സിന്ധു രാജൻ |  sindhu.rajan.foodart@gmail.com

വിവിധ മേഖലകളിൽ പണിചെയ്യുമ്പോൾ നമുക്ക് പല രാജ്യങ്ങളിൽനിന്നുള്ള ആളുകളുടെ കൂടെ ഇടപഴകാനുള്ള അവസരം ലഭിക്കാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിൽ അറിഞ്ഞിരിക്കേണ്ട ഒന്ന്, അവർക്കുകൂടി സ്വീകാര്യമായ പാശ്ചാത്യരീതിയിൽ, ഫോർക്കും കത്തിയും ഉപയോഗിച്ച് എങ്ങനെ കഴിക്കാം എന്നതാണ്. കോളേജ്‌ പഠനം കഴിഞ്ഞ് ഔദ്യോഗിക ജീവിതത്തിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് എങ്ങനെ പാശ്ചാത്യ രീതിയിൽ കത്തിയും ഫോർക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കാം എന്നു പഠിപ്പിക്കാൻ ഇന്ന് ഇന്ത്യയിലെ വലിയ കമ്പനികളിൽ അതിനു വേണ്ട ക്ലാസുകൾ നടത്താറുണ്ട്. ഇതിനെ കൾച്ചറൽ സെൻസിറ്റിവിറ്റി ട്രെയ്‌നിങ് അല്ലെങ്കിൽ എറ്റിക്വറ്റ്‌ ട്രെയ്‌നിങ് എന്നാണ് വിളിക്കാറുള്ളത്.

പാശ്ചാത്യരീതിയിൽ ഭക്ഷണശൈലി വിവരണം

കേൾക്കുമ്പോൾ അൽപ്പം ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും ഒന്നുരണ്ട്‌ പ്രാവശ്യം പരിശ്രമിച്ചാൽ തീർച്ചയായും നിങ്ങൾക്കും പഠിക്കാവുന്നതാണ്. കുറച്ചുകൂടി എളുപ്പത്തിൽ മനസ്സിലാക്കാനായി, ഈ ശൈലികൾ തമ്മിലുള്ള വ്യത്യാസം എടുത്തു പറയുകയും വിശദമായി വിശകലനം ചെയ്യുകയുമാണ് കുറിപ്പിൽ.
   പാശ്ചാത്യരീതിയിൽ ഭക്ഷണം കഴിക്കുന്നതിനെ രണ്ടായി തരംതിരിക്കാം:  കോണ്ടിനെന്റൽ/യൂറോപ്യൻ രീതി എന്നതാണ് ഒന്ന്. മറ്റൊന്ന്, അമേരിക്കൻ രീതി. ഈ രീതിയിൽ ഭക്ഷണം കഴിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നത് ഫോർക്കും കത്തിയുമാണ്.

ഫോർക്കും/കത്തിയും എങ്ങനെ ഉപയോഗിക്കണം

അമേരിക്കൻ സ്റ്റൈൽ:  അമേരിക്കൻ ശൈലിയിലെ (zigzag /switchback method എന്നും വിളിക്കാറുണ്ട്) ഒരു പ്രത്യേകത ഫോർക്കും കത്തിയും രണ്ടു കൈകളിലും മാറിക്കൊണ്ടിരിക്കും എന്നതാണ്. വലതു കൈകൊണ്ട് ആദ്യം കത്തി ഉപയോഗിച്ച് ഭക്ഷണം മുറിച്ചതിനുശേഷം ഫോർക്ക് വലതുകൈയിൽ  കൊണ്ടുവരികയും മുറിച്ചുെവച്ച ഭക്ഷണം കഴിക്കുകയും ചെയ്യും. അങ്ങോടും ഇങ്ങോടും ഇങ്ങനെ സിൽവെർ വെയർ മാറ്റുന്നതിനാലാണ് ഈ ശൈലിയെ ‘സിഗ്‌സാഗ് മെത്തേഡ്’ എന്നു വിളിക്കുന്നത്.

