പെന്‍ഷന്‍ വര്‍ധന: വാഗ്ദാനം നടപ്പാക്കും -പി.പി. തങ്കച്ചന്‍

Posted on: 23 Dec 2012



അങ്കമാലി: അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു. ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളികള്‍ക്കായി കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന സാമ്പത്തിക പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ബാംബൂ കോര്‍പ്പറേഷന്റെ കീഴിലുള്ള പാവപ്പെട്ട തൊഴിലാളികളുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനുണ്ട്. പെന്‍ഷന്‍ തുക 400 രൂപയില്‍നിന്ന് കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം സര്‍ക്കാരില്‍ ഉന്നയിച്ചിട്ടുണ്ട്.

ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചത് രാഷ്ട്രീയ പാപ്പരത്തമാണ്. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച തുകയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഫണ്ട് ലഭിച്ച കാര്യം ആരെയും അറിയിക്കാത്ത കുറ്റബോധംകൊണ്ടാണ് എല്‍.ഡി.എഫ്. ചടങ്ങ് ബഹിഷ്‌കരിച്ചതെന്ന് പി.പി. തങ്കച്ചന്‍ ആരോപിച്ചു.

ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ 34204 പേര്‍ക്ക് 1,000 രൂപവീതമാണ് വിതരണം ചെയ്യുന്നത്. അങ്കമാലിയില്‍ നടന്ന യോഗത്തില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.ഡി. ജോസഫ് അധ്യക്ഷനായി. ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.ജെ. ജോയി, അന്‍വര്‍ സാദത്ത് എം.എല്‍.എ. പവിത്രന്‍, ടി. സുകുമാരന്‍ നായര്‍, വി. രവീന്ദ്രനാഥന്‍, പി.ടി. പോള്‍, സാജു തോമസ്, ടോമി വര്‍ഗീസ്, മാത്യു തോമസ്, മേരി ആന്റണി, ഇന്ദിര രാധാകൃഷ്ണന്‍, റെന്നി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ആനുകൂല്യം തട്ടിയെടുക്കുന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു.

More News from Ernakulam