മണീട്-മുളന്തുരുത്തി പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കല്‍ ഉടന്‍ തുടങ്ങും

Posted on: 04 Feb 2012



പിറവം: മണീടില്‍നിന്ന് മുളന്തുരുത്തിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കും. നെച്ചൂര്‍ ആസ്ഥാനമായുള്ള ശുദ്ധജലപദ്ധതിയില്‍നിന്ന് വെള്ളം മുളന്തുരുത്തി തുപ്പംപടിയിലെ ഭൂതല സംഭരണിയിലെത്തിച്ചശേഷമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണംചെയ്യുന്നത്. നെച്ചൂര്‍, മണീട്, പാമ്പ്ര, വെട്ടിക്കല്‍ സെമിനാരി വഴിയുള്ള 200 എംഎം ആസ്ബസ്‌റ്റോസ് പൈപ്പിലൂടെയാണ് തുപ്പംപടിയില്‍ വെള്ളമെത്തിക്കുന്നത്. ഈ പൈപ്പ് നിരന്തരം പൊട്ടുന്നതുമൂലം ജലവിതരണം കൂടെക്കൂടെ തകരാറിലാകാറുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് മണീട് ചിരക്കാട്ടുപാറ കനാല്‍ബണ്ട് റോഡുവഴി 250 എംഎം ഡിഐ പൈപ്പ് സ്ഥാപിക്കുന്നത്. പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനും പമ്പ്ഹൗസിലെ മറ്റ് ചില പണികള്‍ക്കുമായി 3.65 കോടി രൂപയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍നടപടി പൂര്‍ത്തിയായിട്ടുണ്ട്.

നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി നേരത്തെ അനുമതിലഭിച്ച 1.12 കോടിയുടെ പദ്ധതികള്‍ ഇപ്പോള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

More News from Ernakulam