കോണ്ടിനെന്റൽ സ്റ്റൈൽ:  ഈ ശൈലിയിൽ, ഫോർക്ക് എല്ലായ്പോഴും ഇടതുകൈയിലാണ് ഉണ്ടാകുക (മുന പ്ലേറ്റിലോട്ടു വരുന്ന വിധത്തിൽ). ഇങ്ങനെ പിടിക്കുമ്പോൾ നിങ്ങളുടെ ഇടതു കൈയിലെ ചൂണ്ടുവിരൽ ഫോർക്കിന്റെ പിറകിൽ വയ്ക്കുകയും വേണം. കത്തി വലതുകൈയിലാണ് പിടിക്കേണ്ടത് (മൂർച്ചയുള്ള വശം മുറിക്കാനുള്ള ഭക്ഷണത്തിന്റെ മുകളിൽ വരത്തക്ക വിധത്തിൽ). ഭക്ഷണം മുറിച്ചതിനുശേഷം ഫോർക്കുകൊണ്ട്‌ കുത്തിയെടുത്ത്‌ വലതുകൈ ഫോർക്കോടുകൂടി വായുടെ അടുത്തേക്ക് കൊണ്ടുവരിക.

കത്തിയും ഫോർക്കും ചില്ലറ നിർദേശങ്ങളും

കൈകളുടെ സ്ഥാനം

അമേരിക്കൻ സ്റ്റൈൽ:  ഈ ശൈലിയിൽ കൈകൾ തീൻമേശയിൽ തൊടാതെ സിൽവർവെയർ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കൈകൾ ഉപയോഗിക്കാത്തപ്പോൾ, മടിയിൽ വയ്ക്കുകയാണ് വേണ്ടത്.
കോണ്ടിനെന്റൽ സ്റ്റൈൽ:  ഈ ശൈലിയിൽ കണങ്കൈ എല്ലായ്പോഴും തീൻമേശയുടെ വക്കിനു മുകളിലായോ മേശയിലോ ആണ് വയ്ക്കേണ്ടത്.

ഫോർക്കിന്റെയും  കത്തിയുടെയും സ്ഥാനം

ഭക്ഷണം കഴിക്കുന്നതിനിടയിൽ കുറച്ചുസമയം ഇടവേള എടുക്കുകയാണെങ്കിൽ അതിനെ ‘റെസ്റ്റിങ്’എന്നാണ് പറയുന്നത്.   കഴിച്ചുകഴിഞ്ഞെങ്കിൽ ‘ഫിനിഷ്ഡ്’ എന്നും പറയും. ഈ അവസരങ്ങളിൽ സിൽവർവെയർ വയ്ക്കുന്നതിന് അതിന്റെതായ ഒരു ചിട്ടയുണ്ട്. ചില സന്ദർഭങ്ങളിൽ (നൂഡിൽസ് പോലുള്ള വിഭവങ്ങൾ) ഭക്ഷണം ഫോർക്ക് മാത്രം ഉപയോഗിച്ചാണ് കഴിക്കുക. ഈ അവസരത്തിൽ റെസ്റ്റിങ്‌ ആൻഡ്‌ ഫിനിഷ്ഡ് സൂചിപ്പിക്കുന്നതിനായിട്ട്‌ ഫോർക്ക് മാത്രം ഉപയോഗിക്കും. പക്ഷേ, ചിട്ട ഒന്നുതന്നെ. ഇങ്ങനെ കൃത്യമായി സിൽവർ വെയർ വയ്ക്കുകയാണെങ്കിൽ സത്‌കാരങ്ങൾ നടത്തുന്ന ഭക്ഷണശാലയിലെ സ്റ്റാഫുകൾക്ക്‌ പ്ലേറ്റ് നീക്കം ചെയ്യണോ വേണ്ടയോ എന്നതിന്റെ സൂചന ലഭിക്കും.


