പരീക്ഷയുടെ ആലസ്യത്തെയും കത്തുന്ന  ചൂടിനെയും എറിഞ്ഞുടച്ച് കുട്ടികൾ കളികളിലൂടെ നടത്തുന്ന സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാണ് അവധിക്കാലങ്ങൾ. വെയില്‌ കൊള്ളരുത്, അധിക സമയം കളിക്കാൻ പോകരുത്... എന്നിങ്ങനെയുള്ള നിബന്ധനകളൊന്നും അവർ പാലിച്ചെന്നു വരില്ല. രാത്രിയിൽ പോലും എങ്ങനെ കളിക്കാമെന്നായിരിക്കും അവരുടെ ചിന്ത. 
അവര്‌ കളിച്ചു വളരട്ടെ. പക്ഷെ, നമുക്കല്പം മുൻകരുതലുകളെടുക്കണം. കാരണം അന്തരീക്ഷത്തിലുണ്ടായിരിക്കുന്ന വ്യതിയാനങ്ങൾ താപനില വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. നിർജലീകരണത്തിൽ നിന്നും വേനൽക്കാല രോഗങ്ങളിൽ നിന്നും അവരെ സംരക്ഷിക്കണമല്ലോ.
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയാതെ നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക എന്നതു തന്നെയാണ് അതിൽ പ്രധാനം. 
 ആറ് വയസ്സിന് മുകളിലുള്ള കുട്ടികൾ രണ്ട് ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിച്ചിരിക്കണം. തിളപ്പിച്ചാറ്റിയ വെള്ളത്തിനൊപ്പം പഴച്ചാറുകളും കരിക്കിൻവെള്ളവുമെല്ലാം നൽകാം. ജങ്ക് ഫുഡ് ഒഴിവാക്കണം. പായ്ക്കറ്റിൽ വരുന്ന പഴച്ചാറുകൾക്ക് പകരം വീട്ടിൽ തന്നെ ഇവ തയ്യാറാക്കിയത് ഉപയോഗിക്കാം. ഫ്രൂട്ട് ഷേക്കുകൾ, ജ്യൂസുകൾ തുടങ്ങിയവ തയ്യാറാക്കുമ്പോൾ കുട്ടികളേയും കൂടെ കൂട്ടാവുന്നതാണ്. അവർക്കൊപ്പം ഇവയെല്ലാം തയ്യാറാക്കി നൽകുമ്പോൾ തങ്ങളുണ്ടാക്കിയ ആഹാരത്തോട് ഇഷ്ടവും തോന്നും. 
സോഫ്റ്റ് ഡ്രിങ്കുകൾ വാങ്ങി ഫ്രിഡ്ജിൽ വച്ച് നൽകുന്ന ശീലം ഒഴിവാക്കണം. വല്ലപ്പോഴും ഔട്ടിങ്ങിനോ മറ്റോ പോകുമ്പോൾ മാത്രം അവ ഉപയോഗിക്കാം. ബേക്കറിയിൽ നിന്നും വാങ്ങുന്ന കേക്കുകൾ, കുക്കീസ് തുടങ്ങിയവ ഒഴിവാക്കുകയോ ആഴ്ചയിൽ ഒരിക്കലായി ക്രമപ്പെടുത്തുകയോ ചെയ്യാം. 
പപ്പായ, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയവയിലെല്ലാം ധാരാളം ജലം അടങ്ങിയിരിക്കുന്നതിനാൽ അവ കൂടുതലായി നൽകണം. കളിക്കിടയിൽ വല്ലപ്പോഴും കഴിക്കുന്ന ഒന്നായി ആഹാരം ചുരുങ്ങിപ്പോകരുത്. കൃത്യസമയത്ത് ഭക്ഷണം നൽകണം. മറ്റ് ദിനങ്ങളിലേതുപോലെ തന്നെ പച്ചക്കറികളും കഴിക്കണം. പ്ലേറ്റിലെത്തുന്ന പച്ചക്കറികൾ കുട്ടികളുടെ ഉള്ളിലെത്തിക്കാൻ സാലഡുകളുടെ രൂപത്തിൽ ചെറിയ ചില ചിത്രപ്പണികളൊക്കെയാകാം. 
