്ടം എളംബ്ലാശ്ശേരി അരീക്കുന്നേല്‍ അജി ഭാസ്‌കരന് (26) ആണ് പരിക്കേറ്റത്. രണ്ട് ആദിവാസി യുവാക്കള്‍ക്കൊപ്പം കാട്ടില്‍ പോയ അജിക്ക് വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് വെടിയേറ്റത്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അജിയുടെ വലതു കൈയുടെ മസില്‍ഭാഗത്താണ് വെടിയുണ്ടയുടെ ചീള് തുളച്ചുകയറി ആഴത്തില്‍ മുറിവേറ്റിരിക്കുന്നത്. മാമലക്കണ്ടം കിഴക്കെ സിറ്റിയുടെ മുകളില്‍ വനത്തിലെ പട്ടിമൂടി ഭാഗത്താണ് സംഭവം. കോഴിക്കൂടുണ്ടാക്കാന്‍ ഈറ്റയും മറ്റ് മരക്കമ്പുകളും ശേഖരിക്കാന്‍ പോയതാണെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. മരക്കമ്പുകള്‍ വലിച്ചെടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തോക്ക് പൊട്ടിയാണ് അപകടം.

അജി പറഞ്ഞ സ്ഥലത്തു ചെന്ന് പോലീസ് പരിശോധിച്ചിട്ടും തോക്ക് കണ്ടെടുക്കാനായിട്ടില്ല. ലൈസന്‍സില്ലാത്ത നാടന്‍ തോക്കാണെന്നാണ് പോലീസ് കരുതുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് കുട്ടമ്പുഴ എസ്.ഐ കെ.പി. അശോക്കുമാര്‍ അറിയിച്ചു. അജിയുടെ കൂടെയുണ്ടായിരുന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

More News from Ernakulam