അമേരിക്കൻ സ്റ്റൈൽ

റെസ്റ്റിങ്:
നിങ്ങളുടെ പ്ലേറ്റിന്റെ മുകളിലേക്ക് വലതുഭാഗത്ത് (കോണോടു കോൺ) നിങ്ങളുടെ കത്തി വയ്ക്കുക. ഫോർക്ക് പ്ലേറ്റിന്റെ നടുവിൽ (കോണോടു കോൺ) വയ്ക്കുക.

ഫിനിഷ്ഡ്:
1. കത്തിയും ഫോർക്കും പ്ലേറ്റിന്റെ വലതുഭാഗത്ത്‌ (പ്ലേറ്റിനുള്ളിൽ കൈപ്പിടിഭാഗവും മുനഭാഗവും ഒതുങ്ങുന്ന വിധത്തിൽ) വയ്ക്കുക.
2. കത്തിയുടെയും ഫോർക്കിന്റെയും മുനഭാഗം ക്ലോക്കിലെ 12 മണിക്ക് സമാന്തരമായി വയ്ക്കണം.
3. കത്തിയുടെ മൂർച്ചയുള്ള ഭാഗം പ്ലേറ്റിന്റെ അകത്തേക്ക്‌ വരത്തക്കവിധത്തിൽ വയ്ക്കുക.
4. ഫോർക്കിന്റെ മുനഭാഗം മുകളിലേക്ക്‌ വരുന്ന വിധത്തിൽ വയ്ക്കുന്നതായിരിക്കും ഉത്തമം.


കോണ്ടിനെന്റൽ സ്റ്റൈൽ

ഭക്ഷണത്തിനിടയിൽ ഒരിടവേള എടുക്കുമ്പോൾ താഴെക്കാണുന്ന െറസ്റ്റിങ് പാറ്റേണിലും കഴിച്ചുകഴിയുമ്പോൾ ഫിനിഷ്ഡ് പാറ്റേണിലും നിങ്ങളുടെ ഫോർക്കും സ്പൂണും വയ്ക്കുക.

റെസ്റ്റിങ്:
വിപരീതമായ വി (ചെറുതായി കോണിൽ) -പരസ്പരം അഭിമുഖീകരിക്കുന്ന വിധത്തിൽ ഫോർക്കും കത്തിയും പ്ലേറ്റിന്റെ നടുവിൽ വയ്ക്കുക.

ഫിനിഷ്ഡ്:
1. കത്തിയും ഫോർക്കും ഒരു ക്ലോക്കിലെ നാലു മണിക്ക് സമാന്തരമായി പ്ലേറ്റിന്റെ വലതുഭാഗത്തു കൈപ്പിടിഭാഗം വരുന്ന വിധത്തിൽ വയ്ക്കുക.
2. കത്തിയുടെയും ഫോർക്കിന്റെയും മുനഭാഗം ക്ലോക്കിലെ 10 മണിക്ക് സമാന്തരമായി പ്ലേറ്റിന്റെ ഇടതുഭാഗത്തായിരിക്കണം.
3. കത്തിയുടെ മൂർച്ചയുള്ള ഭാഗം പ്ലേറ്റിന്റെ അകത്തേക്കുള്ള വിധത്തിൽ വയ്ക്കുക.
4. ഫോർക്കിന്റെ മുനഭാഗം മുകളിലേക്കു വരുന്ന വിധത്തിൽ വയ്ക്കുന്നതായിരിക്കും ഉത്തമം.
ഇങ്ങനെ ചിട്ടയോടെ വയ്ക്കുന്നതിലൂടെ വിളമ്പുന്ന വ്യക്തിക്ക് ഭക്ഷണം കഴിഞ്ഞു എന്ന സൂചന നൽകാം. അവർ പാത്രങ്ങൾ എടുത്തുമാറ്റുമ്പോൾ ഇവ തറയിൽ വീഴാനുള്ള സാധ്യതയും കുറയ്ക്കുന്നു.

