അഴകിയകാവ് ഭഗവതിക്ക് 205 പവന്റെ സ്വര്‍ണക്കോലം

Posted on: 04 Feb 2012




പള്ളുരുത്തി: അഴകിയകാവ് ഭഗവതിക്ക് 205 പവന്‍ വരുന്ന സ്വര്‍ണക്കോലം സമര്‍പ്പിച്ചു. വെള്ളിയാഴ്ച താലപ്പൊലിയോടനുബന്ധിച്ച് നടന്ന പകല്‍പ്പൂരത്തിന് പുതിയ സ്വര്‍ണക്കോലമാണ് എഴുന്നള്ളിച്ചത്.
50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ സ്വര്‍ണക്കോലത്തിന് വേണ്ടി വന്ന 1647 ഗ്രാം സ്വര്‍ണം കൊച്ചി ദേവസ്വം ബോര്‍ഡാണ് സംഭാവനയായി നല്‍കിയത്.
നിര്‍മ്മാണച്ചെലവായ രണ്ടുലക്ഷം രൂപ ക്ഷേത്രസമിതിയാണ് ചെലവഴിച്ചത്. മുരിയമംഗലം രാജേന്ദ്രനാചാരിയുടെ നേതൃത്വത്തില്‍ 12 ദിവസം കൊണ്ടാണ് കോലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. 500 ഓളം വര്‍ഷം പഴക്കമുള്ള കോലത്തിന്റെ 'ഗോളക' അതേപോലെ നിലനിര്‍ത്തി. 50 ഗ്രാം സ്വര്‍ണം കൂടിച്ചേര്‍ത്ത് ഗോളക ബലപ്പെടുത്തുകയായിരുന്നു.
ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ വി.വി.സലില്‍കുമാര്‍, ഹൈക്കോടതി നിയോഗിച്ച കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എം.ഡി.മാധവന്‍, അഡ്വ. ടി.കെ.പുഷ്‌കരന്‍, ക്ഷേത്രസമിതി പ്രസിഡന്റ് ടി.ഇ.ശ്രീധരന്‍ നായര്‍, സെക്രട്ടറി ടി.വി.സുരേഷ്, ദേവസ്വം ഓഫീസര്‍ ദീപേഷ് എന്നിവര്‍ നിര്‍മാണജോലികള്‍ക്ക് നേതൃത്വം നല്‍കി.
ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് വച്ച പുതിയ സ്വര്‍ണക്കോലം ക്ഷേത്രം ഭാരവാഹികളായ ശ്രീധരന്‍ നായര്‍, സി.പി.കിഷോര്‍ എന്നിവര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചു.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന്‍ കോലം ഏറ്റുവാങ്ങി ദേവിക്ക് സമര്‍പ്പിച്ചു. ദേവസ്വം സ്‌പെഷല്‍ കമ്മീഷണര്‍ സുകുമാരന്‍, ബോര്‍ഡംഗങ്ങളായ എം.എല്‍.വനജാക്ഷി കുട്ടപ്പന്‍, സെക്രട്ടറി പി.രമണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

More News from Ernakulam