ചക്കയും മാങ്ങയുമെല്ലാം ധാരാളമായി ഉണ്ടാകുന്ന കാലമാണ്, അവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ജ്യൂസായി നൽകുന്നതിനേക്കാൾ പഴമായി കഴിക്കുന്നതാണ് നല്ലത്. നാടൻ പലഹാരങ്ങളും പരീക്ഷിക്കാം. തുറന്നു വച്ച ആഹാരങ്ങൾ കഴിക്കാതിരിക്കുക, െെകയും മുഖവും കഴുകിയതിന് ശേഷം മാത്രം ആഹാരം കഴിക്കുക തുടങ്ങിയ ശീലങ്ങളും മാറ്റിവയ്ക്കരുത്. വിറ്റാമിനുകൾ ധാരാളമടങ്ങിയ ഇലക്കറികൾ, നാര് അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയും ഉപയോഗിക്കാം. 
കളിയുടെ ഇടവേളകളിൽ മോരുംവെള്ളം, ഇഞ്ചിനീര് ചേർത്തുണ്ടാക്കുന്ന നാരങ്ങാവെള്ളം തുടങ്ങിയവ നൽകാം. പഞ്ചസാര അധികം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പഴങ്ങളിൽ ആവശ്യത്തിന് മധുരം അടങ്ങിയിരിക്കുന്നതിനാൽ ജ്യൂസ് തയ്യാറാക്കുമ്പോൾ പഞ്ചസാര അധികം ചേർക്കേണ്ടതില്ല. ഈന്തപ്പഴം, ബദാം, കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം.
പച്ചക്കറികൾ, പാൽ, മുട്ട, ഇറച്ചി എന്നിവയെല്ലാം സാധാരണ സ്കൂൾ ദിവസങ്ങളിൽ കഴിക്കുന്നത് പോലെ തന്നെ നൽകണം. വേനൽക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്. 
വയറിളക്കം മുതൽ ചിക്കൻപോക്സ് വരെയുള്ള അസുഖങ്ങൾ പടർന്നുപിടിക്കുന്നത് വേനൽക്കാലത്താണ്. വെള്ളം ധാരാളമായി കുടിക്കുന്നതിനൊപ്പം ദേഹവും ശുചിയാക്കണം.
ഫാസ്റ്റ്ഫുഡ്, കളർ ചേർത്തതും വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ, അധികം കൊഴുപ്പും ഹോർമോണുകളും അടങ്ങിയ മത്സ്യ-മാംസ ആഹാരങ്ങൾ, അമിതമായി ഉപ്പ് അടങ്ങിയിട്ടുള്ള സ്നാക്സ് എന്നിവയെല്ലാം നിർബന്ധമായും ഒഴിവാക്കണം. ആഹാരക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ശ്രദ്ധ നൽകിയാൽ വേനൽക്കാല രോഗങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാം
കുട്ടികളെയും ചേർത്ത് പാചകം പരീക്ഷിക്കാൻ ലളിതവും സ്വാദിഷ്ടവുമായ കുറച്ച് വിഭവങ്ങളായാലോ. മുതിർന്നവരോടൊപ്പം മാത്രം കുട്ടികളെ പാചകം ചെയ്യാൻ അനുവദിക്കുക.