സമാനതകൾ:
ഉപയോഗിക്കുന്ന വിധംകൊണ്ട് ഈ ശൈലി വ്യത്യസ്തമാണെങ്കിലും ഇവയിലെ മര്യാദകൾ സമാനമാണ്.
1. രണ്ടു ശൈലിയിലും ഒരു സമയത്ത്‌ ഒരു കടിക്കുള്ള ഭക്ഷണമാണ് മുറിക്കേണ്ടത്.
2. ഫോർക്കിന്റെ വശംകൊണ്ട് ഒന്നും മുറിക്കരുത്.
3. കത്തി ഉപയോഗിച്ച് ഭക്ഷണം ഫോർക്കിന്റെ അടുത്ത് കൊണ്ടുവരിക. കൈകൾ അതിനായി ഉപയോഗിക്കരുത്.
4. കൈമുട്ടുകൾ മേശയിൽ വയ്ക്കാതെ, നീണ്ടുനിവർന്നിരിക്കുക.

ഫുഡ് ആർട്ട്

 നവരാത്രി പ്രമാണിച്ച്‌ ഉണ്ടാക്കിയ ഒരു ഫുഡ് ആർട്ട് ആണ് താഴെ കൊടുത്തിരിക്കുന്നത്.
ഇതിനായി ഉപയോഗിച്ചിരിക്കുന്നത്: പച്ച കാപ്സിക്കം, ചുവന്ന കാപ്സിക്കം, സ്ട്രോബെറി, ഗ്രീൻപീസ്, ആപ്പിൾ, ഡ്രൈഡ് ഗ്രേപ്സ്, ബ്ലൂബെറി, ചീസ്, കാരറ്റ്.

writer is...

അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്നു. ഐടി മേഖലയിൽ ജോലി ചെയ്യുന്നു. ഫുഡ് ആർട്ട് രംഗത്ത് വിദഗ്ദ്ധ.


സ്വീറ്റ് കോൺ കോക്കനട്ട് മിൽക്ക് ഗ്രേവി

# ഫർസാന നാസ് |  naaz.farzana.naaz@gmail.com

ചേരുവക:
1. സ്വീറ്റ് കോൺ -1 എണ്ണം
2. സവാള -1 എണ്ണം വലുത്
3. ഇഞ്ചി -1 കഷ്ണം
4. പച്ചമുളക് -1 എണ്ണം (വലുത് )
5. വെളുത്തുള്ളി -4 എണ്ണം
6. തേങ്ങ ചിരകിയത് -6 ടേബിൾ സ്പൂൺ
7. തക്കാളി -1 എണ്ണം (വലുത്)
8. ഏലക്ക -2 എണ്ണം
9. ഗ്രാമ്പു -4 എണ്ണം
10. പട്ട -ചെറിയ കഷ്ണം
11 . ജീരകം -കാൽ സ്പൂൺ
12. കുരുമുളക് -6 എണ്ണം
3. തേങ്ങാപ്പാൽ -1 കപ്പ് (കട്ടിയുള്ളത്)
14. ബട്ടർ -2 സ്പൂൺ
15. മല്ലിയില, ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:   
കുറച്ച് വെള്ളം ചൂടാക്കി ഉപ്പിട്ട് സ്വീറ്റ് കോൺ വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ ബട്ടർ ഇട്ട് ചൂടാവുമ്പോൾ പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ മൂപ്പിച്ച് അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ  ചേർത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളക് ചതച്ചതും ജീരകവും ചേർത്ത് വഴറ്റി, വേവിച്ചു വെച്ചിരിക്കുന്ന സ്വീറ്റ് കോണും തേങ്ങ അരച്ചതും കൂടി ചേർക്കുക. തിളച്ചുവരുമ്പോൾ തേങ്ങാപ്പാലും ഉപ്പും തക്കാളി അരിഞ്ഞതും ചേർത്ത് വേവിച്ച്‌  മല്ലിയില ചേർത്ത് വിളമ്പുക.


