സരോജിനി നായിഡുവിന്റെ ‘ദി ക്വീൻസ് റൈവൽ’ എന്ന കവിത ചിലരെങ്കിലും വായിച്ചിട്ടുണ്ടാകും. സ്വന്തം സൗന്ദര്യത്തിൽ മടുത്ത് ഒരു എതിരാളിയെ തരാനായി രാജാവിനോട് കേഴുകയാണ് ഗുൽനാർ എന്ന രാജ്ഞി. ലോകത്തിന്റെ നാനാഭാഗത്തു നിന്നും അതിസുന്ദരികളായ രാജകുമാരിമാരെ കൊണ്ടുവന്നിട്ടും രാജ്ഞിക്കു തൃപ്തിയായില്ല. അവസാനം തന്റെ സ്വന്തം മകളാണ് തന്റെ സൗന്ദര്യത്തോട്‌ കിടപിടിക്കാൻ ഏറ്റവും യോഗ്യ എന്നു മനസ്സിലാക്കിയപ്പോൾ തൃപ്തിയായി.

ഇതു പറയാൻ കാരണം മറ്റൊന്നുമല്ല, കുഞ്ഞുങ്ങളുള്ള എല്ലാവരും തന്റെ തന്നെ പ്രതിരൂപമാണ് അവരിൽ കാണുന്നത്. അതേ കാരണം കൊണ്ടുതന്നെ, തങ്ങളെപ്പോലെ തന്നെ അവരെ വസ്ത്രം ധരിപ്പിക്കാനും താത്‌പര്യപ്പെടുന്നു. കുട്ടികൾക്ക് എപ്പോഴും അവരുടെ അച്ഛനമ്മമാരെപ്പോലെ വസ്ത്രം ധരിക്കാൻ വളരെ ഇഷ്ടമാണ്. വിശേഷാവസരങ്ങളിൽ മാത്രമല്ല, ഷോപ്പിങ്ങിനു പോകുമ്പോഴും കൂട്ടുകാരുടെ വീടുകളിൽ പോകുമ്പോഴും ഈ ട്വിൻ-ലുക്ക് പരീക്ഷിക്കാവുന്നതേയുള്ളു.

മാച്ചിങ് വസ്ത്രങ്ങൾ ലഭിക്കുന്ന ഓൺലൈൻ ഷോപ്പുകൾ ധാരാളമുണ്ട്. ഇനി ഓൺലൈൻ ഷോപ്പിങ് താത്‌പര്യമില്ലെങ്കിൽ ഇഷ്ടമനുസരിച്ചുള്ള രൂപത്തിലും നിറത്തിലും ഒരേപോലുള്ള വസ്ത്രങ്ങൾ തയ്പിക്കാവുന്നതേയുള്ളു. കുട്ടികളിൽ ചെറുപ്പത്തിലേ ഫാഷൻ സെൻസ് ഉണ്ടാക്കാൻ ഇത് വളരെ സഹായിക്കും.
സംഘഗാനത്തിന് പോകുന്നതു പോലെ ഇരിക്കാതെ എങ്ങനെ കുട്ടികളുമായിട്ടു മാച്ചിങ് വസ്ത്രങ്ങൾ ധരിക്കാമെന്നുള്ളതിന്‌ കുറച്ചു ഹോംവർക് നടത്തുന്നത് നല്ലതായിരിക്കും. അതിനേറ്റവും പറ്റിയത് പിൻട്രസ്റ്റിലും ഇൻസ്റ്റഗ്രാമിലുമുള്ള ചിത്രങ്ങൾ നോക്കുന്നതാണ്.

ഏറ്റവും കൂടുതൽ തവണ മകളായ നോർത്ത് വെസ്റ്റുമായി മാച്ചിങ് വസ്ത്രം ധരിച്ചു എന്ന ബഹുമതി റിയാലിറ്റി സ്റ്റാർ ആയ കിം കർദാഷിയനുള്ളതാണ്. പന്ത്രണ്ടു തവണയാണ് അമ്മയും മകളും ഒരേ പോലെ ഒരുങ്ങി പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന കാന്യെ വെസ്റ്റിന്റെ കോൺസെർട്ടിന് ഇവർ ധരിച്ച സിൽവർ സീക്വിൻ ഡ്രസ്‌ ഇപ്പോഴും എല്ലാവരുടെയും ചർച്ചാവിഷയമാണ്. പാരിസിലെ ഫാഷൻ വീക്കിനോടനുബന്ധിച്ചു കിമ്മും മകൾ നോർത് വെസ്റ്റും ധരിച്ച മാച്ചിങ് വസ്ത്രങ്ങൾ ചൂടപ്പം പോലെയാണ് ഓൺലൈൻ ബുട്ടിക്കുകളിൽ വിറ്റഴിഞ്ഞുപോയത്. മാച്ചിങ് ലെതർ ജാക്കറ്റുകളും കറുത്ത ജമ്പ് സൂട്ടുകളും ഫർ കോട്ടുകളുമായി ഫാഷൻ തരംഗം തന്നെ ഈ അമ്മയും മകളും സൃഷ്ടിച്ചിരിക്കുന്നു.

