ശിവക്ഷേത്രോത്സവം: ദേശനാഥന് താളവിസ്മയം സമര്‍പ്പിച്ച് തായമ്പക

Posted on: 04 Feb 2012



കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ അവതരിപ്പിച്ച തായമ്പക ക്ഷേത്ര സന്നിധിയെ താളവിസ്മയത്തിലാഴ്ത്തി. മല്ലാഡി സഹോദരന്‍മാരായ രാമപ്രസാദും രവികുമാറും അവതരിപ്പിച്ച സംഗീതകച്ചേരിയും ചെറിയവിളക്ക് ദിനം ക്ഷേത്ര സന്നിധിയെ ധന്യമാക്കി. കലാക്ഷേത്രം വിലാസിനിയുടെ നേതൃത്വത്തില്‍ എറണാകുളം നൃത്ത്യശ്രീ അവതരിപ്പിച്ച നൃത്തമേളയും ധന്യ ഗിരീഷിന്റെ വയലിന്‍ കച്ചേരിയുമാണ് ഉത്സവത്തിന്റെ ആറാം ദിനം അരങ്ങേറിയ മറ്റു പരിപാടികള്‍. ദര്‍ശനപുണ്യം പകര്‍ന്ന് എറണാകുളത്തപ്പന്റെ ഉത്സവബലിയും വെള്ളിയാഴ്ച നടന്നുമോക്ഷദായകമായ ഉത്സവബലി ദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് രാവിലെ മുതല്‍ ശിവസന്നിധിയിലെത്തിയത്. രാവിലെ 10 മണി മുതല്‍ ആരംഭിച്ച ഉത്സവബലി ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പൊതിയില്‍ ചേന്നാസ് ഗിരീശന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ വിഷ്ണു എമ്പ്രാന്തിരി, ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവബലി ചടങ്ങുകളുടെ ഭാഗമായി ഉച്ചപൂജയ്ക്ക് ശേഷം ഹവിസ് സമര്‍പ്പണവും തുടര്‍ന്ന് മരപ്പാണി കൊട്ടി ഭഗവാനെ അനുജ്ഞാന പൂജയോടെ തിടമ്പിലേക്ക് ആവാഹിക്കുകയും ചെയ്തു. തുടര്‍ന്ന് പുറത്ത് ദേവഗണങ്ങള്‍ക്ക് ബലി തൂകി പ്രദക്ഷിണം നടന്നു. രാവിലെ 11 മണിമുതല്‍ നടന്ന പ്രസാദ ഊട്ടിലും നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്. വലിയ വിളക്ക് ദിവസമായ ശനിയാഴ്ച പകല്‍പ്പൂരവും കുടമാറ്റവും നടക്കും. വൈകീട്ട് 3 ന് ദിവാന്‍സ് റോഡില്‍ നിന്നും 11 ആനകളുടെ അകമ്പടിയോടെ ആരംഭിക്കുന്ന പകല്‍പ്പൂരത്തില്‍ തിരുവമ്പാടി ശിവസുന്ദറാണ് ഭഗവാന്റെ തിടമ്പേറ്റുക. പൂരത്തിന് ശ്രവ്യവിരുന്നൊരുക്കി ചോറ്റാനിക്കര വിജയന്‍ മാരാരുടെ നേതൃത്വത്തില്‍ അമ്പതോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യവും അരങ്ങേറും. തുടര്‍ന്ന് 6 ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പകല്‍പ്പൂരം അണിനിരക്കും. ഇതിനുശേഷമാണ് കാഴ്ചക്കാര്‍ക്ക് വര്‍ണവിസ്മയങ്ങളുടെ വിരുന്നൊരുക്കി കുടമാറ്റം നടക്കുക. കുടമാറ്റത്തിനു ശേഷം പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. രാത്രി 11 മുതല്‍ ക്ഷേത്ര മതില്‍ക്കകത്ത് വലിയവിളക്ക് നടക്കും.

More News from Ernakulam