കൊച്ചി തുറമുഖത്തെ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് പിരിച്ചുവിടണം- സിടിടിയു

Posted on: 04 Feb 2012



മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനം കൊണ്ട് തൊഴിലാളികള്‍ക്ക് നഷ്ടമല്ലാതെ ഒരു നേട്ടവുമുണ്ടായിട്ടില്ലെന്ന് കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ (സിടിടിയു) ഭാരവാഹികള്‍ പറഞ്ഞു. അതുകൊണ്ട് ബോര്‍ഡ് പിരിച്ചുവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ക്ക് കാലങ്ങളായി ലഭിച്ചുവന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതല്ലാതെ മറ്റൊരു നേട്ടവും ബോര്‍ഡ് ഉണ്ടാക്കിയിട്ടില്ലെന്ന് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എസ്.ആഷിക് ആരോപിച്ചു.

കൊച്ചി തുറമുഖത്ത് നോക്കുകൂലി വീണ്ടും തലപൊക്കിയെന്ന പരാതി ശരിയല്ല. ഇത്തരം പരാതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉന്നതതലയോഗം ചേരുമ്പോള്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ യോഗത്തില്‍ പങ്കെടുപ്പിക്കാനുള്ള സാമാന്യമര്യാദ അധികൃതര്‍ കാണിക്കേണ്ടിയിരുന്നു. പല മേഖലയിലും കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കുന്നുവെന്നാണ് പരാതി. ഇക്കാര്യങ്ങള്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുവാന്‍ അധികൃതര്‍ തയ്യാറാകണം. അല്ലാതെ നടത്തുന്ന യോഗങ്ങള്‍ പ്രഹസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷേമനിധി ബോര്‍ഡ് കൃത്രിമരേഖ ഉണ്ടാക്കുന്നതായി പരാതിയുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണം. ബോര്‍ഡിന്റെ നടപടികള്‍ തൊഴിലാളി വിരുദ്ധമാണ്. ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുക എന്നതാണ് ബോര്‍ഡിന്റെ നയം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More News from Ernakulam