മിക്സഡ് ഫ്രൂട്ട് സാലഡ്

ആവശ്യമുള്ള സാധനങ്ങൾ
ഏത്തപ്പഴം -രണ്ട്
ഓറഞ്ച് -രണ്ട്
മാമ്പഴം -ഒന്ന്
ആപ്പിൾ -ഒന്ന്
പേരയ്ക്ക -ഒന്ന്
മുന്തിരി -150 ഗ്രാം
ചെറി -50 ഗ്രാം 
നാരങ്ങ -ഒന്ന്
പഞ്ചസാര -100 ഗ്രാം
തയ്യാറാക്കുന്ന വിധം:
എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങാ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേർത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേർക്കുക. അതിനുശേഷം ഫ്രീസറിൽ വച്ച് തണുപ്പിക്കുക.

 

മാങ്ങ സർബത്ത്

ആവശ്യമുള്ള സാധനങ്ങൾ
മാങ്ങ -1 കിലോ
ഈന്തപ്പഴം -25 എണ്ണം
പശുവിൻ പാൽ -2 ലിറ്റർ
പഞ്ചസാര -250 ഗ്രാം
തയ്യാറാക്കുന്ന വിധം:
മാങ്ങ കഷണങ്ങളാക്കി പാലും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഈന്തപ്പഴം പാലിൽ അരച്ചെടുത്ത് രണ്ടും ചേർത്ത് യോജിപ്പിക്കുക. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം. 

ജിഞ്ചർ  ലെമൺ

ആവശ്യമുള്ള സാധനങ്ങൾ
ഇഞ്ചി -ഒരു കഷണം 
നാരങ്ങാ നീര് 
വെള്ളം -ആവശ്യത്തിന് 
പഞ്ചസാര -പാകത്തിന്
തയ്യാറാക്കുന്ന വിധം:
ഇഞ്ചി ചതച്ചെടുത്ത് അതിന്റെ നീരും നാരങ്ങാനീരും വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. തണുപ്പിന് വേണ്ടി വേണമെങ്കിൽ ഐസ് കട്ടകൾ ഇട്ട് ഉപയോഗിക്കാം.

 

സ്പെഷൽ സാലഡ്

ആവശ്യമുള്ള സാധനങ്ങൾ
തക്കാളി -രണ്ട്
ലെറ്റൂസ്  -രണ്ട്
കാപ്‌സിക്കം -ഒന്ന്
പൈനാപ്പിൾ ചെറുതായി അരിഞ്ഞത് -ഒരു കപ്പ്
ചീസ് കഷണങ്ങളാക്കിയത് -രണ്ട്
മുട്ട പുഴുങ്ങിയത് -രണ്ട്
സവാള -ഒന്ന്
ക്യാബേജ് -ചെറിയ കഷണം
നാരങ്ങ -ഒന്ന്
തയ്യാറാക്കുന്ന വിധം:
പച്ചക്കറികൾ നീളത്തിൽ അരിഞ്ഞുവയ്ക്കുക. മുട്ടയും നീളത്തിൽ മുറിക്കുക. ലെറ്റൂസ് ഇലകൾ നിരത്തി മീതേ പച്ചക്കറികളും മുട്ടയും അരിഞ്ഞു വച്ചത്  വിതറി നാരങ്ങാ നീരും ചേർത്ത് ഉപയോഗിക്കാം.

ആപ്പിൾ ജാം

ആവശ്യമുള്ള സാധനങ്ങൾ
ആപ്പിൾ തൊലി കളഞ്ഞത് -അര കിലോ
ഗ്രാമ്പൂ -രണ്ട് കഷണം
പട്ട -ഒരിഞ്ച് നീളത്തിൽ രണ്ട് കഷണം
പഞ്ചസാര -മുക്കാൽ കിലോ
സിട്രിക് ആസിഡ്  -ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ആപ്പിൾ കഷണങ്ങളാക്കി നിറയെ വെള്ളം ഒഴിക്കുക. ഇതിൽ ഗ്രാമ്പൂവും പട്ടയും ചതച്ചത്‌ ചേർത്ത് വേവിക്കുക. ഗ്രാമ്പൂവും പട്ടയും തിളയ്ക്കുമ്പോൾ എടുത്ത് മാറ്റുക. വേവിച്ച ആപ്പിൾ നന്നായി ഉടച്ചെടുക്കുക. ഇതിൽ പഞ്ചസാര, സിട്രിക് ആസിഡ് എന്നീ ചേരുവകൾ ചേർത്ത് കൂട്ട് തുടരെ ഇളക്കി ജാം പരുവമാകുന്നതു വരെ വേവിക്കുക. 
  

