സുലേഖ കൊലക്കേസ് രണ്ട് പേര്‍ക്ക് അഹമ്മദാബാദില്‍ വിദഗ്ദ്ധ പരിശോധന

Posted on: 23 Dec 2012കൊച്ചി: സുലേഖ കൊലക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ., പ്രതികള്‍ എന്ന് സംശയിക്കുന്ന രണ്ടുപേരെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നു. അഹമ്മദാബാദിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് ഇവരെ നാര്‍കോ-ഓര്‍മ അടയാളപ്പെടുത്തല്‍ പരിശോധനകള്‍ക്കും മറ്റും വിധേയമാക്കുന്നത്. പരിശോധന പൂര്‍ത്തിയാക്കി 29ന് ഇവരോടൊപ്പം സി.ബി.ഐ. സംഘം കൊച്ചിയില്‍ തിരിച്ചെത്തും.

എറണാകുളം ജില്ലയില്‍ പട്ടിമറ്റം കുമ്മനോട് മാതേക്കാട് അബ്ദുള്‍ കാദറിന്റെ ഭാര്യ സുലേഖയാണ് 2006 ജൂലായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പ്രതികളെ ആരെയും ക്രൈംബ്രാഞ്ച് പിടികൂടാതെ വന്നപ്പോള്‍ അന്വേഷണം കഴിഞ്ഞ വര്‍ഷം സി.ബി.ഐക്ക് ഹൈക്കോടതി കൈമാറി. പരിസരവാസികളായ രണ്ടു പേരെയാണ് പരിശോധനയ്ക്കായി സി.ബി.ഐ. അഹമ്മദാബാദില്‍ കൊണ്ടുപോയത്. 60ഓളം പേരെ സി.ബി.ഐ. സംഘം ചോദ്യം ചെയ്തപ്പോഴാണ് ഇവരില്‍ നിന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയേക്കുമെന്ന് സി.ബി.ഐ. കരുതിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ അനുമതി അതിനായി തേടിയിരുന്നു.

മൂര്‍ച്ചയേറിയ ആയുധംകൊണ്ടാണ് സുലേഖയെ പരിക്കേല്‍പ്പിച്ചിട്ടുള്ളത്. രണ്ട് മാസം മുമ്പ് പരിസരം വൃത്തിയാക്കിയപ്പോള്‍ കിട്ടിയ ഒരു കത്തി ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കായി സി.ബി.ഐ. അയച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഫിബ്രവരിയോടെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സി.ബി.ഐയ്ക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന ഉത്തരവ്.

More News from Ernakulam