പറവൂരില്‍ ഏഴ് കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച

Posted on: 04 Feb 2012




പറവൂര്‍: നഗരത്തില്‍ രാത്രി ഏഴ് കടകളുടെ ഷട്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ച. മെയിന്‍ റോഡില്‍ ചേന്ദമംഗലം കവലയിലും പള്ളിത്താഴത്തിനു സമീപവുമാണ് മോഷണം നടന്നത്.

സ്​പ്രിംഗ് ടവ്വറില്‍ നാല് കടകളുടെ ഷട്ടര്‍ തിക്കിത്തുറന്ന് മോഷണം നടത്തിയിട്ടുണ്ട്. നീറിക്കോട് പള്ളത്തുപറമ്പില്‍ ഫിറോസിന്റെ ഉടമസ്ഥതയിലുള്ള നെസ്റ്റല്‍ ഡ്യൂട്ടിപെയ്ഡ് ഷോപ്പും, ഡ്യൂപ്ലിക്കേറ്റ് കീയും നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കുന്ന സ്ഥാപനത്തിലും കവര്‍ച്ച നടന്നു. 5000 രൂപ, 20,000 രൂപ വരുന്ന 5 മൊബൈല്‍ ഫോണുകള്‍ എന്നിവ മോഷണം പോയി. 3 ഷട്ടറുകള്‍ തകര്‍ത്ത നിലയിലാണ്.

കളമശ്ശേരി സ്വദേശി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 'സ്റ്റൈല്‍ മെന്‍സ്‌വെയര്‍' എന്ന സ്ഥാപനത്തില്‍ നിന്ന് മൂവായിരം രൂപ, ആറായിരം രൂപയുടെ വസ്ത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു. ഇതേ കെട്ടിടത്തിലുള്ള ബെസ്റ്റ് എന്‍ഡ് ബേക്കറിയില്‍ കടന്ന മോഷ്ടാക്കള്‍ കുമ്മട്ടി ജ്യൂസ് കുടിച്ചതിന്റെ ലക്ഷണങ്ങളുണ്ട്.

ജംഗ്ഷനിലെ ഓറിയന്റല്‍ ഗ്ലാസ് പ്ലൈവുഡ് ടെകില്‍ മേശയില്‍ വച്ചിരുന്ന മൂവായിരം രൂപ നഷ്ടപ്പെട്ടു. റിയല്‍ ഇലക്ട്രിക്കല്‍ ഷോപ്പ്, എസ്‌ക്വയര്‍, ഷാര്‍യെടക്‌സ് എന്നീ സ്ഥാപനങ്ങളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. ഷാര്‍ടെക്‌സിന്റെ ഷട്ടര്‍ തുറക്കുന്നതു കേട്ട് ഉറങ്ങിക്കിടന്ന ജീവനക്കാര്‍ ഉണര്‍ന്നു. അപ്പോഴേയ്ക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. രാത്രി വൈകി അഞ്ചോളം പേരടങ്ങുന്ന സംഘത്തെ സംശയാസ്​പദമായ സാഹചര്യത്തില്‍ ഇവിടെ കണ്ടതായി പറയുന്നു.

മോഷണം നടന്ന കടകളുടെ സമീപം പറവൂര്‍ കൈത്തറി നെയ്ത് സഹകരണ സംഘം (3428) ഡൈ ഹൗസില്‍ ഒരു പട്ടി അടിയേറ്റ് ചത്ത നിലയില്‍ കിടന്നിരുന്നു.

പറവൂര്‍ സിഐ അബ്ദുള്‍ സലാം, എസ്‌ഐ പി. ശ്രീകുമാരന്‍ നായര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും എത്തിയിരുന്നു.

നഗരത്തിലും ചേന്ദമംഗലം ജംഗ്ഷനിലും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. എന്‍.എ. അലി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ ടി.എസ്. ബേബി, എന്‍.എസ്. അനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags:    . Kerala. കേരളം

More News from Ernakulam