തെരുവില്‍ അലഞ്ഞ കുട്ടികള്‍ക്ക് ജനസേവയില്‍ അഭയം
Posted on: 04 Feb 2012
ആലുവ: തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നാലു കുട്ടികള്‍ക്ക് ജനസേവയില്‍ അഭയം. പാലക്കാട് പന്നിയങ്കര വടക്കാഞ്ചേരിയില്‍ ദേശീയ പാതയ്ക്കരികില്‍ ടെന്റ്‌കെട്ടി താമസിക്കുന്ന കണ്ണന്‍-ശാന്തി ദമ്പതിമാരുടെ മക്കളായ രഞ്ജിത്ത് (10), രഞ്ജിത (8), ആനന്ദ് (6), സൂര്യ (4) എന്നിവര്‍ക്കാണ് ജനസേവ രക്ഷാകേന്ദ്രമായത്.
തമിഴ്‌നാട് സേലം സ്വദേശികളായ ഇവര്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോലി തേടി കേരളത്തിലെത്തുന്നത്. അവിടെ സ്വന്തമായി വീടോ, ബന്ധുക്കളോ ഇവര്‍ക്കില്ലായിരുന്നു. പാറപൊട്ടിക്കുന്ന പണിയില്‍ നിന്ന് കണ്ണന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. കുട്ടികളെ സ്‌കൂളിലൊന്നും അയച്ചിരുന്നില്ല. നാലു കുട്ടികളെ കൂടാതെ രണ്ടു വയസ്സായ ആണ്‍കുട്ടിയും ഒരു കൈക്കുഞ്ഞും ഈ ദമ്പതിമാര്‍ക്കുണ്ട്. ദേശീയപാതയുടെ വികസനം, റോഡരികിലെ ടെന്റില്‍ കഴിഞ്ഞിരുന്ന ഇവരുടെ ജീവിതം കൂടുതല്‍ കഷ്ടത്തിലാക്കി.
പട്ടിണിക്കോലങ്ങളായി തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടികളുടെ ദയനീയാവസ്ഥ കണ്ട സാമൂഹ്യപ്രവര്‍ത്തകയായ ബീന റോയിയാണ് വിവരം ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയെ അറിയിച്ചത്. പിന്നീട് പാലക്കാട്ടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ നാല് കുട്ടികളേയും ജനസേവ ശിശുഭവനില്‍ എത്തിക്കുകയായിരുന്നു.
നിയമപ്രകാരമുള്ള സംരക്ഷണത്തിനായി നാല് കുട്ടികളേയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. ഉത്തവ് പ്രകാരം ഇവരുടെ വിദ്യാഭ്യാസമടക്കമുള്ള സംരക്ഷണം ഏറ്റെടുത്തതായി ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറിയിച്ചു.