കൊച്ചി ബിനാലെ കലാസൃഷ്ടികള്‍ വികൃതമാക്കിയതിനെതിരെ കൂട്ടായ്മ

Posted on: 23 Dec 2012കൊച്ചി: ഓസ്‌ട്രേലിയന്‍ കലാകാരന്‍ ഡാനിയല്‍ കോണലിന്റെയും ദക്ഷിണാഫ്രിക്കന്‍ കലാകാരന്‍ ക്ലിഫോഡ് ചാള്‍സിന്റെയും പോര്‍ട്രെയ്റ്റ് നശിപ്പിക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ കലാകാരന്മാരുടെയും നാട്ടുകാരുടെയും കൂട്ടായ്മ പ്രതിഷേധിച്ചു. ചായക്കടക്കാരന്‍ അച്ചുവെന്ന അഷ്‌റഫിന്റെ ചിത്രം കോണല്‍ വരച്ചിട്ട കാര്‍ണിവല്‍ ഓഫീസിനു മുന്നിലായിരുന്നു കൂട്ടായ്മ.

കലയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത് ചെയ്യാനാകില്ലെന്നും ഫോര്‍ട്ട് കൊച്ചിയിലുള്ളവര്‍ ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നും കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റി പേട്രന്‍ പി. ജെ. ജോസി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കാര്‍ണിവല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോസ് എഡ്വിന്‍ പറഞ്ഞു.

കലാകാരന്മാരായ ജ്യോതിബസു, ഉപേന്ദ്രനാഥ് ടി.ആര്‍. കെ. രഘുനാഥ്, കബിതാ മുഖോപാധ്യായ, സെബാസ്റ്റ്യന്‍ വര്‍ഗീസ്, പ്രഭാകരന്‍ സി, അനില്‍ ദയാനന്ദ്, കാര്‍ണിവല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി സനൂജ് ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.

കലയെ സ്‌നേഹിക്കുക, ആക്രമിക്കാതിരിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് ഇവര്‍ ഒത്തുചേര്‍ന്നത്. കലാസൃഷ്ടികള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതിനു തലേദിവസം തങ്ങളെ ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വിളി വന്ന ഫോണ്‍ നമ്പര്‍ പോലീസിനു കൈമാറിയിട്ടുണ്ട് എന്നും ബിനാലെ സംഘാടകര്‍ അറിയിച്ചു.

More News from Ernakulam