വല്ലാര്‍പാടം പദ്ധതി കായലിന് ആഴംകൂട്ടല്‍ ലക്ഷ്യത്തിലേക്ക്

Posted on: 23 Dec 2012


വി.പി. ശ്രീലന്‍മട്ടാഞ്ചേരി: അഞ്ച് വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ വല്ലാര്‍പാടം കായലിലേയും കൊച്ചി കപ്പല്‍ച്ചാലിലേയും ആഴംകൂട്ടല്‍ ജോലികള്‍ ലക്ഷ്യത്തിലേക്ക്.

കായലിന്റെയും കപ്പല്‍ച്ചാലിന്റെയും ആഴം 14.5 മീറ്ററായി വര്‍ധിപ്പിച്ചു. വല്ലാര്‍പാടത്തെ കപ്പല്‍ ബര്‍ത്തുകളിലും ഈ ആഴമുണ്ടാകും. ഏതാണ്ട് അഞ്ചുനില കെട്ടിടത്തിന്റെ താഴ്ചയാണിത്.

2007ലാണ് വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായുള്ള കായല്‍ ഡ്രഡ്ജിങ് ജോലികള്‍ തുടങ്ങിയത്. പഴയ കൊച്ചി തുറമുഖത്തെ ബര്‍ത്തുകളില്‍ 12.5 മീറ്ററാണ് ആഴം. കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് കടന്നുവരുന്നതിനായാണ് വല്ലാര്‍പാടത്തും പരിസരങ്ങളിലും ആഴം 14.5 മീറ്ററാക്കുവാന്‍ തീരുമാനിച്ചത്. ഇതിന് 300 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ജെയ്‌സൂ ഷിപ്പിങ് കമ്പനിക്കായിരുന്നു കരാര്‍. എന്നാല്‍ സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കാതെ അവര്‍ മടങ്ങി. പണിപൂര്‍ത്തിയാക്കാത്തതിനാല്‍ ജെയ്‌സൂ കമ്പനിയുടെ ഡ്രഡ്ജറുകള്‍ തുറമുഖ ട്രസ്റ്റ് പിടിച്ചെടുത്തിരുന്നു. ഇപ്പോഴും കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. തുടര്‍ന്ന് മര്‍ക്കേറ്റര്‍ എന്ന സ്വകാര്യ കമ്പനി ജോലി ഏറ്റെടുത്തുവെങ്കിലും അവരും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഒടുവില്‍ ഡ്രഡ്ജിങ് കോര്‍പറേഷന്‍ ഈ ജോലി ഏറ്റെടുക്കുകയായിരുന്നു.

'അക്വേറിയസ്' എന്ന മണ്ണുമാന്തിക്കപ്പലാണ് ഏറെ ദുഷ്‌കരമായി അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കിയത്. ചെറിയ ജോലികള്‍ ഇനിയും ബാക്കിയുണ്ട്. ഇത് പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കകം ആഴംകൂട്ടല്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി പറഞ്ഞു.

കാപ്പിറ്റല്‍ ഡ്രഡ്ജിങ് പൂര്‍ത്തിയായാലും കടലില്‍ നിന്ന് വന്ന് അടിയുന്ന ചെളി സ്ഥിരമായി നീക്കുവാന്‍ സംവിധാനമുണ്ടാകണം. 'ലിറ്ററല്‍ ഡ്രിസ്റ്റ്' എന്ന പ്രതിഭാസമുള്ളതിനാല്‍ കൊച്ചി അഴിമുഖത്തും തീരത്തും സ്ഥിരമായി ചെളി വന്നടിയും. ഇത് നീക്കുന്നതിനാണ് കൊച്ചി തുറമുഖം ഏറ്റവുമധികം പണം ചെലവഴിക്കുന്നത്. പ്രതിവര്‍ഷം 110 കോടി രൂപ ഇതിനായി ചെലവാക്കുന്നുണ്ട്.

വല്ലാര്‍പാടം പദ്ധതിയുടെ ലൈസന്‍സ് കരാറിലുള്ള വ്യവസ്ഥയനുസരിച്ച് ആഴം കൂട്ടുന്നതിന്റെയും അത് നിലനിര്‍ത്തുന്നതിന്റെയും ചുമതല കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനാണ്. കൊച്ചിയിലേക്കുള്ള കപ്പല്‍ച്ചാല്‍, നേവിയും കൊച്ചി കപ്പല്‍ശാലയും കോസ്റ്റ് ഗാര്‍ഡും ഉപയോഗിക്കുന്നുണ്ടെങ്കിലും മെയിന്റനന്‍സ് ഡ്രഡ്ജിങിന്റെ ചെലവ് വഹിക്കുന്നത് തുറമുഖ ട്രസ്റ്റാണ്. ഇത് തുറമുഖ ട്രസ്റ്റിന് വലിയ ബാധ്യതയുണ്ടാക്കുന്നുണ്ട്.

കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭിക്കുന്ന അവസരത്തില്‍ തന്നെ, ഡ്രഡ്ജിങ് ജോലികള്‍ പൂര്‍ത്തിയായത് വല്ലാര്‍പാടത്തിന് കരുത്തേകും.

വന്‍കിട കപ്പല്‍ കമ്പനികളില്‍ നിന്ന് കൂടുതല്‍ അന്വേഷണമുണ്ടാകുന്നതായി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പറഞ്ഞു.

നിയമത്തില്‍ ഇളവ് ലഭിച്ചതിനാല്‍ കൂടുതല്‍ മദര്‍ഷിപ്പുകള്‍ വല്ലാര്‍പാടത്ത് എത്തുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് പോര്‍ട്ട് വേള്‍ഡ് ചീഫ് എക്‌സി. ഓഫീസര്‍ കൃഷ്ണദാസ് പറഞ്ഞു.

More News from Ernakulam