അവധിക്കാലത്ത് കൂട്ടുകൂടാം, വെള്ളവും പഴങ്ങളുമായി

 

ഒന്നിനും ബെല്ലും ബ്രേക്കുമില്ലാതെ നടക്കുന്ന സമയമാണ് അവധിക്കാലം. ചിട്ടയായ പഠനകാലം കഴിഞ്ഞ് എത്തുന്ന വേനലവധിക്ക് കുട്ടികൾക്ക് മുഴുവൻ സ്വാതന്ത്ര്യവും നൽകാൻ മാതാപിതാക്കളും തയ്യാർ. എന്നാൽ കടുത്ത ചൂടും ശ്രദ്ധയില്ലായ്മയും വേനൽക്കാലത്ത് കുട്ടികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. 
 സ്കൂൾ സമയത്ത് കൃത്യതയോടെ നടന്നിരുന്ന ടൈം ടേബിളുകൾ പൊളിച്ചെഴുതുക എന്നതാണ് മിക്ക കുട്ടികളുടെയും ലക്ഷ്യം. അതിനാൽത്തന്നെ കുട്ടിയുടെ ഭക്ഷണം, ഉറക്കം എന്നിവയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. ഇവ ശ്രദ്ധിക്കേണ്ടതാണ്. ചിക്കൻപോക്സ്, വയറിളക്കം, കണ്ണിൽക്കേട്, പനി തുടങ്ങിയ പകർച്ചവ്യാധികളുടെ കൂടി കാലമാണ് വേനൽക്കാലം.
 രണ്ട്‌ നേരവുമുള്ള കുളി അത്യാവശ്യമാണ്. പുറത്തു പോകുന്ന വേളകളിൽ ഹാൻഡ്‌ സാനിറ്റൈസർ ഉപയോഗം നല്ലതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ വേണം ഉപയോഗിക്കാൻ.
 ഏപ്രിൽ-മെയ് മാസങ്ങളിൽ കനത്ത ചൂട് ആയതിനാൽ വെള്ളം നന്നായി കുടിക്കേണ്ടത് ആവശ്യമാണ്. നിർജലീകരണം കൊണ്ടുള്ള രോഗങ്ങൾ തടയാൻ വെള്ളംകൊണ്ട് സാധിക്കും. എന്നാൽ കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. 
 പഴവർഗങ്ങൾ ഭക്ഷണത്തിൽ നല്ലപോലെ ഉൾപ്പെടുത്തണം. കഴിവതും പുറത്ത് കടകളിൽ നിന്നോ, വഴിയോരങ്ങളിൽ നിന്നോ ലഭിക്കുന്ന പാനീയങ്ങൾ ഒഴിവാക്കുക. തണുത്ത വെള്ളത്തിനായി ഉപയോഗിക്കുന്ന ഐസിന്റെ ഉറവിടം ചോദ്യം ചെയ്യുന്ന ഇക്കാലത്ത് വീട്ടിൽ നിന്നുള്ള തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് നല്ലത്. കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവയും ധാരാളമായി ഉപയോഗിക്കാം. 
 അമിതമായി വെയിൽ കൊള്ളാൻ കുട്ടികളെ അനുവദിക്കരുത്. കുട്ടികൾ വെയിലത്ത് ഇറങ്ങുമ്പോൾ സൺസ്‌ക്രീൻ ലോഷനുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും. 
മുഴുവൻ സമയവും ടി.വി. യുടെയോ, കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കാൻ കുട്ടികളെ അനുവദിക്കരുത്. ഇവയ്ക്ക് മുന്നിൽ ഒരു പാക്കറ്റ് ചിപ്സും പിടിച്ചിരിക്കുന്നത് കുട്ടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കൃത്യസമയത്ത് സമീകൃതാഹാരം എന്ന സന്ദേശം കുട്ടികളും മാതാപിതാക്കളും ഉൾക്കൊള്ളണം. കഴിക്കുന്ന ഭക്ഷണം കുട്ടിക്ക് ദോഷകരമാവില്ല എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം. പാൽ, ഉണക്ക മുന്തിരി, കശുവണ്ടി, ബദാം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താം. പഴച്ചാറുകളിൽ അതിമധുരം നന്നല്ല. 


വിവരങ്ങൾ: 
ഡോ. രേഖ സക്കറിയാസ്
(കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ,
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി)