പ്രവാസി ഭാരതീയ ദിവസ്: നഗരത്തിലെ റോഡുകള്‍ നന്നാക്കും

Posted on: 23 Dec 2012കൊച്ചി: ജനവരിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനു മുന്നോടിയായി കൊച്ചിയിലേയും അനുബന്ധ മേഖലകളിലേയും റോഡുകള്‍ അടിയന്തരമായി നന്നാക്കും.

നെടുമ്പാശ്ശേരി വിമാനത്താവളം മുതല്‍ പ്രധാനവേദിയായ ലെ മെറിഡിയന്‍ വരെയുള്ള പാത കേരളീയ കലാരൂപങ്ങള്‍കൊണ്ട് മോടിപിടിപ്പിക്കും. ഈ മാസം 31നകം ഈ വഴിയില്‍ ഫ്‌ളക്‌സുകള്‍ പാടെ ഒഴിവാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗം പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.

വിവിധ രാജ്യങ്ങളില്‍ നിന്നായി എത്തുന്ന പ്രതിനിധികളെ സ്വീകരിക്കാനായി ജനവരി മൂന്നിനു തന്നെ രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിക്കും. നഗരത്തിലെ 17 ഹോട്ടലുകളാണ് പ്രതിനിധികള്‍ക്കായി കണ്ടെത്തിയിട്ടുള്ളത്. ഇതിനു പുറമെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സഹായകേന്ദ്രം തുറക്കും. വിവിധ ഹോട്ടലുകളില്‍ നിന്ന് പ്രതിനിധികളെ ലെ മെറിഡിയനിലേക്ക് എത്തിക്കാനും മറ്റുമായി മുപ്പതോളം വാഹനങ്ങള്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ചെറുകാറുകള്‍ക്കു പുറമെയാണിത്.

ലെ മെറിഡിയനില്‍ പ്രധാനവേദിക്കു പുറത്തായി കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം പ്രകടമാക്കുന്ന പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ്, നോര്‍ക്ക, ടൂറിസം വകുപ്പുകളുടെ പ്രത്യേക സ്റ്റാളുകള്‍ പ്രദര്‍ശനത്തിന്റെ പ്രത്യേകതയായിരിക്കും. ഇതിനു പുറമെ നിത്യവും സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. എട്ടിന് ബോള്‍ഗാട്ടിയില്‍ പ്രതിനിധികള്‍ക്കായി മുഖ്യമന്ത്രി വിരുന്നൊരുക്കും.

പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനെത്തുന്ന വിശിഷ്ടാതിഥികളെ സഹായിക്കാന്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ നിന്നായി ലെയ്‌സണ്‍ ഓഫീസര്‍മാരെയും കോ-ഓര്‍ഡിനേറ്റിങ് ഓഫീസര്‍മാരെയും നിയമിക്കും. ഡെപ്യൂട്ടി കളക്ടര്‍മാരുടെ പദവിയിലുള്ളവരായിരിക്കും കോ-ഓര്‍ഡിനേറ്റിങ് ഓഫീസര്‍മാരാകുക. റവന്യൂ, പഞ്ചായത്ത്, ഗ്രാമവികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാകും ലെയ്‌സണ്‍ ഓഫീസര്‍മാരായി നിയമിക്കുക.

സംസ്ഥാന അതിഥിയായി പങ്കെടുക്കുന്ന മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, പ്രധാന പ്രഭാഷകര്‍ എന്നിവര്‍ക്ക് ആവശ്യമായ സഹായവും കേരളത്തിന്റെയും കൊച്ചിയുടെയും പ്രത്യേകതയും വിശദീകരിക്കുകയാണ് ലെയ്‌സണ്‍ ഓഫീസര്‍മാരുടെ ചുമതല. ജില്ലാ കളക്ടറാകും ഇവരെ നിയമിക്കുക.

കൊച്ചിയില്‍ മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി എട്ടിന് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. ഒമ്പതിന് രാഷ്ട്രപതി പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

യോഗത്തില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്‌വകുപ്പ് ഡയറക്ടര്‍ ഫിറോസ്, മീഡിയ റിലേഷന്‍ നോഡല്‍ ഓഫീസര്‍ പ്രൈമസ് രാജന്‍, പ്രദര്‍ശന വിഭാഗം നോഡല്‍ ഓഫീസര്‍ വി.കെ. അജിത്കുമാര്‍, റൂറല്‍ ജില്ല പോലീസ് സൂപ്രണ്ട് കെ.പി. ഫിലിപ്പ്, സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ടോമി, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, അസിസ്റ്റന്റ് കളക്ടര്‍ ജി.ആര്‍. ഗോകുല്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എ. ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.

More News from Ernakulam