ഭൂസംരക്ഷണ ജാഥാ സമാപനം ഇന്ന് കൊച്ചിയില്‍

Posted on: 23 Dec 2012കൊച്ചി: ജനവരി ഒന്നിന് തുടങ്ങുന്ന ഭൂസംരക്ഷണ സമരത്തിന്റെ പ്രചാരണാര്‍ത്ഥം ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സി.പി.എം. നേതാക്കളായ ഇ.പി.ജയരാജനും എ. വിജയരാഘവനും നയിക്കുന്ന ജാഥകള്‍ ഞായറാഴ്ച കൊച്ചിയില്‍ സമാപിക്കും. രാജേന്ദ്രമൈതാനിയില്‍ വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി കെ. വരദരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.

ഒരു കുടുംബത്തിന് പരമാവധി കൈവശം വെയ്ക്കാന്‍ കഴിയുന്ന 15 ഏക്കറില്‍ കൂടുതലുള്ള ഭൂമികളില്‍ പ്രവേശിച്ച് സര്‍ക്കാറിന് ചൂണ്ടിക്കാണിച്ചു കൊടുക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഓരോ ജില്ലയിലെയും ഇത്തരത്തിലുള്ള ഒരു പ്രധാന ഭൂമിയിലേക്കാണ് ജനവരി ഒന്നുമുതലുള്ള പ്രവേശം. എറണാകുളം ജില്ലയിലെ കടമക്കുടി ചരിയംതുരുത്തില്‍, ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് അംഗമായ ട്രസ്റ്റ് വാങ്ങിക്കൂട്ടിയ 150 ഏക്കര്‍ ഭൂമിയിലാണ് പ്രവേശിക്കുന്നത്. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സമരം ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ 250 പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കും.

ജാമ്യം ലഭിച്ച ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരുമെന്ന ഉറപ്പ് കുറുപ്പിന്റെ ഉറപ്പാണെന്നും നാവികര്‍ തിരിച്ചുവരാന്‍ സാധ്യതയില്ലെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

More News from Ernakulam