ഈസി വെണ്ടക്ക മപ്പാസ്

# ദീപ്തി ജോബിൻ |  deepthi.joseph@hotmail.com

ചേരുവകൾ:
1. അധികം മൂത്തുപോകാത്ത വെണ്ടക്ക -250 ഗ്രാം
2. സവാള -രണ്ട് ഇടത്തരം, നീളത്തിൽ അരിഞ്ഞത്
3. പച്ചമുളക് -3 എണ്ണം എരിവനുസരിച്ച്
4. കറിവേപ്പില -ആവശ്യത്തിന്
5. മുളകുപൊടി -ഒരു ടീ സ്പൂൺ
6.മല്ലിപ്പൊടി -രണ്ടര ടീ സ്പൂൺ
7. മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
8. തേങ്ങാപ്പാൽ -ഒന്നര കപ്പ്
9. ഉപ്പ്, എണ്ണ, കടുക്  -പാകത്തിന്‌
തയ്യാറാക്കുന്ന വിധം:
നോൺസ്റ്റിക് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും താളിച്ച് അതിലേക്ക് നീളത്തിൽ അരിഞ്ഞ വെണ്ടക്കയും ഏകദേശം അതേ വലിപ്പത്തിൽ അരിഞ്ഞ സവാളയും നീളത്തിൽ കീറിയിട്ട പച്ചമുളകും ചേർക്കുക.
ആവശ്യത്തിന്‌ ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും  ചേർത്ത്‌ നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചുവച്ച് ചെറുതീയിൽ പത്ത് മിനിറ്റ് വേവിക്കുക.
 മൂടി തുറന്ന് വെണ്ടക്കയിൽ നിന്ന്‌ ഇറങ്ങിയ വെള്ളം വറ്റുന്നതുവരെ തീ മീഡിയത്തിൽ‌ ആക്കി വഴറ്റുക. ഇനി ഇത് പാനിന്റെ നാലരികിലേക്ക് മാറ്റി, നടുക്ക് കുറച്ച് എണ്ണ ഒഴിച്ച് തീ കുറച്ചുവച്ച്, അതിലേക്ക് മുളകുപൊടി മല്ലിപ്പൊടി എന്നിവ മൂപ്പിച്ച്‌, തേങ്ങാപ്പാൽ ചേർക്കുക.
   അതും വെണ്ടക്കയുമായി യോജിപ്പിച്ചു മൂന്നു മിനിറ്റു നേരം അടച്ചുവച്ച് തിളപ്പിക്കുക. ഈസി വെണ്ടക്ക മപ്പാസ് തയ്യാർ.


