മുസരിസ് ഫെസ്റ്റ് പൈതൃക പദ്ധതിയെ വിജയിപ്പിക്കാന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കണം -യേശുദാസ്
Posted on: 04 Feb 2012
പറവൂര്‍: മുസരിസ് പൈതൃക സംരക്ഷണ പദ്ധതി വിജയത്തിലെത്തിക്കാന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് ഗായകന്‍ യേശുദാസ് അഭിപ്രായപ്പെട്ടു.
പറവൂര്‍ മുസരിസ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാറ്റും പ്രകൃതിയും ഒരുക്കിത്തന്ന ഒരു സ്ഥലമാണ് മുസരിസ് തുറമുഖം, അതിനെ മറക്കരുത്. സംഗീതജ്ഞരില്‍ പോലും 'മുസരിസ് സുബ്രഹ്മണ്യ അയ്യര്‍' പ്രമുഖ നിലയില്‍ സ്ഥാനം അലങ്കരിച്ചിരുന്നയാളാണെന്ന് യേശുദാസ് ഓര്‍മപ്പെടുത്തി. മുസരിസ് എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് അദ്ദേഹത്തിന്റെ പേരും ഓര്‍മവരുമെന്നും യേശുദാസ് പറഞ്ഞു.
നടന്‍ സലിംകുമാറിനെയും യേശുദാസിന്റെ ഗാനങ്ങള്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി പാടി റക്കോഡിട്ട സുധീര്‍ പറവൂരിനെയും യേശുദാസ് പൊന്നാട അണിയിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍.എ. അലി അധ്യക്ഷനായിരുന്നു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, സിനിമാ താരങ്ങളായ ലാലു അലക്‌സ്, മണിയന്‍ പിള്ള രാജു, കനിഹ, വി.ഡി. സതീശന്‍ എം.എല്‍.എ, അന്‍വര്‍ സാദത്ത് എം.എല്‍.എ, വത്സല പ്രസന്നകുമാര്‍, കാര്‍ത്യായനി സര്‍വന്‍, മുസരിസ് പ്രോജക്ട് കണ്‍സള്‍ട്ടന്റ് ബെന്നി കുര്യാക്കോസ്, ടി.കെ. ഉദയഭാനു, എസ്. ശ്രീകുമാരി എന്നിവര്‍ പ്രസംഗിച്ചു.
ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഫ്‌ളവര്‍ ഷോ, പെറ്റ് ഷോ, മുസരിസ് പ്രദര്‍ശനം എന്നിവയ്ക്ക് വൈകീട്ട് നല്ല തിരക്കുണ്ടായി. ശനിയാഴ്ച രാവിലെ 9.30ന് പറവൂര്‍ സി.സി. ടവറില്‍ ചരിത്ര സെമിനാര്‍ നടക്കും. ഡോ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് സേതു അധ്യക്ഷനാകും.
5.30ന് കലാപരിപാടികള്‍. ചവിട്ടുനാടകം, ഫ്യൂഷന്‍ മ്യൂസിക്, കോമഡി ഷോ. രാത്രി 8ന് കോഴിക്കോട് കനകദാസിന്റെ നേതൃത്വത്തില്‍ ഇരുനൂറോളം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സര്‍ഗകേരളം, ജയ്ഹിന്ദ് പരിപാടികള്‍ ഉണ്ട്.
സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. എസ്. ശര്‍മ എം.എല്‍.എ. അധ്യക്ഷനാകും.