ഇപ്പോൾ ഈ ഗ്യാങ്ങിലേക്ക്‌ ഇളയ മകൾ നോറി വെസ്റ്റ് കൂടി കടന്നുവന്നിരിക്കുന്നു. ഒരേ പോലുള്ള വെള്ള ബാൻഡേജ് ഡ്രസ്സുകൾ ധരിച്ചാണ് നോറി അമ്മയുടെ സ്റ്റൈൽ പകർത്തിയത്. ഈ കുഞ്ഞുങ്ങൾ സ്റ്റൈൽ ഐക്കൺ ആയ അമ്മയുടെ പാത പിന്തുടർന്ന് എല്ലായ്പോഴും കാണാറുണ്ട്. ഒരേപോലെ ഗൗൺ ധരിച്ച്‌ ഈസ്റ്ററിനു പള്ളിയിൽ പോകുേമ്പാഴും ഗ്രേ നിറത്തിലെ ജേഴ്സികൾ അണിഞ്ഞ്‌ യാത്രയ്ക്ക് എയർപോർട്ടിൽ പോകുമ്പോഴും അമ്മയുടെ ‘മിനി- മീ’ ആയി ഇവരും എപ്പോഴും ഉണ്ടാകും.

ഇക്കാര്യത്തിൽ കിമ്മിന്റെ സഹോദരി കോർട്ട്നിയും മോശമല്ല. മകൾ പെനെലോപ്പിയുമൊത്ത് ഒരേ വേഷത്തിൽ പലപ്പോഴും കോർട്ടിണിയെ കാണാറുണ്ട്.  മക്കളുമായി ഒരേ വേഷത്തിൽ പലപ്പോഴും കാണാറുള്ളതു കൊണ്ട് കോർട്ട്നിയും കിമ്മും പാപ്പരാസികൾക്ക് പ്രിയപ്പെട്ടവരാണ്.

ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും ‘ട്വിന്നിങ്ങി’ ന്റെ ആരാധകരാണ്. കാഷ്വൽ സ്പോർട്ടി മൂഡിലാണ് ഇവരെ രണ്ടുപേരെയും മാച്ചിങ് പിങ്ക് ജാക്കറ്റുകൾ അണിഞ്ഞ്‌ ജയ്‌പുർ എയർപോർട്ടിൽ വെച്ച് ആദ്യം കാണുന്നത്. ഒപ്പം മാച്ചിങ് ഡെനിം ജീൻസുമാണ് രണ്ടുപേരും ധരിച്ചിരുന്നത്. മെൽബണിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ വന്ന ഐശ്വര്യയും മകൾ ആരാധ്യയും ഒരേ സ്റ്റൈലിലുള്ള ഫ്ലോർ ലെങ്ത് ലെഹെങ്കയാണ്‌ ധരിച്ചിരുന്നത്. വളരെ ഇളം പച്ച നിറമായിരുന്നു ഐശ്വര്യ റായിയുടെ വസ്ത്രത്തിനെങ്കിൽ, ഒരു മാലാഖയെപ്പോലെ സുന്ദരിയായി വെള്ള നിറത്തിലെ ലെഹെങ്കയാണ്‌ ആരാധ്യ ധരിച്ചിരുന്നത്. ട്വിന്നിങ്ങിന് ഒരേ നിറം തന്നെ തിരഞ്ഞെടുക്കണമെന്നില്ല സ്റ്റൈൽ ഒന്നായാൽ മതി എന്ന് ഇവരുടെ വസ്ത്രധാരണം തെളിയിക്കുന്നു.

കേറ്റ്‌ മിഡ്‌ഡിൽട്ടണും മകൾ പ്രിൻസസ് ഷാർലറ്റും ഈ സ്റ്റൈൽ ട്വിന്നിങിന്റെ ആരാധകരാണ്. ഒരേ കളർ പാലറ്റിലെ ലൈറ്റും ഡാർക്കും ആയുള്ള ഷേഡുകൾ ആണ് ഈ അമ്മയും മകളും ധരിക്കാറുള്ളത്. സ്കൈ ബ്ലൂ നിറത്തിലെ ജാക്കറ്റ് ധരിച്ച്‌ കേറ്റ്‌ മിഡ്‌ഡിൽട്ടൺ വന്നപ്പോൾ ബേബി ബ്ലൂ നിറത്തിലെ ഫ്രോക്ക് ധരിച്ചാണ് പ്രിൻസസ് ഷാർലറ്റ് എത്തിയത്. മാച്ചിങ് ആയിട്ടുള്ള സ്കാർഫുകൾ, ഒരേ നിറത്തിലോ സ്റ്റൈലിലോ ഉള്ള ചുരിദാറുകൾ, ഒരേ പ്രിന്റിലുള്ള ടോപ്പുകളും മാച്ചിങ് സ്കർട്ടുകളും എന്നു വേണ്ട ഓപ്ഷൻസ് അനവധിയാണ്. ക്യാറ്റി ഹോംസും മകൾ സൂരി ക്രൂസും ഒരേ പ്രിന്റിലുള്ള ടോപ്പുകളും മാച്ചിങ് സ്കർട്ടുകളും ആണ് ധരിക്കാറുള്ളത്.

പെൺകുട്ടികളില്ലാത്തവർ വിഷമിേക്കണ്ട, അമ്മമാർക്കും ആൺമക്കൾക്കും ഒരേപോലെ ക്യൂട്ട് ആയി വസ്ത്രം ധരിക്കാം എന്നുള്ളത് കരീന കപൂറും ശില്പ ഷെട്ടിയും മലൈക അറോറയും തെളിയിച്ചിരിക്കുന്നു. ‘മമ്മി ആന്റ് മി’ എന്ന വസ്ത്രധാരണരീതി ഇപ്പോഴും ട്രെൻഡി ആണെന്ന് മാത്രമല്ല, അമ്മമാരും കുട്ടികളും തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കുകയും ചെയ്യുന്നു. എന്നും കുട്ടികളുടെ റോൾ മോഡലുകൾ ആണല്ലോ അച്ഛനമ്മമാർ.
writer is...
ഫാഷെനീസ്റ്റ, ഓസ്‌ട്രേലിയയിലെ
മെൽബണിൽ താമസിക്കുന്ന
കൊച്ചി സ്വദേശിനി