ഫ്രൂട്സ് കുറുമ

# ഷഹനാസ് അഷറഫ് |  shahanasashraf102@gmail.com

ചേരുവകൾ:
1. ആപ്പിൾ, മാങ്ങ, പൈനാപ്പിൾ ചതുരക്കഷ്‌ണങ്ങൾ ആക്കി മുറിച്ചത് -രണ്ട് കപ്പ്
2. മാതള നാരങ്ങ അല്ലികൾ  -അരക്കപ്പ്
3. അണ്ടിപ്പരിപ്പ്   -15-20എണ്ണം  
4. ഉണക്കമുന്തിരി -20-25 എണ്ണം
5. അണ്ടിപ്പരിപ്പ് കുതിർത്തത് -12 എണ്ണം
6. സവാള ഫ്രൈ ചെയ്തത് - ഒരെണ്ണം
7. പച്ചമുളക്  -3 എണ്ണം
8. കറുവപ്പട്ട  -1 കഷ്ണം
9. ബേലീഫ്  -1
10. മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
11. വെളുത്ത കുരുമുളകുപൊടി -കാൽ ടീസ്പൂൺ
12. ജീരകം പൊടിച്ചത് -കാൽ ടീസ്പൂൺ
13. തേങ്ങാപ്പൊടി  -4 ടീസ്പൂൺ
14.  കറിവേപ്പില -ഒരു തണ്ട്
15. ഉപ്പ്, ഓയിൽ, വെളളം -ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം:
ആപ്പിളും മാങ്ങയും പൈനാപ്പിളും  കുറച്ചു വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ്, പച്ചമുളക് ചേർത്ത്‌ വേവാൻ വയ്ക്കുക. സവാള ഫ്രൈ ചെയ്തതും കുതിർത്തുവെച്ച അണ്ടിപ്പരിപ്പും ചട്ണി ജാറിൽ ഇട്ട്‌ അരച്ചുവയ്ക്കുക
ഒരു ഫ്രൈ പാൻ വെച്ച് കുറച്ച്‌ ഓയിൽ ഒഴിച്ച് ബേലീഫ്, കറുവപ്പട്ട എന്നിവ ഇടുക. അണ്ടിപ്പരിപ്പ് കൂടെ ഇട്ട്‌ ഒന്ന്ു മൂക്കുമ്പോൾ ഉണക്കമുന്തിരിയും ചേർക്കുക. എല്ലാം വറുത്തു പാകമായാൽ  ഇതിലേക്ക് വറുത്ത സവാളയും കുതിർത്ത അണ്ടിപ്പരിപ്പും അരച്ച അരപ്പും ജീരകപ്പൊടിയും കുരുമുളകുപൊടിയും കറിവേപ്പിലയും ചേർക്കുക.  നന്നായി തിളച്ചു കുറുകുമ്പോൾ വേവിച്ച പഴങ്ങൾ  ചേർത്ത്‌ ഇളക്കി രണ്ടു മിനിറ്റ്‌ നന്നായി തിളപ്പിക്കുക. ഉപ്പ് പാകമാണോ എന്നു നോക്കി, വേണമെങ്കിൽ അൽപ്പം കൂടെ ഇട്ടുകൊടുക്കാം. ശേഷം  തേങ്ങ പ്പൊടി കുറച്ചു വെള്ളത്തിൽ കലക്കി ഒഴിച്ച് തിള വരുമ്പോൾ മാതള അല്ലികൾ ഇട്ട്‌ തീ  ഓഫ് ചെയ്ത്‌ മൂടിവയ്ക്കാം. ഫ്രൂട്ട്സ് കുറുമ റെഡി.


വെണ്ടയ്ക്ക പാൽക്കറി

# നീതു ഗിൽബർട്ട് | papercurry@zoho.com

ചേരുവകൾ:
1. വെണ്ടയ്ക്ക  -12-14
2. ചെറിയ ഉള്ളി - 6 എണ്ണം
3. പച്ചമുളക്    -എരിവ് അനുസരിച്ച്
4. മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
5. ജീരകം -കാൽ ടീസ്പൂൺ
6. തക്കാളി ചെറുത് -1 എണ്ണം
7. രണ്ടാം പാൽ -1 കപ്പ്
8. ഒന്നാം പാൽ -അരക്കപ്പ്
9. കറിവേപ്പില, എണ്ണ, കടുക്, ഉപ്പ്‌  -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിനുശേഷം ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞതും പച്ചമുളക് കീറിയതും കറിവേപ്പിലയും  ഇട്ട്‌ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ജീരക പ്പൊടിയും ഉപ്പും ചേർത്ത്, പച്ച മണം  പോകുംവരെ വീണ്ടും വഴറ്റി, അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളി ചേർത്ത് ഒന്നു വെന്തുവരുമ്പോൾ വെണ്ടയ്ക്കയും കൂടി  ചേർത്ത് നന്നായി മിക്സ് ചെയുക. ശേഷം രണ്ടാം പാൽ ചേർത്ത് മൂടിവെച്ച് വേവിക്കുക. വെണ്ടയ്ക്ക ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഒന്ന് വെന്തു വരുമ്പോൾ ഒന്നാംപാൽ ചേർത്ത് ഇറക്കാം.